Friday 05 August 2022 06:29 PM IST : By സ്വന്തം ലേഖകൻ

മദ്യം മാത്രമല്ല, പ്രമേഹവും കൊളസ്ട്രോളും അണുബാധകളും പ്രശ്നം: ഫാറ്റി ലിവർ തടയാൻ 10 കാര്യങ്ങൾ

fattyliver323

അഞ്ചു ശതമാനത്തിൽ താഴെയാണു കരളിലുള്ള കൊഴുപ്പിന്റെ അളവ്. അപ്പോൾ അഞ്ചു ശതമാനത്തിനു മുകളിൽ കരളിൽ കൊഴുപ്പ് അടിയുമ്പോൾ ഉണ്ടാകുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ എന്നതു കൊണ്ട് വിശേഷിപ്പിക്കുന്നത്. കൊഴുപ്പിന്റെ അംശം കൂടുമ്പോൾ ഗ്രേഡ് ഒന്നിൽ നിന്നും ഗ്രേഡ് രണ്ടിലേക്കും വീണ്ടും കൂടിയാൽ ഗ്രേഡ് മൂന്നിലേക്കും മാറുന്നു. ഗ്രേഡിന്റെ അക്കം കൂടുന്ന മുറയ്ക്ക് ഫാറ്റി ലിവറിന്റെ തീവ്രയും കൂടും. അൾട്രാസൗണ്ട് പരിശോധനയിൽ ഫാറ്റി ലിവർ കണ്ടെത്തുന്ന മുറയ്ക്ക് രോഗി (ഗ്യാസ്ട്രോ എന്ററോളജിസ്റ്റിന്റെ നിർദ്ദേശാനുസരണം ഒരു ലിവർ ഫങ്ഷൻ ടെസ്റ്റ് നടത്തേണ്ടതാണ്. ലിവർ ഫങ്ഷൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പരിശോധനകൾ (evaluation) വേണ്ടതുണ്ടോ എന്നു തീരുമാനിക്കുക.

25 ശതമാനം പേരിലും ലിവർ ഫങ്ഷൻ ടെസ്റ്റ്(LFT) സാധാരണം ആണെങ്കിൽ കൂടി തുടർ ടെസ്റ്റുകൾ വേണ്ടി വന്നേക്കാം. അതിനാൽ ഫാറ്റി ലിവർ കൃത്യമായി ഒരു ഡോക്ടർ തന്നെ വിലയിരുത്തേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുന്നു.

പലപ്പോഴും വയറുവേദനയ്ക്ക് അൾട്രാസൗണ്ട് സ്കാൻ എടുക്കുമ്പോഴാണ് ഫാറ്റി ലിവർ പലരിലും കണ്ടുപിടിക്കുന്നത്. ഇവിടെ പ്രധാനമായും മനസ്സിലാക്കേണ്ട ഒരു കാര്യം ഫാറ്റി ലിവർ കാരണം ശക്തമായ വയറുവേദനയുണ്ടാകുന്ന പതിവില്ല. ഫാറ്റി ലിവർ കാണുമ്പോൾ ഉ ത്കണ്ഠാകുലരാവാതെ കൃത്യമായ പരിശോധന നടത്തി ഗ്യാസ്ട്രോ എന്റോളജിസ്റ്റിനെ കണ്ട് സംശയ നിവാരണം നടത്തുന്നത് അഭികാമ്യമായിരിക്കും.

ഫാറ്റി ലിവർ ഏതു ഘട്ടത്തിലായാലും ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഒട്ടറെ കാര്യങ്ങളുണ്ട്. പ്രതിരോധത്തിനും രോഗ നിയന്ത്രണത്തിനും മാത്രമല്ല ചികിത്സയ്ക്കും അത് അനിവാര്യമാണ്.

