ചർമത്തിനു നാം നൽകുന്ന പരിചരണം ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. അതിനുള്ള കുറച്ചു ടിപ്സ് അറിയാം.
∙ മുഖം, കഴുത്ത് , കൈകൾ തുടങ്ങി വസ്ത്രം
കൊണ്ടു മൂടാത്ത ഭാഗങ്ങൾ സൺസ്ക്രീൻ പുരട്ടി
സംരക്ഷിക്കുക. കുറഞ്ഞത് എസ് പി എഫ് 30
എങ്കിലുമുള്ള സൺസ്ക്രീൻ തിരഞ്ഞെടുക്കണം. സൺ പ്രൊട്ടക്ഷൻ ഫാക്‌റ്റർ ആണ് എസ് പി എഫ് എന്നതു കൊണ്ടുദ്ദേശിക്കുന്നത്.
∙ ചുണ്ടുകളിൽ ഉപയോഗിക്കുന്ന ലിപ് ബാമും സൺസ്ക്രീൻ ചേർന്നതാണെങ്കിൽ കൂടുതൽ നല്ലത്.
∙ ചർമത്തിൽ ഉപയോഗിക്കുന്ന ലേപനങ്ങളുടെ ലേബലിൽ നോൺ കോമഡോജനിക് അഥവാ സുഷിരങ്ങൾ അടയാത്ത തരത്തിൽ ഉള്ളത് എന്നു രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു നോക്കി തിരഞ്ഞെടുക്കുക.
∙ കണ്ണിനു ചറ്റുമുള്ള ചർമം വളരെ മൃദുവും പെട്ടെന്ന് ചുളിവുകളും കറുപ്പും വരാനിടയാകുന്ന ഇടവുമാണ്. ഇവിടെ മോയിസ്ചറൈസിങ് (ക്രീമും, കറുപ്പു മാറ്റാനുള്ള ലേപനങ്ങളും വളരെ മൃദുവായി ചർമം വലിയാതെ, മോതിരവിരലുപയോഗിച്ചു പുരട്ടുന്നതാണ് നല്ലത്.
∙ ചർമം കഴുകിയിട്ടു തുടയ്ക്കുന്നതിനു പകരം പതിയെ മൃദുവായ ടവൽ കൊണ്ട് ഒപ്പി ഉണക്കാൻ ശ്രദ്ധിക്കുക.
∙ വെയിലുള്ളപ്പോൾ സൺഗ്ലാസുകളും തൊപ്പികളും (wide brimmed hat) ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
∙ ചർമത്തിൽ ഏതെങ്കിലും രോഗം ബാധിച്ചവർ ചർമം കഴുകി വൃത്തിയാക്കിയതിനുശേഷം വേണം മരുന്നുകൾ പുരട്ടാൻ.
∙ സുഗന്ധദ്രവ്യങ്ങൾ ചേർന്ന ലേപനങ്ങൾ കഴിവതും ചർമത്തിൽ ഒഴിവാക്കുക.
∙ആന്റി ഏജിങ് ശ്രേണിയിലുള്ള ലേപനങ്ങൾ ചുളിവുകൾ കുറച്ച് ചർമത്തെ ആകർഷകമായി നിലനിർത്താൻ സഹായിക്കുന്നു. മുഖത്തുപയോഗിക്കുന്ന ലേപനങ്ങൾ ചർമരോഗവിദഗ്ധരുടെ നിർദേശപ്രകാരം ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.
∙ നല്ല ഉറക്കവും വ്യായാമവും മാനസികാരോഗ്യവും ചർമത്തെയും ശരീരത്തെയും ആരോഗ്യത്തോടെ
നിലനിർത്താൻ സഹായിക്കുന്നു.
പച്ചക്കറികളും പഴങ്ങളും പ്രോട്ടീനുകളും മറ്റു ധാതു ലവണങ്ങളും അടങ്ങിയ സമീകൃതാഹാരവും ചർമാരോഗ്യത്തിൽ പ്രധാന പങ്കു വഹിക്കുന്നു.
തയാറാക്കിയത്
ഡോ. സപ്‌നാ സുരേന്ദ്രൻ
കൺസൽറ്റന്റ് ഇൻ ക്ലിനിക്കൽ ആൻഡ് എസ്തെറ്റിക് ഡെർമറ്റോളജി
കാരിത്താസ് ഹോസ്പിറ്റൽ , കോട്ടയം