Thursday 26 May 2022 11:15 AM IST

ഗുണ്ടുമണിയെന്നു പരിഹാസം, ഫാൻസി ഡയറ്റില്ല, ജിമ്മിൽ പോയില്ല: 22 കിലോ കുറച്ചത് സ്വന്തം ട്രിക്കുകളിലൂടെ

Asha Thomas

Senior Sub Editor, Manorama Arogyam

nayan3213

ശരീരഭാരം കുറയ്ക്കൽ പലർക്കും ബാലികേറാമലയാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. ഡയറ്റ് നോക്കാൻ വയ്യാഴിക, വ്യായാമം ചെയ്യാനുള്ള മടി, സ്ത്രീകളാണെങ്കിൽ വ്യായാമം ചെയ്യുന്നതിനുള്ള സാഹചര്യമില്ലാഴിക.... ഇനി ചിലരാകട്ടെ, ഭാരം കുറയ്ക്കാൻ ഫാൻസി ഡയറ്റും ജിമ്മിൽ പോയുള്ള വ്യായാമവും ഒക്കെ വേണമെന്ന മിഥ്യാബോധം മൂലം ഭാരം കുറയ്ക്കാൻ ശ്രമിക്കാറേയില്ല.

കൊച്ചി, ഇടപ്പള്ളിക്കാരി നയന തന്റെ ഭാരം കുറയ്ക്കൽ അനുഭവത്തിലൂടെ ഇത്തരം ചില മിഥ്യാധാരണകളെ കൂടി മാറ്റിയെഴുതാനുദ്ദേശിക്കുകയാണ്. രണ്ടാമത്തെ പ്രസവത്തിനു ശേഷം ഭാരം കുറയ്ക്കാൻ ഫാൻസി ഡയറ്റിനോ ജിമ്മിന്റെ വിലപിടിപ്പുള്ള സൗകര്യങ്ങൾക്കോ വേണ്ടി കാത്തുനിന്നില്ല നയന. ഒാൺലൈൻ വഴി ന്യൂട്രീഷനെക്കുറിച്ച് പഠിച്ചു. വർക് ഔട്ടുകളുടെ കാര്യത്തിലും ഒാൺലൈൻ കോഴ്സുകൾക്ക് ചേർന്ന് ശരിയായവിധം മനസ്സിലാക്കി. തുടർന്ന് സ്വന്തമായി ഡയറ്റ് ക്രമീകരിച്ച്, വീട്ടിൽ തന്നെ ചെറിയൊരു ജിം തയാറാക്കി ഭാരം കുറയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. എങ്ങനെയായിരുന്നു ആ ഡയറ്റ്–വ്യായാമ പരിശ്രമങ്ങളെന്നു നയന തന്നെ പറയുന്നു.

‘‘ ഞാൻ ഒാർമ വച്ച കാലം മുതലേ തടിച്ച പ്രകൃതമാണ്. പഠന കാലയളവിൽ തടിച്ചിയെന്നും ഗുണ്ടുമണിയെന്നുമൊക്കെയുള്ള കളിയാക്കി വിളികൾ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. ബോഡിഷെയിമിങ് ഭീകരമായിരുന്നു. പരിഹാസത്തിന്റെ ട്രോമ മറക്കാൻ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കും. അങ്ങനെ വീണ്ടും വണ്ണം കൂടും. കോളജ് കാലത്തൊക്കെ വണ്ണം കുറയ്ക്കാനായി ഞാൻ പരീക്ഷിക്കാത്ത ഡയറ്റില്ല. ഉള്ള ക്രാഷ് ഡയറ്റ് ഒക്കെ പരീക്ഷിച്ചിട്ടും കയ്യിലുണ്ടായിരുന്ന കാശ് പോയിക്കിട്ടിയതല്ലാതെ ഒരു ഫലവുമുണ്ടായിട്ടില്ല.

