കേരളത്തിൽ ചൂടു കൂടിവരുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവും താപനിലയും ക്രമാതീതമായി ഉയരുന്നു. കൂടെ ചൂടു കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ചർമരോഗങ്ങളുമെല്ലാം ഉയർന്നു വരുന്നു.
വേനൽക്കാലത്ത് ഏറ്റവും സാധാരണയായി പലരെയുമലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ചൂടുകുരു അഥവാ വിയർപ്പുകുരു. ‘പ്രിക്‌ലി ഹീറ്റ്’ എന്നോ ‘മിലിയേരിയ’ എന്നോ നമ്മൾ വിളിക്കുന്ന ഇവ മുതുക്, കഴുത്ത്, കക്ഷം, വയറ്, ശരീരത്തിന്റെ മടക്കുകൾ എന്നിവിടങ്ങളിലൊക്ക ചെറിയ ചുവന്ന കുരുക്കളായിട്ടാണ് കാണപ്പെടുന്നത്. ഇവ മൂലം തൊലിപ്പുറത്ത് ചൊറിച്ചിലും പുകച്ചിലും അസ്വസ്ഥതയുമൊക്കെ അനുഭവപ്പെടാം.
പ്രായഭേദമന്യേ ആർക്കും ചൂടുകുരുക്കൾ വരാമെങ്കിലും ചെറിയ കുട്ടികളിലും ഗർഭിണികളിലും അമിതമായ വണ്ണമുള്ളവരിലും കിടപ്പു രോഗികളിലുമൊക്കെയാണ് സാധ്യത കൂടുതലായുള്ളത്.
ചർമത്തിലെ ‘കെരാറ്റിനോ’, ‘സ്റ്റഫലോകോക്കസ് എപിഡെർമിഡിസ്’ എന്ന ബാക്ടീരിയകൾ ഉണ്ടാക്കുന്ന ചില ഘടകങ്ങൾ മൂലമോ വിയർപ്പു ഗ്രന്ഥികളിൽ തടസ്സമുണ്ടായി വിയർപ്പ് ചർമത്തിന്റെ പാളികൾക്കിടയിൽ തങ്ങി നിന്നോ ആണ് ഇവ രൂപപ്പെടുന്നത്.
പലതരം ചൂടുകുരുക്കൾ
∙ മിലിയേരിയ ക്രിസ്റ്റലീനാ - തൊലിയുടെ ഏറ്റവും മുകളിൽ ചെറിയ വെള്ളം നിറഞ്ഞ കുരുക്കളായി കുഞ്ഞുങ്ങളിലും പനിയുടെ കൂടെ ചില മുതിർന്നവരിലും കാണപ്പെടാം.
∙ മിലിയേരിയ റൂബ്രാ- നമ്മൾ സാധാരണ ചൂടുകുരു എന്നു വിളിക്കുന്ന ചെറിയ ചുവന്ന കുരുക്കളാണിവ.
∙ മിലിയേരിയ പസ്റ്റുലോസാ - ഇവ പഴുപ്പു നിറഞ്ഞ തരത്തിലുള്ള ചൂടുകുരുക്കളാണ്.
∙ മിലിയേരിയ പ്രൊഫണ്ടാ - ചർമ്മത്തിന്റെ ഉൾപ്പാളിയിൽ തടസ്സമുണ്ടാകുമ്പോൾ തൊലിയുടെ നിറത്തിലുള്ള വലുപ്പം കൂടിയ കുരുക്കളായി ഇവ കാണപ്പെടുന്നു. ചൂടുകുരുക്കളിൽ അണുബാദയുണ്ടാകുന്നതിനെ ‘പെരിപോറൈറ്റിസ്’ എന്നു വിളിക്കുന്നു.
തണുപ്പത്തിരുന്നു കുറയ്ക്കാം
ചൂടുകുരുവിന് പ്രധാന പരിഹാരം തണുപ്പു തന്നെയാണ്. ∙ പകൽ ജനലുകളും വാതിലുകളും തുറന്നിട്ട് മുറികളിൽ വായുസഞ്ചാരം ഉറപ്പുവരുത്തുക. ∙ ഏസി. ഫാൻ എന്നിവയുപയോഗിച്ച് ശരീരം അമിതമായി വിയർക്കുന്നതൊഴിവാക്കുക. ദിവസവും ഏതാനും മണിക്കൂറുകളെങ്കിലും ഇങ്ങനെ തണുപ്പിലിരിക്കുന്നത് ഗുണം ചെയ്യും. ∙ ഇറുകിയ വസ്ത്രങ്ങളും നൈലോൺ, പോളീസ്റ്റർ വസ്ത്രങ്ങളും വേനൽക്കാലത്ത് ഒഴിവാക്കുക. ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളാകും നല്ലത്. ചൂടുകുരു കഴിവതും ചൊറിഞ്ഞു മുറിവാക്കാതെ നോക്കണം. മുറിവുകളിൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.
