പലതരം രുചികളും ഗന്ധങ്ങളും ചേർന്നതാണ് മനുഷ്യജീവിതം. ചില ഗന്ധങ്ങളും രുചികളും പ്രിയപ്പെട്ട ചില ഒാർമകൾ കൂടിയാകാം. പ്രിയപ്പെട്ട ഒരു ഗന്ധമോ നാവിനെ കൊതിതുള്ളിക്കുന്ന രുചിയോ മതി ചിലർക്ക് ഏതു ജീവിത നൈരാശ്യത്തെയും കുടഞ്ഞുകളയാൻ. പക്ഷേ, രുചിയും ഗന്ധവും പാടെ നഷ്ടമാകുന്ന അവസ്ഥ വന്നാൽ എങ്ങനെയായിരിക്കും നമ്മുടെ ജീവിതം...?
പ്രമുഖ ഫിസിഷനായ ഡോ. ടൈറ്റസ് ശങ്കരമംഗലം പങ്കുവയ്ക്കുന്ന അനുഭവം വായിക്കാം...
‘‘വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്. അന്നു ഞാൻ കുവൈറ്റിൽ ജോലി ചെയ്യുകയാണ്. ഒരു ബ്രിട്ടീഷുകാരൻ സായ്‌വ് ജോലികളൊക്കെ പരിശോധിച്ചു നടക്കുന്നതിനിടയിൽ ഒരു വർക് ഷോപ് പണിയുന്നതിന്റെ മുകളിൽ നിന്നും കാലു തെന്നി താഴേക്ക് വീണു. സിമന്റ് തറയായിരുന്നു താഴെ. മുഖം തല്ലിയടിച്ചാണ് വീണതെങ്കിലും ബോധം പോയില്ല. പുറമേക്ക് മറ്റു പരിക്കുകളൊന്നും കാണാനുമില്ലായിരുന്നു.
പക്ഷേ, മൂക്കിലൂടെ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് അൽപാൽപമായി ഒലിച്ചുവരുന്നുണ്ടായിരുന്നു. അത് ഒരു തൂവാല കൊണ്ട് തുടച്ച് അദ്ദേഹം ഉടനെ തന്നെ ആശുപത്രിയിലേക്ക് പോയി. എക്സ്റേയും വിശദപരിശോധനകളും നടത്തിയപ്പോൾ മുഖത്ത് ഏഴോളം പൊട്ടലുകൾ ഉണ്ടെന്നു കണ്ടു.
കൂടുതൽ മികച്ച ചികിത്സയ്ക്ക് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. അവിടെ പരിശോധിച്ചപ്പോൾ ഏഴല്ല, ഒൻപത് പൊട്ടലുകൾ ഉണ്ടെന്നു കണ്ടു. മൂക്കിലൂടെ ഫ്ളൂയിഡ് ഒലിച്ചുവരുന്നുമുണ്ട്. എന്തായാലും സർജറി ചെയ്തേ പറ്റൂ. സർജറിക്കു മുൻപ് ഡോക്ടർ മുന്നറിയിപ്പ് നൽകി, മണവും രുചിയും അറിയാനുള്ള കഴിവു പൂർണമായി പോയേക്കാമെന്ന്. ജീവനാണല്ലൊ വലുത്. അതുകൊണ്ട് സായ്‌വ് സർജറിക്കു സമ്മതം മൂളി.
പിന്നെ ഞാൻ അദ്ദേഹത്തെ കാണുന്നത് വർഷങ്ങൾ കഴിഞ്ഞാണ്. ഞങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. ഭക്ഷണമധ്യേ ഞാൻ ചോദിച്ചു, ഇപ്പോൾ എന്തുതോന്നുന്നു. ‘ഒരു കാർഡ്ബോർഡ് എടുത്തു ചവയ്ക്കുന്നതുപോലെയുള്ളൂ ’ എന്നായിരുന്നു മറുപടി. ഒന്നിനും ഒരു രുചിയുമില്ല. നല്ല വറുത്ത ചിക്കനും രുചിയേറിയെ വൈനും ഒക്കെ കഴിക്കുമ്പോഴും അതിന്റെ രുചിയോ ഗന്ധമോ അറിയാനാകുന്നില്ല. പണ്ട് ഇതൊക്കെ എത്ര രുചികരമായിരുന്നു എന്നൊരു ഒാർമയിൽ കഴിക്കാമെന്നു മാത്രം.
രുചിയും ഗന്ധവും നഷ്ടമാകുമ്പോൾ
പറഞ്ഞുവരുന്നത് രുചിയും മണവും നഷ്ടമാകുന്ന രോഗാവസ്ഥകളെക്കുറിച്ചാണ്. കോവിഡ് 19 ന്റെ ഒരു ലക്ഷണം രുചിയും ഗന്ധവും അറിയാനുള്ള ശേഷി നഷ്ടപ്പെടുകയാണല്ലൊ. അത് പക്ഷേ, താൽക്കാലികമാണ്. അസുഖം ഭേദമായി കഴിയുമ്പോൾ രുചിയും മണവും അറിയാനുള്ള കഴിവ് വീണ്ടുകിട്ടും.
എന്നാൽ, കോവിഡല്ലാതെ മറ്റു ചില പ്രത്യേക കാരണങ്ങളാലും രുചിയും ഗന്ധവും നഷ്ടപ്പെടാറുണ്ട്.
