കൗമാരക്കാരുടെ ആഹാരശീലങ്ങളൊന്നും അത്ര ആരോഗ്യകരമല്ലെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ടു തന്നെ പോഷകാഹാരലഭ്യതക്കുറവും വിളർച്ചയും അവരിൽ പലരുടെയും സന്തതസഹചാരികളാണ്. ഇതേക്കുറിച്ചു ശിശുരോഗവിദഗ്ധന്റെ വിലയിരുത്തലുകൾ അറിയാം.
പുതിയ കാലത്തെ കൗമാരക്കാരെ ഏറ്റവുമധികം വലയ്ക്കുന്നതു പോഷകാഹാരക്കുറവാണെന്നു കൊച്ചി ഇന്ദിരാഗാന്ധി കോഒാപ്പറേറ്റീവ് ഹോസ്പിറ്റലിലെ സീനിയർ കൺസൽറ്റന്റ് പീഡിയാട്രീഷനും ഇന്ത്യൻ അക്കാദമി ഒാഫ് പീഡിയാട്രിക്സ് മുൻ നാഷനൽ പ്രസിഡന്റുമായ ഡോ. എസ്. സച്ചിദാനന്ദ കമ്മത്ത് പറയുന്നു.
‘‘ഒന്നുകിൽ പൊണ്ണത്തടി, അല്ലെങ്കിൽ പോഷക അപര്യാപ്ത. ഒപിയിൽ വരുന്ന കൗമാരക്കാരിൽ അങ്ങനെയാണു പൊതുവെ കണ്ടു വരുന്നത്. ആഹാരം ഒട്ടും കഴിക്കാത്തവരും കൂടുതൽ കഴിക്കുന്നവരും ഗുണമേൻമയില്ലാത്ത ആഹാരം കഴിക്കുന്നവരും ഈ വിഭാഗത്തിലുണ്ട് ’’.
കൗമാരത്തിനു പോഷണം പ്രധാനമാണ്
കൗമാരക്കാർക്കു വേണ്ടതു സന്തുലിത ആഹാരശീലമാണ്. പൂർവികർ ശീലിച്ചുപോന്നതും വീടുകളിൽ തനതായ രീതിയിൽ തയാറാക്കുന്നതുമായ ആഹാരം. അതു കഴിക്കുന്നതു കുറഞ്ഞതും ഫാസ്‌റ്റ് ഫൂഡ് – ജങ്ക് ഫൂഡ് ആഹാരശീലങ്ങൾ വലിയ പ്രചാരം നേടിയതുമാണു പോഷകലഭ്യത കുറയുന്നതിനു കാരണമായത്.
‘‘കൗമാരക്കാരുടെയും മാതാപിതാക്കളുടെയും ജീവിതത്തിരക്കിന്റെ ഒാട്ടപ്പാച്ചിലിൽ പോഷകാഹാരലഭ്യത കുറയുകയാണ്. മാതാപിതാക്കൾ കൗമാരക്കാരുടെ കാര്യങ്ങളിൽ പ്രത്യേകിച്ച് ആഹാരകാര്യത്തിൽ ഗുണമേൻമ ഉറപ്പു വരുത്തണം. എല്ലാ നേരങ്ങളിലും പൂർണതയോടെയുള്ള ആഹാരം നൽകാനായില്ലെങ്കിലും കഴിയുന്നത്ര അതു പാലിക്കുന്നതാണു മാതാപിതാക്കളുടെ വിജയമെന്നു ഡോ. കമ്മത്ത് സൂചിപ്പിക്കുന്നു.
