Wednesday 30 November 2022 12:51 PM IST

പനി നോക്കാനെന്നു പറഞ്ഞ് ശരീരത്തിൽ കൈകടത്തി പരിശോധന; ചികിത്സാമേഖലയിൽ ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടേണ്ടിവരുന്നത് കടുത്ത നീതിനിഷേധം

Asha Thomas

Senior Sub Editor, Manorama Arogyam

435435436 മോഡലുകൾ: ഐൻ ഹണി ആരോഹി, ദയ ഗായത്രി

ഉള്ളിലുള്ള ലിംഗസ്വത്വവും ബാഹ്യരൂപത്തിലെ ലിംഗവ്യക്തിത്വവും തമ്മിൽ ചേരാതെ വരുന്നതിനെയാണ് ട്രാൻസ്ജെൻഡർ എന്നു പറയുന്നത്. സമൂഹത്തിന്റെ പൊതുലിംഗബോധത്തിൽ സ്ത്രീ എന്നും പുരുഷനെന്നും രണ്ട് ലിംഗസ്വത്വങ്ങളേയുള്ളു. അതുകൊണ്ട് തന്നെ ട്രാൻസ്ജെൻഡർ എന്നു പറയുന്നതിനെ മാനസികപ്രശ്നമായോ വ്യക്തിത്വ വൈകല്യമായോ ഒക്കെ മുദ്ര കുത്താനാണ് സമൂഹത്തിന് എളുപ്പം.

2014ൽ ട്രാൻസ്ജെൻഡർ പോളിസി കൊണ്ടുവന്ന ആദ്യ സംസ്ഥാനമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കേരളം. അതിനുശേഷമാണ് ഒട്ടേറെ ട്രാൻസ്ജെൻഡർ വ്യക്തികൾ ഒളിവു ജീവിതത്തിൽ നിന്നു മറനീക്കി പൊതുവിടങ്ങളിലേക്ക് കടന്നുവന്നത്. നിങ്ങളെപ്പോലെ അന്തസ്സോടെ ജീവിക്കണം ഞങ്ങൾക്കും എന്നു സമൂഹത്തോട് നിവർന്നുനിന്നു പറയാൻ തുടങ്ങിയത്... അതിനുശേഷം എന്തു സംഭവിച്ചു. അരികുകളിൽ മാറ്റിനിർത്തിയിരുന്ന ഇവരെ ഇപ്പോൾ സമൂഹം ചേർത്തുപിടിക്കുന്നുണ്ടോ? അവശ്യ ചികിത്സാസഹായങ്ങൾ പോലും നിഷേധിക്കപ്പെട്ടിരുന്ന ഈ മനുഷ്യരോട് കേരളത്തിന്റെ ആരോഗ്യമേഖല എങ്ങനെയാണ് പെരുമാറുന്നത്?

ട്രാൻസ്ജെൻഡർ നയം കൊണ്ടുവന്ന ആ ദ്യ സംസ്ഥാനമെന്ന ചരിത്രനേട്ടം 2014 ൽ കേരളം സ്വന്തമാക്കി. അതിനുശേഷമാണ് ഒട്ടേറെ ട്രാൻസ്ജെൻഡർ വ്യക്തികൾ പൊതുവിടങ്ങളിലേക്ക് കടന്നുവന്നത്. നിങ്ങളെപ്പോലെ ഞങ്ങൾക്കും അന്തസ്സോടെ ജീവിക്കണം എന്നു സമൂഹത്തോട് നിവർന്നുനിന്നു പറയാൻ തുടങ്ങിയത്... അതിനുശേഷം എന്തു സംഭവിച്ചു? അരികുകളിൽ മാറ്റിനിർത്തിയിരുന്ന ഇവരെ ഇപ്പോൾ സമൂഹം ചേർത്തുപിടിക്കുന്നുണ്ടോ? അനന്യ എന്ന ട്രാൻസ്‌വുമണിന്റെ മരണം ചർച്ചയായ സാഹചര്യത്തിൽ ആരോഗ്യമേഖല എങ്ങനെയാണ് ഇവരോടു പെരുമാറുന്നതെന്ന് അന്വേഷിക്കേണ്ടതില്ലേ?

ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ ലോകാരോഗ്യസംഘടനയുടെ അന്താരാഷ്ട്ര രോഗവർഗീകരണ പട്ടികയിൽ (ഐസിഡി) ട്രാൻസ്‌സെക്‌ഷ്വലിസത്തെ മാനസിക പെരുമാറ്റ ക്രമക്കേടുകളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ഈയടുത്ത് ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്ന നീക്കത്തിലൂടെ ലോകാരോഗ്യസംഘടന ട്രാൻസ് സെക്‌ഷ്വലിസത്തിനു പകരം ‘ജെൻഡർ ഇൻകോൺഗ്രുവൻസ്’ എന്ന പുതിയപദം കൊണ്ടുവരികയും അതിനെ ലൈംഗികാരോഗ്യ അവസ്ഥകളുടെ നിരയിലേക്ക് മാറ്റുകയും ചെയ്തു.

ട്രാൻസ്ജെൻഡർ എന്നത് മാനസികരോഗമോ ക്രമക്കേടോ അല്ലെന്നു തെളിയിക്കപ്പെട്ടതിനാലും മേൽപറഞ്ഞ വർഗീകരണം മൂലം ട്രാൻസ് വ്യക്തികൾ സമൂഹത്തിൽ പരക്കെ വിവേചനവും തൊട്ടുകൂടായ്മയും അനുഭവിക്കുന്നു എന്നു ബോധ്യപ്പെട്ടതിനാലുമാണ് മാനസികക്രമക്കേടുകളിൽ നിന്ന് മാറ്റിയതെന്നു ലോകാരോഗ്യസംഘടന പറയുന്നു. ഇവർക്ക് അവശ്യം വേണ്ട ചില മെഡിക്കൽ ആവശ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കുമെന്നതുകൊണ്ടാണ് രോഗവർഗീകരണ പട്ടികയിൽ നിന്നു നീക്കാത്തത്.

ട്രാൻസ്ജെൻഡറുകളെ സംബന്ധിച്ചുള്ള മാറ്റിനിർത്ത ൽ അവസാനിപ്പിക്കാനായി ഇത്തരം വിപ്ലവകരമായ നീക്കങ്ങൾ നടക്കുമ്പോഴും അടിസ്ഥാനപരമായ ചില കാര്യങ്ങൾ മാറുന്നില്ല എന്നതു ഖേദകരമാണ്. നിലവിൽ കേരളത്തിൽ 3916 ട്രാൻസ്ജെൻഡർ വ്യക്തികൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. സ്വന്തം ലിംഗസ്വത്വം പുറത്തുപറഞ്ഞ് ട്രാൻസ്ജെൻഡർ ഐഡന്റിറ്റി കാർഡ് എടുത്തവരുടെ കണക്കാണിത്. അനൗദ്യോഗിക കണക്കുപ്രകാരം 25,000 ത്തിലധികം വരും. വലിയൊരു വിഭാഗം ട്രാൻസ്ജെൻഡർ വ്യക്തികളും കുടുംബത്തിൽ നിന്നു പുറത്താക്കുമെന്നോ തൊഴിൽ നഷ്ടപ്പെടുമെന്നോ ഒക്കെയുള്ള പേടി കൊണ്ടു തങ്ങളുടെ വ്യക്തിത്വത്തെ തുറന്നുകാട്ടാതിരിക്കുകയാണ്. ഇതിനിടയിൽ ചിലർ വിവാഹം കഴിച്ച് വ്യാജലിംഗസ്വത്വത്തിൽ കുടുങ്ങി മനസ്സുനൊന്തു ജീവിക്കാൻ നിർബന്ധിതരാകുന്നു. ചിലർ നാടുവിട്ടോടി അന്യസംസ്ഥാനങ്ങളിൽ കുടിയേറുന്നു.