ജലദോഷം, ഫ്ളൂ , സൈനസ് അണുബാധകൾ, അലർജി പോലുള്ള രോഗാവസ്ഥകളിൽ ഗന്ധമറിയാനുള്ള കഴിവും രുചിയും നഷ്ടമാകാം. തലയ്ക്കേൽക്കുന്ന പരിക്കുകൾ, ഹോർമോൺ വ്യതിയാനങ്ങൾ, പല്ലും വായും സംബന്ധിച്ച പ്രശ്നങ്ങൾ, മൂക്കിൽ ദശ വളരൽ, ചില മരുന്നുകൾ (ബിപി മരുന്നുകൾ, ചിലതരം ആന്റിബയോട്ടിക്കുകൾ), പുകവലി എന്നിവയൊക്കെ രുചിയും ഗന്ധവും നഷ്ടമാകാൻ ഇടയാക്കാറുണ്ട്. തലയിലും കഴുത്തുമായിലും വരുന്ന അർബുദരോഗത്തിന് നൽകുന്ന റേഡിയേഷൻ മൂലം രുചിയും മണവും നഷ്ടമാകാം.
മറവിരോഗം, അൽസ്ഹൈമേഴ്സ്, പാർക്കിൻസൺ രോഗങ്ങളുടെ മുന്നറിയിപ്പുകളായും രുചിയും ഗന്ധവും നഷ്ടമാകുന്നതായി കാണുന്നു. തലച്ചോറിലെ ഗന്ധകേന്ദ്രത്തിലേക്കുള്ള നാഡികളെ നശിപ്പിക്കുന്ന രോഗാവസ്ഥകളും രുചി കെടുത്തിക്കളയും.
ഗന്ധമറിയാനുള്ള കഴിവു നഷ്ടമാകുമ്പോൾ രുചിയും നഷ്ടമാകുന്നതായാണ് കാണുന്നത്. കാരണം, മൂക്കിനുൾവശത്തുള്ള ഒാൾഫാക്റ്ററി ഭാഗം തന്നെയാണ് രുചിയും ഗന്ധവും നിയന്ത്രിക്കുന്നത്. നിങ്ങൾ ഭക്ഷണം ചവച്ചരച്ചു കഴിക്കുമ്പോൾ ഗന്ധ തന്മാത്രകൾ മൂക്കിനു പിൻഭാഗത്തേക്ക് കടന്ന് ഒാൾഫാക്റ്ററി ഏരിയയിൽ എത്തുന്നു. നാവിലെ ചുചിമുകുളങ്ങൾ ഭക്ഷണം എരിവുള്ളതാണോ മധുരമാണോ കയ്പാണോ എന്നൊക്കെ മനസ്സിലാക്കിത്തരും. പക്ഷേ, അതുതന്നെ കൃത്യമായി ഏതു ഭക്ഷണത്തിന്റേതാണെന്നു വ്യക്തമാക്കിത്തരുന്നത് മൂക്കിനുൾവശത്തുള്ള ഭാഗമാണ്.
പ്രായമാകുമ്പോൾ മൂക്കിനുള്ളിലെ ഒാൾഫാക്റ്ററി നാഡീ ഞരമ്പുകൾ കുറച്ചൊക്കെ നഷ്ടമാകും. രുചിമുകുളങ്ങളുടെ എണ്ണവും കുറയും. അതുകൊണ്ടാണ് വാർധക്യത്തിൽ നാവിനു രുചിക്കുറവാണെന്നു പലരും പരാതിപ്പെടുന്നത്.
എങ്ങനെ പരിശോധിക്കാം?
പലതരം രാസവസ്തുക്കൾ മണത്തും രുചിച്ചും താരതമ്യം ചെയ്തുമുള്ള പരിശോധനകൾ നടത്തുന്നു. ഗന്ധമറിയാൻ സ്ക്രാച്ച് ആൻഡ് സ്നിഫ് ടെസ്റ്റ് നടത്തുന്നു. നാവിന്റെ പ്രത്യേക ഭാഗങ്ങളിൽ രാസഘടകങ്ങൾ പുരട്ടിയുള്ള സിപ്, സ്പിറ്റ്, ആൻഡ് റിൻസ് പരിശോധനയാണ് രുചി അറിയാൻ നടത്താറുണ്ട്.
മണമറിയാതെ വന്നാൽ ഭക്ഷണത്തിന്റെ രുചിയും അറിയാനാകാതെ വരും. അതുമാത്രമല്ല പ്രശ്നം, ശരീരത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാവുന്ന ചില ഭക്ഷണങ്ങളെ തിരിച്ചറിയാനും ഗന്ധമറിയാനുള്ള കഴിവ് സഹായിക്കാറുണ്ട്. ഇതു സാധിക്കാതെ വരുമ്പോൾ അസുഖങ്ങൾക്കിടയാക്കാം. ഗ്യാസ്, അഗ്നി, വിഷവാതകങ്ങൾ പോലുള്ളവ സംബന്ധിച്ച അപകടങ്ങൾക്കും ഇടയാക്കാം.
ചികിത്സ എങ്ങനെ?
മരുന്നുകൾ മൂലമാണ് പ്രശ്നമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ആ മരുന്നുകൾ നിർത്തുകയോ മാറ്റി ഉപയോഗിക്കുകയോ ചെയ്യുക. മൂക്കിനുൾവശത്തെ തടസ്സങ്ങൾ സർജറി ചെയ്തു നീക്കുക, പുകവലി നിർത്തുക, ഏതെങ്കിലും രോഗാവസ്ഥ കൊണ്ടാണ് രുചിയും ഗന്ധവും നഷ്ടമാകുന്നതെങ്കിൽ അത്തരം രോഗങ്ങൾ ചികിത്സിച്ചു സുഖമാക്കുക.