ADVERTISEMENT

അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 18 ആയ സാഹചര്യത്തിൽ സംസ്ഥാനത്തെ കിണറുകൾ ക്ലോറിനേറ്റു ചെയ്യാനും ജലാശയങ്ങൾ വൃത്തിയാക്കാനും അണുവിമുക്തമാക്കാനും നിർദേശിച്ചിരിക്കുകയാണു സംസ്ഥാന സർക്കാർ.

കുടിവെള്ളം അണുവിമുക്തമാക്കാൻ പല മാർഗ്ഗങ്ങളുണ്ടെങ്കിലും ഏറ്റവും ലളിതവും ചെലവു കുറഞ്ഞതുമായ മാർഗ്ഗം ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കുകയാണ്. ബ്ലീച്ചിങ് പൗഡർ എല്ലായിടത്തും സുലഭവുമാണ്. എന്നാൽ, ക്ലോറിനേറ്റ് ചെയ്ത വെള്ളം ആരോഗ്യത്തിനു ദോഷകരമാണെന്നും അലർജി വരുത്തുമെന്നുമൊക്കെ പൊതുവായ ചില ആശങ്കകളുണ്ട്. അതുകൊണ്ടു പലരും ക്ലോറിനേഷനോടു മുഖം തിരിക്കാറുണ്ട്. പക്ഷേ, ഇത്തരമൊരു ആശങ്കയുടെ ആവശ്യമേയില്ല എന്നു വിദഗ്ധർ പറയുന്നു. ക്ലോറിൻ കാരണമുള്ള ദോഷഫലങ്ങൾ ഒഴിവാക്കാൻ വെള്ളം ക്ലോറിനേറ്റു ചെയ്യാൻ ബ്ലീച്ചിങ് പൗഡറിനു നിശ്ചിത നിരക്കു തിട്ടപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

∙ സാധാരണ ക്ലോറിനേഷന്, 1000 ലീറ്റർ വെള്ളത്തിന് 2.5 ഗ്രാം എന്ന തോതിലാണു ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കേണ്ടത്. കിണറ്റിലെ വെള്ളത്തിന്റെ ഏകദേശ അളവ് അറിയാമെങ്കിൽ അതനുസരിച്ച് എടുത്താൽ മതി.

∙ 9 അടി വ്യാസമുള്ള കിണറിന് ഒരു കോൽ വെള്ളത്തിലേക്ക് ഏകദേശം അര തീപ്പെട്ടി കൂട് ബ്ലീച്ചിങ് പൗഡർ മതി. 9 അടി വ്യാസമുള്ള റിങ് ഇറക്കിയ കിണറിന് മൂന്നു റിങ് വെള്ളത്തിന് ഒരു ടേബിൾ സ്പൂൺ ബ്ലീച്ചിങ് പൗഡർ മതി.

ADVERTISEMENT

∙ ബ്ലീച്ചിങ് പൗഡർ നേരെ വെള്ളത്തിലേക്കിടരുത്. ഒരു ബക്കറ്റിന്റെ മുക്കാൽ ഭാഗം വെള്ളമെടുത്തു ബ്ലീച്ചിങ് പൗഡർ ഇട്ട് ഒരു കമ്പ് ഉപയോഗിച്ചു നന്നായി കലക്കുക. ശേഷം അഞ്ചു മിനിറ്റ് ഈ ലായനി തെളിയുന്നതു വരെ അനക്കാതെ വയ്ക്കുക. ഈ തെളിവെള്ളം കിണറ്റിലേക്ക് ഒഴിച്ചു കിണറിലെ വെള്ളം നന്നായി ഇളക്കാം. ബക്കറ്റിൽ താഴെ അടിഞ്ഞ അവക്ഷിപ്തം ദൂരെ കളയാം.

∙ ക്ലോറിനേറ്റു ചെയ്ത വെള്ളം മൂന്നു നാലു മണിക്കൂറിനു ശേഷം ഉപയോഗിച്ചു തുടങ്ങാം.

ADVERTISEMENT

∙ ക്ലോറിൻ മണം പ്രശ്നമാണെങ്കിൽ ഒരു പാത്രത്തിൽ വെള്ളം പിടിച്ച് അതു മൂടാതെ റഫ്രിജറേറ്ററിൽ വയ്ക്കുക. ക്ലോറിൻ ഗന്ധം മാറിക്കിട്ടും. തലേന്നു വെള്ളം പാത്രത്തിൽ പിടിച്ചുവച്ചിട്ടു പിറ്റേന്ന് ഉപയോഗിക്കുകയുമാകാം.

