Monday 08 April 2024 01:02 PM IST

പ്രായപൂർത്തിയായ ഒരാൾക്ക് ഒരു ദിവസം എത്ര ഗ്രാം ഭക്ഷണം കഴിക്കാം? ഹൃദ്രോഗിയാകും മുമ്പ് അറിയാൻ

Dr Indu P S,  Professor& Head, Community Medicine, Medical College, Kollam

health4343

ഏപ്രിൽ ഏഴ് ലോക ആരോഗ്യദിനമായിരുന്നു. ലോക ആരോഗ്യ സംഘടനയുടെ ഭരണഘടന നിലവിൽ വന്ന ദിവസം. ഈ വർഷത്തെ ലോക ആരോഗ്യദിന സന്ദേശം ‘എന്റെ ആരോഗ്യം എന്റെ അവകാശം’ എന്നാണ്. നൂറ്റി നാൽപ്പതോളം രാജ്യങ്ങളുടെ ഭരണഘടനകളിൽ ആരോഗ്യം ഒരു അവകാശമാണെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും ഇതിനുവേണ്ട നിയമ നടപടികൾ ഉൾപ്പെടെയുള്ളവ ഇനിയും കൊണ്ടുവരേണ്ടതുണ്ട്. ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം (യൂണിവേഴ്സൽ ഹെൽത് കെയർ) എല്ലാവരിലേക്കും എത്തുന്നതോടൊപ്പം, കുടിക്കാൻ ശുദ്ധജലം, വീട്, വിദ്യാഭ്യാസം, തൊഴിലവസരങ്ങൾ, വിഭാഗീയ ചിന്താഗതിയില്ലാതെ സമന്മാരായി ജീവിക്കാൻ കഴിയുന്ന സാഹചര്യം തുടങ്ങി ആരോഗ്യത്തെ നിർണയിക്കുന്ന സാമൂഹിക ഘടകങ്ങൾ മെച്ചപ്പെടുത്തുകയാണ് ‘എന്റെ ആരോഗ്യം എന്റെ അവകാശം’ എന്ന ലക്ഷ്യത്തിലെത്താൻ രാജ്യങ്ങളെ പ്രാപ്തമാക്കേണ്ട അടിസ്ഥാന ഘടകങ്ങൾ. ഇന്നത്തെ സാഹചര്യത്തിൽ കാലാവസ്ഥാ വ്യതിയാനവും ആഗോള താപനില ഉയരുന്നതു വഴിയുള്ള പരിസ്ഥിതി പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ട്. ഇതു മൂലം ഡെങ്കി തുടങ്ങിയ സാംക്രമികരോഗങ്ങൾ മുതൽ വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യപ്രശ്നങ്ങൾ വരെ വർധിക്കാം. മനുഷ്യ നിർമിത ദുരന്തങ്ങളായ യുദ്ധങ്ങളും വിഭാഗീയതയും അടിസ്ഥാന ആരോഗ്യസംരക്ഷണം പോലും അപ്രാപ്യമാക്കിക്കൊണ്ടു വലിയ ഒരു ജനതയെ ദുരിതത്തിൽ ആക്കിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ആരോഗ്യരംഗത്തെ നമ്മുടെ മുൻഗണനകളെ കുറിച്ച് ആരോഗ്യം ഒരു അവകാശം എന്ന പ്രമേയത്തിന്റെ പശ്ചാത്തലത്തിൽ ചിന്തിക്കാം.

ജീവിതശൈലീരോഗനിയന്ത്രണം – കേരളം ശ്രദ്ധിക്കണം

താമസിക്കാനുള്ള വീട്, ശുദ്ധജല ലഭ്യത, ആരോഗ്യകരമായ ഭക്ഷണം, ആരോഗ്യരക്ഷാസംവിധാനങ്ങളുടെ ലഭ്യത... ഇങ്ങനെ ആരോഗ്യത്തെ നിർണയിക്കുന്ന സാമൂഹിക ഘടകങ്ങളിലുള്ള മെച്ചപ്പെടുത്തലാണ് ഏറ്റവും പ്രധാനം. കേരളത്തിന്റെ ആരോഗ്യരംഗത്തെ അവസ്ഥ മെച്ചപ്പെട്ടതാണെങ്കിലും പല കാര്യങ്ങളും ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. പൊതുജനാരോഗ്യ നിയമത്തിന്റെ ഫലപ്രദമായ നടപ്പിലാക്കൽ ഉറപ്പു വരുത്തേണ്ടതുണ്ട്.

