Saturday 09 July 2022 01:04 PM IST

ബാറിൽ പിടിച്ചുതൂങ്ങുന്നത് സ്ട്രെച്ചിങ് നൽകും; കാത്സ്യം വൈറ്റമിൻ ഡിയും മറക്കാതെ കഴിക്കാം: പൊക്കംവയ്ക്കാൻ പാലിക്കാം ഈ കാര്യങ്ങൾ

Sruthy Sreekumar

Sub Editor, Manorama Arogyam

324dwf

പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന കവിവാക്യത്തിന് ഈ കാലത്ത് വലിയ പ്രസക്തിയില്ല. കാരണം പൊക്കത്തിനു പൊക്കം തന്നെ വേണം. പ്രത്യേകിച്ച് നമ്മൾ ഇന്ത്യക്കാർക്കു വിദേശീയരെ അപേക്ഷിച്ച് പൊക്കം കൂടുന്നുവെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്ന അവസരത്തിൽ.

എന്താണ് ഉയരം?

ഈ ഉയരം വയ്ക്കുക എന്നുപറഞ്ഞാൽ എന്താണ്? ശാസ്ത്രീയമായി പറയുകയാണെങ്കിൽ എല്ലുകളുടെ വളർച്ചയാണ് ഇതു സൂചിപ്പിക്കുന്നത്. കാലുകളിലെ നീളമുള്ള എല്ലുകളുടെ വളർച്ചയാണ് ഒരു വ്യക്തിയുടെ പൊക്കത്തിന് പ്രധാന സംഭാവന നൽകുന്നത്. അസ്ഥികളുടെ വളർച്ചയുടെ ഫലകങ്ങൾ (ഗ്രോത്ത് പ്ലേറ്റ്) എപ്പിഫിസസ് എന്നറിയപ്പെടുന്നു. പ്രായപൂർത്തിയാകുമ്പോൾ വളർച്ചാ ഫലകങ്ങൾ പക്വത പ്രാപിക്കുകയും അസ്ഥികളുടെ വളർച്ച നിലനിൽക്കുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് പ്രായപൂർത്തിയായ ശേഷം ഉയരം വയ്ക്കില്ല എന്നു പറയുന്നത്. എല്ലുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നത് ഗ്രോത്ത് ഹോർമോണുകളാണ്.

സാധാരണ വളർച്ചയെ നിരവധി ഹോർമോണുകൾ നിയന്ത്രിക്കുന്നു.

∙ ഗ്രോത്ത് ഹോർമോണുകൾ, തൈറോയിഡ് ഹോർമോണുകൾ, ലൈംഗിക ഹോർമോണുകൾ എന്നിവ. ഉയരത്തെ ബാധിക്കുന്ന മറ്റ് പ്രധാന ഘടകങ്ങൾ ഇവയാണ്.

∙ പാരമ്പര്യം: ഒരാളുടെ ഉയരം നിശ്ചയിക്കുന്ന പ്രധാന ഘടകം പാരമ്പര്യമാണ്. അചഛൻ, അമ്മ, അവരുടെ മാതാപിതാക്കൾ എന്നിവർക്ക് ഉയരമുണ്ടെങ്കിൽ കുട്ടിക്കും ഉയരം ഉണ്ടാകും. ഇതു കൂടാതെ ലിംഗഭേദം, വംശം, ജനിതക ഘടകങ്ങൾ എന്നിവയും പാരമ്പര്യ കാരണങ്ങളിൽ ഉൾപ്പെടും. നിങ്ങളുടെ പൊക്കത്തിന്റെ 60-80 ശതമാനം നിർണ്ണയിക്കുന്നത് ജീനുകളാണ്. ബാക്കി 40-20 ശതമാനം മാത്രമാണ് പുറമേയുള്ള കാരണങ്ങൾ.

∙ കുട്ടിയുടെ മാനസിക അന്തരീക്ഷം, കുടുംബാന്തരീക്ഷം എന്നിവയും ഉയരത്തെ ബാധിക്കാം.