1. അശാസ്ത്രീയ ചികിത്സകൾ ഒഴിവാക്കുക

ഫാറ്റി ലിവർ ഒരു വലിയ ആരോഗ്യ പ്രശ്നമായി സമൂഹം കണക്കാക്കുന്നില്ല. ഈ അവഗണനയും അവബോധക്കുറവും ഗുരുതരമായ കരൾരോഗികളുെട എണ്ണം നാൾക്കു നാൾ കൂടിവരുന്നതിന്റെ പ്രധാന കാരണമാണ്. മാത്രമല്ല, ഫാറ്റി ലിവർ ഉണ്ടെന്നറിഞ്ഞാലും ജീവിതശൈലിയിൽ മാറ്റം വരുത്താനോ ചികിത്സകൾ സ്വീകരിക്കാനോ പലരും തയാറാകുന്നില്ല. മാത്രമല്ല, ലക്ഷണങ്ങളില്ലാത്തതിനാൽ സമയാസമയം വേണ്ട പരിശോധനകളും ചെയ്യില്ല. ഇതിനും പുറമേ അശാസ്ത്രീയമായവയോ ഗുണഫലമോ പാർശ്വഫലങ്ങളോ തെളിയിക്കപ്പെടാത്തതോ ആയ മരുന്നുകൾ വാങ്ങിക്കഴിക്കുകയും ചെയ്യും.

എന്തു മരുന്നു കഴിച്ചാലും അവ കരളിലാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. അശാസ്ത്രീയ ചികിത്സകൾക്കു വിധേയരാകുന്നവർ കൂടുതൽ ഗുരുതരമായ കരൾ രോഗാവസ്ഥകളിലേക്കു വേഗം പുരോഗമിക്കുന്നതു കാണാറുണ്ട്. അതിനാൽ ഫാറ്റി ലിവർ സംശയിക്കുന്ന വേളയിൽ അതു ഉറപ്പു വരുത്താനും തുർന്നുള്ള ചികിത്സയ്ക്കും ഉദരരോഗവിദഗ്ധരെയോ (ഗ്യാസ്ട്രോ എന്ററോളിസ്റ്റ്) കരൾ രോഗ വിദഗ്ധരെയോ(ഹെപ്പറ്റോളജിസ്റ്റ്) തുടർചികിത്സയ്ക്കു സമീപിക്കുന്നതാണ് ഉത്തമം.

2. മദ്യപാനം നിർത്തുക

പതിവായോ അല്ലാതെയോ ആണെങ്കിലും മദ്യം കഴിച്ചുകൊണ്ടിരിക്കുന്നവർ, പൂർണമായി നിർത്തുന്നതാണ് ഏതു തരത്തിലുള്ള കരൾ രോഗത്തിലും ഉത്തമം. കരൾരോഗികളുെട അതിജീവനത്തിനുള്ള ഏറ്റവും പ്രധാനമായ മാർഗവും അതുതന്നെയാണ്.

മദ്യം നമ്മുടെ ശരീരത്തിൽ ഉപാപചയം (മെറ്റബോളിസം) ചെയ്യപ്പെടുതു കരളിലാണ്. പ്രധാനമായും ഇത് എൻസൈമുകളുടെ പ്രവർത്തനഫലമാണ്. എൻസൈമുകൾ മദ്യത്തെ അസറ്റാൾഡിഹൈഡ് എന്ന രാസഘടകമായി മാറ്റുന്നു. ഇതു ശരീരത്തിനു ഹാനികരമായ ഒരു രാസവസ്തുവാണ്. ഒാക്കാനം (Nausea), തലവേദന, ഫ്ലഷിങ് (ചെറിയ അളവിൽ മദ്യപിച്ചാൽ പോലും അനുഭവപ്പെടുന്ന അസ്വാസ്ഥ്യങ്ങൾÐ Asian flush syndrome) ഉണ്ടാക്കുന്നു.പൂർവേഷ്യൻ മേഖലയിൽ ഫ്ലഷിങ് കൂടുതലായി കണ്ടുവരുന്നു. മദ്യപാനം മൂലം കരൾ വീക്കം മുതൽ സിറോസിസ് വരെ ഉണ്ടാകാൻ കാരണമാക്കുന്ന ത് അസറ്റാൾഡിഹൈഡ് എന്ന രാസ വസ്തുവാണ്. അതിനാൽ മദ്യപാനം നിർത്തുക.