രണ്ടാമത്തെ പ്രസവം കഴിഞ്ഞുനിന്ന സമയത്ത് ശരീരഭാരം കൂടിയതുമൂലം തീരെ ആരോഗ്യമില്ലാത്ത ഫീലിങ് ആയിരുന്നു. ഇരിക്കുന്നിടത്തു നിന്ന് എഴുന്നേൽക്കാൻ മടി. തീരെ ഊർജമില്ല. ഇങ്ങനെ പോയിട്ട് കാര്യമില്ല എന്നു തോന്നിയപ്പോൾ ഒരു ദിവസം ഭാരം കുറയ്ക്കാനായി തീരുമാനിച്ചു. പ്രസവം കഴിഞ്ഞ് ഏഴാം മാസത്തിലാണ് ഭാരം കുറയ്ക്കാൻ ശ്രമിച്ചു തുടങ്ങിയത്.

മുൻപ് ഡയറ്റും നൂട്രീഷനും സംബന്ധമായ ഒരു കോഴ്സ് ചെയ്തിരുന്നു. അതുകൊണ്ട് ഡയറ്റ് എങ്ങനെ കൊണ്ടുപോകണമെന്നു ധാരണ ഉണ്ടായിരുന്നു. ഒരാളുടെ ശരീരഭാരവും ഉയരവും വച്ച് ഒാരോരുത്തർക്കും വേണ്ട ബേസൽ മെറ്റബോളിക് റേറ്റ് കണ്ടുപിടിക്കും. അതായത് എത്ര കാലറി കഴിച്ചാലാണ് ഒരു വ്യക്തിക്ക് ഈ ഭാരം മെയിന്റെയ്‌ൻ ചെയ്തുപോകാവുന്നത് എന്നു കണക്കാക്കും. ഈ കാലറിയേക്കാളും കുറഞ്ഞ കാലറിയിൽ ഡയറ്റ് ക്രമീകരിച്ച് വ്യായാമം കൂടി ചെയ്തു തുടങ്ങുമ്പോൾ ശരീരഭാരം കുറയാൻ തുടങ്ങും. എനിക്കു വേണ്ടിയിരുന്നത് 2400 കാലറിയായിരുന്നു. അതുകൊണ്ട് 2000 കാലറി വരുന്ന രീതിയിൽ ഡയറ്റ് ക്രമീകരിച്ചു.

അളവു നിയന്ത്രണം പ്രധാനം

ചോറുൾപ്പെടെ ഒരു ഭക്ഷണവും, ഒഴിവാക്കാതെയായിരുന്നു ഡയറ്റിങ്. കഴിക്കുന്ന അളവ് അഥവാ പോർഷൻ സൈസ് കുറയ്ക്കാൻ ശ്രദ്ധിച്ചു. നമ്മുടെ സാധാരണ ഭക്ഷണം തന്നെയാണ് കഴിച്ചത്. ഞാൻ സസ്യഭുക്കായിരുന്നു. ഇടയ്ക്ക് മുട്ട കൂടി കഴിച്ചുതുടങ്ങി. രാവിലെ പ്രാതലിന് ഇഡ്‌ലിയും പുട്ടും ദോശയുമൊക്കെ തന്നെയാണ് കഴിച്ചിരുന്നത്. കാർബോഹൈഡ്രേറ്റ്– പ്രോട്ടീൻ സന്തുലനം ഉണ്ടായിരിക്കാൻ ശ്രദ്ധിച്ചിരുന്നു. ഇഡ്‌ലിക്കൊപ്പം സാമ്പാർ കഴിക്കും. അത് ഇല്ലാത്ത ദിവസമാണെങ്കിൽ ചട്നിയും രണ്ട് മുട്ട വെള്ളയും കഴിക്കും. പുട്ടിനൊപ്പം പയറോ കടലയോ ചേർക്കും.

ഉച്ചയ്ക്ക് ചോറാണ് കഴിച്ചിരുന്നത്. ചോറൊഴിവാക്കി ഒരു ഡയറ്റ് എനിക്കു പറ്റില്ല. രണ്ടുനേരം ചോറ് കിട്ടിയാൽ അത്ര സന്തോഷം എന്നു കരുതുന്നയാളാണ്. പക്ഷേ, ചോറ് കഴിക്കുമ്പോഴും പോർഷൻ സൈസിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തി. ഒരു ബൗൾ ചോറ്, കൂടെ പച്ചക്കറികൾ–പ്രത്യേകിച്ച് പച്ച നിറമുള്ള പച്ചക്കറികൾ ഏറെ കഴിക്കും. അവയ്ക്ക് കാലറി കുറവാണ്. കൂടെ പയറോ പരിപ്പോ കടലയോ കഴിക്കും. സസ്യഭുക്കായതിനാൽ പാലും തൈരും ഭക്ഷണത്തിൽ നിന്നും ഒഴിവാക്കിയിരുന്നില്ല.