രണ്ടുനേരം കുളി, മോയിസ്ചറൈസർ
തണുത്ത വെള്ളമുപയോഗിച്ച് രണ്ടു നേരമെങ്കിലും കുളിക്കുക. വീര്യം കുറഞ്ഞ സോപ്പുപയോഗിച്ച് ചർമ പ്രതലത്തിലെ മൃതകോശങ്ങളും പൊടിയും അഴുക്കും കഴുകിക്കളയുന്നത് ഒരു പരിധിവരെ വിയർപ്പു ഗ്രന്ഥികളിലെ തടസ്സം കുറയ്ക്കാൻ ഉപകരിക്കും. ആന്റി ബാക്ടീരിയൽ സോപ്പുകള്‍ ശരീരത്തിലെ അണുക്കളെ കുറയ്ക്കും. വേനൽക്കാലത്ത് ചർമത്തിലെ ഊർപ്പം നിലനിർത്താൻ മോയ്സ്ചറൈസിംഗ് ലോഷനോ നേർത്ത ക്രീമുകളോ മാത്രം ഉപയോഗിക്കുക. കട്ടി കൂടിയ ക്രീമുകളും എണ്ണയും ചർമ്മത്തിന്റെ സുഷിരങ്ങളടയാൻ കാരണമായേക്കാം.
കുട്ടികളിൽ
കുഞ്ഞുങ്ങളെ അമിതമായി പൊതിഞ്ഞു വയ്ക്കേണ്ട. കാറ്റ് കടക്കുന്ന തരം കുട്ടിയുടുപ്പുകളുപയോഗിക്കാം. ഡയപ്പറുകൾ നനഞ്ഞാലുടൻ മാറ്റിക്കൊടുക്കുക. കിടക്കകളിൽ കോട്ടൺ വിരിപ്പുകൾ തന്നെ വിരിയ്ക്കുക. കുഞ്ഞുങ്ങളെ കൃത്യമായ ഇടവേളകളിൽ പാലൂട്ടാൻ ശ്രദ്ധിക്കുക. ∙ കോട്ടൺ തുണി തണുത്ത വെള്ളത്തിൽ മുക്കി കുട്ടികൾക്കു ചൂടുകുരുക്കളുള്ള ഭാഗങ്ങളിൽ ഇടയ്ക്കിടെ വയ്ക്കുന്നത് ആശ്വാസമേകും.
പൗഡർ നല്ലതോ?
ഉച്ചസമയത്ത് (11- 3) കഴിവതും മുറിയ്ക്കുള്ളിൽ ചെലവഴിക്കുക. പുറം പണി ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക. നാരങ്ങാ വെള്ളം, മോരും വെള്ളം തേങ്ങാവെള്ളം തുടങ്ങിയ പാനീയങ്ങളുപയോഗിക്കാം. വെള്ളമയം ധാരാളമുള്ള പഴങ്ങളും പച്ചക്കറികളും ഉദാഹരണത്തിന് തണ്ണിമത്തൻ, മാമ്പഴം, വെള്ളരി, മത്തൻ, കുമ്പളങ്ങ തുടങ്ങിയവയും ഇലക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക.
കലാമിൻ ലോഷനും അലോവേര ജെല്ലും ചൂടുകുരുക്കളുടെ ചൊറിച്ചിലും അസ്വസ്ഥതയും കുറയ്ക്കാനും തണുപ്പേകാനും സഹായകമാകും, അലർജിയോ ശ്വാസസംബന്ധമായ പ്രശ്നങ്ങളോ ഇല്ലാത്തവർക്ക് പെർഫ്യൂം കലരാത്ത മെന്തോൾ, കാംഫർ, ട്രൈക്ളോകാർബാൻ, സിങ്ക് ഓക്സൈഡ് തുടങ്ങിയ ഘടകങ്ങളുള്ള പൗഡറുകൾ നേർമയായി ചർമത്തിൽ തൂവുന്നത് ആശ്വാസമേകും,. വളരെ നേർത്ത കണങ്ങളുള്ള ഇവ വിയർപ്പ് വലിച്ചെടുക്കാനും തണുപ്പേകാനും അണുക്കളെ പ്രതിരോധിക്കാനും സഹായിക്കും,
ഡോക്ടറെ സമീപിക്കേണ്ടത് എപ്പോൾ
സാധാരണ വീട്ടു ചികിത്സ കൊണ്ടു കുറയുന്നില്ലെങ്കിലോ അമിതമായ ചൊറിച്ചിലുണ്ടെങ്കിലോ, തൊലിപ്പുറത്തു പൊട്ടലോ, പഴുപ്പ് നിറഞ്ഞതോ വേദനയോ ഉള്ള കുരുക്കളോ, നീർവീക്കമോ ഉണ്ടെങ്കിൽ ഒരു ചർമ രോഗ വിദഗ്ധനെ കാണുക.
ക്ഷീണം, തലചുറ്റൽ, പനി എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ചികിത്സ തേടുക,
ചൊറിച്ചിൽ കുറയ്ക്കാൻ ആന്റീ ഹിസ്റ്റാമിൻ ഗുളികകളും ചിലപ്പോൾ വീര്യം കുറഞ്ഞ സ്റ്റീറോയ്ഡ് ലേപനങ്ങളും വേണ്ടി വന്നേക്കാം., അണുബാധയുണ്ടെങ്കിൽ ആന്റീബയോട്ടിക് ലേപനങ്ങളോ ഗുളികകളോ ആവശ്യമായേക്കാം.
മനോരമ ആരോഗ്യം ആർകൈവ്