3. പ്രമേഹം നിയന്ത്രിക്കുക

പ്രമേഹബാധിതർ ഫാറ്റി ലിവർ വരാതിരിക്കാൻ പ്രത്യകം ശ്രദ്ധിക്കണം. ഫാറ്റി ലിവർ കൂടുതലും ടൈപ്പ് 2 പ്രമേഹം ഉള്ളവരിലാണ് കാണപ്പെടുന്നത്. നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ ശരിയായ ദിശയിൽ പ്രവർത്തിക്കുന്നില്ല. ഇതിനെ ഇൻസുലിൻ റസിസ്റ്റൻസ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിന്റെ പരിണിത ഫലമായി ശരീരത്തിൽ ഗ്ലൂക്കോസ് കൃത്യമായി ഉപാപചയം ചെയ്യപ്പെടാതെ നിൽക്കും. അമിതവണ്ണം ഉള്ള പ്രമേഹ രോഗികളിൽ കൊഴുപ്പിന്റെ മെറ്റാബോളിസത്തിലും വ്യതിയാനം സംഭവിക്കും. അവരിൽ പ്രമേഹവും ഫാറ്റി ലിവറും വഷളാകാം.

സ്ത്രീകളിൽ കണ്ടുവരുന്ന ഫാറ്റി ലിവറിനുള്ള പ്രധാന കാരണവും പ്രമേഹമാണ്. അതിനാൽ പ്രമേഹ രോഗികൾ കൃത്യമായ ഇടവേളകളിൽ ബന്ധപ്പെട്ട പരിശോധനകൾ നടത്തേണ്ടതും ഒപ്പം മൂന്നു മാസത്തെ പ്രമേഹത്തിന്റെ സൂചകമായ HBA1C നിശ്ചിത അളവിൽ കൂടാതെ നോക്കേണ്ടതുമാണ്. ഫാറ്റി ലിവർ ഉള്ള പ്രമേഹരോഗികളിൽ ശരീരഭാരം സന്തുലിതമാക്കിവയ്ക്കണം. ഒപ്പം പ്രമേഹം കൃത്യമായി നിയന്ത്രിക്കുകയും ചെയ്താല്‍ ഫാറ്റി ലിവർ വഷളാകാതിരിക്കും.

4. പുകവലി നിർത്താം

ശ്വാസകോശസംബന്ധമായ രോഗാവസ്ഥകൾ മുതൽ വായിലേയും ശ്വാസകോശത്തിലെയും കാൻസർ വരെയുള്ളവയിൽ പുകവലിയും പുകയില ഉപയോഗവും പ്രധാന വില്ലൻമാരാണ്. എന്നാൽ നോൺ ആൾക്കഹോളിക് ഫാറ്റി ലിവറിനു പുകവലിയും കാരണമാകുമെന്നു പുതിയ പഠനങ്ങൾ ഉറപ്പാക്കുന്നു.

നേരിട്ടു പുകവലിക്കാതെ പുക ശ്വസിക്കേണ്ടിവരുന്ന പാസീവ് സ്മോക്കിങ് ഉണ്ടാകുന്നവരിൽ പോലും ഫാറ്റി ലിവർ സാധ്യത കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. പുകവലിയുെട ഫലമായി ശരീരത്തിലെത്തുന്ന രാസഘടകങ്ങൾ എങ്ങനെയാണ് ഫാറ്റി ലിവർ ഉണ്ടാക്കുന്നത് എന്നത് ഇന്നും വ്യക്തമല്ല. എന്നാൽ ഫാറ്റി ലിവർ രോഗാവസ്ഥ രൂപപ്പെടുത്തുന്നതിൽ മാത്രമല്ല, ഉള്ളവരിൽ രോഗാവസ്ഥ വഷളാകുന്നതിന്റെ വേഗം കൂട്ടാനും പുകവലി കാരണമായെന്നു വരും.

