കുട്ടി എപ്പോഴും മൊബൈൽ ഫോണിൽ കളിക്കുകയാണ്...ഫോണിൽ നിന്നു കുട്ടിയുടെ ശ്രദ്ധ തിരിക്കാൻ എന്താണു ചെയ്യേണ്ടത് ... എന്നു ചോദിക്കുന്ന ഒട്ടേറെ മാതാപിതാക്കളുണ്ട്.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം കുട്ടി ഒരു ദിവസം എത്ര സമയം ഫോൺ ഉപയോഗിക്കുന്നുണ്ട് എന്നതാണ്. ഏതെല്ലാം സാഹചര്യങ്ങളിലാണ് കുട്ടി ഫോൺ ഉപയോഗിക്കുന്നത് എന്നു നിരീക്ഷിക്കാം. ഫോൺ ഉപയോഗത്തിന്റെ പാറ്റേൺ അറിയുകയാണിവിടെ.
ഉദാ. സ്കൂളിൽ നിന്നു വന്നാലുടൻ ഫോൺ ഉപയോഗിക്കുന്ന കുട്ടികളുണ്ട്. രാവിലെ ഉണർന്നാലുടൻ ഫോൺ നോക്കുന്നവരുണ്ട്. മറ്റു ചില കുട്ടികളാകട്ടെ, അവധി ദിവസങ്ങളിൽ ഫോൺ നോക്കുന്നവരാണ്. ഈ കുട്ടികളുടെ കൈയിൽ നിന്നു ഫോൺ വാങ്ങി മാറ്റി വയ്ക്കുമ്പോൾ അവിടെ ഒരു ഗ്യാപ് അഥവാ വിടവ് രൂപപ്പെടുകയാണ്. ഫോണില്ലാതെ കുട്ടിക്ക് ഒരു ശൂന്യത അനുഭവപ്പെടുന്നു. ഈ വിടവ് മാറ്റുന്നതിനായി കുട്ടിക്ക് ഇഷ്ടമുള്ള മറ്റൊരു കാര്യം പകരം വയ്ക്കണം.
∙ മൊബൈൽ ഫോൺ കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ളതും സന്തോഷം പകരുന്നതുമായ ഒരു വസ്തുവായതിനാൽ പകരം നൽകുന്ന കാര്യം അതേപോലെയോ അതിനേക്കാളേറെയോ സന്തോഷം പകരുന്നതാകണം. കുട്ടികളുടെ കാര്യത്തിൽ അവർക്കു നൽകാവുന്ന ഏറ്റവും നല്ല കാര്യം മാതാപിതാക്കളുടെ ക്വാളിറ്റി ടൈം (ഗുണനിലവാരമുള്ള സമയം) ആണ്. പക്ഷേ എപ്പോഴും കുട്ടിയുടെ കൂടെ ഇരിക്കുക, സമയം ചെലവഴിക്കുക എന്നത് എല്ലാ മാതാപിതാക്കളെയും സംബന്ധിച്ച് പ്രായോഗികമല്ല. മാതാപിതാക്കൾ ജോലി ചെയ്യുന്നവരാണെങ്കിൽ അതിനു സാധിച്ചെന്നും വരില്ല. മാതാപിതാക്കൾ വീട്ടിലുള്ള സമയത്താണെങ്കിൽ കുട്ടി ഫോൺ കാണുന്ന സമയം മനസ്സിലാക്കി, ആ സമയത്ത് അവർക്കൊപ്പം ആയിരിക്കാം. അല്ലെങ്കിൽ ആ സമയത്ത് കുട്ടിക്ക് ഇഷ്ടമുള്ള ഒരു കാര്യം ചെയ്യാൻ അവരെ തയാറാക്കാം. അമ്മ അടുക്കളയിൽ ജോലി ചെയ്യുമ്പോഴോ , അച്ഛൻ മറ്റു ജോലികൾ ചെയ്യുമ്പോഴോ കുട്ടിക്കും അവിടെ ചില ‘കുഞ്ഞു ജോലികൾ’ നൽകാം. പ്രായത്തിനനുസൃതമായി കുട്ടികളെ ചെറിയ ജോലികൾ ശീലിപ്പിക്കാനും അതൊരു തുടക്കമാകും.