കൗമാരകാലം ശരീരത്തിൽ അവശേഷിപ്പിക്കുന്ന പോഷകങ്ങളുടെ ശേഷിപ്പുകളാണു ജീവിതപാതയിൽ കരുത്താകുന്നത്. കൗമാരക്കാരിയുടെ പോഷകാഹാരക്കുറവും ആർത്തവരക്തനഷ്ടവും ഒന്നു ചേരുമ്പോൾ വിളർച്ച ബാധിക്കുന്നു. കുട്ടി മുതിരുമ്പോഴും ഈ വിളർച്ച കാണാമറയത്താകാം. വിവാഹം കഴിഞ്ഞു ഗർഭകാലമെത്തുമ്പോഴും അവൾ വിളർച്ചയുടെ വലയത്തിലാണ്. അടുത്ത തലമുറയിലേക്കും അതു കൈമാറുന്നു. വിളർച്ചയും അമിതവണ്ണവും പോഷകാഹാരക്കുറവുമുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾ ജനനത്തോടെ രോഗാതുരതയുടെ നിഴലിലെത്തുന്നു. ഇതെല്ലാം പരസ്പരബന്ധിത യാഥാർഥ്യങ്ങളാണ്. ‘‘ആവശ്യമായ ശരീരഭാരമില്ലാത്ത അമ്മയുടെ കുഞ്ഞിനും കുറഞ്ഞ ജനനഭാരമായിരിക്കും. ഈ കുഞ്ഞിന്റെ ശരീരത്തിൽ കൊഴുപ്പിന്റെ അംശം കുറവായിരിക്കും. എന്നാൽ ഈ കുട്ടികളുടെ ശരീരത്തിൽ പിന്നീടു പെട്ടെന്നു കൊഴുപ്പിന്റെ ആധിക്യം ഉണ്ടായാൽ അമിതവണ്ണവും മറ്റു പ്രശ്നങ്ങളും സാധാരണയിലും കൂടുതലായിരിക്കും ’’ ഡോ. കമ്മത്ത് വിശദമാക്കുന്നു.
വിളർച്ചയിൽ വീണുപോകുന്ന കൗമാരം
വിളറി വെളുത്ത് എപ്പോഴും ക്ഷീണമാണെന്നു പറഞ്ഞുകൊണ്ടേയിരിക്കുന്ന കൗമാരക്കാരികളുണ്ട്. കൺതടങ്ങളിൽ രക്തവർണമില്ലാതെ മുഖപ്രസാദം വാർന്നു പോകുന്നവരിൽ ആൺകുട്ടികളും ഉണ്ട്. ഹീമോഗ്ലോബിന്റെ അപര്യാപ്തതയാണല്ലോ വിളർച്ചയിലേക്കു നയിക്കുന്നത്. ശരീരമാകെ ഒാക്സിജൻ വ്യാപരിക്കുന്നതിനു ഹീമോ ഗ്ലോബിൻ ആവശ്യമുണ്ട്. ഇരുമ്പിന്റെ അഭാവമാണു വിളർച്ചയുടെ സാധാരണ കാരണം. കൗമാരക്കാരികളിൽ അധികരക്തസ്രാവത്തിന് ഇതു കാരണമാകുന്നു. വൈറ്റമിൻ എ, ബി12, ഫോളേറ്റ്, റൈബോഫ്ലേവിൻ, കോപ്പർ ഇവയുടെയൊക്കെ അഭാവം വിളർച്ചയുടെ ആക്കം കൂട്ടാം. ക്ഷീണവും തളർച്ചയും തലവേദനയും ഉൗർജക്കുറവും വിളറിയ ചർമവും ശ്വാസതടസ്സവും ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നതുമൊക്കെയാണു കൗമാരക്കാരിൽ വിളർച്ചയുടെ ലക്ഷണങ്ങൾ.
വിളർച്ചയുള്ള മിക്കവരും ഡോക്ടറെ കാണാനെത്തുമെങ്കിലും ലക്ഷണങ്ങളെ അവഗണിക്കുന്നവരുമുണ്ട്. ഇരുമ്പ് ഉൾപ്പെടെയുള്ള മരുന്നുകൾ, ഡയറ്റ് ക്രമീകരണം എന്നിവ കൂടാതെ വിളർച്ചയുടെ മറവിൽ മറ്റെന്തെങ്കിലും രോഗം ഉണ്ടോ എന്ന നിരീക്ഷണവും പരിഹാരമാർഗങ്ങളിൽ പ്രധാനമാണ്.