ജീവിതശൈലീരോഗങ്ങളുെട നിയന്ത്രണവും പ്രതിരോധവും തന്നെയാണ് ആരോഗ്യരംഗത്തെ കേരളത്തിന്റെ പ്രധാനപ്പെട്ട മുൻഗണന. ഇതിൽ ഏറ്റവും പ്രധാനം ആരോഗ്യകരമായ ഭക്ഷണം ആണ്. സമൂഹം ഏറ്റെടുക്കേണ്ട ഒരു വിഷയം കൂടിയാണിത്. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ലഭ്യത എല്ലായിടത്തും ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്. ഭക്ഷണശീലങ്ങളിൽ വരുത്തേണ്ട ഏറ്റവും പ്രധാന മാറ്റം ധാന്യങ്ങളുടെ അളവിൽ വരുത്തേണ്ട കുറവും, പച്ചക്കറികളുടെയും പഴങ്ങളുടെയും അളവിൽ വരുത്തേണ്ട വർധനവും ആണ്. ഒരു ദിവസം 350 ഗ്രാം പച്ചക്കറികളും 150 ഗ്രാം പഴങ്ങളും കഴിക്കുന്നത് ശരിയായ ആരോഗ്യം നില നിർത്താൻ ആവശ്യമാണ്.

പ്രായപൂർത്തിയായ ഒരാൾക്ക്, ഒരു ദിവസം ശരാശരി 170 ഗ്രാമോളം ധാന്യങ്ങൾ (ആറ് ഔൺസ്) മതി. ഇന്ന് മിക്കവാറും വീടുകളിൽ ചോറ് കൂടുതലായും പച്ചക്കറികൾ കുറച്ചും കഴിക്കുന്നതാണു ശീലം. ഇതിനൊരു സാമൂഹിക സാമ്പത്തിക വശം കൂടിയുണ്ട്. പൊതു വിതരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതും പ്രധാനമായും ധാന്യങ്ങളാണ്. ഇന്ന് കേരളത്തിന്റെ ഭക്ഷണശീലങ്ങളിൽ അരിയുടേയും ഗോതമ്പിന്റെയും അളവു കൂടുതലാണ്. ശരീരഭാരം കുറയ്ക്കാൻ ആഹാരത്തിലെ ധാന്യങ്ങളുടെ അളവു കുറയ്ക്കുകയും പഴങ്ങളുടെയും പച്ചക്കറികളുടെയും അളവു കൂട്ടുകയും വേണം. ചെറുപ്പത്തിൽ തന്നെ കുട്ടികളെ കുറഞ്ഞ ധാന്യങ്ങളും കൂടുതൽ പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം ശീലമാക്കാൻ സഹായിക്കുന്ന ഒരു വലിയ സാമൂഹിക മാറ്റം തന്നെ വരേണ്ടതുണ്ട്. ഇതിനു ഹോട്ടലുകളിലും പൊതു ഇടങ്ങളിലും ഒക്കെ ആരോഗ്യകരമായ ഭക്ഷണം ലഭ്യമാകുന്ന സാഹചര്യം വരണം. ഇത് ഒരു സാമൂഹിക കർത്തവ്യമായി മാതാപിതാക്കളും വിദ്യാഭ്യാസ സംവിധാനവും മാധ്യമങ്ങളും ഏറ്റെടുക്കേണ്ടതുണ്ട്. ഇതോടൊപ്പം ഇപ്പോൾ പ്രമേഹവും രക്താതിസമ്മർദവും ഉള്ളവർക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുന്നത് ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കരോഗം തുടങ്ങിയ സങ്കീർണതകൾ ഒഴിവാക്കും. കേരളത്തിൽ ശൈലി ആപ്പ് വഴി നേരത്തെ രോഗം കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും വ്യായാമം കുറവാണ്. സ്ത്രീകളിൽ അത് വളരെ വളരെ കുറവുമാണ്. ചെറുപ്പത്തിൽ തന്നെ വ്യായാമം തുടങ്ങുക എന്നുള്ളത് വളരെ പ്രധാനമാണ്. വ്യായാമത്തിന് പ്രത്യേക ഊന്നൽ നൽകേണ്ടതുണ്ട്. പൊതു ഇടങ്ങളിൽ നടക്കാനും ഓടാനും കളിക്കാനും വ്യായാമം ചെയ്യാനും ഉള്ള അവസരങ്ങൾ വർധിപ്പിക്കണം.

Tags:
  • Manorama Arogyam
  • Health Tips