1972 മാർച്ച് 23. തൃശൂർ ആർത്താറ്റിലെ ആ ശുപത്രിയിൽ പിറന്ന ആ കുഞ്ഞിനെ കണ്ടു ഡോക്ടർമാർ പോലും പകച്ചുപോയി. രണ്ടു കാലുകളും ഒടിഞ്ഞപോലെ ഉള്ളിലേക്കു മടങ്ങിയിരിക്കുന്നു. മുഖം കാണാനില്ല. നടുവിന് ഒരു വളവും. സങ്കീർണമായ പ്രസവത്തിനു ശേഷം തളർന്നുകിടക്കുകയാണ് അമ്മ. കുഞ്ഞിനെ കണ്ട് അവരുടെ മനസ്സ് കൈവിട്ടുപോകുമോയെന്നു കരുതി വിഷാദമരുന്നുകൾ എഴുതി തന്ന ഡോക്ടർമാരോട് ആ അമ്മ പറഞ്ഞു ‘എനിക്ക് ഇതിന്റെയൊന്നും ആവശ്യമില്ല. എന്റെ മകനെ നോക്കാൻ എനിക്കറിയാം’.
വീൽചെയറിൽ ഒതുങ്ങിപ്പോകുമായിരുന്ന തന്റെ ജീവിതത്തെ ഡോക്ടറുടെ കസേരയിൽ എത്തിച്ചത് അമ്മയിൽ നിന്നും കിട്ടിയ ധൈര്യവും കരുത്തുമാണെന്നു തൃശൂർ കുരിയച്ചിറ സ്വദേശി ഡോ. റെജി ജോ ർജ് പറയുന്നു. എട്ടാം മാസം മുതൽ അഞ്ചു വയസ്സുവരെയുള്ള കാലത്തിനിടയ്ക്ക് എട്ടോളം സർജറികൾക്കു വിധേയനായി. ഒാരോ തവണ വെല്ലൂർ ആശുപത്രിയിൽ പോകുമ്പോഴും ബ്രെയ്സുകളും ക്രച്ചസും മറ്റു വച്ചുകെട്ടലുകളുമായി വരുന്ന കുട്ടികളെ നോക്കി,
‘ എനിക്കു നടക്കാനും ഇത്രയും സാധനങ്ങൾ വച്ചുകെട്ടണോ?’ എന്ന് ആശങ്കപ്പെട്ട റെജിയോട് അമ്മ പറഞ്ഞുÐ ‘‘ഈ കുട്ടികളെ വച്ചു നോക്കുമ്പോൾ നീ എ ത്ര ബെറ്റർ ആണ്... നിനക്ക് ഒരു രോഗവുമില്ല.’’ പിന്നെയൊരിക്കലും മറ്റുള്ളവരുമായി താരതമ്യത്തിന് റെജി മുതിർന്നില്ല. തനിക്കു കുറവുണ്ടെന്നു പറഞ്ഞ് എങ്ങും മാറിനിന്നതുമില്ല.
ഒട്ടേറെ സർജറികൾക്കൊടുവിൽ നടുവിന്റെ വളവു മാറി, കാൽ നിവർന്നു. അഞ്ചു വയസ്സിലാണ് ആദ്യമായി പിച്ചവച്ചത്. വെല്ലൂരു നിന്നു തന്നുവിട്ട ഒരു വടിയൂന്നിയും വീട്ടിൽ പ്രത്യേകം ഘടിപ്പിച്ച റെയിലിൽ പിടിച്ചുമാണ് ആദ്യമൊക്കെ നടന്നത്. ആറാം വയസ്സിൽ വീട്ടിൽ സഹായത്തിനു നിന്ന മേരിചേച്ചിയുടെ ഒക്കത്തിരുന്ന് പാവറട്ടി പള്ളി സ്കൂളിൽ രണ്ടാം ക്ലാസ്സിൽ ചേർന്നു. അഞ്ചാം ക്ലാസ്സായപ്പോൾ റാലി സൈക്കിളിന്റെ പിറകിലിരുന്നായി സ്കൂളിലേക്കുള്ള യാത്ര. പിന്നെ നടന്നുപോയിത്തുടങ്ങി. സ്കൂൾ പഠനകാലത്ത് ഒരു തരത്തിലുള്ള വേർതിരിവും അനുഭവപ്പെട്ടി ല്ല എന്നു റെജി ഒാർക്കുന്നു. ഡ്രിൽ പീരിയഡുകളിൽ പോലും ആരും ഒറ്റയ്ക്കാക്കിയില്ല.