∙ ടിബി പോലുള്ള അണുബാധകൾ, ജന്മവൈകല്യങ്ങൾ, ഹോർമോൺ തകരാറുകൾ തുടങ്ങിയവയും കാരണമാകാം. ഹോർമോൺ തകരാറുകളില്‍ പീയുഷ ഗ്രന്ഥിയിലെ (പിറ്റ്യൂട്ടറി ഗ്ലാന്റ്) തകരാറുകൾ, ഹൈപ്പോതൈറോയിഡിസം തുടങ്ങിയവ ഉയരം കുറയാൻ കാരണമായ രോഗാവസ്ഥകളാണ്.

ഡോക്ടറെ കാണേണ്ടത്?

കൗമാരത്തിൽ ഒരു വർഷം 12 സെന്റിമീറ്റർ വരെ ഉയരം വർധിക്കാമെന്നാണു പറയുന്നത്. കുട്ടികൾക്ക് ഉയരം വയ്ക്കുന്നില്ലെന്നു സംശയമുണ്ടെങ്കിൽ ഗ്രോത്ത് ചാർട്ടിൽ കുട്ടിയുടെ ഉയരം പരിശോധിക്കാം. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംഘടനയുടെ വെബ്സൈറ്റിൽ (www.iapindia.org) ഗ്രോത്ത് ചാർട്ട് ലഭിക്കും. ഇതൊരു ഡോക്ടറെ കാണിച്ച് വളർച്ച അടയാളപ്പെടുത്തേണ്ട വിധം മനസ്സിലാക്കാം. ജനിക്കുമ്പോൾ തന്നെ കുട്ടികൾക്ക് ആശുപത്രിയിൽ നിന്നു കൊടുക്കുന്ന പ്രതിരോധ കുത്തിവയ്പിന്റെ ചാർട്ടിനൊപ്പം ഗ്രോത്ത് ചാർട്ടും ഉണ്ടാകും. ചെറിയ കുട്ടികളിലെ ഉയരം അതുവഴി നിരീക്ഷിക്കാം. വർഷത്തിലൊരിക്കലെങ്കിലും ഈ ചാർട്ട് വച്ച് ഉയരം അളന്നു നോക്കുക. ന്യൂനതകൾ ഉണ്ടെങ്കിൽ വിദഗ്ധ ഉപദേശം തേടുക.

പാരമ്പര്യം പോലുള്ള ഘടകങ്ങളിൽ കാര്യമായി മാറ്റം വരുത്താൻ സാധിക്കില്ലെങ്കിലും മറ്റ് ഘടകങ്ങളെ സ്വാധീനിക്കാനും നല്ല മാറ്റം വരുത്തുവാനും കഴിയും. അതുവഴി ഉയരം സ്വാഭാവികമായി കൂട്ടാം.

സ്ട്രെച്ചിങ് നല്ലത്

വളരുന്ന പ്രായത്തിൽ കൃത്യമായി വ്യായാമം ചെയ്യുന്നത് ഉയരം വയ്ക്കാൻ സഹായിക്കും. പ്രത്യേകിച്ച് ടീനേജുകളിൽ. ദിവസവും കുറഞ്ഞത് 60 മിനിറ്റെങ്കിലും വ്യായാമം ചെയ്യണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. മുതിർന്നവരുടെ സഹായത്തോടെ ജീമ്മിൽ ചേരാം. അല്ലെങ്കിൽ ഏതെങ്കിലും സ്പോർട്സ് ഇനങ്ങളിൽ പങ്കെടുക്കാം. അതുമല്ലെങ്കിൽ നടക്കാൻ പോകാം. വീടിനു സമീപമുള്ള കടയിലേക്കോ മറ്റോ നടന്നുപോകാം. സ്ട്രെച്ചിങ് വ്യായാമങ്ങൾ എല്ലുകളുടെ വളർച്ചയ്ക്കു സഹായിക്കും. നീന്തൽ സൈക്ലിങ് പോലുള്ളവ ചെയ്യാം. കുട്ടികളെ വീടിനു പുറത്തു കളിക്കാൻ വിടുന്നതുതന്നെ അവർക്കു നല്ലൊരു വ്യായാമമാണ്. ബാറിൽ പിടിച്ചു തുടങ്ങുന്നതും എല്ലുകൾക്ക് സ്ട്രെച്ചിങ് നൽകും.