∙ ആക്ടിവേറ്റഡ് കാർബൺ ഫിൽറ്ററുകളും ക്ലോറിൻ രുചിയും ഗന്ധവും നീക്കാൻ സഹായിക്കും.

∙ ശരിയായ രീതിയിൽ ക്ലോറിനേറ്റു ചെയ്ത വെള്ളത്തിൽ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്ര അളവു ക്ലോറിൻ ഉണ്ടാകില്ല. അതുകൊണ്ട് ക്ലോറിൻ വെള്ളത്തിൽ കുളിച്ചെന്നു കരുതി പ്രശ്നമില്ല.

∙ ബാക്ടീരിയ സാന്നിധ്യം ഉള്ള സംശയിക്കുന്ന സാഹചര്യത്തിൽ സ്വിമ്മിങ് പൂളുകളിലെയും കിണറുകളിലെയും മറ്റും വെള്ളം സൂപ്പർ ക്ലോറിനേറ്റു ചെയ്യുന്നതാകും ഉത്തമം. സാധാരണ ഉപയോഗിക്കുന്നതിലും അളവു ബ്ലീച്ചിങ് പൗഡർ ഇതിന് ഉപയോഗിക്കേണ്ടി വരും. അങ്ങനെയുള്ളപ്പോൾ വെള്ളത്തിലെ റെസിഡ്യുൽ ക്ലോറിന്റെ അളവ് 0.5മി.ഗ്രാം /ലീറ്ററിനു മുകളിലില്ല എന്ന് ഉറപ്പാക്കണം.

ഇതിനായി ഒാർതോടൊളിഡിൻ പരിശോധന നടത്താം. ഒരു ടെസ്റ്റ് ട്യൂബിൽ ക്ലോറിനേറ്റു ചെയ്ത വെള്ളമെടുത്ത് അതിലേക്ക് ഒാർതോടൊളിഡിൻ പായ്ക്കിൽ നിർദേശിച്ചിരിക്കുന്ന അളവിൽ ചേർക്കാം. ഇതു ക്ലോറിനുമായി ചേരുമ്പോൾ ഒരു മഞ്ഞനിറം ഉണ്ടാകും. ഈ നിറം പായ്ക്കറ്റിൽ തന്നിരിക്കുന്ന സ്റ്റാൻഡേഡ് കളർ ചാർട്ടുമായി ഒത്തുനോക്കി ക്ലോറിൻ അളവു കൂടുതലാണോ എന്നു കണ്ടെത്താം.

∙ അലർജി പ്രശ്നമുള്ളവരിൽ പൂളിൽ കുളിക്കുമ്പോൾ ക്ലോറിൻ ചർമത്തിൽ അസ്വാസ്ഥ്യമുണ്ടാക്കാം. ഇത്തരം പ്രശ്നങ്ങൾ തടയാൻ പൂളിലെ വെള്ളം അണുവിമുക്തമാക്കാൻ ബ്ലീച്ചിങ് പൗഡറിനു പകരം ക്ലോറിൻ വാതകം ഉപയോഗിക്കാം. ഒാസോൺ വാതകം കടത്തിവിട്ടും ശുദ്ധീകരിക്കാം. അൾട്രാവയലറ്റ് റേഡിയേഷൻ ഉപയോഗിച്ചും വെള്ളം ശുദ്ധീകരിക്കാവുന്നതാണ്.

∙ ക്ലോറിനേറ്റു ചെയ്ത വെള്ളം തിളപ്പിക്കാതെ തന്നെ കുടിക്കാം. പക്ഷേ, ജലമലിനീകരണം കാര്യമായുള്ള സ്ഥലങ്ങളിൽ ഇരട്ടി സുരക്ഷയ്ക്ക് വെള്ളം തിളപ്പിച്ചു കുടിക്കാം. അഞ്ചു മിനിറ്റു നേരമെങ്കിലും വെട്ടിത്തിളയ്ക്കാൻ അനുവദിക്കണം.

വിവരങ്ങള്‍ക്കു കടപ്പാട്

ഡോ. ഹരികുമാര്‍ പി.എസ്. 

ചീഫ് സയന്റിസ്റ്റ് (റിട്ട.)

സെന്റര്‍ ഫോര്‍ വാ്ടടര്‍ റിസോഴ്സ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ്

കോഴിക്കോട്

ADVERTISEMENT