മെഡിസിൻ പഠനത്തിലേക്ക്
‘‘സ്കൂൾ പഠനം കഴിഞ്ഞതോടെ കാലു വയ്യാത്ത കുട്ടിയെ ഇനിയും പഠിക്കാൻ വിട്ടു കഷ്ടപ്പെടുത്താതെ കടയോ ടെലി ഫോൺ ബൂത്തോ ഇട്ടു കൊടുക്കാൻ പ ലരും വീട്ടുകാരോടു പറഞ്ഞു.’’ ഡോ. റെജി ഒാർക്കുന്നു. ‘‘ ഒാട്ടോമൊബൈൽ എഞ്ചിനീയറിങ്ങിനോടായിരുന്നു എനിക്കു താൽപര്യം. പപ്പ സ്ഥിരം കണ്ടിരുന്ന ഒരു ഡോക്ടറാണ് എന്റെ ജീവിതം മാറ്റിമറിച്ച ഉപദേശം നൽകിയത്.
‘ ഒരു മേശയും സ്െറ്റതസ്കോപും ഉണ്ടെങ്കിൽ അവൻ ജീവിച്ചോളും. അവനെ മെഡിസിൻ പഠിക്കാൻ വിടൂ’ എന്ന അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പ്രീഡിഗ്രി സെക്കൻഡ് ഗ്രൂപ്പിൽ ചേർത്തു.
കോളജിൽ പോയിവരാൻ 60 കി.മീറ്റർ യാത്രയുണ്ട്. വെളുപ്പിനേ അഞ്ചേ മുക്കാലിനു പുറപ്പെട്ടാൽ തിരിച്ചെത്തുന്നത് ഉച്ചകഴിഞ്ഞു രണ്ടരയ്ക്കാണ്. ഒാട്ടോയിലും ബാക്കി ദൂരം ബസ്സിൽ തൂങ്ങിക്കിടന്നും പിന്നെ നടന്നും പടികയറിയും യാത്ര. ഞായറാഴ്ചകളിൽ എൻട്രൻസ് പരിശീലനം. എന്തിനാണ് കാലു വയ്യാത്ത കുട്ടിയെ ഇങ്ങനെയിട്ടു കഷ്ടപ്പെടുത്തുന്നത് എന്നു പലരും വീട്ടുകാരെ പഴി പറഞ്ഞു.
പക്ഷേ, മമ്മി ഒരു പവർ ഹൗസാണ്. ഒന്നിലും കുലുങ്ങില്ല. ഞങ്ങളുടെ വീട്ടി ൽ എന്തെങ്കിലും ചില്ലറ രോഗവുമൊക്കെ പറഞ്ഞു ചെന്നാൽ ആരും മൈൻഡ് ചെയ്യുകപോലുമില്ല. പ്രത്യേകിച്ച് മ മ്മി. ഈ മനോഭാവം വലിയൊരു പൊസിറ്റീവ് റീ ഇൻഫോഴ്സ്മെന്റ് ആയിരുന്നു. ഒരു രോഗത്തിനും നമ്മളെ കീഴ്പ്പെടുത്താനാകില്ല എന്ന ചിന്ത അങ്ങനെ മ നസ്സിൽ വേരൂന്നി.