പുകവലിക്കാത്തവർക്കു പുകവലി ആരംഭിക്കാതിരിക്കുന്നതിനും പുകവലിക്കുന്നവർക്ക് അതു നിർത്താനുമുള്ള ഒരു പ്രധാന കാരണം കൂടി യാവുകയാണ് ഫാറ്റി ലിവർ. ഫാറ്റിവർ ഉള്ളവർ പുകവലി എന്നേയ്ക്കുമായി എത്രയും വേഗം ഉപേക്ഷിക്കുന്നത് കരളിൽ കാൻസർ വരാനുള്ള സാധ്യതയും കുറയ്ക്കും.

5. ഐബിഡി ഒഴിവാക്കാം

നീണ്ടുനിൽക്കുന്ന വയറിളക്കം, ശരീരഭാരം കുറയൽ, വയറുവേദന, ക്ഷീണം, മലദ്വാരത്തിലൂടെയുള്ള രക്തസ്രാവം തുടങ്ങിയവ ലക്ഷണമായി കാണുന്ന രോഗാവസ്ഥയാണ് ഇൻഫ്ലമേറ്ററി ബവൽ ഡിസീസ്(IBD). വായ മുതൽ മലദ്വാരം വരെയുള്ള ഗ്യാസ്ട്രോ ഇന്റസ്റ്റീനൽ നാളിയിൽ (GI Tract) ഏതുഭാഗത്തും വരാവുന്ന, നീണ്ടുനിൽക്കുന്ന നീർക്കെട്ടിന്റെ(Inflammation) ഫലമായി ഉണ്ടാകുന്ന അവസ്ഥയാണിത്. ക്രോൺസ് രോഗം, അൾസറേറ്റീവ് കൊളൈറ്റിസ് എന്നിവ ഇതിന് ഉദാഹരണമാണ്. ഐബിഡി ഉള്ളവരിൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ വളരെ സാധാരണമാണ്.

കുടലിനുള്ളിൽ നീർക്കെട്ടുണ്ടാകുന്ന അവസ്ഥയും ഉപാപചയഘടകങ്ങളും ഐബിഡി ഉള്ളവരിൽ ഫാറ്റി ലിവർ രൂപപ്പെടാനോ വഷളാകുന്നതിന്റെ വേഗം കൂടാനോ കാരണമാകും. അതിനാൽ ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (IBD) തിരിച്ചറിഞ്ഞാൽ അതിനു കൃത്യമായി ചികിത്സ തേടുന്നതും മുടങ്ങാതെ തുടരുന്നതും ഫാറ്റി ലിവറിനെ പ്രതിരോധിക്കാൻ സഹായിക്കും.

6. അമിത വണ്ണം ഒഴിവാക്കുക

നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ (NAFLD) എന്ന മദ്യപിക്കാത്തവരിലും വരുന്ന ഫാറ്റി ലിവറിന് അമിതവണ്ണവുമായി അഭേദ്യമായ ബന്ധമുണ്ട്. അമിതവണ്ണത്തിന്റെ കാരണം ശരീരത്തിൽ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പാണ്. ഇതു ക്രമേണ കരൾ കോശങ്ങളിലും കൊഴുപ്പു വർധനവിനു കാരണമാകുകയും കരളിലെ കൊഴുപ്പു ശതമാനമുയർന്ന് ക്രമേണ ഫാറ്റി ലിവർ ആയി പരിണമിക്കുകയും ചെയ്യും.അങ്ങനെയെങ്കി ൽ തീർച്ചയായും വണ്ണം കുറച്ചാൽ ഗുണം കിട്ടുമല്ലോ? കിട്ടും.

