ADVERTISEMENT

ചുരയ്ക്ക (Bottle Gourd) ജൂസ് ആയോ പറാത്തയിൽ ചേർത്തോ കഴിച്ചാൽ രക്തത്തിന്റെ കട്ടി കുറയ്ക്കാനുള്ള മരുന്നുകളുടെ ഉപയോഗം നിർത്താമെന്ന് ഒരു വിഡിയോ കണ്ടു. ഇതിലെന്തെങ്കിലും വാസ്തവമുണ്ടോ?

ചുരയ്ക്ക ജൂസ് കുടിക്കുന്നതു രക്തം കട്ടപിടിക്കുന്നതു തടയുമെന്നും അതുകൊണ്ട് ഹൃദ്രോഗവും പക്ഷാഘാതവുമൊക്കെ തടയാന്‍ ചുരയ്ക്ക മതിയെന്നും മരുന്നിന്റെ ആവശ്യമില്ലെന്നുമൊക്കെ അവകാശപ്പെടുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ യാഥാര്‍ഥ്യമെന്താണെന്നു നോക്കാം.

ADVERTISEMENT

ലൗകി എന്ന ബോട്ടിൽ ഗൗഡ് നമ്മുടെ നാട്ടിൽ അറിയപ്പെടുന്നതു ചുരയ്ക്ക എന്നാണ്. കറി വയ്ക്കാനും ജൂസ് ആയി കുടിക്കാനുമൊക്കെ ചുരയ്ക്ക വ്യാപകമായി ഉപയോഗിക്കുന്നു. ചുരയ്ക്കയ്ക്ക് (ലൗകി) ചില ആരോഗ്യഗുണങ്ങൾ ഉണ്ട്. അതിൽ ധാരാളം ജലാംശമുണ്ട്. ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. പ്രമേഹനിയന്ത്രണത്തിനു സഹായിക്കും. ആയുർവേദത്തിൽ പല ഔഷധങ്ങളുടെയും നിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്.

‘‘ എന്നാൽ, വിഡിയോയിൽ പറയുന്നതുപോലെ ചുരയ്ക്കയ്ക്ക് രക്തം കട്ടപിടിക്കുന്നതു തടയാനുള്ള കഴിവുള്ളതായി ശാസ്ത്രീയമായ പഠനങ്ങളോ ക്ലിനിക്കൽ ട്രയലുകളോ ഇല്ല’’ പോഷകാഹാര വിദഗ്ധ
ഡോ. അനിതാമോഹൻ പറയുന്നു. ‘‘ചുരയ്ക്കയ്ക്ക് നീർവീക്കം കുറയ്ക്കാൻ (ആന്റി ഇൻഫ്ളമേറ്ററി) കഴിവുണ്ടെന്നും ചില അവകാശവാദങ്ങളുണ്ട്. പക്ഷേ, അതിനും ശാസ്ത്രീയമായ അടിത്തറ കാണുന്നില്ല.

ADVERTISEMENT

മാത്രമല്ല, ചുരയ്ക്കയുടെ ഉപയോഗം ശ്രദ്ധയോടെ വേണം. 2018 ൽ പുണെയിൽ ഒരു സ്ത്രീ ചുരയ്ക്ക ജൂസ് കുടിച്ചതിനെ തുടർന്നു വിഷബാധയേറ്റു കുഴഞ്ഞുവീണു മരിച്ചതായി വാർത്ത റിപ്പോർട്ടു ചെയ്തിരുന്നു. ചുരയ്ക്കയിലുള്ള കുകുർബിറ്റസിൻ (Cucurbitacin) എന്ന രാസഘടകം വിഷസ്വഭാവമുള്ളതാണ്. തൊലിയിലും മാംസളമായ ഭാഗത്തും ഈ രാസപദാർഥം ഉണ്ടാകാം. ചുരയ്ക്ക ജൂസ് ആക്കി കുടിക്കുമ്പോഴോ പാകപ്പെടുത്തി കഴിക്കുമ്പോഴോ എന്തെങ്കിലും അരുചിയോ കയ്പോ തോന്നിയാൽ കഴിക്കരുത്. കറി വയ്ക്കുമ്പോൾ ചുരയ്ക്ക പുറംതൊലി നീക്കി മാത്രം ഉപയോഗിക്കുവാനും ശ്രദ്ധിക്കണം.’’

50 മി.ലീ ജൂസ് ശരീരത്തിലെത്തിയാൽ തന്നെ വിഷസ്വഭാവം കാണിക്കാം. വയറിൽവേദന വരിക, തുടർച്ചയായ ഛർദി എന്നിവയാണു വിഷബാധയുടെ സാധാരണ ലക്ഷണങ്ങൾ.

ADVERTISEMENT
ADVERTISEMENT