‘നീ പഠിച്ചിട്ടൊന്നും കാര്യമില്ല, എ ങ്ങുമെത്താൻ പോകുന്നില്ല’ എന്നു പലതവണ കേട്ടിട്ടുണ്ട്. പ്രീഡിഗ്രി പുസ്തകത്തിൽ ഡോ. റെജി എന്ന് എഴുതിയിട്ടതു കണ്ട് ട്യൂഷൻ സാർ കളിയാക്കി. കുത്തുവാക്കുകളും പരിഹാസവും വാശികൂട്ടിയതേയുള്ളു. കഠിനമായി പഠിച്ചു. റിസൽട്ട് വന്നപ്പോൾ 421Ðാം റാങ്ക്. ശാരീരിക പരിമിതിയുള്ളവർക്കെല്ലാം കൂടി ഒരു മെഡിസിൻ സീറ്റാണ് അന്നുള്ളത്. 250 പേരാണ് ഒരു സീറ്റിനായി ഇന്റർവ്യൂവിനു വന്നത്. അവിടെയും വിജയിച്ച് തൃശൂ ർ മെഡി. കോളജിലെ ഡോക്ടർമാരുടെ അവസാന ഫിറ്റ്നസ്സ് ചെക്കപ്പും കഴിഞ്ഞ് മെഡിസിൻ പഠനം തുടങ്ങി.
ആദ്യമായി ചെരിപ്പു ധരിക്കുന്നത് ആ സമയത്താണ്. കാലിൽ ചെരിപ്പ് ഉരഞ്ഞുപൊട്ടി വേദനയായിരിക്കും. മണിക്കൂറുകളോളം നിൽക്കണം. ചിലപ്പോൾ ഒരു ക്ലാസ്സ് കഴിഞ്ഞ് കെട്ടിടത്തിന്റെ അങ്ങേയറ്റത്തുള്ള ക്ലാസ് മുറിയിലേക്ക് 10 മിനിറ്റു കൊണ്ട് ഒാടിയെത്തണം. റൗണ്ട്സിനു പോകുമ്പോൾ ചില ഡോക്ടർമാർ ലിഫ്റ്റ് ഉപയോഗിക്കില്ല. പടികയറി പിന്നാലെ ചെല്ലണം. മെഡി സിൻ കഴിഞ്ഞ് പി എസ് സി എഴുതി തൃശൂർ മെന്റൽ ഹെൽത് സെന്ററിൽ നിയമനം കിട്ടിയപ്പോൾ നിന്നെപ്പോലൊരാൾക്ക് ഇതു ബെസ്റ്റ് ഫീൽഡ് ആണെന്നു പലരും പറഞ്ഞു. ഇരുന്നു രോഗികളെ നോക്കിയാൽ മതിയല്ലൊ. പക്ഷേ, എ നിക്ക് സൈക്യാട്രിയോടു താൽപര്യമേ ഇല്ലായിരുന്നു. വീടിനു വേണ്ടി കരിയർ കളയരുത് എന്നു മമ്മി പറഞ്ഞതു കേട്ടാണ് പിജി എൻട്രൻസ് എഴുതിയത്. ഒാൾ ഇന്ത്യയിൽ 840Ðാം റാങ്ക്. മധുര മെഡി. കോളജിൽ ഇഎൻടി സർജറിക്കു ചേരാൻ തീരുമാനിച്ചു. പക്ഷേ, അ വിടെ സർക്കാർ സർവീസിൽ നിന്നും പിരിഞ്ഞു എന്ന സർട്ടിഫിക്കറ്റ് വേണം, അതും 15 ദിവസത്തിനുള്ളിൽ. ആ സർട്ടിഫിക്കറ്റ് കിട്ടാൻ എട്ടു മാസം എടുക്കും. അഡ്മിഷനായി പലരുടെയും പിറകേ നടന്നു കെഞ്ചി. പക്ഷേ, കിട്ടിയില്ല.
