Monday 12 August 2024 05:15 PM IST : By സ്വന്തം ലേഖകൻ

‘ഫ്ലാഷ് ബാക്ക്, ദുരന്തത്തിന്റെ ഓര്‍മകള്‍, വിഷാദചിന്ത...’; വയനാട് ദുരന്തം: അതിജീവിതർക്കു മാത്രമല്ല സന്നദ്ധ സേവകർക്കും വേണം മാനസിക പിന്തുണ

waynad-mental-health ഡോ. കെ.എ. കുമാര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ്

കണ്‍ചിമ്മി തുറക്കുന്ന വേഗതയില്‍ ജീവിതം കീഴ്‌മേല്‍ മറിയുക. ഉറ്റവരെ നഷ്ടപ്പെട്ട്, സർവ്വവും നഷ്ടപ്പെട്ട്, ജീവന്‍ മാത്രം കൈയ്യില്‍ ബാക്കിയായി നില്‍ക്കുന്ന അവസ്ഥ. ആഴത്തിലുള്ള ആഘാതങ്ങളാണ് എല്ലാ പ്രകൃതി ദുരന്തങ്ങളും ബാക്കിയാക്കുന്നത്. പലപ്പോഴും ഈ ദു:ഖത്തില്‍ നിന്നും കര കയറാനാകാതെ വര്‍ഷങ്ങളോളം പ്രയാസമനുഭവിക്കുന്നവര്‍ ഏറെയുണ്ടാകും. 

പ്രത്യേകിച്ച് അടിക്കടി പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ പലപ്പോഴും വേണ്ടത്ര പരിഗണന കിട്ടാത്ത ഒന്നാണ് അതിജീവിതരുടെ മാനസികാരോഗ്യം. ഈ കഴിഞ്ഞ ജൂലൈ 29ന് വയനാട്ടില്‍ സംഭവിച്ച ദുരന്തം നല്‍കിയ ഭീതിയില്‍ നിന്നും നമ്മുടെ നാട് ഇപ്പോഴും കരകയറിയിട്ടില്ല. ദുരന്താനുഭവങ്ങൾ ഉണ്ടാക്കുന്ന മാനസികാഘാതങ്ങള്‍ അതിതീവ്രവും ദീര്‍ഘകാലം നിലനില്‍ക്കുന്നവയുമായിരിക്കുമെന്നാണ് മാനസികാരോഗ്യ രംഗം വിലയിരുത്തുന്നത്. 

ആദ്യ ഘട്ടം: സമ്മര്‍ദ്ദഘട്ടം

ദുരന്തങ്ങള്‍ സമ്മാനിക്കുന്ന മാനസീകാഘാതത്തിന്റെ ആദ്യ ഘട്ടമാണിത്. അതിയായ ദുഃഖത്തിന്റെ തുടര്‍ച്ചയായ ഈ സമ്മര്‍ദ്ദഘട്ടത്തിന്റെ കാലയളവ് രണ്ടാഴ്ചയോളമാണ്. മനസ്സിന്റെ സ്തംഭനം (Numbing) നിരാകരണം (Denial) എന്നിവയിലൂടെ കടുത്ത ദുഃഖത്തെ അതിജീവിക്കാന്‍ ചിലര്‍ ശ്രമിക്കും. മറ്റുള്ളവരില്‍ കഠിനമായ വിഷാദം, ഉത്കണ്ഠ, അതിയായ ആധി, ആശയക്കുഴപ്പം, ശാരീരിക അസ്വാസ്ഥ്യങ്ങള്‍ എന്നിവ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഏറെ ക്ഷമയോടെയും വിവേകപരമായും വേണം ഈ സമ്മര്‍ദ്ദ ഘട്ടം അതിജീവിക്കാൻ. (സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് എന്നു വിശേഷിപ്പിക്കുന്ന ഈ ചികിത്സാഘട്ടിത്തില്‍ ഇത്തരം പ്രശ്നങ്ങളിലേക്ക് എത്തുന്നവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുക, പറയാനുള്ളതു കേൾക്കുക, അവരെ ഉൾക്കൊള്ളുക (Look, Listen, Link) എന്നിവയാണ് പ്രധാനമായും ചെയ്യാൻ സാധിക്കുന്നത്.

പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡർ

ആദ്യ സമ്മര്‍ദ്ദ ഘട്ടം പിന്നിടുന്നവര്‍ക്ക് ഉണ്ടാകുന്ന മാനസിക അസ്വാസ്ഥങ്ങളെയാണ് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡേഴ്‌സ് എന്ന് വിളിക്കുന്നത് .

ലക്ഷണങ്ങള്‍:

. ഫ്ലാഷ് ബാക്ക്, ദുസ്വപ്നങ്ങള്‍, ദുരന്തത്തിന്റെ ഓര്‍മകള്‍ അതിനെക്കുറിച്ചുള്ള ചിന്തകൾ എന്നിവ ((Re-living Symptoms)

. ദുരന്തവുമായി ബന്ധപ്പെട്ട പരാമര്‍ശം, വ്യക്തികള്‍, സ്ഥലം, സാഹചര്യങ്ങള്‍, എന്നിവയെ ഒഴിവാക്കുക (Avoidance Symptoms)

. ഞെട്ടല്‍, ഉത്കണ്ഠ, അതിരു കവിഞ്ഞ ദേഷ്യം, ഉറങ്ങാനുള്ള പ്രയാസം, ഉറക്കത്തില്‍ നിന്നും പെട്ടെന്ന് ഞെട്ടി എഴുന്നേൽക്കുക, അമിതമായി സംസാരിക്കുക, അതിയായ ചലനം, തുടര്‍ച്ചയായ യാത്രകള്‍, അപകടകരമായ വിനോദങ്ങള്‍, മദ്യപാനം, ലഹരി ഉപഭോഗ ശീലം തുടങ്ങിയവ (Arousal Symptoms)

. വിഷാദ ചിന്ത, ആത്മവിശ്വാസക്കുറവ്, മറവി, ശ്രദ്ധയില്ലായ്മ തുടങ്ങിയവ (Cognitive & Emotional Symptoms)

. വേഗതയേറിയ നെഞ്ചിടിപ്പ്, വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദം, അമിതമായ വിയര്‍ക്കുക, പേശി വേദന, കൈകാലുകൾ വിറയ്ക്കുക, ശ്വാസംമുട്ടല്‍ തുടങ്ങിയവ (Physical Symptoms)

ഒരു വലിയ വിഭാഗം ആളുകളിലും ഈ ലക്ഷണങ്ങളോടൊപ്പം ആധി (Panic) കടുത്ത വിഷാദം (Major depression), ആത്മഹത്യാ പ്രവണത, അമിത മദ്യപാനം, ലഹരി ഉപയോഗം, നേരത്തെ ഉണ്ടായിരുന്ന മാനസിക രോഗങ്ങൾ മൂർച്ഛിക്കുക, ശാരീരിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയും കാണാം. എല്ലാവരിലും മേല്‍പ്പറഞ്ഞ എല്ലാ ലക്ഷണങ്ങളും കാണണമെന്നില്ല, അതിന്റെ തീവ്രതയും വ്യത്യസ്തമായിരിക്കും. ഒരു മാസത്തോളം ഈ ലക്ഷണങ്ങള്‍ നീണ്ടു നിന്നാല്‍ വിദഗ്ദ്ധ ചികിത്സ തേടുന്നതാണ് ഉചിതം.

ചികിത്സ:

ചികിത്സയ്ക്ക് പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത്. സൈക്കോതെറാപ്പിയാണ് ഇതില്‍ പ്രധാനം. 

നിയന്ത്രിതമായ രീതിയില്‍ ആഘാത സാഹചര്യങ്ങളുമായി വ്യക്തിയെ മുഴുകിപ്പിച്ചുകൊണ്ട് മാനസിക പ്രതിരോധം ശക്തപ്പെടുത്താൻ സാധിക്കും. കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി മുഖേന ചിന്തകളുടെ പുനസംവിധാനം ദുരന്തവുമായി ബന്ധപ്പെട്ട ചിന്തകളെ പുനര്‍ വിന്യാസം ചെയ്തു സഹനീയമാക്കുന്നു. ഈ രണ്ട് രീതികളും സംയോജിപ്പിച്ചുള്ള ചികിത്സയിലൂടെ ഏറെപ്പേരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം. 

