എന്താണ് കാൻസർ ?
ശരീരത്തിലെ ചില കോശങ്ങൾ അനിയന്ത്രിതമായി വളരുകയും അത് വളരുന്ന സ്ഥലത്തെ നല്ല കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കാൻസർ. കാൻസറിന്റെ അണുക്കൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ എത്തുകയും അവിടെ വളരുകയും ചെയ്യുമെന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ഗ്രീക്ക് ഭാഷയിൽ നിന്നാണ് കാർന്നു തിന്നുന്ന എന്ന് അർത്ഥം വരുന്ന കാൻസർ എന്ന പദം ഉദ്ഭവിച്ചത്.
കാൻസർ ഏതൊക്കെ അവയവങ്ങളെ ബാധിക്കുന്നു ?
കാൻസർ മനുഷ്യശരീരത്തിലെ ഏത് അവയവത്തെയും ബാധിക്കാം. എന്നാൽ അവ കൂടുതലായി കണ്ടു വരുന്നത് സാധാരണയായി കൂടുതൽ വിഭജിക്കുന്ന കോശങ്ങളിലാണ്. പുരുഷന്മാരിൽ പ്രധാനമായും ശ്വാസകോശം, പ്രോസ്റ്റേറ്റ് ഗ്രന്ഥി, കുടൽ, വായ് എന്നിവടങ്ങളിലാണ് കാൻസർ കൂടുതലായി കണ്ടു വരുന്നത്. സ്ത്രീകളിൽ സ്തനങ്ങൾ, ഗർഭപാത്രം, അണ്ഡാശയം, കുടൽ ,തൈറോയ്ഡ് എന്നീ അവയവങ്ങളിലാണ് കാൻസർ കൂടുതലായി കാണുന്നത്.
കാൻസറിന്റെ കാരണങ്ങൾ എന്തൊക്കെയാണ് ?
1.പുകവലി - ശ്വാസകോശം, കരൾ, വൃക്ക, മൂത്രസഞ്ചി, വായ, തൊണ്ട എന്നിവയിൽ കാൻസർ ഉണ്ടാകുന്നു
2. മദ്യപാനം - കുടൽ, അന്നനാളം, ആമാശയം, കരൾ, വായ, തൊണ്ട എന്നിവയിൽ കാൻസർ ഉണ്ടാകുന്നു
3.തെറ്റായ ആഹാരരീതി - അമിതമായ കൊഴുപ്പ്, ചുവന്ന മാംസത്തിന്റെ ഉപയോഗം, അമിതമായുള്ള സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ കാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു
4.അണുബാധകൾ - ശരീരത്തിലുണ്ടാകുന്ന ചില വൈറൽ, ബാക്ടീരിയൽ അണുബാധകൾ കൊണ്ട് സെർവിക്കൽ കാൻസർ,കരളിന്റെ കാൻസർ ( ഹെപ്പറ്റൈറ്റിസ് - ബി, സി വൈറസുകൾ ) ചിലതരം ആമാശശ കാൻസർ എന്നിവ ഉണ്ടാകുന്നു.
5.ജോലിസ്ഥലത്ത് നിന്ന് - ജോലി സംബന്ധമായും അല്ലാത്തതുമായി കൂടുതലായി വരുന്ന രാസപദാർത്ഥങ്ങൾ , റേഡിയേഷൻ എന്നിവയും മനുഷ്യശരീരത്തിൽ കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.
6.ജനിതകമായ കാരണങ്ങൾ - കുടലിലെ കാൻസറും, സ്തനാർബുദവും പലപ്പോഴും ചില കുടുംബങ്ങളിൽ കൂടുതലായി കണ്ടു വരുന്നതിന്റെ കാരണം അവ ജനിതകമായി ഉത്ഭവിക്കുന്നു എന്നതിനാലാണ്.
വ്യായാമം ഇല്ലായ്മ ശരീരത്തിന് ശരിയായ വ്യായാമം കൊടുക്കുന്നത് വഴി കുടൽ, ഗർഭാശയം, വൃക്ക, മൂത്രാശയ കാൻസർ, സ്തനാർബുദം എന്നിവ കുറയ്ക്കാൻ സാധിക്കും.
കാൻസർ തടയാൻ സാധിക്കുമോ ?