കടുത്ത നീതിനിഷേധങ്ങൾ

നാഷനൽ ഹ്യൂമൻ റൈറ്റ്സ് കമ്മിഷന്റെ ഒരു സർവേപ്രകാരം 99 ശതമാനം ട്രാൻസ്‌വ്യക്തികളും കുടുംബത്തിൽ നിന്ന് ഉൾപ്പെടെ തിരസ്കരിക്കപ്പെടുന്നു. 96 % പേർക്ക് ജോലി നിഷേധിക്കപ്പെടുന്നു. 50, 60 % പേരും സ്കൂൾപഠനം പൂർത്തിയാക്കിയിട്ടില്ല. 57 % പേർക്കും ലിംഗസ്ഥിരീകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാകണമെന്ന് ആഗ്രഹമുണ്ട്, പണമില്ലാത്തതിനാൽ നടപ്പാക്കിയിട്ടില്ല. 62 % പേർ സ്കൂളിൽ ചീത്തവിളിയും അപമാനവും അനുഭവിച്ചവരാണ്. 18 % ശാരീരികമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഈ കണക്കുകളൊക്കെ പഴയതാണ്. പുതിയതായി അനുഭവിക്കുന്ന നീതിനിഷേധങ്ങളുടെ അവസ്ഥ അറിയാൻ സർവേകളോ പഠനങ്ങളോ ഒന്നും നടക്കുന്നുമില്ല.

പഠനം നിർത്തി പോകുന്നവർ

കോട്ടയത്ത് നഴ്സിങ് വിദ്യാർഥിയായിരുന്നപ്പോൾ പെരുമാറ്റത്തിലും നടപ്പിലും സ്ത്രൈണതയുണ്ടെന്ന കാരണം കൊണ്ട് തല്ലുകൊള്ളേണ്ടിവന്നിട്ടുണ്ട് ഗീതുവിന്. ‘‘അന്ന് ട്രാൻസ്ജെൻഡർ പോളിസി വന്നിട്ടില്ല. ട്രാൻസ്ജെൻഡർ എന്ന വാക്കുപോലും ആളുകൾക്ക് പരിചിതമല്ല. മെൻസ് ഹോസ്റ്റലിലാണ് ഞാൻ താമസിച്ചിരുന്നത്. മോശം പേരുകൾ വിളിക്കുക, മുടി ബലമായി മുറിക്കുക, അടിക്കുക, കഴുത്തിനു പിടിച്ച് സ്വരം ഗാംഭീര്യമുള്ളതാക്കാൻ ശ്രമിക്കുക എന്നിങ്ങനെ ഭീകരപീഡനം. ഒരുപാട് അനുഭവിച്ചു. ഒടുവിൽ പഠിത്തം അവസാനിപ്പിച്ച് ഒാടിപ്പോവുകയായിരുന്നു. നൃത്തപരിപാടികളും മറ്റും ചെയ്ത് കഷ്ടപ്പെട്ട് കാശുണ്ടാക്കി ലിംഗസ്ഥിരീകരണ ശസ്ത്രക്രിയ ചെയ്തു. ഇപ്പോൾ കുടുംബത്തോടൊപ്പമാണ് താമസം ’’

പക്ഷേ, ട്രാൻസ് സ്ത്രീകളുടെയത്ര എളുപ്പമല്ല ട്രാൻസ് പുരുഷന്മാർക്ക് ലിംഗസ്വത്വം വെളിപ്പെടുത്തൽ. അതിന് ശാരീരിക പ്രത്യേകതകൾ ഉൾപ്പെടെയുള്ള ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ട്. പലപ്പോഴും ട്രാൻസ് പുരുഷന്മാരെ ലെസ്ബിയൻ ആണെന്നു തെറ്റിധരിക്കാറുണ്ട്. ഒരു പുരുഷൻ സ്ത്രീ ആകാൻ വീടുവിട്ടിറങ്ങുമ്പോഴുള്ള സാഹചര്യമായിരിക്കില്ല സ്ത്രീ പുരുഷനാകാൻ ഇറങ്ങിപുറപ്പെടുമ്പോൾ അഭിമുഖീകരിക്കേണ്ടിവരിക.

ട്രാൻസ്‌മെൻ ആയ ആകാശ് രൂപത്തിലും ഇപ്പോൾ തനി പുരുഷനാണ്. പക്ഷേ, സ്വന്തം വീട്ടുകാരുടെ അംഗീകാരം കിട്ടിയിട്ടില്ല. ‘‘ അഞ്ചു വർഷമായി വീടുവിട്ടിട്ട്. മൂന്നു വർഷമായി ഹോർമോൺ ചികിത്സ എടുക്കുന്നു. ടോപ് സർജറി ചെയ്തു. ‘‘ഇപ്പോൾ എനിക്കു തന്നെ നല്ല ആത്മവിശ്വാസമായി. പക്ഷേ, വീട്ടുകാർ അവര് പറയുന്നതു പോലെ കേട്ടാലേ വീട്ടിൽ കയറ്റൂ എന്ന നിലപാടിലാണ്. പക്ഷേ, അവിടെ ചെന്നാൽ ഞാൻ ലോക്ക്ഡ് ആവും. എന്നെ വീണ്ടും പഴയസ്ഥിതിയിലേക്ക് കൊണ്ടുവരാനാകും അവർ ശ്രമിക്കുക.’’ ആകാശ് ഭയപ്പെടുന്നത് വെറുതെയല്ല. ട്രാൻസ്ജെൻഡർ ആണെന്നറിഞ്ഞാൽ നിർബന്ധിച്ച് അതു വെറും തോന്നലാണെന്നും ചികിത്സിച്ചു മാറ്റാമെന്നും കരുതി കൺവേർഷൻ തെറപ്പികൾക്ക് നിർബന്ധിക്കുന്ന കുടുംബങ്ങളുണ്ട്.

