കോവിഡ് രണ്ടാംതരംഗം ഏറെ ശക്തിയോടെ ഇന്ത്യയിൽ ആഞ്ഞടിക്കുകയാണ്. ലക്ഷക്കണക്കിനു പേർ രോഗബാധിതരാകുന്നു. കോവിഡ് ശ്വാസകോശത്തെ ബാധിച്ച് ന്യൂമോണിയയും ശ്വാസതടസ്സവും ഉണ്ടാക്കുന്ന സാഹചര്യങ്ങൾ കൂടുന്നു. ഒാക്സിജൻ സിലിണ്ടറുകളുടെയും വെന്റിലേറ്ററുകളുടെയും ലഭ്യത നാൾക്കുനാൾ കുറയുന്നു. മരണങ്ങൾ പെരുകുന്നു. ഇതിനിടയിൽ നിശ്ശബ്ദമായി ഒരു കുരുക്ക് നമുക്കു ചുറ്റും മുറുകുന്നത് നാം അറിയാതെ പോകുന്നു. പോസ്റ്റ് കോവിഡ് സിൻഡ്രം എന്ന കോവിഡ് മാറിയിട്ടും വിടാതെ വരിഞ്ഞുമുറുക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ കുരുക്ക്.
പോസ്റ്റ് കോവിഡ് സിൻഡ്രം?
കോവിഡ് രോഗബാധയ്ക്കു ശേഷമുള്ള, നാല് ആഴ്ചയിലേറെ നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങളെ മൊത്തത്തിലാണ് പോസ്റ്റ് കോവിഡ് സിൻഡ്രം എന്നു പറയുന്നത്. പോസ്റ്റ് അക്യൂട്ട് കോവിഡ്19, ലോങ് കോവിഡ്, ക്രോണിക് കോവിഡ്, ലോങ് ഹൗൾ കോവിഡ് എന്നിങ്ങനെ പല പേരുകളും കോവിഡാനന്തരപ്രശ്നങ്ങളെ സൂചിപ്പിക്കാൻ ലോകവ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കോവിഡ് രോഗം പ്രധാനമായി ബാധിക്കുന്നതു ശ്വാസകോശങ്ങളെ ആണെങ്കിലും ശരീരത്തിലെ ഒട്ടുമിക്ക അവയവ വ്യവസ്ഥകളെയും വൈറസ് ബാധിച്ച് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കു വരെ കാരണമാകാം.
ചികിത്സ തേടിയത് ലക്ഷങ്ങൾ
പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെ വർധിച്ച എണ്ണം കണക്കിലെടുത്ത് സർക്കാർ തലത്തിൽ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സ്ഥാപിച്ചിരുന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും താലൂക്ക്, ജില്ലാ ആശുപത്രികളിലും മെഡി.കോളജുകളിലും ആയി സംസ്ഥാനത്താകമാനം 1183 പോസ്റ്റ് കോവിഡ് ക്ലിനിക്കുകളാണ് ഉള്ളത്.
പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ ഡേറ്റ അനുസരിച്ച് 1,78, 897പേർ ആശുപത്രികൾ വഴി നേരിട്ട് കോവിഡാനന്തര പ്രശ്നങ്ങൾക്ക് ചികിത്സ തേടിയപ്പോൾ സർക്കാരിന്റെ ടെലിമെഡിസിൻ പ്ലാറ്റ്ഫോമായ സഞ്ജീവനി വഴി ചികിത്സ തേടിയത് 1,19,247 പേരാണ്. ശ്വാസകോശപ്രശ്നങ്ങളാണ് കൂടുതൽ. 13,158 പേർ ചികിത്സ തേടി. 6103 പേർക്ക് കോവിഡിനെ തുടർന്ന് അസ്ഥി–പേശീ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ 2598 പേർക്ക് ഹൃദയ പ്രശ്നങ്ങൾ ഉണ്ടായി. 1650 പേരിൽ മാനസികമായ പ്രശ്നങ്ങളും കണ്ടു. 1187 പേരെ മികച്ച ചികിത്സയ്ക്ക് റഫർ ചെയ്തു. 269 പേർക്ക് കിടത്തിചികിത്സ ആവശ്യമായി വന്നു.
