തൃശൂർ കുരിയച്ചിറ സ്വദേശി ഡോ. റെജിയുടെ ജീവിതം സിനിമാക്കഥ തോൽക്കുന്നത്ര വഴിത്തിരിവുകൾ നിറഞ്ഞതാണ്. ഏതെങ്കിലുമൊരു പെട്ടിക്കടയിൽ വീൽചെയറിൽ ഒതുങ്ങിപ്പോകുമായിരുന്ന ജീവിതത്തെ തന്റെ മനക്കരുത്തുകൊണ്ട് ഡോക്ടറുടെ കസേരയിൽ എത്തിച്ച അനുഭവത്തെക്കുറിച്ചു ഡോ. റെജി പറയുന്നത് ഇങ്ങനെ...
‘‘സ്കൂൾ പഠനം കഴിഞ്ഞതോടെ കാലു വയ്യാത്ത കുട്ടിയെ ഇനിയും പഠിക്കാൻ വിട്ടു കഷ്ടപ്പെടുത്താതെ കടയോ ടെലി ഫോൺ ബൂത്തോ ഇട്ടു കൊടുക്കാൻ പലരും വീട്ടുകാരോടു പറഞ്ഞു. ഒാട്ടോമൊബൈൽ എഞ്ചിനീയറിങ്ങിനോടായിരുന്നു എനിക്കു താൽപര്യം. പപ്പ സ്ഥിരം കണ്ടിരുന്ന ഒരു ഡോക്ടറാണ് എന്റെ ജീവിതം മാറ്റിമറിച്ച ഉപദേശം നൽകിയത്.
‘ ഒരു മേശയും സ്െറ്റതസ്കോപും ഉണ്ടെങ്കിൽ അവൻ ജീവിച്ചോളും. അവനെ മെഡിസിൻ പഠിക്കാൻ വിടൂ’ എന്ന അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പ്രീഡിഗ്രി സെക്കൻഡ് ഗ്രൂപ്പിൽ ചേർത്തു. കോളജിൽ പോയിവരാൻ 60 കി.മീറ്റർ യാത്രയുണ്ട്. വെളുപ്പിനേ അഞ്ചേ മുക്കാലിനു പുറപ്പെട്ടാൽ തിരിച്ചെത്തുന്നത് ഉച്ചകഴിഞ്ഞു രണ്ടരയ്ക്കാണ്. ഒാട്ടോയിലും ബാക്കി ദൂരം ബസ്സിൽ തൂങ്ങിക്കിടന്നും പിന്നെ നടന്നും പടികയറിയും യാത്ര. ഞായറാഴ്ചകളിൽ എൻട്രൻസ് പരിശീലനം. എന്തിനാണ് കാലു വയ്യാത്ത കുട്ടിയെ ഇങ്ങനെയിട്ടു കഷ്ടപ്പെടുത്തുന്നത് എന്നു പലരും വീട്ടുകാരെ പഴി പറഞ്ഞു. പക്ഷേ, മമ്മി ഒരു പവർ ഹൗസാണ്. ഒന്നിലും കുലുങ്ങില്ല. ഞങ്ങളുടെ വീട്ടി ൽ എന്തെങ്കിലും ചില്ലറ രോഗവുമൊക്കെ പറഞ്ഞു ചെന്നാൽ ആരും മൈൻഡ് ചെയ്യുകപോലുമില്ല. പ്രത്യേകിച്ച് മ മ്മി. ഈ മനോഭാവം വലിയൊരു പൊസിറ്റീവ് റീ ഇൻഫോഴ്സ്മെന്റ് ആയിരുന്നു. ഒരു രോഗത്തിനും നമ്മളെ കീഴ്പ്പെടുത്താനാകില്ല എന്ന ചിന്ത അങ്ങനെ മനസ്സിൽ വേരൂന്നി. ’’
ശോഷിച്ച കാലുകളുള്ള ആ കുട്ടിയെ പഠിക്കാൻ വിട്ടു കഷ്ടപ്പെടുത്തരുത് എന്നു പറഞ്ഞ വരെ മെഡിസിനിൽ ബിരുദാനന്തര ബിരുദം നേടി അമ്പരപ്പിച്ച ഡോ. റെജിയുടെ ജീവിതം വിശദമായി വായിക്കാം മനോരമ ആരോഗ്യം മാർച്ച് ലക്കത്തിൽ