കേരളത്തിൽ ഒട്ടേറെ സ്ഥലങ്ങളിൽ ഇത്തരം കൺവേർഷൻ തെറപ്പികൾ നടക്കുന്നുണ്ടെന്നു പറയുന്നു ട്രാൻസ് വുമണും മോഡലും ആയ ശീതൾ. ‘‘ട്രാൻസ്ജെൻഡർ എന്നത് അബ്നോർമൽ ആണെന്നു ഡോക്ടർമാർ പോലും എഴുതിയ സംഭവം ഉണ്ട്. മെഡിക്കൽ പഠന പുസ്തകങ്ങളിൽ പോലും ഇത്തരം പരാമർശങ്ങളുണ്ട്. അതിന്റെ പേരിൽ ഒരു കേസ് നിലവിലുണ്ട്. അപ്പോൾ സാധാരണക്കാരുടെ അവസ്ഥ പറയേണ്ടല്ലൊ. ജെൻഡർ ഡിസ്ഫോറിയ എന്ന അവസ്ഥയെ മാനസികരോഗ പട്ടികയിൽ പെടുത്തിയിരിക്കുന്നത് വലിയ വിവേചനത്തിനും അയിത്തത്തിനും കാരണമാകുന്നുണ്ട്. ലോകാരോഗ്യസംഘടന മാനസിക ക്രമക്കേടുകളുടെ പട്ടികയിൽ നിന്ന് ട്രാൻസ് സെക്‌ഷ്വൽ എന്ന പദത്തെ മാറ്റിയ സാഹചര്യത്തിൽ പ്രത്യേകിച്ചും’’.

‘‘ കോട്ടയം മെഡി. കോളജിൽ ട്രാൻസ്ജെൻഡർ ക്ലിനിക് തുടങ്ങിയപ്പോൾ ഒരുപാട് ആൾക്കാർക്ക് ഒരു ധാരണയുണ്ടായിരുന്നു, ഇത് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സൈക്യാട്രിക് ചികിത്സ നൽകി അവരെ സമൂഹം ആഗ്രഹിക്കുന്ന ലിംഗവ്യക്തിത്വത്തിൽ വളരാൻ സഹായിക്കുന്ന സംവിധാനമാണെന്ന്.’’ കോട്ടയം മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം ഡോക്ടർ വർഗീസ് പുന്നൂസ് പറയുന്നു. ഇതൊരു തെറ്റായ ധാരണയാണ്. ട്രാൻസ്ജെൻഡർ വ്യക്തിത്വം എന്നതു ചികിത്സിച്ചു മാറ്റപ്പെടേണ്ട രോഗമല്ല. ജെൻഡർ ചേഞ്ചിങ് തെറപി ചിലയിടങ്ങളിൽ നടത്തുന്നതായി കേൾക്കുന്നുണ്ട്. അത് ശാസ്ത്രീയമല്ല. ട്രാൻസ്ജെൻഡർ അവസ്ഥ ഒരു വ്യത്യസ്തതയാണെന്നു മനസ്സിലാക്കി അതുമായി പൊരുത്തപ്പെട്ടു ജീവിക്കാനുള്ള ഒരു കൈത്താങ്ങ് കൊടുക്കാൻ വേണ്ടിയാണ് ചികിത്സയും കൗൺസലിങ്ങും ആവശ്യമുള്ളത്.’’

trass324234 മോഡലുകൾ: ഐൻ ഹണി ആരോഹി, ദയ ഗായത്രി

ചികിത്സ നിഷേധിക്കപ്പെടുന്നുവോ?