വൈകുന്നേരം അത്താഴത്തിനു മുൻപ് സ്നാക്സ് ആയി പഴങ്ങളാണ് അധികവും കഴിച്ചിരുന്നത്. പയറ് മുളപ്പിച്ചത്, പോപ് കോൺ, മുട്ടവെള്ള എന്നിവയും നല്ല ഹെൽതി സ്നാക്സ് ആണ്. രാത്രി ഭക്ഷണം വാരിവലിച്ച് കഴിക്കാതിരിക്കാൻ ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമിടയ്ക്കുള്ള സമയത്ത് എന്തെങ്കിലും കഴിക്കുന്നതു നല്ലതാണ്.

രാത്രി ഭക്ഷണം 8 മണിക്കു മുൻപേ കഴിക്കും. ചപ്പാത്തി അല്ലെങ്കിൽ ഒാട്സ് ദോശയോ കടലമാവ് കൊണ്ടുള്ള പലഹാരമോ ചെറുപയർ ദോശയോ ഒക്കെയാണ് കഴിച്ചിരുന്നത്, അതും അളവു നിയന്ത്രിച്ച്. ദിവസവും രണ്ടര ലീറ്ററോളം വെള്ളം കുടിച്ചിരുന്നു. ഇടയ്ക്ക് ഗ്രീൻ ടീയും കുടിക്കും.

മധുരം കുറച്ചു

ഒഴിവാക്കി എന്നു പറയാവുന്നത് മധുരമാണ്. ഒരു പെട്ടി സ്വീറ്റ്സ് കിട്ടിയാൽ ഒറ്റ ഇരിപ്പിനു കഴിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് ഒരു ദിവസം കൊണ്ട് മധുരം ഒഴിവാക്കുന്നത് സാധിക്കുമായിരുന്നില്ല. അതുകൊണ്ട് അളവു കുറച്ചു കൊണ്ടുവന്നു. ആദ്യമൊക്കെ ആഴ്ചയിൽ മൂന്നുദിവസം അളവു കുറച്ചു കഴിച്ചു. പിന്നെയത് ആഴ്ചയിൽ ഒന്നായി. പിന്നെയത് 10 ദിവസം കൂടുതൽ ഒരിക്കൽ എടുക്കുന്ന ചീറ്റ് ഡേയിലെ ഇഷ്ടവിഭവമായി ഒതുക്കി.

നല്ല വണ്ണമുള്ള സമയത്ത് ശരീരം അനക്കി വലിയ വ്യായാമം ചെയ്യാനൊന്നും പറ്റില്ല. 2019 നവംബറിലാണ് ഞാൻ ഭാരം കുറയ്ക്കൽ ആരംഭിച്ചത്. നവംബറിൽ ജിമ്മിൽ പോയിരുന്നു. പിന്നീട് ലോക്‌ഡൗൺ കാരണവും വീട്ടിലെ ചില സാഹചര്യങ്ങൾ മൂലവും ജിമ്മിൽ പോക്ക് സാധിച്ചില്ല. അതുകൊണ്ട് ഡിസംബർ മുതൽ ഞാൻ നടന്നുതുടങ്ങി. ഒരു ദിവസം ഇത്ര ചുവട് എന്നു ലക്ഷ്യം വച്ച് നടക്കും. മഴയാണെങ്കിൽ വീടിനുള്ളിൽ, ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്ക് കൈവീശി സ്പീഡിൽ നടക്കും. ഇങ്ങനെ വീട്ടിനുള്ളിൽ തന്നെ ദിവസം 10,000 ചുവടൊക്കെ നടന്നിട്ടുണ്ട്.

