Friday 02 February 2024 03:05 PM IST : By സ്വന്തം ലേഖകൻ

പുക വലിക്കണമെന്നില്ല, സ്ഥിരമായി ശ്വസിച്ചാലും കാന്‍സര്‍ വരാം

smk4343d

കാൻസർ എന്ന പദം തന്നെ ഭീതി സൃഷ്ടിക്കുന്ന കാലമാണിത്. കാൻസർ വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് രോഗ കാരണങ്ങളെയും സാഹചര്യങ്ങളേയും അകറ്റി നിർത്തുക എന്നത്. ഇതാ കാൻസറിനെ പ്രതിരോധിക്കാനുള്ള പ്രധാന വഴികളിൽ പുകയില ഉൽപന്നങ്ങൾ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം ഒാർമിപ്പിക്കുകയാണ് വിദഗ്ധ കാൻസർ ചികിത്സകർ.

പുകയില (Tobacco) പോലെ മരണവുമായി ഇത്രമേൽ ബന്ധപ്പെടുത്താവുന്ന മറ്റൊരു ശീലമില്ല. മനുഷ്യശരീരത്തിൽ പുകയിലയ്ക്കു കേടുവരുത്താനാകാത്ത ഒരു അവയവം പോലുമില്ല. ഓരോ തവണ സിഗരറ്റിന്റെ പുക വലിക്കുമ്പോളും 7000 തരം കെമിക്കൽസ് ശ്വാസകോശത്തിലെത്തി അവിടെ നിന്നു ശരീരത്തിന്റെ പല ഭാഗത്തേക്കായി വ്യാപിക്കുന്നു . ഇതിൽ തന്നെ 69 കെമിക്കൽസ് കാൻസർ ഉണ്ടാക്കുന്ന കെമിക്കൽസ് ആണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ് . സിഗററ്റ്, ബീഡി, ചുരുട്ട്, ഹുക്ക, മുറുക്കാൻ എന്നിവയാണു പുകയില ഉപയോഗത്തിന്റെ സാധാരണ മാർഗങ്ങൾ. പുകയിലയും മദ്യവും ഒരുമിച്ച് ഉപയോഗിക്കുന്നവരിൽ കാൻസർ ഉണ്ടാകാൻ ഇതു രണ്ടും തന്നെ ഉപയോഗിക്കുന്നവരേക്കാൾ സാധ്യത കൂടുതലാണ് .

പുകവലിക്കാതിരുന്നിട്ടും ബോധപൂർവമല്ലാതെ പുക ശ്വസിക്കുന്നതിലൂടെയും (passive smoking) കാൻസർ ഉണ്ടാകാം . വീട്ടിൽ പുകവലിക്കുന്നവർ ഉണ്ടെങ്കിൽ ആ പുക സ്ഥിരമായി ശ്വസിക്കുന്ന സ്ത്രീകൾക്കും കാൻസർ വരാം . ശ്വാസകോശ അർബുദത്തിനുള്ള പത്താമത്തെ പ്രധാന അപകട ഘടകമാണ് പാസീവ് സ്മോക്കിങ്. പുകയില ഉപയോഗം മൂലം 15 തരം അർബുദം ഉണ്ടാകാം. ശ്വാസകോശം , വായ , തൊണ്ട , അന്നനാളം , ആമാശയം , കരൾ , കുടൽ , വൃക്ക , മൂത്ര സഞ്ചി , പാൻക്രിയാസ് , ഗർഭാശയം , അണ്ഡാശയം , എന്നിവയെ ബാധിക്കുന്ന കാൻസറാണു പ്രധാനം.

നേരത്തേ പുകവലിക്കുകയും പിന്നീടു നിർത്തുകയും ചെയ്തവർക്കും രോഗസാധ്യതയുണ്ട്. പുകയിലയുടെ എല്ലാ രീതിയിലും ഉള്ള ഉപയോഗം നിർത്തുക എന്നതാണ് കാൻസറിനെ പ്രതിരോധിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം . വീട്ടിൽ പുകവലിക്കുന്നവർ ഉണ്ടെങ്കിൽ അവരെ പറഞ്ഞു മനസിലാക്കി പുകയില ഉപയോഗം നിർത്താനുള്ള കൗൺസലിങ് നൽകേണ്ടതാണ് . നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറപ്പി (NRT) എന്നറിയപ്പെടുന്ന മരുന്നുകൾ ചർമത്തിൽ ഒട്ടിക്കാവുന്ന പാച്ചുകൾ, ഗുളികകൾ, ലോസഞ്ചുകൾ, ച്യൂയിംഗ് ഗം, ഇൻഹേലറുകൾ, നേസൽ സ്പ്രേ എന്നീ രൂപത്തിൽ ലഭ്യമാണ്. ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഇത് ഉപയോഗിച്ചാൽ പുകവലി നിർത്താൻ സാധിക്കും.

തയാറാക്കിയത്

∙ ഡോ. അജു മാത്യു , സീനിയർ കൺസൽറ്റന്റ് മെഡിക്കൽ ഒാങ്കോളജിസ്‌റ്റ് എറണാകുളം മെഡിക്കൽ സെന്റർ

∙ ഡോ. അമൃതാ റ്റി. എസ്. കമ്യൂണിറ്റി കാൻസർ സ്പെഷലിസ്‌റ്റ്, കൊച്ചി

Tags:
  • Manorama Arogyam