‘‘ട്രാൻസ്ജെൻഡർ വ്യക്തികളുടെ നേർക്ക് സമൂഹം കാണിക്കുന്ന അയിത്തം അല്ലെങ്കിൽ വിവേചനം കൊണ്ട് പലപ്പോഴും അവർക്ക് ആരോഗ്യസേവനങ്ങൾ ലഭ്യമാകുന്നില്ല എന്നത് പ്രധാനപ്രശ്നമാണ്. ആരോഗ്യകേന്ദ്രങ്ങളിൽ പോകുമ്പോൾ തന്നെ അവരെ കളിയാക്കുക, ചില ആശുപത്രികൾ നേരിട്ട് ചികിത്സ കൊടുക്കില്ല എന്നു പറയുന്ന അവസ്ഥ എന്നിവ ഉണ്ടായിട്ടുണ്ട്. ’’ ജെൻഡർ ആക്ടിവിസ്റ്റു കൂടിയായ ഡോ. എ.കെ. ജയശ്രീ പറയുന്നു.

കേരളത്തിൽ കോട്ടയത്തും തിരുവനന്തപുരത്തുമായി ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പ്രത്യേകമായി ക്ലിനിക്കുകൾ ആരംഭിച്ചത് മുന്നേറ്റമാണെങ്കിലും ലിംഗസ്ഥിരീകരണ പ്രക്രിയകൾ (ജെൻഡർ അഫിർമേറ്റീവ് ഹോർമോൺ ചികിത്സയും ശസ്ത്രക്രിയയും) അവിടെ ലഭ്യമല്ല. മാസത്തിൽ നിശ്ചിത ദിവസം മാത്രമാണ് അവ പ്രവർത്തിക്കുന്നതും. തന്മൂലം പല ട്രാൻസ്ജെൻഡർ വ്യക്തികളും സ്വകാര്യ ആശുപത്രികളെയാണ് ചികിത്സയ്ക്ക് ആശ്രയിക്കുന്നത്. പൊതുവെ നല്ല പരിഗണനയും ചികിത്സയും ലഭിക്കുന്നുണ്ടെങ്കിലും ചിലപ്പോഴൊക്കെ ആശുപത്രികളിൽ നിന്നു മോശം പെരുമാറ്റങ്ങളെ നേരിടേണ്ടിവരുന്നു ഇവർക്ക്.

‘‘ശസ്ത്രക്രിയ നടത്തി പെൺസ്വത്വത്തിലേക്ക് പൂർണമായി മാറും മുൻപ് ആശുപത്രിയിൽ പോകുമ്പോൾ തുറിച്ചുനോട്ടവും അവജ്ഞയുമൊക്കെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ട് ചെറിയ അസുഖങ്ങൾ വന്നാലും ആശുപത്രിയിൽ പോകില്ലായിരുന്നു, സ്വയം മരുന്നുവാങ്ങിക്കഴിച്ച് ഒതുക്കും,’’ ഗീതു പറയുന്നു. ‘‘ട്രാൻസ്ജെൻഡർ ആണെന്നു കേൾക്കുമ്പോഴേ ആളുകൾ അടിമുടി ഇരുത്തിനോക്കും. ഇതിൽനിന്ന് എനിക്ക് മനസ്സിലായത് നമ്മുടെ രൂപം പ്രധാനമാണെന്നാണ്. രൂപം മാറിയാൽ പൊതുസമൂഹം സ്വീകരിച്ചേക്കും എന്നു തോന്നി. ലിംഗസ്ഥിരീകരണ ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ തുറിച്ചുനോട്ടമൊക്കെ കുറഞ്ഞിട്ടുണ്ട്.’’