ഉയരത്തിന് ആനുപാതികമായ ശരീരഭാരം നിർണയിക്കുന്ന പരിശോധനാ രീതിയാണ് ബിഎംഐ. ഇത് 23 നും 24.9 കിലോഗ്രാം / മീ. സ്ക്വയറിനും ഇടയിലാണെങ്കിൽ അമിതഭാരമുള്ള (Over weight) വ്യക്തിയായും 25 കി.ഗ്രാം / മീ. സ്ക്വയറിനു മുകളിലാണെങ്കിൽ അമിതവണ്ണമുള്ള (Obesity) വ്യക്തിയായും കണക്കാക്കും. ഇത്തരത്തിലുള്ള പരിശോധനയ്ക്കു ശേ ഷം ശരീരഭാരം കുറച്ച് ഫാറ്റി ലിവറിനെ പ്രതിരോധിക്കാം.

ഫാറ്റി ലിവറിന്റെ ആദ്യഘട്ടങ്ങളി ൽ വണ്ണം കുറയ്ക്കുന്നതു കാര്യമായി ഗുണം നൽകും. എന്നാൽ വണ്ണം കുറയ്ക്കുന്നത് അമിത വേഗത്തിലാകരുത്. അമിത വേഗത്തിൽ ഭാരം കുറയ്ക്കുന്നതു ഫാറ്റി ലിവറോ അതുമായി ബന്ധപ്പെട്ട അവസ്ഥകളേയോ വഷളാക്കിയെന്നു വരാം. ഇതു പലപ്പോഴും ചിന്താക്കുഴപ്പം ഉണ്ടാക്കാവുന്ന ഒരു കാര്യമാണ്. പക്ഷേ ശാസ്ത്രീയമായി പറഞ്ഞാൽ, ആറു മാസം കൊണ്ട് ശരീരഭാരത്തിന്റെ 10 Ð12 ശ തമാനം വരെ കുറയ്ക്കുന്നതാണ് അഭികാമ്യം. അതായത് പ്രതിമാസം രണ്ടു ശതമാനം വരെ. അതായത് 100 കിലോഗ്രാം ഭാരമുള്ളയാൾക്ക് മാസം രണ്ടു കിലോവരെ കുറയ്ക്കാം. ഈ നിലയിൽ വണ്ണം കുറയ്ക്കുന്നതാണ് ഫാറ്റി ലിവർ നിയന്ത്രിക്കാൻ സഹായിക്കുന്നത്.

കുട്ടികളിൽ കാണുന്ന അമിതവണ്ണം കാലക്രമേണ കരൾ സംബന്ധമായ രോഗങ്ങൾക്കു വഴിതെളിച്ചേക്കാം. അതിനാൽ കുട്ടിക്കാലത്തെ അമിതവണ്ണം ഇപ്പോഴേ ഒഴിവാക്കുക.

7. ഉദാസീനത ഉപേക്ഷിക്കുക

ശാരീരിക അധ്വാനം വേണ്ടിവരുന്ന കാര്യങ്ങളിലെല്ലാം പൊതുവേ മടികാണിക്കുന്നവരുണ്ട്. ഇത്തരം ശീലക്കാർക്ക് ഫാറ്റി ലിവർ ഉണ്ടായിരിക്കാനോ ഇല്ലെങ്കിൽ സമീപഭാവിയിൽ ഫാറ്റി ലിവർ പിടിപെടാനോ ഉള്ള സാധ്യത വളരെ കൂടുതലാണ്. അൽപ ദൂരം പോലും നടന്നു പോകാൻ മടി, ഒന്നേ രണ്ടോ നില പോലും പടി കയറുവാൻ മടി, കൂടുതൽ സമയം ഇരിക്കാൻ ഇഷ്ടം, വ്യായാമം ഒഴിവാക്കൽ ഇവയെല്ലാം കായികമായ ഉദാസീനതയുള്ളവരുടെ പൊതു സ്വാഭാവമാണ്. ഈ ശീലങ്ങളെല്ലാം ശരീരത്തിന്റെ ഊർജ വിനിയോഗം കുറയ്ക്കുകയും കൊഴുപ്പുനിക്ഷേപം ശരീരത്തിൽ കൂട്ടുകയും ചെയ്യും. ഇത്തരക്കാർക്ക് ഫാറ്റി ലിവർ വന്നാൽ വേഗം വഷളാവുകയും ചെയ്യാം.

