ഒന്നര വയസ്സുള്ള കുഞ്ഞിനെ കഴിഞ്ഞ ഒരാഴ്ച മുൻപ് ആശുപത്രിയിൽ അഡ്മിറ്റാക്കിയതാണ്. ഇപ്പോൾ പിന്നെയും പനി കൂടിയിരിക്കുന്നു, അഡ്മിറ്റാക്കണം എന്നു ഡോക്ടർ പറയുന്നു.
കുഞ്ഞിനു ചുമ ആയിരുന്നു തുടക്കം. പിന്നെ അതു പനിയായി. ന്യൂമോണിയ ആയി.
പനി മാറി ഒരാഴ്ച തികയും മുൻപ് വീണ്ടും വരുന്ന സ്ഥിതിവിശേഷം ഏതാനും മാസങ്ങളായി നമ്മുടെ നാട്ടിൽ വ്യാപകമായി കണ്ടുവരുന്നുണ്ട്. ചുമയും പനിയും ശ്വാസകോശപ്രശ്നങ്ങളും ആവർത്തിച്ചുവരുന്നത് കുട്ടികൾക്കിടയിൽ വളരെ വ്യാപകമാണിപ്പോൾ. ചെറിയ തോതിലാണ് അസുഖം ആരംഭിക്കുന്നതെങ്കിലും അതു പെട്ടെന്നു തീവ്രമാകാനും ആഴ്ചകളോളം നീണ്ടുനിൽക്കാനും സാധ്യതയുണ്ട്. സാധാരണഗതിയിൽ ഒരാഴ്ച കൊണ്ട് മാറേണ്ട ചുമ കൃത്യമായി മരുന്നു നൽകിയിട്ടും മാറാത്ത അവസ്ഥയുണ്ടെന്നു ശിശുരോഗ വിദഗ്ധർ പറയുന്നു. ഇതുപക്ഷേ, ഭയപ്പെടേണ്ട ഒരു സാഹചര്യമല്ലെന്നും ഇമ്യൂണോളജിക്കൽ ഡെബ്റ്റ് എന്ന അവസ്ഥയാണ് ഇതിനു കാരണമെന്നും പറയുന്നു വടകരയിലെ ശിശുരോഗ വിദഗ്ധനായ ഡോ. എം. മുരളീധരൻ.
ഇമ്യൂണിറ്റി ഡെബ്റ്റ്
ഫ്രാൻസിൽ നടന്ന ഒരു പഠനം പറയുന്നത് സാധാരണ ബാക്ടീരിയയോടും വൈറസിനോടുമുള്ള സമ്പർക്കം ഇല്ലാതായതു മൂലമാണ് അസുഖങ്ങളിൽ വർധനവു വന്നതെന്നാണ്. കോവിഡ് 19 ന് എതിരായി നാം സ്വീകരിച്ച പ്രതിരോധനടപടികൾ–കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക പോലുള്ളവ സാധാരണ അണുക്കളുടെ വ്യാപനവും തടഞ്ഞിരുന്നു. എന്നാൽ, കുട്ടികൾ പതിവുപോലെ സ്കൂളിലും അങ്കണവാടികളിലും പോയിത്തുടങ്ങിയതോടെ പെട്ടെന്നു തന്നെ അണുക്കളുമായി സമ്പർക്കത്തിൽ വന്നു.
വൈറസ് പോലുള്ള സൂക്ഷ്മാണുക്കളോടു കുട്ടികൾക്കു പ്രതിരോധം രൂപപ്പെടുന്നത്, അവയുമായി സമ്പർക്കം ഉണ്ടായാണ്. കോവിഡ് കാലത്ത് ഇത്തരം സമ്പർക്കത്തിനുള്ള സാഹചര്യങ്ങളൊന്നും ഇല്ലായിരുന്നു. അങ്ങനെയിരുന്നിട്ട് പൊടുന്നനെ അണുക്കളുമായി സമ്പർക്കത്തിൽ വന്നതാണ് ഇമ്യൂണോളജിക്കൽ ഡെബ്റ്റ് അഥവാ അണുക്കളുമായുള്ള സമ്പർക്കം കുറഞ്ഞതുമൂലമുള്ള പ്രതിരോധപ്രതികരണ കുറവ് ഉണ്ടാകാൻ കാരണം. ഒരു കുട്ടിക്ക് അസുഖം വന്നാൽ മറ്റു കുട്ടികളിലേക്ക് പെട്ടെന്നു തന്നെ വ്യാപിക്കാനിടയുണ്ട്. ഇത് പനിയും ശ്വാസകോശ അണുബാധകളും വ്യാപകമാകാനും വഴിയൊരുക്കുന്നു.
സാധാരണ വൈറൽ പനികൾ സുഖമാകാൻ മൂന്നു മുതൽ അഞ്ചു ദിവസം വരെ വേണ്ടിവന്നേക്കാം. എങ്കിലും വീട്ടിൽ ചികിത്സിക്കുന്നവർ താഴെപ്പറയുന്ന ഘട്ടങ്ങളിൽ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കണമെന്നു പറയുന്നു ശിശുരോഗവിദഗ്ധനായ ഡോ. കൃഷ്ണമോഹൻ (കോഴിക്കോട്).
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പനിയോടൊപ്പം കുഞ്ഞിന് എളുപ്പം ദഹിക്കുന്നതും പോഷകപ്രദവുമായ ഭക്ഷണം നൽകാനും ആവശ്യത്തിനു വെള്ളം കുടിപ്പിക്കാനും ശ്രദ്ധിക്കണം.
∙ ഭക്ഷണം ചെറിയ അളവിൽ തുടർച്ചയായി നൽകാം.
∙ മാങ്ങ, പപ്പായ, പേരയ്ക്ക പോലെ നമ്മുടെ നാട്ടിൽ അതാതു സീസണിൽ ലഭ്യമാകുന്ന നാടൻ പഴങ്ങൾ നൽകാം.
∙ ചൂടുള്ള പാനീയങ്ങൾ കുറെശ്ശെയായി കുടിക്കാൻ നൽകുക. ഉപ്പു ചേർത്ത കഞ്ഞിവെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം , ഇളനീർ എന്നിവ നല്ലതാണ്.
∙ അസുഖം പൂർണമായും ഭേദമാകും വരെ വിശ്രമിക്കണം. സ്കൂളിൽ വിടുന്നത് അസുഖം ശരിക്കും മാറിയശേഷം മതി.
ഉടൻ ആശുപത്രിയിൽ കൊണ്ടുപോകാം
∙ പ്രതീക്ഷിച്ച സമയം കൊണ്ട് പനി ഭേദമാകാതെ വന്നാൽ
∙ മരുന്നു നൽകിയിട്ടും പനി കൂടുകയാണെങ്കിൽ
∙ ശരീരത്തിൽ തിണർപ്പുകൾ, പാടുകൾ, ജന്നി, രക്തസ്രാവം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവു കുറയുക, ശ്വാസം എടുക്കാൻ പ്രയാസം അനുഭവപ്പെടുക, പെരുമാറ്റ വ്യതിയാനം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടാൽ
∙ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, കഴിക്കാതിരിക്കുക