മറക്കാതെ ഒാർമയിൽ സൂക്ഷിക്കേണ്ട ചില കാര്യങ്ങൾക്കാണു നാം ചുരുക്കപ്പേരുകൾ കണ്ടെത്തുന്നത്. മെഡിക്കൽ രംഗത്തും അത്തരം ചില സൂത്രവാക്യങ്ങളുണ്ട്. ഒാർമിച്ചു വച്ചാൽ നമ്മുടെ ജീവൻരക്ഷയ്ക്കു തന്നെ ഉതകുന്ന അത്തരം ചില ചുരുക്കരൂപങ്ങളെ
കുറിച്ചു വിശദമായി അറിയാം.
1. എബിസി (ABC)
എയർവേ- ബ്രീതിങ്-സർക്കുലേഷൻ എന്നുള്ളതിനെ സൂചിപ്പിക്കുന്നു. അത്യാഹിതസംവിധാനത്തിൽ ഒരു രോഗിയെ പരിശോധിക്കുമ്പോൾ അനുവർത്തിക്കുന്ന ആദ്യത്തെ മൂന്നു കാര്യങ്ങളാണിത്. ശ്വാസനാളത്തിന് എന്തെങ്കിലും തടസ്സമുണ്ടോ എന്നു നോക്കി പരിഹരിക്കുന്നു. ബ്രീതിങ് അഥവാ ശ്വാസോച്ഛ്വാസം സാധാരണ രീതിയിലാണോ എന്നു നോക്കുന്നു. അസാധാരണമാണെങ്കിൽ എന്താണു കാരണമെന്നു കണ്ടുപിടിച്ച് അതിനുള്ള ചികിത്സ അപ്പോൾ തന്നെ കൊടുക്കുന്നു. സർക്കുലേഷൻ എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഹൃദയവും രക്തക്കുഴലുകളും സംബന്ധിച്ചുള്ള കാര്യങ്ങളാണ്. അതിന്റെ അവസ്ഥ നിർണയിക്കുകയും അതിനുള്ള ചികിത്സ കൊടുക്കുകയും
ചെയ്യുന്നു.
2. ഫാസ്റ്റ് (FAST)
തലച്ചോറിലേക്കുള്ള രക്തസ്രാവം നിലച്ചു സ്ട്രോക്ക് വന്നാലും ഉടനെ മരണം സംഭവിക്കാറില്ല. പക്ഷേ, നിശ്ചിത സമയത്തിനുള്ളിൽ കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ശരീരം പാതിയോ മുഴുവനായോ തളർന്നുപോകാം. ജീവിതകാലം മുഴുവൻ കിടപ്പുരോഗിയായി തീരാം. അതുകൊണ്ടുതന്നെ സ്ട്രോക്കിന്റെ ലക്ഷണങ്ങളെ എത്രയും പെട്ടെന്നു തിരിച്ചറിയേണ്ടതുണ്ട്. അതിനു സഹായിക്കുന്ന സൂത്രവാക്യമാണു ഫാസ്റ്റ്.
∙ എഫ് - ഫെയ്സ് ഡ്രൂപ് .മുഖം കോടിയിട്ടുണ്ടോ എന്നു നോക്കുക
∙ എ- ആം ഡ്രിഫ്റ്റ്- കൈ ഉയർത്താൻ സാധിക്കാതെ വരിക. കൈ പൊന്തിക്കാൻ ശ്രമിച്ചാലും അതു
കുഴഞ്ഞു താഴേക്കു പോവുക.
∙ എസ്- സ്പീച്ച് ഡിഫിക്കൽറ്റി-
വ്യക്തമായി സംസാരിക്കാൻ
സാധിക്കാതെ വരിക, നാവു കുഴഞ്ഞതുപോലെയാവുക.
∙ ടി- ടൈം- സ്ട്രോക്കിന്റെ ആദ്യത്തെ ലക്ഷണം എപ്പോഴാണ് ഉണ്ടായത് എന്നു നോക്കുക. ആദ്യ ലക്ഷണം മുതലുള്ള സമയം വളരെ നിർണായകമാണ്. മുൻപ് മൂന്നു മണിക്കൂർ എന്നാണു പറഞ്ഞിരുന്നത്. ഇപ്പോൾ നാലര മണിക്കൂറിനുള്ളിലെങ്കിലും സിടി സ്കാനും ന്യൂറോളജി ഇടപെടലിനു സൗകര്യവും ഉള്ള ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞാൽ അവരെ പൂർണമായി സുഖമാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനൊപ്പം ബാലൻസ്, ഐസ് എന്നിവ കൂടി ചേർത്തു ബിഫാസ്റ്റ് (BEFAST) എന്നും ഉപയോഗിക്കാറുണ്ട്.
3. സിപിആർ (CPR)
ഹൃദയസ്തംഭനം കാരണം ഒരാൾ കുഴഞ്ഞുവീഴുന്ന സമയത്ത് ആ വ്യക്തിയുടെ ഹൃദയത്തെയും ശ്വാസകോശത്തെയും പുനരുജ്ജീവിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ചികിത്സാവിധിയാണ് സിപിആർ അഥവാ കാർഡിയോ പൾമനറി റിസസിറ്റേഷൻ (CPR).
മാറി മാറി നെഞ്ചിൽ ശക്തിയായി മർദം നൽകുകയും കൃത്രിമശ്വാസം നൽകുകയും ചെയ്യുന്നു.
