Tuesday 27 July 2021 03:41 PM IST : By സ്വന്തം ലേഖകൻ

കുനിഞ്ഞു നിവരുമ്പോൾ ജീവൻ പിടയുന്ന വേദന: എന്താണ് സ്ത്രീകളിലെ നട്ടെല്ലിന്റെ കണ്ണി അകൽച്ച?: കാരണങ്ങൾ

back

ലോക്ക് ഡൗൺസമയത്താണ് ലീലാമ്മയെ ഹോസ്പിറ്റലിൽ വച്ച് ആദ്യമായി കാണുന്നത്. വേച്ച് വേച്ച് ,മുന്നോട്ടു കുനിഞ്ഞ്, ബുദ്ധിമുട്ടി നടന്നുവരുന്ന ലീലാമ്മയെ കണ്ടപ്പോൾതന്നെ കാര്യം പിടികിട്ടി. ഏതാനും ദിവസങ്ങൾക്കു മുമ്പ് ലീലാമ്മയുടെ ഭർത്താവ് അവരുടെ എംആർഐ സ്കാനും കൊണ്ടു വന്ന് അസുഖ വിവരങ്ങൾ എന്നോട് പറഞ്ഞിരുന്നു. ലീലാമ്മയുടെ മുഖത്ത് വേദനയും, സങ്കടവും, നിരാശയും ഒരുപോലെ പ്രതി ഫലിക്കുന്നത് കാണാൻ കഴിഞ്ഞു. "ഡോക്ടറെ ആറ് ഏഴ് വർഷമായി നട്ടെല്ലിന്റെ കണ്ണി അകലാൻ തുടങ്ങിയിട്ട്. നടക്കാൻ പറ്റുന്നില്ല, നിന്ന് കുറച്ച് സമയം ജോലി ചെയ്യാൻ പറ്റുന്നില്ല ,ബന്ധുക്കളുടെ കല്യാണത്തിനും മരണത്തിനും മറ്റു ചടങ്ങുകൾക്കു പങ്കെടുക്കാൻ പറ്റുന്നില്ല..കുനിഞ്ഞ് നിലത്തു കിടക്കുന്ന ഒരു സാധനം എടുക്കുന്നത് ആലോചിക്കാൻ കൂടി വയ്യ, അത്രയ്ക്ക് വേദന വരും കുനിയുമ്പോൾ. എൻറെ ജീവിതം തന്നെ ലോക്ക് ഡൗൺ ആയിട്ട് വർഷങ്ങളായി" എന്ന് പറഞ്ഞുകൊണ്ട് അവർ എന്റെ മുന്നിൽ വിതുമ്പാൻ തുടങ്ങി. "ഒട്ടും മേലാഞ്ഞിട്ടാ ഈ ലോക്ക് ഡൗൺ ആയിട്ട് കൂടി ഹോസ്പിറ്റൽ വന്ന് ഡോക്ടറെ കാണാം എന്ന് തീരുമാനിച്ചത്" അവർ തുടർന്നു.

നട്ടെല്ലിന്റെ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് വർഷങ്ങളായി വീട്ടിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടിയ ഒരു പറ്റം ആൾക്കാരുടെ ഒരു പ്രതിനിധി ആയി ലീലാമ്മയെ കാണാം. ഇക്കൂട്ടർ ചികിത്സയെ പേടിച്ച് സ്വയം ലോക്ക് ഡൗണിൽ കഴിയുകയാണ്.

എന്താണ് നട്ടെല്ലിന്റെ കണ്ണി അകൽച്ച അഥവാ സ്പോണ്ടൈലോലിസ്തസിസ് (Spondylolisthesis) ?