മദ്യപാനം , പുകവലി എന്നീ ദുശീലങ്ങൾ ഒഴിവാക്കുകയും ശരിയായ ആഹാരരീതിയും ആവശ്യമായ വ്യായാമം ചെയ്യുന്നതിലൂടെയും ശരീരത്തിലുണ്ടാകുന്ന പല കാൻസറുകളും വരുന്നത് തടയാൻ സാധിക്കും. അണുബാധ മൂലം ഉണ്ടാകുന്ന പല കാൻസറുകളും വരാതിരിക്കാൻ ഇതിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ നമ്മളെ സഹായിക്കും. (ഉദാഹരണം,HPV, Hepatitis B Vaccine)
കാൻസർ നേരത്തെ കണ്ടുപിടിക്കാൻ സാധിക്കുമോ ?
കാൻസർ നേരത്തെ സ്ക്രീനിംഗ് പരിശോധനകൾ ഉണ്ട്. മാമ്മോഗ്രാം, പാപ്സ്മിയർ, ചില രക്ത പരിശോധനകൾ എന്നിവ ചെയ്യുന്നതിലൂടെയും ശരീരത്തിലെ സംശയാസ്പദമായ എന്തെങ്കിലും ലക്ഷണങ്ങൾ കാണുമ്പോൾ വിദഗ്ധ വൈദ്യ പരിശോധന ചെയ്യുന്നതിലൂടെയും കാൻസർ നേരത്തെ കണ്ടുപിടിക്കാൻ സാധിക്കും. നേരത്തെ കണ്ടു പിടിച്ചാൽ കാൻസർ വേഗത്തിൽ സുഖപ്പെടുത്താനുള്ള സാധ്യതയും വർധിപ്പിക്കുന്നു.
കാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്. ?
കാൻസറിന്റെ ലക്ഷണങ്ങൾ കാൻസർ ഏത് അവയവത്തെ ബാധിക്കുന്നു എന്നതനുസരിച്ചായിരിക്കും. സാധാരണമായി കണ്ടുവരുന്ന ലക്ഷണങ്ങൾ ശരീരത്തിലുണ്ടാകുന്ന മുഴകൾ, വിശപ്പില്ലായ്മ, ശരീരഭാരം ക്രമാതീതമായി കുറയുക, ശ്വാസംമുട്ടൽ, കഫത്തിൽ രക്തം, മലത്തിൽ രക്തം കാണുക, മലബന്ധം എന്നിവയാണ്.
കാൻസർ സംശയിക്കുമ്പോൾ ചെയ്യുന്ന പരിശോധനകൾ എന്തൊക്കെയാണ് ?
കാൻസർ സംശയിക്കുമ്പോൾ സ്ഥിരീകരിക്കാൻ പ്രധാനമായി ചെയ്യുന്ന പരിശോധന ബയോപ്സി ആണ്. അത് ചിലപ്പോൾ ചെറിയ സൂചി ഉപയോഗിച്ചുള്ള എഫ്.എൻ.എ.സി ( FNAC) പരിശോധനയോ, അത് അതിൽ അൽപം കൂടി വലിപ്പം ഉള്ള സൂചി ഉപയോഗിച്ചുള്ള (biopsy)പരിശോധനയോ ആകാം. ചില സാഹചര്യങ്ങളിൽ മുഴുവനായി എടുത്തുള്ള പരിശോധനയോ, മജ്ജ കുത്തി പരിശോധനയോ, കാൻസർ സ്ഥിരീകരണത്തിനായി വേണ്ടി വരും. കാൻസറിന്റെ സ്റ്റേജ് കണ്ടു പിടിക്കാനായി സി.ടി.സ്കാൻ ( CT) എം.ആർ.ഐ ( MRI)സ്കാൻ, പെറ്റ് (PET)സ്കാൻ എന്നിവ ആവശ്യമായി വരാറുണ്ട്.
കാൻസർ ഒരിക്കലും ഭേദപ്പെടാത്ത അസുഖമാണോ ?
നേരത്തെ കണ്ടുപിടിക്കുകയാണെങ്കിൽ മിക്ക കാൻസറുകളും പരിപൂർണമായി സുഖപ്പെടുത്താൻ സാധിക്കും. നേരത്തെ കണ്ടുപിടിക്കുന്നതിലൂടെ പലപ്പോഴും ശസ്ത്രക്രിയ മാത്രംകൊണ്ട് തന്നെ രോഗസൗഖ്യം ഉണ്ടാകാനും കീമോതെറാപ്പി, റേഡിയേഷൻ എന്നിവ ഒഴിവാക്കാനും സാധിക്കും. കാൻസർ സുഖപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം മനസിലെ ഭയം മാറ്റിവച്ച് രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സ ആരംഭിക്കുക എന്നുള്ളതാണ്.