രൂപം മാറിയാൽ സമൂഹം സ്വീകരിച്ചേക്കുമെന്നത് ഒരാളുടെ മാത്രം തോന്നലല്ല. ട്രാൻസ്ജെൻഡർ വ്യക്തികൾ ഭിക്ഷാടനം നടത്തി പോലും പണമുണ്ടാക്കി വേദന സഹിച്ച് ലിംഗസ്ഥിരീകരണ ശസ്ത്രക്രിയകൾ ചെയ്യുന്നതിനു പിന്നിലെ ഒരു കാരണം സമൂഹത്തിൽ മനുഷ്യരായി പരിഗണിക്കപ്പെടാനുള്ള കൊതി മൂലമാണ്. ചെലവു കുറവാണെന്ന കാരണം കൊണ്ട്. കേരളത്തിനകത്തും പുറത്തും ചില ചെറിയ ക്ലിനിക്കുകളില്‍ വേണ്ടത്ര വൈദഗ്ധ്യം ഇല്ലാതെ നടത്തുന്ന ലിംഗസ്ഥിരീകരണ ശസ്ത്രക്രിയകൾ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ആജീവനാന്ത സങ്കീര്‍ണതകളും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇത്തരത്തില്‍ ശസ്ത്രക്രിയയില്‍ വരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വീണ്ടും ശസ്ത്രക്രിയകള്‍ നടത്താൻ കൂടുതല്‍ പണം കൊടുക്കേണ്ടിവരുന്നു. ലിംഗസ്ഥിരീകരണ സർജറി നടത്തണമെന്ന ആഗ്രഹമുള്ളവർ ഒട്ടേറെയുണ്ടെങ്കിലും വളരെ കുറച്ചു പേര്‍ മാത്രമാണ്, നടത്തുന്നത്. ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്താനാവാത്തതും സർജറി ചെയ്ത് രൂപം മാറുന്നതു കുടുംബം അംഗീകരിക്കാത്തതുമാണ് പ്രധാന കാരണങ്ങള്‍.

bdgqdbhqw343 മോഡൽ: ദയ ഗായത്രി

രൂപം മാറിയാൽ അംഗീകാരം കിട്ടുമോ?

പക്ഷേ, ലിംഗസ്ഥിരീകരണ ശസ്ത്രക്രിയ കഴിഞ്ഞാലും സമൂഹത്തിന്റെ അംഗീകാരവും തുല്യപരിഗണനയും പലർക്കും കിട്ടാക്കനിയാണ്. പനിക്കു മരുന്നു വാങ്ങാൻ സ്വകാര്യ ആശുപത്രിയിൽ പോയപ്പോഴുള്ള ദുരനുഭവത്തെക്കുറിച്ച് ട്രാൻസ് വുമണും മോഡലും ആയ ഹണി പറയുന്നു. ‘‘ പനി നോക്കാനെന്നു പറഞ്ഞ് ശരീരത്തിനുള്ളിലൂടെ കൈ കടത്തി സ്തനങ്ങളിൽ തൊട്ട് പരിശോധിച്ചു. ഒപ്പം ശരീരഭാഗങ്ങളെക്കുറിച്ച് കുത്തിക്കുത്തിയുള്ള സംശയം ചോദിക്കലും. അത്രയുമായപ്പോഴേക്കും ഞാനാകെ ടെൻഷനിലായി. ഇങ്ങനെ ഒരു അനുഭവം ഉള്ളതുകൊണ്ട് കൊറോണ വന്നപ്പോൾ പോലും ഗുഗിളിൽ നോക്കി മരുന്നു വാങ്ങി കഴിച്ചു വീട്ടിൽ കിടന്നതല്ലാതെ ആശുപത്രിയിൽ പോയില്ല.

മിക്കവാറും ആളുകൾക്കും ട്രാൻസ്ജെൻഡർ എന്താണെന്ന് അറിയില്ല. സെക്സിനു വേണ്ടിയാണ് ഞങ്ങൾ ഇങ്ങനെയായതെന്നാണ് ആളുകളുടെ ചിന്ത. പ്രത്യേകിച്ച് പോലീസുകാരുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റം അനുഭവിക്കേണ്ടിവന്നവർ ഒട്ടേറെയുണ്ട്.റോഡിൽ നിൽക്കുന്നത് കണ്ടാൽ, ‘‘എന്താ ഇവിടെ നിൽക്കുന്നത്? ഇന്നു വർക്കൊന്നും കിട്ടിയില്ലേ, ആളു വരാൻ നിൽക്കുവാണോ ’’ എന്നൊക്കെ ചോദിച്ച് തുടങ്ങും. സ്േറ്റഷനിൽ പരാതി പറയാൻ ചെന്നപ്പോൾ മോശം അനുഭവം നേരിട്ടിട്ടുള്ളവരുണ്ട്. ശരീരഭാഗങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ കേട്ടാൽ സഹിക്കാൻ പറ്റില്ല. ’’