ഇതിനിടയിൽ വർക് ഔട്ടിനെക്കുറിച്ചും ഒരു കോഴ്സിനു ചേർന്നു കൂടുതൽ പഠിച്ചു. ആദ്യ ആഴ്ച ഇങ്ങനെ നടന്ന് ശരീരമൊന്നു പാകപ്പെട്ടു കഴിഞ്ഞശേഷം കാർഡിയോ വ്യായാമങ്ങളും ചെയ്തുതുടങ്ങി. എലിപ്റ്റിക്കൽ ഒരു 10 മിനിറ്റ് ചെയ്യും. ജമ്പിങ് ജാക്സ്, ഹൈ നീസ് പോലുള്ളവയും ചെയ്യുമായിരുന്നു. പതിയെ വെയിറ്റ് ട്രെയിനിങും ആരംഭിച്ചു. ഒാരോ വിഭാഗം പേശികൾക്കും പ്രത്യേകം വ്യായാമം ഉണ്ടായിരുന്നു. ദിവസം ഒന്നു മുതൽ ഒന്നര മണിക്കൂർ വരെ വ്യായാമം ചെയ്തിരുന്നു.

വ്യായാമത്തിനായി വീട്ടിലൊരു കുഞ്ഞു ജിം തന്നെ സെറ്റ് ചെയ്തിരുന്നു. റസിസ്റ്റൻസ് ബാൻഡ്, സ്കിപ്പിങ് റോപ്, എലിപ്റ്റിക്കൽ, ഡംബൽ എല്ലാം ചേർന്ന ഒന്ന്. ഈ പറഞ്ഞതൊന്നും വാങ്ങാനായില്ലെങ്കിലും കുഴപ്പമില്ല. ഡംബല്ലിനു പകരം മിനറൽ വാട്ടർ ബോട്ടിൽ ഉപയോഗിക്കാം. എലിപ്റ്റിക്കലിനു പകരം ഗ്രൗണ്ട് എക്സർസൈസ് ചെയ്യാം.

എന്തിനാണ് വെയിറ്റ് ട്രെയിനിങ്?

സാധാരണഗതിയിൽ ഡയറ്റിങും കാർഡിയോയും മാത്രമായി ചെയ്ത് ഭാരം കുറയ്ക്കുന്ന സമയത്ത് ശരീരത്തിൽ നിന്നും പേശിഭാരവും ജലാംശവും നഷ്ടമാകും. ഇതാണ് പെട്ടെന്നുള്ള ഭാരം കുറയലായി പ്രതിഫലിക്കുന്നത്. പേശീഭാരം നഷ്ടമായാൽ നമ്മൾ ആകെ തളർന്നുപോകും. മുടികൊഴിച്ചിലും സ്റ്റാമിന നഷ്ടമാകലുമൊക്കെ സംഭവിക്കും. എന്നാൽ, ഭാരമെടുത്തുള്ള വ്യായാമങ്ങൾ കൂടി ചെയ്താണ് ഭാരംകുറയ്ക്കുന്നതെങ്കിൽ പേശീഭാരം കുറയില്ല. ശരീരത്തിൽ അധികമുള്ള കൊഴുപ്പു മാത്രമേ ഉരുകിപ്പോകൂ. അപ്പോൾ പക്ഷേ, ഭാരം കുറയുന്നത് സാവധാനത്തിലേ നടക്കൂ.

ഒന്നര വർഷം കൊണ്ട്, ഏറ്റവും ആരോഗ്യകരമായി 22 കിലോയാണ് ഞാൻ കുറച്ചത്. 62 കിലോയാണ് അന്തിമലക്ഷ്യം. അധികം വൈകാതെ തന്നെ ആ ശരീരഭാരത്തിലേക്ക് ഞാനെത്തും.’’ ആത്മവിശ്വാസം തുളുമ്പുന്ന പുഞ്ചിരിയോടെ നയന പറയുന്നു. നയനയുടെ വഴി തിരഞ്ഞെടുത്ത് അവർക്കു കീഴിൽ ഏകദേശം നൂറോളം പേരാണ് ആരോഗ്യമുള്ള ശരീരം സ്വന്തമാക്കിയത്.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടാം: livehealthymom05@gmail.com

Tags:
  • Manorama Arogyam
  • Diet Tips