കോവിഡ് വലിയ ലക്ഷണമൊന്നുമില്ലാതെ വന്നുപോയവരിലും പോസ്റ്റ് കോവിഡ് സിൻഡ്രം കാണുന്നുണ്ടെന്നും കോവിഡാനന്തര പ്രശ്നങ്ങൾക്ക് കോവിഡ് തീവ്രതയുമായി ബന്ധമില്ലെന്നും വിദഗ്ധർ പറയുന്നു.വിട്ടുമാറാത്ത വരണ്ട ചുമ, ക്ഷീണം, അസ്ഥിപേശീവേദന, തലവേദന, ഉറക്കപ്രശ്നങ്ങൾ, രുചിയും മണവും അറിയാൻ കഴിയാതെ വരിക, ഒാർമക്കുറവ്, മുടികൊഴിച്ചിൽ , വിഷാദം എന്നിവയാണ് കോവിഡാനന്തരം കാണുന്ന സാധാരണപ്രശ്നങ്ങൾ.
ശ്വാസം കിട്ടാത്ത അവസ്ഥ
‘‘കോവിഡിന്റെ രണ്ടാം വരവിനെ പേടിച്ച് പുറത്തിറങ്ങാൻ ഭയക്കുന്നതിനാൽ ഇപ്പോൾ പോസ്റ്റ് കോവിഡ് സിൻഡ്രത്തിനു നേരിട്ടു ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്. പക്ഷേ, ഫോണിൽ മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ വിളിക്കാറുണ്ട്.’–’ ആലപ്പുഴ മെഡി. കോളജിലെ ശ്വാസകോശരോഗവിഭാഗം അഡീഷനൽ പ്രഫസറും പോസ്റ്റ് കോവിഡ് ക്ലിനിക് നോഡൽ ഒാഫിസറുമായ ഡോ. പി. എസ്. ഷാജഹാൻ പറയുന്നു.
ഇവരിൽ മിക്കവരും കോവിഡ് വന്നുപോയി മാസങ്ങളായവരാണ്. ശ്വാസം വേണ്ടത്ര കിട്ടുന്നില്ല, നെഞ്ചിൽ കനം പോലെ എന്നു പറഞ്ഞാണ് മിക്കവരും വിളിക്കാറ്. എന്നാൽ പരിശോധിക്കുമ്പോൾ ശ്വാസകോശത്തിനു പ്രശ്നങ്ങളൊന്നും കാണാറില്ല. മാനസികസമ്മർദമാകാം കാരണമെന്ന് അനുമാനിക്കാം. പക്ഷേ, മാനസിക സമ്മർദമെന്നു പറഞ്ഞു തള്ളിക്കളയാനുമാവില്ല. കാരണം തനിക്കു മതിയായ ശ്വാസം കിട്ടുന്നില്ല എന്ന് ഒരാൾ വിശ്വസിക്കുന്നെങ്കിൽ അതയാളെ ഏറെ ബുദ്ധിമുട്ടിലാക്കും. ഇങ്ങനെയുള്ളവർക്ക് ശ്വസന വ്യായാമങ്ങൾ നിർദേശിക്കുന്നതോടൊപ്പം മാനസിക പിന്തുണയും ആവശ്യമാണ്.
ചിലരിൽ ശ്വാസകോശത്തിൽ നീർക്കെട്ടും കണ്ടുവരുന്നു. ശ്വാസകോശത്തിൽ വടുക്കൾ , ശ്വാസകോശം ദ്രവിക്കുക പോലുള്ള മാരകമായ പ്രശ്നങ്ങളും ചെറിയൊരു ശതമാനം പേരിൽ കാണാറുണ്ട്’’ ഡോക്ടർ പറയുന്നു.
മ്യൂക്കർമൈക്കോസിസ്
‘‘കോവിഡാനന്തരം പലരിലും മ്യൂക്കർമൈക്കോസിസ് എന്ന ഫംഗൽ അണുബാധ വരുന്നതായി കാണുന്നു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണകാരണമായേക്കാവുന്ന അണുബാധയാണിത് ’’ – ബാംഗ്ലൂർ രാജരാജേശ്വരി മെഡി.കോളജിലെ കൺസൽറ്റന്റ് പൾമണോളജിസ്റ്റ് ഡോ. അലീന മാത്യു പറയുന്നു.