നട്ടെല്ലിലെ അസ്ഥികളെ കശേരുക്കൾ അഥവാ വെർട്ടിബ്രൽ ബോഡി എന്ന് വിളിക്കുന്നു. ഈ അസ്ഥിയെയാണ് സാധാരണ ഭാഷയിൽ കണ്ണി എന്നു കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ അസ്ഥികൾ ഒരു ചങ്ങലയിലെ കണ്ണികൾ പോലെ , അല്ലെങ്കിൽ ഒരു മാലയിലെ കണ്ണികൾ പോലെ പരസ്പരം ബന്ധിച്ച് കിടക്കുന്നു. ഇവ തമ്മിൽ ബന്ധിപ്പിക്കാൻ അനേകം ദശകളും (ലിഗമെൻറുകൾ), പേശികളും (മസിലുകൾ), സന്ധികളും (ജോയിന്റുകൾ), കശേരുക്കൾക്കിടയിൽ ഉള്ള കുഷൻ പോലെയുള്ള ഡിസ്കുകളും സഹായിക്കുന്നു. ഇതിൽ പ്രധാനമായും കശേരുക്കളുടെ പിൻഭാഗത്ത് ഇരുവശങ്ങളിലുമായി രണ്ട് കൊളുത്തു പോലെയുള്ള ഭാഗങ്ങളുണ്ട് (പാർസ് ഇന്റർ ആർട്ടിക്കുലാറിസ്). ഇവയ്ക്ക് പ്രശ്നം ഉണ്ടാകുമ്പോഴാണ് ഒരു കണ്ണി മറ്റൊരു കണ്ണിയിൽ നിന്നും പതിയെ തെന്നി അകലുന്നത്.

കണ്ണി അകൽച്ച നട്ടെല്ലിന്റെ ഏതെല്ലാം ഭാഗങ്ങളിൽ ഉണ്ടാകാം?

സാധാരണയായി നടു ഭാഗത്തെ (ലംബാർ സ്പൈൻ ) നാലാമത്തെയും അഞ്ചാമത്തെയും കണ്ണികൾ ക്കിടയിലും (L4- L5), അഞ്ചാമത്തെ കണ്ണിയും അതിനു താഴെയുള്ള ഒന്നാമത്തെ സേക്രൽ കശേരുകൾക്കിടയിലും (L5- S1) കണ്ടുവരാറുണ്ട്. ഒരാൾക്ക് തന്നെ ഒന്നിൽ കൂടുതൽ ഭാഗങ്ങളിലും കണ്ണിൽ അകൽച്ച ഉണ്ടാകാം.

കൂടാതെ കഴുത്തിലെ കശേരുക്കൾക്കിടയിലും സെർവിക്കൽ സ്പോണ്ടിലോസിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവമൂലം കണ്ണി അകൽച്ച ഉണ്ടാകാം.

കണ്ണി അകൽച്ചയുടെ കാരണങ്ങൾ

കുട്ടികളിലും കൗമാരക്കാരിലും അസ്ഥികളുടെ ജന്മനാ ഉള്ള വൈകല്യം മൂലം കണ്ണി അകൽച്ച ഉണ്ടാകാം. ഇക്കൂട്ടരിൽ കൊളുത്തു പോലെയുള്ള അസ്ഥിയുടെ ഭാഗം നീണ്ടു പോകുന്നതുകൊണ്ടും, ജന്മനാലോ, കുട്ടികൾ വളരുന്ന സമയത്തോ ഉണ്ടായേക്കാവുന്ന അസ്ഥികളുടെ ഘടനാപരമായ വ്യത്യാസം മൂലവും കണ്ണി അകൽച്ച ഉണ്ടാകാം. ഇത്തരം കണ്ണി അകൽച്ച വളരെ പെട്ടെന്ന് തന്നെ മൂർച്ഛിച്ച് പോകുന്നതായി കാണാറുണ്ട് . കൗമാര ദശയിൽ ഓട്ടം, ചാട്ടം, കലാകായിക അഭ്യാസങ്ങൾ, അപകടങ്ങൾ എന്നിവമൂലം കൊളുത്തു പോലെയുള്ള അസ്ഥിക്ക് ചെറിയ പൊട്ടലുണ്ടാവുകയും തന്മൂലം കണ്ണി അകൽച്ച ഉണ്ടാവുന്നതും കണ്ടുവരാറുണ്ട്. കൂടാതെ കുട്ടികളിലുണ്ടാകുന്ന കണ്ണി അകൽച്ച മൂലം നട്ടെല്ലിന് അസ്വാഭാവികമായ വളവും കൂനും അഥവാ സ്കോളിയോസിസ് എന്ന നട്ടെല്ലിന്റെ വൈകല്യവും കണ്ടുവരാറുണ്ട്.