∙ മിനിറ്റിൽ 100-120 തവണ മർദം നൽകാം. ∙ 30 മർദങ്ങൾക്കു ശേഷം ഒരു തവണ കൃത്രിമ ശ്വാസോച്ഛ്വാസം നൽകാം.
4. കാബ് (CAB)
ഒരു വ്യക്തി ഹൃദയസ്തംഭനം കാരണം കുഴഞ്ഞുവീഴുമ്പോൾ സ്വീകരിക്കേണ്ട അടിയന്തര ചികിത്സാവിധി
കളുടെ ചുരുക്കപ്പേരാണ് സിഎബി.
∙ സി എന്നത് കാർഡിയാക് കംപ്രഷൻ ആണ്. നെഞ്ചിലെ മാറെല്ലിനു മുകളിൽ കൈ അമർത്തി തലച്ചോറിലേക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുമുള്ള രക്തയോട്ടം പുനസ്ഥാപിക്കാൻ ശ്രമിക്കുന്നതിനാണു കാർഡിയാക് കംപ്രഷൻ എന്നു പറയുക.
∙ എ അഥവാ എയർവേ മാനേജ്മെന്റ ്- ശ്വാസതടസ്സമുണ്ടെങ്കിൽ അതു മാറ്റിക്കൊടുക്കുന്ന പ്രക്രിയയാണിത്.
∙ ബി-ബ്രീതിങ്- സാധാരണ ഹൃദയം നിലയ്ക്കുമ്പോൾ അയാളുടെ ശ്വാസോച്ഛ്വാസവും നിലയ്ക്കുന്നു. ഇവർക്കു കൃത്രിമമായി ശ്വാസം
നൽകുന്നതാണു സൂചിപ്പിക്കുന്നത്.
5. അപ്ഗാർ (APGAR)
നവജാതശിശുക്കളുടെ അവസ്ഥാനിർണയം നടത്തുന്നതിന് ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് അപ്ഗാർ. അഞ്ചു കാര്യങ്ങളാണ് നിരീക്ഷിക്കുന്നത്.
∙ എ- അപ്പിയറൻസ്- ജനിച്ചുവീണ കുട്ടിയുടെ നിറമെന്താണ്. പിങ്ക് ആണോ നീലയാണോ? ശരീരം മുഴുവൻ ഒരേ നിറമാണോ? ∙ പി-പൾസ് ഉണ്ടോ? നിരക്ക് എത്രയാണ്? ∙ ജി-ഗ്രിമെയ്സ്- കുഞ്ഞ് നന്നായി കരയുന്നുണ്ടോ? ∙ എ-ആക്ടിവിറ്റി- കുട്ടി കൈകാലിളക്കുന്നുണ്ടോ?
∙ ആർ-റെസ്പിരേഷൻ- കുട്ടിയുടെ ശ്വസനനിരക്ക് എത്രയാണ്?
ഇതിനെയെല്ലാം അടിസ്ഥാനമാക്കി ഒരു സ്കോർ ഇടുന്നു. ഈ സ്കോറിന്റെ അടിസ്ഥാനത്തിലാണു നവജാതശിശുവിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ, ചികിത്സ ആവശ്യമുണ്ടോ എന്നൊക്കെ തീരുമാനിക്കുന്നത്.
6. റൈസ് (RISE)
റെസ്റ്റ്, ഐസ്, കംപ്രഷൻ, എലവേഷൻ എന്നിവയുടെ ചുരുക്കപ്പേരാണു റൈസ്. പേശീസംബന്ധമായ പരുക്കുകളും ഉളുക്കുകളും മുറിവുകളും ഉണ്ടാകുമ്പോഴുള്ള നീരും വേദനയും കുറയ്ക്കാനുള്ള പ്രഥമശുശ്രൂഷയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു,
∙ റെസ്റ്റ്- പരുക്കു വഷളാക്കാതെ വിശ്രമിക്കുക.
∙ ഐസ്- നീരും വേദനയും കുറയ്ക്കാൻ ഐസ് പായ്ക്കു വയ്ക്കുക. ഐസ് വയ്ക്കുമ്പോൾ നേരിട്ടു ചർമത്തിലേക്കു വയ്ക്കരുത്. ഒരു തുണിയിൽ പൊതിഞ്ഞുവേണം വയ്ക്കാൻ.
∙ കംപ്രഷൻ- ഇലാസ്റ്റിക് ബാൻഡേജ് ഉപയോഗിച്ചു പരുക്കേറ്റ ഭാഗം പൊതിഞ്ഞുവയ്ക്കുന്നതു നീരു കുറയ്ക്കും. പക്ഷേ, ബാൻഡേജോ തുണിയോ വല്ലാതെ മുറുകി രക്തയോട്ടം തടസ്സപ്പെടാതിരിക്കാനും ശ്രദ്ധിക്കണം.
∙ എലവേഷൻ- തലയണയോ മറ്റോ ഉപയോഗിച്ചു പരുക്കേറ്റ ഭാഗം
നെഞ്ചിന്റെ നിരപ്പിൽ നിന്നും ഉയർത്തിവയ്ക്കാം. രക്തസ്രാവം ഉള്ളപ്പോൾ ഇങ്ങനെ ചെയ്യുന്നതു രക്തമൊഴുക്കു കുറയ്ക്കും. നീരു കുറയാനും നല്ലത്.
വിവരങ്ങൾക്കു കടപ്പാട്
ഡോ. പി. പി. വേണുഗോപാൽ, ഡയറക്ടർ, എമർജൻസി മെഡിസിൻ വിഭാഗം, ആസ്റ്റർ ഹെൽത് കെയർ, കോഴിക്കോട്