‘‘കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സ്റ്റിറോയ്ഡുകൾ മൂലം ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതാണ് അണുബാധയ്ക്കു കാരണമാകുക. സൈനസൈറ്റിസ്, മുഖത്തു വേദന, മൂക്കടപ്പ്, ഇരട്ടക്കാഴ്ച, പല്ലുവേദന, കണ്ണിനും മൂക്കിനും ചുറ്റും ചുവപ്പ്,പനി, തലവേദന എന്നിവയാണ് അണുബാധയുടെ ലക്ഷണങ്ങൾ. മഹാരാഷ്ട്ര, ഡൽഹി പോലുള്ള സ്ഥലങ്ങളിൽ നിന്നാണ് ഈ രോഗം സംബന്ധിച്ചുള്ള പഠനങ്ങൾ അധികവും വന്നിട്ടുള്ളത്.
കോവിഡിനാന്തരമുള്ള മിക്ക പ്രശ്നങ്ങളും സ്വയം മാറുന്നതായാണ് കാണുന്നത്. പക്ഷേ, കുറച്ചുകാത്തിരിക്കേണ്ടിവരുമെന്നു മാത്രം ’’ ഡോക്ടർ പറയുന്നു.
പ്രമേഹരോഗികളിൽ
വർഷങ്ങളായി ഷുഗർ നല്ല നിയന്ത്രണത്തിലായിരുന്ന മാത്യു ഇത്തവണ വന്നപ്പോൾ ഫാസ്റ്റിങ് ഷുഗർ തന്നെ 200 അടുത്തുണ്ട്. ഭക്ഷണനിയന്ത്രണമെല്ലാമുണ്ട്. അസുഖം വല്ലതും വന്നിരുന്നോ എന്നു ചോദിച്ചപ്പോൾ കഴിഞ്ഞയാഴ്ച ചെറിയൊരു തൊണ്ടവേദന വന്നുപോയെന്നു പറഞ്ഞു. ആന്റിബോഡി പരിശോധന നടത്തിയപ്പോ ൾ അയാൾക്ക് കോവിഡ് വന്നിരുന്നുവെന്നു കണ്ടു.
‘‘കോവിഡ് വന്നുപോയ പ്രമേഹരോഗികളിൽ ഷുഗർനിരക്ക് വഷളാകുന്നതാണ് പ്രധാനപ്രശ്നം. ’’ കോഴിക്കോട് ഡയാബ് കെയർ ഇന്ത്യയുടെ ചെയർമാനും പ്രമുഖ പ്രമേഹ
രോഗവിദഗ്ധനുമായ ഡോ. പി. സുരേഷ്കുമാർ പറയുന്നു. ‘‘ ചുരുക്കം ചിലരിൽ ഷുഗർ 500–600 വരെ പോകുന്നുണ്ട്. ലക്ഷണങ്ങളില്ലാതെ കോവിഡ് വന്നുപോയവരിലും ഷുഗർനിരക്ക് കുത്തനെ ഉയരുന്നതായി കാണുന്നു. ഒന്നോ രണ്ടോ പേരിൽ ഷുഗർ താഴ്ന്നു പോകുന്നതായും കണ്ടു.
എത്ര ഉറങ്ങിയാലും തീരാത്ത ക്ഷീണം, മൂഡ് മാറ്റങ്ങൾ, വിശപ്പു കുറവ്, ബിപി കുറയുക, ശ്രദ്ധിക്കാൻ കഴിയാതെ വരിക, ബ്രെയിൻ ഫോഗ് അഥവാ ചിന്തകൾക്ക് തെളിച്ചമില്ലാതെ വരിക, കക്ഷത്തിലും കയ്യിലുമൊക്കെ കുരുക്കൾ വരിക പോലുള്ള പ്രശ്നങ്ങളും കാണുന്നു. പോസ്റ്റ് കോവിഡ് സിൻഡ്രമുള്ളവരിൽ ഷുഗർ കൂടുന്നതു തടയാൻ മുൻകരുതൽ എടുക്കാനാകുമെങ്കിലും ലക്ഷണമില്ലാത്തവരിൽ ഇതു സാധിക്കുകയില്ലെന്നതും പ്രശ്നമാണ്.’’ ഡോക്ടർ പറയുന്നു.