വിട്ടുകൊടുത്തില്ല, രണ്ടാമതും എൻട്രൻസ് എഴുതി. ഇത്തവണ 88Ðാം റാങ്ക്. അപ്പോഴും അസ്ഥിരോഗവിദഗ്ധനാകുക എന്ന മോഹം മനസ്സിലുണ്ട്. പക്ഷേ, അന്നു ഗുരുസ്ഥാനീയനായിരുന്ന ആൾ അതിന്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചു. ഇപ്പോൾ പ്രശ്നമില്ലെങ്കിലും ഭാവിയിൽ ബുദ്ധിമുട്ടു വരാം എന്നു സ്നേഹബുദ്ധ്യാ അദ്ദേഹം പറഞ്ഞത് ഞാൻ അംഗീകരിച്ചു. അദ്ദേഹം തന്നെയാണ് റേഡിയോഡയഗ്‌നോസിസ് എടുക്കാൻ നിർദേശിച്ചതും. കോഴിക്കോട് മെഡി. കോള ജിലെ എം ഡി പഠനത്തിനു ശേഷം 18 വർഷത്തോളം തൃശൂർ ജൂബിലി മെഡിക്കൽ മിഷനിൽ ജോലി ചെയ്തു. അഞ്ചു വർഷം ഡിപ്പാർട്ട്മെന്റ് ഇൻ ചാർജ് ആയിരുന്നു. ഇപ്പോൾ തൃശൂർ നെല്ലിക്കുന്നിൽ ഡോ. റെജീസ് ഒാസോൺ സ്കാൻ സെന്റർ എന്ന സ്ഥാപനം നടത്തുന്നു.
പരിഹാസങ്ങളാണ് ഊർജം
ഭാര്യ പൊന്നി ജോസ് റേഡിയോഡയഗ്‌നോസിസ് സ്പെഷലിസ്റ്റ് ആണ്. എന്റെ ഹൗസ് സർജൻസി വിദ്യാർഥിനി ആയിരുന്നു. ഇപ്പോൾ രണ്ടു മക്കൾÐസാം, ടോം. ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ സമയത്തും ആളുകളുടെ വിചാരണ നേരിടേണ്ടിവന്നിട്ടുണ്ട്. പൊന്നിക്ക് എന്തെങ്കി ലും കുഴപ്പമുണ്ടോ, സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബമാണോ എന്നൊക്കെ ചോദ്യമുയർന്നു. എനിക്കു ദാമ്പത്യജീവിതം സാധ്യമാണോ എന്നു സംശയിച്ചവരുമുണ്ട്. കുട്ടികളുണ്ടായപ്പോഴാകട്ടെ നടക്കുമോ, എന്തെങ്കിലും വൈകല്യമുണ്ടോ എന്നൊക്കെയായി ചോദ്യം. യാത്രാ സൗകര്യത്തിന് മെഴ്സിഡസ് ബെൻസ് എടുത്തപ്പോഴും ‘നിനക്കെന്തിനാണ് ഇത്ര വലിയ കാർ’ എന്നു വിമർശനങ്ങളുണ്ടായി.
2005 ലാണ് നീന്തൽ പഠിക്കുന്നത്. ര ണ്ടു കൈയ്ക്കും വൈകല്യമുള്ള ഒരു കുട്ടി ഇംഗ്ലിഷ് ചാനൽ നീന്തിക്കടന്ന വാർത്ത കണ്ടതാണ് പ്രചോദനം. സമയം കിട്ടുമ്പോഴൊക്കെ നീന്താൻ പോകും. മറ്റൊരിഷ്ടം യാത്രകളാണ്.
ജീവിതത്തിൽ ഇതുവരെ നേടിയതൊന്നും എന്റെ വൈകല്യത്തോടുള്ള സഹതാപം കൊണ്ടു ലഭിച്ചതല്ല. വൈകല്യമുണ്ടെന്നു കരുതി രോഗികൾ എന്റെ ചികിത്സയെ അവിശ്വസിച്ചിട്ടുമില്ല. പരിമിതികളിലുടക്കി പിന്നാക്കം പോകരുതെന്നാണ് എനിക്കു പറയാനുള്ളത്. ’’