ചെറുപ്പക്കാരിലും മധ്യവയസ്കരിലും മറ്റ് കാരണങ്ങൾ കൊണ്ട് കണ്ണി അകൽച്ച ഉണ്ടാകാം. നട്ടെല്ലിലെ ഡിസ്കു കൾക്കും കശേരുക്കൾ ക്കിടയിലെ സന്ധികൾക്കും ഉണ്ടാകുന്ന തേയ്മാനം മൂലം സാധാരണയായി കണ്ണി അകൽച്ച ഉണ്ടാകാറുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് ഓരോരോ ഔ സ്ത്രീകളിലാണ് കഞ്ഞിവെച്ച് കൂടുതൽ കാണാറുള്ളത് പൊതുവേ 50 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് ആണ് സാധാരണയായി ഈ അസുഖം കാണുന്നത്.

അപകടങ്ങൾ മൂലമുണ്ടാകുന്ന പൊട്ടൽ മൂലവും ഇത് സംഭവിക്കാം. കാൻസർ മൂലം കശേരുകൾക്ക് നാശം സംഭവിക്കുമ്പോഴും നട്ടെല്ലിലെ ക്ഷയരോഗം മൂലവും അപൂർവമായി ഇതുണ്ടാകാം.

സന്ധിവാതവും കണ്ണി അകൽച്ചയുംവാതരോഗം അതായത് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഉഉള്ളവരിൽ 20 മുതൽ 30 ശതമാനം വരെ നട്ടെല്ലിന്റെ കണ്ണി അകൽച്ച ഉണ്ടാകാറുള്ളത് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ മുട്ടിനും ഇടുപ്പിനും സന്ധിവാതം ഉള്ളവരിൽ കണ്ണി അകൽച്ച കൂടുതലായി കണ്ടുവരുന്നതായി ജപ്പാനിലെ ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. അപൂർവമായി യൂറിക് ആസിഡ് കൂടുതൽ ആയിട്ടുള്ള ഗൗട്ട് എന്ന അസുഖം ഉള്ളവരിലും കണ്ണി അകൽച്ച കണ്ടുവരാറുണ്ട്.

അതിനാൽ വാതരോഗം ഉള്ളവരിലും സന്ധിവാതം ഉള്ളവരിലും കഴുത്ത് വേദനയും നടുവേദനയും ഉണ്ടെങ്കിൽ അത് പരിശോധിച്ച് കണ്ണി അകൽച്ച ഉണ്ടോ എന്ന് നിർണയിക്കേണ്ടത് അനിവാര്യമാണ്.

കണ്ണി അകൽച്ചയുടെ രോഗലക്ഷണങ്ങൾ

തുടക്കത്തിൽ നടുവേദനയാണ് പ്രധാനമായും കാണുന്നത്. മുമ്പോട്ട് കുനിഞ്ഞു നിവർന്നു വരുമ്പോൾ ഇപ്പോൾ അസഹനീയമായ വേദന വരാം. കൂടാതെ കിടന്നതിനു ശേഷം എഴുന്നേൽക്കുമ്പോഴും തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും ശക്തമായ വേദന കാണാറുണ്ട് . കൂടാതെ കാറിലോ ബസിലോ ഓട്ടോറിക്ഷയിലോ യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന വേദനയും പല രോഗികളും പറയാറുണ്ട്.കുട്ടികളിൽ ഏതെങ്കിലും കലാ കായികാഭ്യാസങ്ങൾ ചെയ്തതിനുശേഷം ശക്തമായ നടുവേദന കാണാറുണ്ട്.

അസുഖം മൂർച്ഛിക്കുന്നതനനുസരിച്ച് സുഷുമ്ന നാഡിയേയും ഞരമ്പുകളേയൂം ഇത് ബാധിക്കുന്നു. കഴുത്തിലെ ഭാഗത്തുണ്ടാകുന്ന സുഷുമ്ന നാഡിയുടെ ഞെരുക്കം കാരണം കൈകാലുകൾക്ക് മരവിപ്പ് ,നടക്കുമ്പോൾ ബാലൻസ് തെറ്റുക, തോളിലെ യും കൈകളിലെയും പേശികൾ ശോഷിക്കുക, ബലക്കുറവ് അനുഭവപ്പെടുക പെട്ടെന്ന് തട്ടിത്തടഞ്ഞ് വീഴാനുള്ള സാധ്യത എന്നിവ കാണാറുണ്ട്. പലപ്പോഴും നടത്തത്തിലെ ബാലൻസ് ഇല്ലായ്മ മൂലം മദ്യപിച്ച് നടക്കുകയാണോ എന്ന് കാണുന്നവരിൽ തെറ്റിദ്ധാരണയും ഉണ്ടാക്കാറുണ്ട്.