30Ð40 മിനിറ്റുവീതം ആഴ്ചയിൽ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും വ്യായാമം പതിവാക്കുകയാണ് ഇതിനുള്ള പരിഹാരം. നടത്തം, സൈക്ലിങ്, നീന്തൽ തുടങ്ങിയ വ്യായാമമുറകൾ ശീലമാക്കുക പ്രധാനമാണ്. വ്യായാമം തുടങ്ങിയാൽ അതു മുടങ്ങാതെ നിർവഹിക്കുകയും വേണം. കൂട്ടുകാരുമായി ചേർന്നു വ്യായാമത്തിനു സമയം കണ്ടെത്തുന്നതും ക ളികളിലേർപ്പെടുന്നതും നല്ലതാണ്.

8. കൊളസ്ട്രോളും കൊഴുപ്പും

കൊളസ്ട്രോൾ കൂടുതലുള്ളവരിൽ പ്രമേഹം, രക്താതിസമ്മർദം, അമിതവണ്ണം ഇവയെല്ലാം ഒരുമിച്ചു കണ്ടുവരുന്ന പ്രവണതയുണ്ട്. അത്തരം അവസ്ഥയെ മെറ്റബോളിക് സിൻഡ്രം എന്നു പറയുന്നു. ഇക്കൂട്ടരിൽ ഫാറ്റി ലിവർ വരാനുള്ള സാധ്യത വളരെകൂടുതലാണ്. അതുകൊണ്ടു മേൽപ്പറഞ്ഞ രോഗാവസ്ഥകളെ കൃത്യമായി നിയന്ത്രിക്കണം. ആവശ്യമെങ്കിൽ മരുന്നുകൾ കഴിച്ചു നിയന്ത്രി ക്കുകതന്നെ വേണം. ഇങ്ങനെ ചെയ്താൽ ആ വക രോഗങ്ങളെ നിയന്ത്രിച്ചു നിർത്താമെന്നതിലുപരി ഫാറ്റി ലിവറിനെ ചെറുത്തുനിർത്താനും സാധിക്കും. അവയിൽ‌ പ്രധാനപ്പെട്ട പ്രശ്നമാണു കൊളസ്ട്രോളിന്റെ നിയന്ത്രണം.

ശരീരത്തിൽ അമിതമായി കൊഴുപ്പ് എത്തുന്നുണ്ടെങ്കിൽ ഭക്ഷണത്തിൽ കാര്യമായ മാറ്റം വേണ്ടിവരും. എണ്ണയിൽ വറുത്തവയും മധുരമേറിയതോ ഉയർന്ന കാലറിയുള്ളതോ ആയ ഭക്ഷ്യ വസ്തുക്കൾ കുറയ്ക്കണം. ജങ്ക് ഫൂഡ്സ് കഴിയുമെങ്കിൽ പൂർണമായും ഒഴിവാക്കുക. ഭക്ഷണ നിയന്ത്രണം, വ്യായാമം ഇവകൊണ്ട് കൊളസ്ട്രോൾ നിയന്ത്രണത്തിലാകുന്നില്ലെങ്കിൽ കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള സ്റ്റാറ്റിൻ മരുന്നുകൾ ഡോക്ടറുടെ നിർദേശാനുസരണം ഉപയോഗിക്കാം. ഇവയെല്ലാം ഫാറ്റി ലിവറിനെ കുറയ്ക്കാനോ ചുരുങ്ങിയതു വഷളാകാതിരിക്കാനോ സഹായിക്കും.