ചികിത്സയ്‌ക്കൊപ്പം തന്നെ ദുരന്താനുഭവമുള്ളവര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. നേരത്തേ മാനസികരോഗങ്ങള്‍ വന്നിട്ടുള്ളവര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗം വീണ്ടും വരാന്‍ സാധ്യകളേറെയാണ്. പ്രയാസങ്ങള്‍ മറ്റുള്ളവരോട് പങ്കുവെക്കുകയും തുറന്ന് സംസാരിക്കുകയും വേണം. നിലവില്‍ മാനസികരോഗ ചികിത്സയില്‍ ഉള്ളവര്‍ മരുന്നുകള്‍ മുടങ്ങാതെ സൂക്ഷിക്കുകയും ചികിത്സ തുടരുകയും ചെയ്യണം. ശരിയായ ഉറക്കം കിട്ടുന്നു എന്ന് ഉറപ്പു വരുത്തണം. ഉറക്കക്കുറവുണ്ടെങ്കില്‍ വിദഗ്ധരുടെ സേവനം തേടണം. ഉറങ്ങുന്നതിനും ഭക്ഷണ കഴിക്കുന്നതിനും കഴിവതും കൃത്യമായ സമയക്രമം പാലിക്കുക. സാമൂഹിക കൂട്ടായ്മകളില്‍ പങ്കാളിയാവണം. കുട്ടികള്‍ ദുരന്തത്തെക്കുറിച്ചും അതിനോട് അനുബന്ധിച്ച മറ്റുകാര്യങ്ങളെകുറിച്ചും സംസാരിക്കുകയാണെങ്കില്‍ അവരെ പറയാന്‍ അനുവദിക്കുകയും ക്ഷമാപൂര്‍വ്വം കേള്‍ക്കുകയും ചെയ്യുക. 

അതിജീവന സംവിധാനങ്ങള്‍:

മാനസിക ചികിത്സ, ഔഷധ ചികിത്സ എന്നിവയ്‌ക്കൊപ്പം, വ്യക്തിയുടെ തൊഴില്‍, വരുമാനം, ജീവിതചര്യകള്‍, നിലനില്‍ക്കുന്ന കുടുംബസാഹചര്യങ്ങൾ, സാമൂഹ്യബന്ധങ്ങള്‍ എന്നിവ നിലനിര്‍ത്താനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും അവ കാര്യക്ഷമമായി നടപ്പിലാക്കുകയും വേണം. കുടുംബശ്രീ, സാമൂഹ്യ സേവന സംഘടനകള്‍, യുവജന സംഘടനകള്‍, തദ്ദേശ സ്ഥാപനങ്ങളുടെ സംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ച് ക്രിയാത്മകമായ പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കും.

കൃത്യമായ ചികിത്സ ലഭിക്കാത്ത പക്ഷം ആഘാതനന്തര മാനസിക അസ്വാസ്ഥ്യങ്ങള്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ നീണ്ടുനില്‍ക്കാം. ചിലരില്‍ ഇത് രണ്ടു വര്‍ഷത്തോളം വരെ നീളാം. ചിലപ്പോള്‍ ആജീവനാന്തം അതിന്റെ ലക്ഷണങ്ങള്‍ നിലനില്‍ക്കുകയും ചെയ്യാം. ആദ്യ സമ്മര്‍ദ്ദഘട്ടത്തിൽ ലഭിക്കുന്ന സേവനവും സാന്ത്വനവും വിലപ്പെട്ടതാണ്. അത് അവിടെ അവസാനിപ്പിക്കാതെ ദീര്‍ഘകാല മാനസികാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികളും വൈകാതെ തന്നെ ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടതുണ്ട്. അതിജീവിതർ മാത്രമല്ല, ദുരന്തമുഖത്ത് സന്നദ്ധസേവനങ്ങള്‍ ചെയ്യുന്നവരും തങ്ങളുടെ മാനസ്സികാരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

കടപ്പാട്: ഡോ. കെ.എ. കുമാര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ്, സൈക്കിയാട്രി ആന്‍ഡ് ബിഹേവിയറൽ മെഡിസിന്‍ വിഭാഗം, കിംസ്‌ ഹെല്‍ത്ത് തിരുവനന്തപുരം, Email: drkakumar@gmail.com

Tags:
  • Manorama Arogyam