കാൻസറും അതിന്റെ ചികിത്സയും വളരെ വേദനയുണ്ടാക്കുന്നതാണോ ?
കാൻസർ സാധാരണ ഗതിയിൽ വളരെ കൂടിയ സ്റ്റേജിൽ മാത്രമെ വേദന ഉണ്ടാക്കുകയുള്ളു. തുടക്കത്തിലെ മുഴകൾ മിക്കപ്പോഴും വേദന ഉണ്ടാക്കാറില്ല. വേദന ഇല്ലാത്ത മുഴകൾ കാൻസർ അല്ല എന്ന ചിന്ത പലർക്കുമുണ്ട്. ഇത് കാൻസർ നേരത്തെ കണ്ടുപിടിക്കുന്നതിന് തടസ്സം നിൽക്കാറുണ്ട്. അതുപോലെ കാൻസർ ചികിത്സയും വേദന ഉണ്ടാക്കുന്നതാണ് എന്ന തെറ്റിദ്ധാരണ മൂലം പലരും ചികിത്സ എടുക്കുന്നത് വൈകിപ്പിക്കുന്നതായും കാണപ്പെടാറുണ്ട്.
കാൻസർ മറ്റുള്ളവരിലേക്ക് പടരുമോ ?
പലർക്കുമുള്ള തെറ്റിദ്ധാരണയാണ് കാൻസർ കുഞ്ഞുങ്ങൾക്കും കൂടെ കിടക്കുന്നവർക്കും പടരും എന്നുള്ളത്. ഒരുമിച്ച് ആഹാരം കഴിച്ചാലോ, ഒരുമിച്ച് ഉറങ്ങിയാലോ കാൻസർ മറ്റൊരാളിലേക്ക് പടരുകയില്ല.
കാൻസർ ചികിത്സയ്ക്ക് കിടത്തി ചികിത്സ ആവശ്യമുണ്ടോ ?
കാൻസർ ശസ്ത്രക്രിയ, ചില കീമോതെറാപ്പി ചികിത്സ എന്നിവയ്ക്ക് മാത്രമാണ് കിടത്തി ചികിത്സ ആവശ്യമായി വരുന്നത്. മിക്ക കാൻസർ ചികിത്സകളും ( റേഡിയേഷൻ, കീമോ തെറാപ്പി, ഇമ്മ്യൂണോ തെറാപ്പി എന്നിവയ്ക്കെല്ലാം) കിടത്തി ചികിത്സ ആവശ്യമില്ല.
കാൻസർ ചികിത്സ സമയത്ത് ബന്ധുക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?
1.കാൻസർ ചികിത്സ സമയത്ത് അണുബാധ ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം.
2.നല്ല പോഷക ഗുണമുള്ള ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം
3.കാൻസർ രോഗികളുടെ മാനസിക സന്തോഷത്തിന് അവരോട് സംസാരിക്കുകയും അവരുടെ ബുദ്ധിമുട്ടുകൾ കേൾക്കാനും സമയം കണ്ടെത്തണം.
4.ഡോക്ടർ നിർദേശിച്ചിരിക്കുന്ന മരുന്നുകൾ കൃത്യസമയത്ത് കഴിക്കുന്ന് എന്ന് ഉറപ്പ് വരുത്തണം.
5.ധാരണം വെള്ളം കുടിക്കാനും വ്യക്തി ശുചിത്വം പാലിക്കാനും ശ്രദ്ധിക്കണം.
.6.ഒറ്റപ്പെട്ട് പോകുന്നു എന്ന തോന്നൽ വരാതെ എല്ലാവരും എല്ലാ കാര്യങ്ങൾക്കും കൂടെ ഉണ്ടെന്ന് രോഗിയെ ബോധ്യപ്പെടുത്തുക.

ഡോ. റോണി ബെൻസൺ
സീനിയർ കണ്‍സല്‍റ്റന്റ്
മെഡിക്കൽ ഓങ്കോളജി വിഭാഗം ,
മാർ സ്ലീവാ മെഡിസിറ്റി, പാലാ