Tuesday 21 September 2021 10:17 AM IST

ഒാരോ നാലു മിനിറ്റിലും ഒരാൾക്ക് വീതം സ്തനാർബുദം; ചെറുപ്പക്കാരിലും വില്ലൻ: സ്തനാർബുദം മുൻപേ കണ്ടെത്തേണ്ടത് എന്തുകൊണ്ട്?

Asha Thomas

Senior Sub Editor, Manorama Arogyam

breast324325

ഇന്ത്യൻ സ്ത്രീകളിൽ ഏറ്റവും സാധാരണമായി കാണുന്ന ഒന്നാണ് സ്തനാർബുദം. 2020ലെ നാഷനൽ കാൻസർ റജിസ്ട്രി കണക്കുകൾ പ്രകാരം ഇന്ത്യയിലെ സ്ത്രീകളിൽ വരുന്ന അർബുദങ്ങളിൽ 14. 8 ശതമാനവും സ്തനാർബുദമാണ്. മെട്രോപോളിറ്റൻ നഗരങ്ങളിലാണ് സ്തനാർബുദസാധ്യത ഏറ്റവും കൂടുതലുള്ളത്. മിക്ക നഗരങ്ങളിലും 25–32 ശതമാനം സ്തനാർബുദരോഗികളുണ്ട്. വർഷംതോറും സ്തനാർബുദ നിരക്ക് കൂടിവരികയാണ് എന്നാണ് ജനസംഖ്യാ അടിസ്ഥാനത്തിലുള്ള കാൻസർ റജിസ്ട്രികൾ ചൂണ്ടിക്കാണിക്കുന്നത്. സ്തനാർബുദ നിരക്കിലുള്ള ഈ സ്ഥായിയായ വർധനവ് സ്ത്രീകളെ സംബന്ധിച്ച് വലിയൊരു വെല്ലുവിളി തന്നെയാണ്.

ചെറുപ്പക്കാരിൽ കൂടുന്നു?

ഇന്തയിൽ, ചെറുപ്പക്കാരിൽ കൂടുതലായി സ്തനാർബുദം കാണുന്നു എന്നതാണ് മറ്റൊരു ആശങ്കാജനകമായ കാര്യം. 25 വർഷം മുൻപുള്ള കണക്ക് നോക്കിയാൽ 100 സ്തനാർബുദരോഗികളിൽ 2 ശതമാനം മാത്രമായിരുന്നു 20–30 പ്രായത്തിലുള്ളവർ. പുതിയ കണക്കുപ്രകാരം അത് 4 ശതമാനമായി വർധിച്ചു. 25 വർഷം മുൻപ് 7 ശതമാനം മാത്രമായിരുന്നു 30–40 പ്രായത്തിൽ പെട്ട സ്തനാർബുദരോഗികൾ. പക്ഷേ, പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് 30–40 പ്രായത്തിൽ പെട്ട 16 ശതമാനം പേർക്ക് സ്തനാർബുദം വരുന്നു എന്നാണ്. 20–40 പ്രായത്തിലുള്ളവരിൽ സ്തനാർബുദനിരക്ക് ഉയർന്നുവരുന്നു എന്നത് നാം ജാഗ്രതയോടെ പരിഗണിക്കേണ്ട വിഷയമാണ്.

അതിജീവനസാധ്യത ഏറ്റവും കൂടുതലുള്ള ഒരു അർബുദം കൂടിയാണ് സ്തനാർബുദം. അമേരിക്കൻ വിദഗ്ധസമിതികളുടെ വിലയിരുത്തൽ അനുസരിച്ച് സ്തനാർബുദം പിടിപെടുന്ന 100 സ്ത്രീകളിൽ 95 പേരും ഏറ്റവും കുറഞ്ഞത് 5 വർഷത്തേക്ക് കൂടി ജീവിച്ചിരിക്കാനുള്ള സാധ്യതയുണ്ട് എന്നാണ്. ചിലരിൽ ഇത് പത്തോ പതിനഞ്ചോ ഇരുപതോ വർഷം വരെ ആകാം. ഇന്ത്യയ‌ിൽ ഇതു സംബന്ധിച്ച് കൃത്യമായൊരു കണക്കുകളൊന്നുമില്ല. പക്ഷേ, ലഭ്യമായ വിശദാംശങ്ങൾ പരിശോധിച്ചതിൽ നിന്നും ഇന്ത്യൻ സ്ത്രീകളിലെ സ്തനാർബുദ അതിജീവന സാധ്യത 60 ശതമാനം മാത്രമാണെന്നു കണ്ടിരുന്നു.

എന്തുകൊണ്ട് അതിജീവനസാധ്യത കുറയുന്നു?