ഇപ്പോൾ ആളുകളുടെ അവബോധം കൂടിയിട്ടുണ്ടെന്നു പറയുന്നു തിയറ്റർ ആർട്ടിസ്റ്റും മോഡലുമായ ദയ ഗായത്രി. ‘‘താമസിക്കാൻ ഇടം കിട്ടാനുള്ള പ്രയാസം കുറഞ്ഞു. പക്ഷേ, ജോലി വലിയ പ്രശ്നമാണ്. കോറോണ കാലത്ത് ഒരു പരിപാടിപോലും ലഭിച്ചില്ല. ആഹാരത്തിനു പോലും ബുദ്ധിമുട്ടുന്നത്ര ഞെരുക്കത്തിലായിരുന്നു ഇതെല്ലാം മാനസികമായി ഒരുപാട് പ്രയാസങ്ങളുണ്ടാക്കി. ഞങ്ങൾക്ക് മുൻപോട്ടു ജീവിക്കാൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്നു കൂടുതൽ പിന്തുണ ആവശ്യമുണ്ട്.

‘‘ഹോർമോൺ ചികിത്സ ജീവിതകാലം മുഴുവൻ വേണ്ടിവരും. അതിനു നല്ല ചെലവു വരും. ഡോക്ടറുടെ ഫീസ്, ഒാരോ പ്രാവശ്യവും ഹോർമോൺ ചികിത്സയ്ക്ക് മുൻപായുള്ള ടെസ്റ്റുകൾ...എല്ലാം കൂടി നല്ല തുകയാകും. പിന്നെ ശസ്ത്രക്രിയയുടെ ചെലവും മരുന്നുകളും മുറിവാടകയും കൂടി ലക്ഷങ്ങളാകും. ഏറ്റവും കുറഞ്ഞത് ഹോർമോൺ ചികിത്സയെങ്കിലും സർക്കാർ ആശുപത്രികളിൽ തുടങ്ങിയാൽ നന്നായിരിക്കും’’ ഗീതു പറയുന്നു.

‘‘ലിംഗസ്ഥിരീകരണ ശസ്ത്രക്രിയകൾ ചെയ്യാനുള്ള മുന്നൊരുക്കത്തിലായിരുന്നപ്പോഴാണ് കോവിഡ് വരുന്നത്. നിലവിൽ ഒരുപാട് ശസ്ത്രക്രിയകൾ പെൻഡിങ്ങാണ്. ലിംഗസ്ഥിരീകരണം അവശ്യചികിത്സയായി പരിഗണിക്കാത്തതിനാൽ പലപ്പോഴും പരിഗണന അടിയന്തര കേസുകൾക്ക് പോകും. നിലവിൽ ലിംഗസ്ഥിരീകരണ പ്രക്രിയകൾ തുടങ്ങിയിട്ടില്ല. അതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ രൂപപ്പെടുത്തുകയാണ്. ’’ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് കോട്ടയം മെഡി. കോളജിൽ തുടങ്ങിയ പൈലറ്റ് ക്ലിനിക്കിന്റെ കോ ഒാഡിനേറ്റർ ഡോ. സൂ ആൻ സക്കറിയ പറയുന്നു.

മാറേണ്ടതെന്തൊക്കെ?

t445346

‘‘സ്കൂൾ തലത്തിൽ ലൈംഗികവിദ്യാഭ്യാസം നൽകണം. അതിലാണ് ലിംഗ വ്യക്തിത്വത്തെക്കുറിച്ച് പറയേണ്ടത്.’’ ഡോ. സൂ ആൻ പറയുന്നു. ട്രാൻസ്ജെൻഡർ വ്യക്തികളും മനുഷ്യരാണെന്നും നമ്മെ പോലെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഉള്ളവരുമാണെന്ന പാഠം കുട്ടികളിൽ പഠിപ്പിച്ചുതുടങ്ങണം. മിക്ക ട്രാൻസ്ജെൻഡർ വ്യക്തികളും തങ്ങളുടെ ഉള്ളിലെ ജെൻഡർ കലഹം മനസ്സിലാക്കിത്തുടങ്ങുന്നതും ആ വ്യത്യസ്തത നടപ്പിലൂടെയും വേഷവിധാനത്തിലൂടെയും പ്രകടിപ്പിച്ചുതുടങ്ങുന്നതും സ്കൂൾ കാലത്താണ്. അതുകൊണ്ട് സ്കൂൾ അധ്യാപർക്ക് ലിംഗവ്യതിയാനങ്ങളെക്കുറിച്ച് കൃത്യമായ ബോധവൽകരണം നൽകണം. സഹപാഠി തങ്ങളേതിൽ നിന്നു വ്യത്യസ്തമായ ലിംഗസ്വത്വം പ്രകടിപ്പിച്ചാൽ ചാന്തുപൊട്ടെന്നും ഒൻപതെന്നുമൊക്കെ വിളിച്ച് അപമാനിക്കുകയല്ല വേണ്ടതെന്നുമുള്ള ബോധം കുട്ടികൾക്കും നൽകണം. .

