മധുരം കഴിക്കുന്നത് പല്ലിനു നന്നല്ല എന്നു നമുക്കറിയാം. മധുരങ്ങളുടെ വിഭാഗത്തിൽ സുക്രോസ് ആണ് ഏറ്റവും അപകടകരം. ഏതുതരം മധുരമാണെന്നത് മാത്രമല്ല എത്രനേരം മധുരം പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്നു എന്നതനുസരിച്ചു കൂടിയാണ് മധുരം പല്ലിന് ദോഷകരമാകുന്നത്.
ഒരു ജ്യൂസ് കുടിക്കുന്നതു പോലെയല്ല മിഠായി നുണയുന്നത്. മിഠായി കടിച്ചു കഴിച്ചിട്ട് വായ കഴുകിയില്ലെങ്കിൽ അതിന്റെ മധുരം ദീർഘനേരം പല്ലിൽ പറ്റിപ്പിടിച്ചിരുന്ന് പോടുകൾ വരുത്തും.
ബിസ്ക്കറ്റ്, കേക്ക്, പേസ്ട്രി പോലുള്ള മധുരമുള്ള സ്നാക്സ് ദന്തക്ഷയത്തിന് ഇടയാക്കും. പതിവായി മധുരപലഹാരങ്ങൾ കഴിക്കുന്ന കുട്ടികളിൽ അല്ലാത്തവരെ അപേക്ഷിച്ച് ദന്തക്ഷയത്തിനുള്ള സാധ്യത കൂടുതലാണ്.
മധുരത്തിന്റെ അളവു മാത്രമല്ല എത്രതവണ കഴിക്കുന്നു എന്നതും പ്രധാനമാണ്. ഒരുമിച്ച് പത്ത് മധുരപലഹാരം കഴിക്കുന്നതിലും ദോഷമാണ് അഞ്ചു മധുരപലഹാരം ദിവസം അഞ്ചു തവണയായി കഴിക്കുന്നത്.
ബിസ്ക്കറ്റ് പോലുള്ളവയ്ക്കു പകരം പഴങ്ങൾ ചെറുകഷണമാക്കിയതോ അണ്ടിപ്പരിപ്പുകളോ നൽകാം.
കുട്ടിക്കാലത്തേ മധുരം കുറച്ചു ശീലിപ്പിക്കാം
കുട്ടികളുടെ വളർച്ചയുടെ ആദ്യഘട്ടത്തിൽ രുചിമുകുളങ്ങൾ പൂർണമായി രൂപപ്പെട്ടിട്ടുണ്ടാവില്ല. അതുകൊണ്ട് പിഞ്ചുപ്രായത്തിലേ മധുരം അധികം നൽകാതെ ശീലിപ്പിച്ചാൽ അങ്ങനെ തന്നെ തുടരാനാകും. പിഞ്ചുകുഞ്ഞുങ്ങൾക്ക് മധുരം ചേർക്കാതെ പാൽ നൽകിയും ബിസ്ക്കറ്റിനും പായ്ക്കറ്റ് ഭക്ഷണത്തിനും പകരം പഴങ്ങളും പച്ചക്കറികളും നൽകിയും ശീലിപ്പിക്കുക. ഭാവിയിലും അവർ അത് പിൻതുടരും.
അൽപം കൂടി മുതിർന്ന കുട്ടികളിൽ ശീലിച്ച രുചി മാറ്റാൻ പ്രയാസമാണ്. പക്ഷേ, നിയന്ത്രണങ്ങൾ കൊണ്ടുവരാം. മധുര പലഹാരങ്ങളുടെ തവണ കുറയ്ക്കാം. ആഴ്ചയിൽ ഒരിക്കലോ രണ്ടു തവണയോ മാത്രമാക്കാം. ബാക്കി ദിവസങ്ങളിൽ പഴങ്ങളും നട്സും പകരം കഴിക്കാൻ ശീലിപ്പിക്കാം.
മധുരം എങ്ങനെ പോടുണ്ടാക്കുന്നു
പല്ലിൽ മധുരാവശിഷ്ടങ്ങൾ പറ്റിപ്പിടിച്ചിരുന്ന് അതിൽ ബാക്ടീരിയ വളർന്ന് പ്ലാക്ക് രൂപപ്പെടുന്നു. ഈ ബാക്ടീരിയ പ്ലാക്കിലെ മധുരഘടകങ്ങളെ ആസിഡുകളാക്കി രൂപാന്തരീകരിക്കും. ഇതാണ് ദന്തക്ഷയത്തിന് തുടക്കമിടുന്നത്. വെറുതെ വായ കഴുകുന്നതുകൊണ്ട് പ്ലാക്കിനെ നീക്കാനാവില്ല. പതിവായും കൃത്യമായും പല്ലു തേയ്പും ഫ്ലോസിങ്ങും ചെയ്യുന്നതു വഴി പ്ലാക്ക് വലുതാകുന്നതു തടയാം.
ശ്രദ്ധിക്കേണ്ടത്
∙ മധുരം കഴിച്ചു കഴിഞ്ഞാലുടനേ കുട്ടികളുടെ പല്ലു തേയ്ക്കുക.
∙ കൊച്ചുകുഞ്ഞുങ്ങളിലും രാത്രി മുലപ്പൽ നൽകിയശേഷം നനഞ്ഞ തുണി കൊണ്ട് പല്ലു തുടയ്ക്കണം.
∙ കഴിവതും പാലിൽ മധുരം അധികം ചേർക്കാതിരിക്കുക. പാൽ കുടിച്ചശേഷം വായ വൃത്തിയായി കഴുകാൻ നിർദേശിക്കുക.
∙ എത്രതവണ മധുരം കഴിക്കുന്നു എന്നതു പ്രധാനമാണ്. അതുകൊണ്ട് ദിവസം പലതവണ മധുരം കഴിക്കുന്നത് ഒഴിവാക്കുക.
∙ പ്രധാനഭക്ഷണം വയറുനിറയെ കഴിക്കാൻ നിർദേശിക്കാം. ഇതു മധുര സ്നാക്സ്ിന്റെ ഉപയോഗം കുറയ്ക്കും.