9. ചില മരുന്നുകൾ ഒഴിവാക്കാം

മിക്ക മരുന്നുകളും നമ്മുടെ ശരീരത്തിൽ ഉപാപചയം (Metabolise) ചെയ്യുന്നത് കരളിലാണ്. അതുകൊണ്ട് ഏതു മരുന്നുകളുടെയും ഉപയോഗം ഡോക്ടറുടെ നിർദേശാനുസരണം മാത്രമായിരിക്കണം. അല്ലെങ്കിൽ ഫാറ്റി ലിവർ മുതലുള്ള കരൾ രോഗാവസ്ഥകളെ അവ വിളിച്ചുവരുത്തും. നിലവിൽ ഫാറ്റി ലിവറുള്ളവർ ഇക്കാര്യത്തിൽ അതീവ ശ്രദ്ധപുലർത്തണം.

സ്റ്റിറോയിഡ് അടങ്ങിയിട്ടുള്ള മരുന്നുകൾ,വിഷാദത്തിനുൾപ്പെടെയുള്ള ചില സൈക്യാട്രി മരുന്നുകൾ, ട്രെമോക്സിഫെൻ (Tremoxifen) പോലുള്ള കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ,മെഥോട്രെക്സേറ്റ് (Methotrexate) പോലുള്ള വാത സംബന്ധമായ രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവ കഴിക്കുമ്പോൾ ഫാറ്റി ലിവർ രോഗികൾ ശ്രദ്ധപുലർത്തണം. ഇത്തരം മരുന്നുകൾ ഫാറ്റി ലിവർ വഷളാക്കാം. ചികിത്സാകാലത്ത് ഇടവേളകളിൽ നിർബന്ധമായും ലിവർ ഫങ്‌ഷൻ ടെസ്റ്റ് നടത്തി കരളിന്റെ അവസ്ഥയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് പോം വഴി.

10 . അണുബാധകള്‍ ഒഴിവാക്കാം

കരളിനെ ബാധിക്കുന്ന വൈറസ് രോഗബാധകളെ ഒഴിവാക്കുന്നത് ഫാറ്റി ലിവറിനെ നിയന്ത്രിക്കുന്നതിനും വഷളാകാതിരിക്കുന്നതിനും സ ഹായിക്കും. ഹെപ്പറ്റൈറ്റിസ് ബി, സി, എന്നീ വൈറസുകൾ ഫാറ്റി ലിവറിനു കാരണമാകാറുണ്ട്. ഹെപ്പറ്റൈറ്റിസ് സി രോഗാണുബാധ ഉണ്ടായ 50 ശതമാനം പേരിലും ഫാറ്റി ലിവർ കാണുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

രക്തപരിശോധനയിലൂടെ ഈ രോഗാണുക്കളുെട സാന്നിധ്യം ക ണ്ടുപിടിക്കാൻ കഴിയും. ഹെപ്പറ്റൈറ്റിസ് ബി വാക്സീൻ എടുക്കുന്നത് അത്തരം വൈറസിന്റെ പ്രതിരോധം സാധ്യമാക്കും. കൃത്യമായ ചികിത്സയിലൂടെ ഹെപ്പറ്റൈറ്റിസ് സി വൈറസിനെയും നിയന്ത്രിച്ചു നിർത്താൻ കഴിയും.

ഷേവിങ് സെറ്റ്, ബ്ലേഡ്, സൂചികൾ തുടങ്ങിയവ പങ്കുവയ്ക്കാതിരിക്കുക, സുരക്ഷിതമായ ലൈംഗിക ശീലങ്ങൾ പാലിക്കുക എന്നിവയിലൂെട ഒരു പരിധി വരെ ഈ അണുബാധകൾ ഉണ്ടാകാതെ നോക്കാം. ടാറ്റൂ ചെയ്യുന്നത് ഒഴിവാക്കുന്നതും നല്ലതാണ്.

ഡോ. ജെഫി ജോർജ്

കൺസൽറ്റന്റ്

മെഡിക്കൽ ഗാസ്ട്രോ എന്ററോളജി,

ആസ്റ്റർ മെഡ്സിറ്റി,

കൊച്ചി

Tags:
  • Daily Life
  • Manorama Arogyam