∙ 6–7 വയസ്സുള്ള കുട്ടിയാണെങ്കിൽ കഴുകിയ പാത്രങ്ങൾ പ്ലേറ്റ് സ്റ്റാൻഡിൽ വയ്ക്കാനും ടേബിൾ തുടച്ചുവയ്ക്കാനും ഫ്രിജിൽ നിന്നു ചെറിയ സാധനങ്ങൾ എടുത്തു വരാനുമൊക്കെ പറയാം. കുറച്ചു കൂടി വലിയ കുട്ടികളാണെങ്കിൽ പാത്രങ്ങൾ കഴുകി വൃത്തിയാക്കാനും അലക്കിയുണങ്ങിയ തുണി മടക്കി വയ്ക്കാനും മുറി അടിച്ചു വൃത്തിയാക്കാനും കൂടെക്കൂട്ടാം. പാചകത്തിൽ പങ്കുചേരുന്നത് മിക്ക കുട്ടികൾക്കും സന്തോഷകരമാണ്. ഇവിടെ മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള സമ്പർക്കം കൂടുന്നുണ്ട്. കുട്ടി ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയാറാകുകയും ചെയ്യുന്നു.
‘ഇക്കാര്യം അമ്മ എന്നെയാണ് ഏൽപിച്ചത്. അതിനാൽ ഞാനിതു ഭംഗിയായി ചെയ്യണം’ എന്ന ബോധ്യം കുട്ടിയുടെ മനസ്സിൽ രൂപപ്പെടുകയാണ്. കുട്ടിയുടെ ആത്മവിശ്വാസവും വർധിക്കുന്നു. കുട്ടികൾ ഇത്തരം കാര്യങ്ങൾ സ്വയം ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ്. മാതാപിതാക്കളിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കുന്നതാകട്ടെ അവർക്ക് വളരെ സന്തോഷകരമാണ്. ഭാവിയിൽ മുതിർന്ന ഒരാളിലേക്കെത്തുമ്പോൾ കുട്ടിയുടെ ജീവിതത്തിന് ഏറെ ഗുണകരമായ പാഠങ്ങളാണിവ. വ്യക്തിത്വവികസനം, നല്ല ആശയ വിനിമയം എന്നിവയ്ക്കെല്ലാം ഇതു ഗുണം ചെയ്യും.
∙ ഫോൺ ഉപയോഗം കുറയ്ക്കുന്നതിനുള്ള മറ്റൊരു മാർഗം സാമൂഹിക ഇടപഴകലുകൾക്കു കുട്ടിയെ അനുവദിക്കുകയാണ്. സ്കൂളിൽ നിന്നു വന്നാലുടൻ കുറച്ചു സമയം പുറത്തു കൂട്ടുകാർക്കൊപ്പം കളിക്കുന്നതിന് അനുവദിക്കാം. ശാരീരിക വ്യായാമത്തിനും ഗുണകരമാണിത്.
∙ ക്രാഫ്റ്റ്, ചിത്രരചന പോലുള്ളവ ചെയ്യുമ്പോൾ മാതാപിതാക്കളും ഒപ്പമിരിക്കുന്നത് കുട്ടികളിൽ ആഹ്ലാദം നിറയ്ക്കും. പഠന പ്രവർത്തനങ്ങളും ചെയ്യാവുന്നതാണ്. മൊബൈൽ ഫോണിനപ്പുറത്ത് സന്തോഷം പകരുന്ന നിമിഷങ്ങൾ ഏറെയുണ്ടെന്നു കുട്ടി തിരിച്ചറിയട്ടെ.
വിവരങ്ങൾക്കു കടപ്പാട്
ഡോ. ജിറ്റി ജോർജ്
കൺസൽറ്റന്റ് സൈക്യാട്രിസ്‌റ്റ്
എസ്. എച്ച്. മെഡിക്കൽ സെന്റർ, കോട്ടയം