കുട്ടികളിലും പ്രശ്നങ്ങൾ
മൾട്ടിസിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രം (MIS–C) എന്ന ശരീരത്തിന്റെ ഏതാണ്ടെല്ലാ അവയവ വ്യവസ്ഥകളെയും നീർവീക്കം ബാധിക്കുന്ന ഗൗരവകരമായ ആരോഗ്യപ്രശ്നമാണ് കുട്ടികളിൽ കണ്ട പ്രധാന കോവിഡാനന്തര പ്രശ്നം. ’’ – തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാൾ മുൻ സൂപ്രണ്ടും ശിശുരോഗവിദഗ്ധനുമായ ഡോ. എ. സന്തോഷ്കുമാർ പറയുന്നു.‘‘ കോവിഡ് ആദ്യതരംഗത്തിനുശേഷം ഏതാണ്ട് 60–ഒാളം കുട്ടികൾ ഈ പ്രശ്നവുമായി വന്നിരുന്നു. സാധാരണ വളരെ അപൂർവമായി മാത്രം വരുന്ന രോഗമാണിത്. ഈ പ്രശ്നവുമായി വന്ന ഭൂരിഭാഗം കുട്ടികളിലും കോവിഡ് വന്നെന്നു പോലും അറിഞ്ഞിട്ടില്ല. സംശയം തോന്നി ആന്റിബോഡി പരിശോധന നടത്തിയപ്പോഴാണ് അവർക്ക് കോവിഡ് വന്നുപോയതായി കണ്ടത്.
എംഐഎസ് സി ഉള്ള കുട്ടികളിൽ കൊറോണറി ധമനികൾക്ക് ഡയലറ്റേഷൻ വന്ന് ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാകാം. സാധാരണ 15–20 ശതമാനം കുട്ടികളിലാണ് ഇത്തരം സങ്കീർണത വരിക. എന്നാൽ ഇവിടെയെത്തിയ 30 ശതമാനം കുട്ടികളിലും ഈ ഗുരുതരാവസ്ഥ വന്നെങ്കിലും ഒരു ജീവൻ പോലും നഷ്ടമാകാതെ മുഴുവൻ കുട്ടികളെയും ചികിത്സിച്ചു ഭേദമാക്കാനായി. ’’ ഡോക്ടർ പറയുന്നു.
വിട്ടുമാറാത്ത പനി, തലവേദന, ദേഹത്തു ചുവന്ന തടിപ്പുകൾ, കണ്ണു ചുവന്നു വരിക, ഉദരസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയുള്ളവയാണ്
രോഗലക്ഷണങ്ങൾ. ഇവ ആദ്യഘട്ട ചികിത്സ കൊണ്ട് സുഖമാകാതെ വരുമ്പോഴാണ് എംഐഎസ് സംശയിക്കേണ്ടിവരിക.
കേരളത്തിൽ മാത്രമല്ല ഒട്ടേറെ രാജ്യങ്ങളിൽ, ലക്ഷണങ്ങളില്ലാതെ കോവിഡ് ബാധിതരായ കുട്ടികളിൽ പോലും മൂന്നു നാല് ആഴ്ചകൾക്കു ശേഷം മൾട്ടിസിസ്റ്റ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രം വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ലോകത്തെ കുഴയ്ക്കും പ്രശ്നം
പോസ്റ്റ് കോവിഡ് സിൻഡ്രം ആഗോളതലത്തിലും വലിയ പ്രതിസന്ധിയാണ്. കോവിഡ് മാറി 12 ആഴ്ചകൾക്കു ശേഷവും പത്തിൽ ഒരാൾക്കു വീതം ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവരുന്നുവെന്ന് വിവിധ രാജ്യങ്ങളിലെ പ്രശ്നങ്ങൾ കണക്കിലെടുത്ത് വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു. കൊറോണവൈറസ് ആക്രമണം തുടങ്ങിയ ചൈനയിലെ വുഹാനിൽ 4 കോവിഡ് രോഗികളിൽ മൂന്നു പേർക്ക് വീതം കോവിഡ് വന്നുപോയി ആറു മാസം കഴിഞ്ഞിട്ടും വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവന്നുവെന്നു പഠനങ്ങൾ പറയുന്നു. ബ്രിട്ടനിൽ കോവിഡ് വന്നുപോയ 5 ലക്ഷത്തോളം പേർക്ക് ആറു മാസത്തേക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നാണ് റിപ്പോർട്ടുകൾ. അതിൽ അഞ്ചിൽ ഒരാൾക്ക് പാർട്ട് ടൈം ജോലി അല്ലെങ്കിൽ ഒരിടത്തിരുന്നു ചെയ്യേണ്ട ജോലി ചെയ്യാൻ പോലും വയ്യാത്ത അവസ്ഥയിലാണത്രെ. ഇസ്രയേലിൽ കോവിഡ് മാറിയവരിൽ നടത്തിയ ഒരു പഠനത്തിൽ ആറു മാസങ്ങൾക്കു ശേഷവും 46 ശതമാനം പേരിലും ഏതെങ്കിലുമൊരു ആരോഗ്യപ്രശ്നം മാറാതെ
നിൽക്കുന്നതായി പറയുന്നു.