∙ നിലവിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ആരോഗ്യപരിരക്ഷാ കാർഡുകളോ ഇൻഷുറൻസോ ഇല്ല. പൊതു ആരോഗ്യസംരക്ഷണപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുമില്ല. അടിയന്തരമായി അതു നൽകണം.

∙ കേരളത്തിൽ വിരലിലെണ്ണാവുന്ന സ്വകാര്യ ആശുപത്രികളിലാണ് ലിംഗസ്ഥിരീകരണ ശസ്ത്രക്രിയ നടത്തുന്നത്. സർക്കാർ ആശുപത്രികളിൽ കൂടി ലിംഗസ്ഥിരീകരണ ശസ്ത്രക്രിയ അനുവദിക്കേണ്ടതുണ്ട്.

∙ നിലവിൽ സർക്കാർ ധനസഹായം ലിംഗസ്ഥിരീകരണ ശസ്ത്രക്രിയയ്ക്കു ശേഷമാണ് നൽകുന്നത്. സർജറിക്കു മുൻപേ തന്നെ പണം അതാത് ആശുപത്രികളിലേക്ക് അനുവദിക്കുന്ന സാഹചര്യം ഉണ്ടായാൽ വളരെ നല്ലത്.

∙ ആശുപത്രികളിൽ സ്ത്രീ- പുരുഷ വാർഡുകൾ കൂടാതെ ജനറൽ വാർഡ് കൂടി ഉണ്ടായാൽ ട്രാൻസ്ജെൻഡറുകളുടെ കിടത്തിചികിത്സയ്ക്ക് വിവേചനമില്ലാത്ത സംവിധാനമാകും. നിലവിൽ ലിംഗസ്ഥിരീകരണ സർജറി നടക്കുമ്പോൾ തുറിച്ചുനോട്ടവും പരിഹാസവും ഭയന്ന് ചെലവു വ കവയ്ക്കാതെ മുറിയെടുക്കേണ്ട അവസ്ഥയുണ്ട് ഇവർക്ക്.

∙ ട്രാൻസ്ജെൻഡർ സ്കീമുകളുടെ പ്രയോജനം ലിംഗസ്വത്വം വെളിവാക്കാത്ത വലിയൊരു വിഭാഗത്തിന് ലഭിക്കുന്നില്ല. മാത്രമല്ല തങ്ങൾക്ക് അവകാശപ്പെട്ട സഹായങ്ങൾ നേടിയെടുക്കാനായി കൈക്കൂലിയും കമ്മിഷനും നൽകേണ്ടിവരുന്ന അവസ്ഥയുണ്ടെന്നു ട്രാൻസ്ജെൻഡർ വ്യക്തികൾ പരാതിപ്പെടുന്നു. സ്വയം തൊഴിൽ ധനസഹായം പോലുള്ളവ വഴി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാലും സമൂഹത്തിന്റെ വിവേചനം നിറഞ്ഞ പെരുമാറ്റം മൂലം ഇതു വേണ്ടവിധം പ്രയോജനപ്പെടുത്താൻ മിക്ക ട്രാൻസ് വ്യക്തികൾക്കുമാവുന്നില്ല.

ട്രാൻസ്ജെൻഡർ വ്യക്തികളും നമ്മെ പോലെ മനുഷ്യരാണെന്ന ഒറ്റ ചിന്ത മാത്രം മതി അവരെ സഹാനുഭൂതിയോടെ പരിഗണിക്കാൻ. പൊതുസമൂഹത്തിന്റ എല്ലാ തലത്തിലും ആ ബോധ്യം വൈകാതെ ഉണ്ടാകട്ടെ എന്നു പ്രത്യാശിക്കാം.

Tags:
  • Manorama Arogyam