നടുഭാഗത്തെ നാഡീഞരമ്പുകൾ ചുരുങ്ങുന്നത് വഴി കാലിലുള്ള ഞരമ്പുകളെ ആണ് പ്രധാനമായും ബാധിക്കുന്നത്. അടുക്കളയിൽ നിന്ന് ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട് സ്ത്രീകളിൽ ഇതിൽ കൂടുതൽ സമയം നിൽക്കാൻ പറ്റാതെ കാലിലേക്കുള്ള വേദനയും മരവിപ്പും കാരണം ഇരിക്കാനോ കിടക്കാനോ ഇവർ നിർബന്ധിതരാവുന്നു. ഒരു പൊതുപരിപാടിയിൽ അമ്പലത്തിലോ പള്ളിയിലോ അധിക സമയം നിൽക്കാൻ ഇക്കൂട്ടർക്ക് സാധിക്കുകയില്ല.

ക്രമേണ നടക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടും പഴയപോലെ വേഗതയിൽ നടക്കാൻ കഴിയാറില്ല നടക്കുന്തോറും കാലിൽ വേദനയും മരവിപ്പും കൂടി വരും. പ്രഭാത സവാരിക്ക് പോയി കൊണ്ടിരുന്നവർക്ക് പഴയ വേഗതയിൽ നടക്കാൻ സാധിക്കാറില്ല, കൂടുതൽ സമയം അവർക്ക് നടക്കാൻ സാധിക്കാതെ വരുന്നു. കാലിൽ ചെരുപ്പ് ഇടാനുള്ള ബുദ്ധിമുട്ട്, ചെരുപ്പ് അറിയാതെ കാലിൽ നിന്ന് വഴുതി പോവുക എന്നിവയും രോഗലക്ഷണങ്ങളായി കണ്ടുവരാറുണ്ട്.

രോഗനിർണയം

നിന്നുകൊണ്ട് മുന്നോട്ടും പിന്നോട്ടും കുനിഞ്ഞുള്ള എക്സ്റേ പരിശോധനയാണ് പ്രധാനമായും ചെയ്യുന്നത്.

സി റ്റി സ്കാൻ എംആർഐ സ്കാൻ എന്നിവയും രോഗത്തിൻറെ സങ്കീർണത നിർണ്ണയിക്കാൻ വേണ്ടി വരാം.

കുട്ടികളിൽ ബോൺ സ്കാൻ വേണ്ടിവരാറുണ്ട്.

കണ്ണി അകൽച്ചയും ചികിത്സയും

കുട്ടികളിലുണ്ടാകുന്ന പൊട്ടലിന് ബെൽറ്റ് ഉപയോഗിക്കാറുണ്ട് വിശ്രമവും നിർദ്ദേശിക്കാറുണ്ട്. ഭൂരിഭാഗം പേരിലും ആരും ഇത് കൊണ്ട് തന്നെ അസുഖം മാറാറുണ്ട് ചുരുക്കം ചില കുട്ടികളിൽ അസ്ഥിയുടെ പൊട്ടൽ കൂടിച്ചേരാതെ വരുന്ന ഘട്ടത്തിൽ മാത്രം ശാസ്ത്രക്രിയ ചെയ്യാറുണ്ട്.

ചെറുപ്പക്കാരനും മുതിർന്നവരിലും തുടക്കത്തിൽ ഇതിൽ ലഘുവായ സ്ഥിരമായ ഘട്ടത്തിനുള്ള വ്യായാമമുറകളാണ് പ്രധാനമായും ചെയ്യേണ്ടത് .വേദന കഠിനമായി ഉണ്ടാകാൻ സാധ്യതയുള്ള ഘട്ടങ്ങളിൽ ബെൽറ്റ് ഉപയോഗിക്കാൻ നിർദ്ദേശിക്കാറുണ്ട്.

സ്ഥിരമായി നട്ടെല്ലിൽ ബെൽറ്റ് ഇടുന്നത് അഭികാമ്യമല്ല. ഡോക്ടറുടെ കൃത്യമായ നിർദേശാനുസരണം മാത്രമേ ബൽറ്റ് ഉപയോഗം പാടുള്ളൂ. 'അധികമായാൽ അമൃതും വിഷം,' എന്ന് പറയുന്നത് പോലെ, അമിതമായ ബെൽറ്റ് ഉപയോഗം കൊണ്ട് നടുവിലെ പേശികളുടെ സ്വാഭാവികമായ ബലവും കട്ടിയും കുറയും , തന്മൂലം നടുവേദന കൂടാനും സാധ്യതയുണ്ട്.