നല്ല ഉറക്കം വേണം

ഉറക്കം ആരോഗ്യത്തിനു മാത്രമല്ല ഉയരം വയ്ക്കാനും സഹായിക്കും. ഉറക്കത്തിലാണ് നമ്മുടെ ശരീരം വളരുന്നത്. അതായത് ഉറക്കത്തിലാണ് പീയൂഷ ഗ്രന്ഥി ഗ്രോത്ത് ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നത്. അതിനാൽ തന്നെ ഉറക്കം നഷ്ടമായാൽ അതു ഹോർമോൺ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കും. കുട്ടികൾക്കു ദിവസവും 9-11 മണിക്കൂർ ഉറക്കം അത്യാവശ്യമാണ്.

പാലിക്കാം ഈ ശീലങ്ങൾ

ഉയരം വയ്ക്കാൻ നിർദ്ദേശിക്കുന്ന കാര്യങ്ങൾക്കു പരിമിതി ഉണ്ടെങ്കിലും സ്വാഭാവിക ഉയരം കുറയാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ചില മരുന്നുകൾ, മദ്യം എന്നിവ നമ്മുടെ ഉയരത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതുപോലെ തന്നെ പോഷകക്കുറവും കോഫിയുടെ ഉപയോഗം ഉയരത്തെ ബാധിക്കുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിനു ശാസ്ത്രീയമായ തെളിവില്ല. പക്ഷേ കോഫിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഉറക്കത്തെ ബാധിക്കാം. അതുവഴി നമ്മുടെ ഉയരത്തെയും. കാരണം ഗ്രോത്ത് ഹോർമോണുകളുടെ ഉൽപ്പാദനവും ഉറക്കവും തമ്മിൽ ബന്ധമുണ്ടല്ലോ. പുകവലിയും നിഷ്ക്രിയ പുകവലിയും കുട്ടികളുടെ ഉയരത്തെ ദോഷകരമായി ബാധിക്കാമെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ചില സ്റ്റിറോയിഡുകളും കുട്ടികളിലെ എല്ലുകളുടെ വളർച്ച തടസ്സപ്പെടുത്താം.

ഹോർമോൺ ചികിത്സ

മാതാപിതാക്കൾക്ക് ഉയരമുണ്ടെങ്കിലും കു‍ഞ്ഞിന് വേണ്ടത്ര പൊക്കമില്ലെന്നു സംശയമുണ്ടെങ്കിൽ എൻഡോക്രൈനോളജിസ്റ്റിനെ സമീപിക്കുക. ഗ്രോത്ത് ഹോർമോണുകളുടെ (വളർച്ചാ ഹോർമോൺ) കുറവ് പരിശോധനകളിലൂടെ കണ്ടെത്താം. ആവശ്യമെങ്കിൽ ഹോർമോൺ ചികിത്സ ആരംഭിക്കാം. ദിവസേന ചെയ്യേണ്ട കുത്തിവയ്പാണിത്. പെൺകുട്ടികളിൽ 12 വയസ്സിനു മുൻപും ആൺകുട്ടികളിൽ 14 വയസ്സിനു മുൻപും ചികിത്സ തുടങ്ങിയാലേ ഫലം ഉണ്ടാകൂ. പെൺകുട്ടികളിൽ ആർത്തവം വന്നാൽ പിന്നെ ഉയരം വയ്ക്കാനുള്ള സാധ്യത കുറവായാണ് വിലയിരുത്തപ്പെടുന്നത് കുട്ടിയുടെ ശരീരഭാരത്തിനനുസരിച്ചാണ് ഹോർമോൺ ചികിത്സയുടെ ഡോസ് നിശ്ചയിക്കുന്നത്. ഡോസ് കൃത്യമാണെങ്കിൽ ഈ ചികിത്സ കാരണം ഭാവിയിൽ പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാകില്ല. ഈ ചികിത്സയ്ക്കു വിധേയരായാൽ കാൻസർ വരും എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്. കുഞ്ഞിനു മതിയായ ഉയരം കിട്ടുന്നതുവരെ ചികിത്സ വേണ്ടിവരും.

ജന്മനാലുള്ള വൈകല്യങ്ങൾ കാരണം കുട്ടികൾക്ക് ഉയരം കുറവുള്ളതായി തോന്നിക്കും. കാല് വളഞ്ഞിരിക്കുന്നർക്ക് നേരെയാക്കുന്ന ചികിത്സ ചെയ്യുന്നതോടെ പൊക്കം കൂടുതൽ തോന്നിക്കും. ഇത്തരം രോഗാവസ്ഥകൾക്ക് എല്ലുരോഗ വിദഗ്ധന്റെ സഹായം തേടാം.