ഇന്ത്യയിൽ ഒാരോ നാലു മിനിറ്റിലും ഒരു സ്ത്രീക്കു വീതം സ്തനാർബുദം നിർണയിക്കപ്പെടുന്നു. ഒാരോ 13 മിനിറ്റിലും സ്തനാർബുദ ബാധിതയായി ഒരു സ്ത്രീ മരിക്കുന്നു.

‘‘ സ്തനാർബുദ അതിജീവന സാധ്യത കുറയാൻ രണ്ടു പ്രധാനകാരണങ്ങളാണ് ഉള്ളത്. സ്തനാർബുദം താമസിച്ച് കണ്ടെത്തുന്നതും കൃത്യമല്ലാത്ത, അനുയോജ്യമല്ലാത്ത ചികിത്സയും. ’’ സ്നേഹിത എന്ന പേരിൽ സ്തനാർബുദ ബോധവൽക്കരണ പരിപാടികളും സ്തനാർബുദ തിരിച്ചറിയൽ ക്യാംപുകളും സംഘടിപ്പിക്കുന്ന ഡോ. റെജി പോൾ പറയുന്നു. ‘‘രണ്ടു സെന്റിമീറ്റർ ആകുമ്പാേഴ കണ്ടുപിടിക്കാവുന്ന സ്തനത്തിലെ മുഴ മൂന്ന്–നാല് സെന്റിമീറ്റർ വലുപ്പമായ ശേഷമാണ് പലരും ആശുപത്രിയിലെത്തുന്നത്. നേരത്തേ മുഴ കണ്ടുപിടിച്ചിട്ടും സാരമില്ല എന്നു കരുതി ചികിത്സയെടുക്കാത്തവരുമുണ്ട്. സ്തനാർബുദം നേരത്തേ കണ്ടുപിടിക്കാനുള്ള പരിശോധനാക്യാംപുകളിൽ പങ്കെടുക്കുകയോ 30 വയസ്സിനു ശേഷം കഴിയുന്നതും വർഷാവർഷം ക്ലിനിക്കൽ പരിശോധന നടത്തുകയോ ചെയ്താൽ സ്തനാർബുദം നേരത്തേ കണ്ടുപിടിക്കാവുന്നതേയുള്ളു.

സ്തനത്തിൽ ഒരു മുഴ കണ്ടാൽ ഉടൻ പോയി സ്വന്തമായി മാമ്മോഗ്രാം എടുക്കുകയല്ല ചെയ്യേണ്ടത്. പരിചയസമ്പത്തുള്ള ഒരു സർജനെ തന്നെ കണ്ട് ക്ലിനിക്കൽ പരിശോധനയ്ക്ക് വിധേയമാകണം. സ്തനാർബുദമല്ല എന്നുറപ്പാക്കാൻ ആവശ്യമെങ്കിൽ കൂടുതൽ പരിശോധന നടത്തണം. സ്തനാർബുദമാണെങ്കിൽ കൃത്യമായ ചികിത്സയ്ക്ക് വിധേയമാകണം. ’’ ഡോ. റെജി പറയുന്നു.

സ്തനാർബുദത്തിനായി ഒരു മാസം

സ്തനാർബുദം ഇന്ത്യയുടെ മാത്രം പ്രശ്നമല്ല. ആഗോളവിഷയമാണ്. 2020ൽ ആഗോളതലത്തിൽ 2.3 മില്യൺ അഥവാ 23 ലക്ഷം സ്ത്രീകളിലാണ് സ്തനാർബുദം നിർണയിക്കപ്പെട്ടത്. അതുകൊണ്ടാണ് വർഷം തോറും ആഗോളതലത്തിൽ തന്നെ ഒക്ടോബർ മാസം സ്തനാർബുദ ബോധവൽക്കരണ മാസമായി ആചരിക്കുന്നത്. ഒരു മാസം മുഴുവൻ ഒരു രോഗത്തിനായി മാറ്റിവയ്ക്കുന്നതിന്റെ പ്രധാന ഉദ്ദേശം തന്നെ ആളുകൾ അർഹിക്കുന്ന പരിഗണനയോടെ ഈ രോഗത്തെ കാണുന്നതിനും സ്തനാർബുദ അപകടസാധ്യത ഉള്ളവർ സ്വയം ഒരു ചെക്കപ്പിനായി തയ്യാറെടുക്കുന്നതിനുമുള്ള സമയത്തിനു വേണ്ടിയാണ്.

മറ്റു വിവരങ്ങൾക്ക് കടപ്പാട്

ലോകാരോഗ്യസംഘടന

നാഷനൽ കാൻസർ റജിസ്ട്രി പ്രോഗ്രാം–കാൻസർ സ്റ്റാറ്റിസ്റ്റിക്സ് 2020

Tags:
  • Manorama Arogyam
  • Health Tips