മരുന്നിലും വ്യായാമത്തിലും അസുഖം കുറവില്ലാത്ത വർക്ക് നട്ടെല്ലിന് എടുക്കുന്ന വിവിധതരം കുത്തിവെപ്പുകളും ഉപയോഗിക്കാറുണ്ട്.

കണ്ണി അകൽച്ചക്കുള്ള ശസ്ത്രക്രിയ

സ്ഥിരമായും കഠിനമായും നടുവേദനയുള്ളവർ ക്കും നാഡീഞരമ്പുകൾ അസുഖം ബാധിക്കുന്ന വേളയിലും ശസ്തരക്രിയ അല്ലാതെ വേറൊരു പരിഹാരമില്ല.

വളരെ ചെറിയ മുറിവുകളിലൂടെ ചെയ്യുന്ന മിനിമലി ഇൻവേസിവ് സ്പൈൻ സർജറി (Minimally Invasive Spine Surgery) അഥവാ കീ ഹോൾ സർജറി കൂടാതെ ഓപ്പൺ സർജറി എന്നിവ രോഗിയുടെ രോഗത്തിൻറെ സങ്കീർണ്ണത അനുസരിച്ച് ചികിത്സിക്കുന്ന ഡോക്ടർ തീരുമാനിക്കും.

നേരത്തെ സൂചിപ്പിച്ചതുപോലെ സ്ത്രീകളിലാണ് ഈ അസുഖം താരതമ്യേന കൂടുതലായി കണ്ടുവരുന്നത് അത്. പലരും അസുഖം ഉണ്ടെന്നറിഞ്ഞാലും, വീട്ടിലെ സാഹചര്യങ്ങളും മറ്റും ചിന്തിച്ചും, ചികിത്സയെ കുറിച്ചുള്ള ഭയം കൊണ്ടും അറിവില്ലായ്മ കൊണ്ടും തെറ്റിദ്ധാരണകൾ കൊണ്ടും ശരിയായ ചികിത്സ തേടാൻ വിമുഖത കാണിക്കാറുണ്ട്.

ഓപ്പറേഷൻ ചെയ്താൽ തളർന്നു പോകുമോ ,ഇനി ഒരിക്കലും നടക്കാൻ പറ്റില്ലേ, എന്നിങ്ങനെയുള്ള കേട്ടുകേൾവിയുടെ ഭാഗമായുള്ള ഭയവും തെറ്റിദ്ധാരണകളും മൂലം ചികിത്സ മുടക്കാറുണ്ട്.
ശരിയായ രോഗനിർണ്ണയവും തക്ക സമയത്തുള്ള ചികിത്സയും മുന്നോട്ടുള്ള ജീവിതം സുഗമമായി പോകാൻ തീർച്ചയായും സഹായിക്കും. ചികിത്സയെപ്പറ്റി ചിന്തിച്ച്, ചികിത്സയോടുള്ള ഭയം മൂലം, ചികിത്സ തന്നെ തേടാതെ വേദനയും ദുരിതവും സഹിക്കുന്നവർ അറിയേണ്ടത് എന്തെന്നാൽ ചികിത്സ മാറ്റിവച്ചത് കൊണ്ട് അസുഖം മാറില്ല എന്നുള്ളതാണ്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ കൃഷ്ണകുമാർ ആർ

DNB , D ORTHO, MNAMS, Spine Fellowship (USA, Singapore)

കൺസൾട്ടന്റ് സ്പൈൻ സർജൻ, സ്പൈൻ സർജറി വിഭാഗം യൂണിറ്റ് മേധാവി,

മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം.

(ലേഖകൻ അമേരിക്കയിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ എസ് ആർ എസ് സ്പൈൻ ഫെല്ലോ ആയി പ്രവർത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സ്പൈൻ സർജൻമാരുടെ സംഘടനയായ എ ഒ സ്പൈൻ ഇൻറർനാഷണൽ ( AO Spine ) ഏഷ്യ-പസഫിക് വിഭാഗം ഫാക്കൽറ്റിയും ചെയർപേഴ്സണും ആണ്)