മുതിർന്നശേഷം സാധ്യമോ?

‌മുതിർന്ന ശേഷം ഉയരം കൂട്ടാൻ മാർഗമുണ്ട്. സങ്കീർണമായ ഡിസ്ട്രാക്ഷൻ ഓസ്റ്റിയോ ജെനസിസ് എന്നാണ് ശസ്ത്രക്രിയയുടെ പേര്. ശരീരത്തിലെ എല്ല് രണ്ടായി മുറിച്ച് വളരെ സാവധാനം അകറ്റിയാൽ അവയ്ക്കിടയിൽ പുതിയ എല്ല് വളരും. ഇങ്ങനെ വളരുന്ന എല്ലിനൊപ്പം മാംസപേശികളും രക്തക്കുഴലുകളുമെല്ലാം നീളം വയ്ക്കും.

കുട്ടികളുടെ ഉയരം സംബന്ധിച്ച് സംശയമുണ്ടെങ്കിൽ എത്രയും വേഗം ഡോക്ടറെ കാണുക. വൈകിയാൽ ചികിത്സയ്ക്കു ഫലപ്രാപ്തി കുറയുമെന്നത് പ്രത്യേകം ഓർമിക്കുക.

ഈ പോഷകങ്ങൾ ഉയരം കൂട്ടും

കുട്ടികളുടെ വളർച്ചയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് ഭക്ഷണം അഥവാ പോഷകങ്ങൾ. കുട്ടികളിൽ ഉയരം കൂട്ടുന്നതിൽ ഭക്ഷണത്തിന് ഒരു പങ്ക് വഹിക്കാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. കാത്സ്യവും വൈറ്റമിൻ ഡിയും അടങ്ങിയ ഭക്ഷണം പൊക്കക്കുറവ് ഒഴിവാക്കാൻ സഹായിക്കും. അതുപോലെ മാംസ്യത്തന്റെ കുറവ് മൂലവും കുട്ടികളിൽ പൊക്കക്കുറവ് കാണാറുണ്ട്.

അസ്ഥികളുടെ വളർച്ചയ്ക്ക് അവശ്യമായി വേണ്ടത് കാത്സ്യവും പച്ചക്കറിയുമാണ്. എല്ലാ ജന്തുസസ്യ കോശങ്ങളിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. എന്നാൽ സംസ്കരണം ചെയ്തെടുക്കുന്ന എണ്ണ, പഞ്ചസാര, കൊഴുപ്പുകൾ എന്നിവയിൽ കാത്സ്യം ഒട്ടുമില്ല. പാൽ, തൈര്, മുള്ളോടു കൂടിയ ചെറു മത്സ്യങ്ങൾ, മുട്ട, നട്ട്സ്, ചെറുപയർ, കടല, കൂവരക്, പാൽക്കട്ടി എന്നിവയിൽ കാത്സ്യം ധാരാളമുണ്ട്. എന്നാൽ ഇന്ന് ഇവയുടെ ഉപയോഗം കുട്ടികളിൽ പരിമിതമായാണ് കാണുന്നത്. അതിനാൽ തന്നെ ശരീരത്തിൽ കാത്സ്യത്തിന്റെ അളവും കുറവായിരിക്കും. ഇതു മറികടക്കാൻ കുട്ടികളുടെ ഭക്ഷണത്തിൽ മുകളിൽ പറഞ്ഞവ നിർബന്ധമായും ഉൾപ്പെടുത്തണം.

പൊക്കക്കുറവ് പരിഹരിക്കാൻ വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണം കുട്ടികൾക്കു നൽകണം. ഫോർട്ടിഫൈഡ് മിൽക്ക്, പഴങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ, മത്സ്യം എന്നിവ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്.

 

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ടിജി തോമസ് ജേക്കബ്, ഒാർത്തോപീഡിഷൻ, മെഡിക്കൽ കോളജ്, കോട്ടയം

ഡോ. പി. ജയപ്രകാശ്, എൻഡോക്രൈനോളജിസ്റ്റ്, എറണാകുളം

ലിജി മാത്യൂ, ഡയറ്റീഷൻ, പെരിന്തൽമണ്ണ