കൂടുതൽ പഠനങ്ങൾ വേണം
‘‘പോസ്റ്റ് കോവിഡ് സിൻഡ്രത്തിന്റെ കാര്യത്തിൽ മൂന്നു ചോദ്യങ്ങളുടെ ഉത്തരം നാം കണ്ടെത്തേണ്ടതുണ്ട്.’’ പ്രമുഖ ഫിസിഷൻ ഡോ. മാത്യു പാറയ്ക്കൽ പറയുന്നു. എന്തുകൊണ്ട് ഈ പ്രശ്നങ്ങൾ വരുന്നു? തടയാൻ എന്തു മുൻകരുതൽ എടുക്കണം? തുടർച്ചയായ സ്റ്റിറോയ്ഡ് ഉപയോഗത്തെ തുടർന്നു കോവിഡിനു ശേഷം ഫംഗസ് അണുബാധകൾ ഉണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ട്. അപ്പോൾ അമിത ചികിത്സയാണോ തെറ്റായ ചികിത്സയാണോ ചികിത്സ ലഭിക്കാത്തതാണോ പ്രശ്നം? ’’. ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണമെങ്കിൽ പോസ്റ്റ് കോവിഡ് സിൻഡ്രം സംബന്ധിച്ച് കൂടുതൽ പഠനങ്ങളും ഫോളോ അപ്പുകളും കൂടിയേ തീരൂ.
ക്രോണിക് ഫാറ്റിഗ് സിൻഡ്രം പോലെ കൃത്യമായ കാരണം കണ്ടെത്താത്ത, വൈറസ്– ബാക്ടീരിയ രോഗങ്ങളെ തുടർന്നു വരാറുള്ള, മിസ്റ്ററി രോഗങ്ങൾ, കോവിഡാനന്തരവും വരുന്നതായി കാണുന്നു. അങ്ങനെ നോക്കുമ്പോൾ ഇപ്പോൾ കോവിഡാനന്തരം കണ്ടുവരുന്ന, മൈഗ്രെയ‌്ൻ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഭാവിയിൽ ആളുകളെ സ്ഥിരമായി അലട്ടുന്ന പ്രശ്നമായിക്കൂടെന്നില്ല.’’ ഡോക്ടർ പറഞ്ഞുവരുന്നത് കോവിഡാനന്തര പ്രശ്നങ്ങളുടെ ഗൗരവത്തെക്കുറിച്ചാണ്.
കോവിഡിനെതിരെയുള്ള പൊരിഞ്ഞ പോരാട്ടത്തിനിടയിലും പോസ്റ്റ് കോവിഡ് സിൻഡ്രം എന്ന നുഴഞ്ഞുകയറ്റക്കാരനെ കുറിച്ച് മറന്നുപോകരുത്. പൊതുജനങ്ങളും ചികിത്സകരും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയോടെയിരിക്കണം.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. പി. എസ്. ഷാജഹാൻ, ആലപ്പുഴ
shajsafar@gmail.com
ഡോ. അലീന മാത്യു,ബാംഗ്ലൂർ
draleena1990@gmail.com
ഡോ. പി. സുരേഷ്കുമാർ, കോഴിക്കോട്
diabcareindia@gmail.com
ഡോ. എ. സന്തോഷ്കുമാർ, തിരുവനന്തപുരം
ഡോ. മാത്യു പാറയ്ക്കൽ, കോട്ടയം