ജീവീതശൈലിയിലെ മാറ്റങ്ങളും ആരോഗ്യം സംരക്ഷിച്ചു നിർത്തുന്നതിലെ അശ്രദ്ധയും മൂലം ഹൃദ്രോഗങ്ങൾ വർധിക്കുകയാണ്. ഹൃദയാഘാതവും ഹൃദയസ്തംഭനവും ചെറുപ്പക്കാരിൽ ഉൾപ്പെടെ കണ്ടുവരുന്നു. ഹൃദയാഘാതം വന്ന് ഹൃദയത്തിന്റെ പമ്പിംഗ് കുറയുമ്പോഴാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നത്. ഹൃദയമിടിപ്പ് സാധാരണ 60 - 90 ആണ്. ഇത് 200ന് മുകളിൽ ആകുമ്പോൾ ഹൃദയസ്തംഭനം ഉണ്ടാകുന്നു. ഹൃദ്രോഗങ്ങൾ ഉണ്ടായ ശേഷവും സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരാം. ഇതിനായി ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തണം.
.ഹൃദയാഘാതം വന്ന ശേഷം, ഡയറ്റും വ്യായാമവും ചേർന്ന ചിട്ടയായ ജീവിതരീതി വേണം.
.ഹൃദയത്തിന്റെ പമ്പിംഗ് നോർമൽ ആണെങ്കിൽ ദിനവും 45 മിനിറ്റ് നടക്കണം. 4-5 കിമീ വരെ നടക്കാം.
. ലഘു വ്യായാമം ചെയ്യണം.
. പ്രമേഹം ഉള്ളവർ മധുരം ഒഴിവാക്കണം.
. അരി ആഹാരം ഒരു നേരം ആകാം. രാത്രിയിൽ റാഗി, മില്ലറ്റ്, ഓട്സ്, ഗോതമ്പ്, റവ ഉൾപ്പെട്ട ഭക്ഷണമാകാം.
.ഓയിലി ഫുഡ്, റെഡ് മീറ്റ്, തേങ്ങ ഉപയോഗിച്ചുള്ള കറികൾ എല്ലാ ദിവസവും കഴിക്കാതിരിക്കുക.
.എച്ച്ബിഎ1സി 3 മാസം കൂടുമ്പോൾ പരിശോധിക്കണം. ഇത് 6നും 7നും ഇടയിൽ നിർത്തണം.
.രക്തസമ്മർദ്ദം 120/80ൽ നിയന്ത്രിക്കണം.
.എൽഡിഎൽ ലവൽ (ചീത്ത കൊളസ്ട്രോൾ) 70ൽ താഴെ നിർത്തണം.
. കൊളസ്ട്രോൾ, പ്രഷർ കുറയ്ക്കുന്ന മരുന്നുകൾ എന്നിവ കൃത്യമായി കഴിക്കുക.
. ഹൃദയാഘാതം വലിയ സംഭവമല്ല.
കൃത്യമായ ചികിത്സ ലഭിച്ചാൽ ഹൃദയാഘാതം വലിയ സംഭവമല്ല എന്ന് പറയാം. ഏറ്റവും പ്രധാനം കൃത്യസമയത്ത് ഡോക്ടറുടെ അടുത്ത് എത്തി ഹൃദയത്തിന്റെ മസിൽ തകരാറാകാതെ ശ്രദ്ധിക്കുക എന്നതാണ്.ഹൃദയാഘാതം വന്നാൽ എന്തു ചെയ്യണമെന്ന് നോക്കാം ?
രോഗം ഉണ്ടായവരെ ഉടൻ ആശുപത്രിയിൽ എത്തിച്ച് പ്രൈമറി ആൻജിയോപ്ലാസ്റ്റി ചെയ്യണം. ഹൃദയത്തിന്റെ മസിലുകൾ കേടാകാതെ നോക്കുക എന്നതാണ് പ്രധാനം. ഹൃദയധമനികൾ നൂറ് ശതമാനം അടയുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുക. ഹൃദയത്തിലെ മസിൽ കേടാകാതെ പൂർണ്ണമായി ഭേദമാക്കാൻ പറ്റുന്ന ചികിത്സയാണ് പ്രൈമറി ആൻജിയോപ്ലാസ്റ്റി. നെഞ്ചുവേദന വരുമ്പോൾഗ്യാസ് കയറിയതാണെന്ന് കരുതി പലരും ഗ്യാസിന്റെ മരുന്ന് കഴിക്കും. വേദന മാറാതെ വരുമ്പോൾ ചികിത്സ തേടും. 6-10 മണിക്കൂർ വരെ സമയം ഇതോടെ പിന്നിടും. ഈ സമയത്തിനുള്ളിൽ ഹൃദയത്തിന്റെ മസിൽ ഗുരുതരാവസ്ഥയിലാകും. പമ്പിംഗ് കുറഞ്ഞ് മസിൽ വീണ്ടും പൂർവ്വസ്ഥിതിയിൽ ആകാനുള്ള സാധ്യത ഇതോടെ കുറയും.
ഒന്നര മാസം കൊണ്ട് സാധാരണ നിലയിൽ ആകാം.
ഹൃദയാഘാതം വന്ന് മസിൽ തകരാറിലാകാതെ രക്ഷപെട്ടവർക്ക് 6 ആഴ്ച്ച കഴിയുമ്പോൾ സാധാരണ നിലയിലാകാം. പക്ഷേ ഹൃദയത്തിന്റെ മസിൽ തകരാറിലായാൽ കാലതാമസം വരും. ഹൃദയത്തിന്റെ നോർമൽ പമ്പിംഗ് മിനിമം 50 ശതമാനം വേണം. പമ്പിംഗ് 35 - 50 ശതമാനത്തിന് ഇടയിലാണെങ്കിൽ മസിലിന്റെ പ്രശ്നം പരിഹരിക്കുന്നതിന്മരുന്നുകൾ കൊണ്ട് സാധിക്കും. പമ്പിംഗ് 35ന് താഴെ ആണെങ്കിൽ വളരെ സൂക്ഷിക്കണം. ഇക്കൂട്ടത്തിലുള്ള 50 ശതമാനം ആളുകൾക്ക് ഹൃദയത്തിന്റെ മസിൽ വീണ്ടും തകരാറാകാൻ സാധ്യതയുണ്ട്. ബാക്കി 50 ശതമാനം ആളുകൾക്ക് കഠിനമായ ജോലികൾ ഒഴിവാക്കി സാധാരണ നിലയിലേക്ക് എത്താം. പമ്പിംഗ് കുറവുള്ളവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം
. 35 ശതമാനത്തിനു താഴെ പമ്പിംഗ് ഉള്ളവർ ഹാർട്ട് ഫെയ് ലിയർ, ഹൃദയസ്തംഭനം എന്നിവയുടെ കാര്യത്തിൽ ശ്രദ്ധിക്കണം.
.ഹാർട്ട് ഫെയ് ലിയർ മരുന്നുകളിലൂടെ പൂർവ്വസ്ഥിതിയിലാക്കാം.
.ഹൃദയ സ്തംഭനത്തെ അതിജീവിക്കാൻ പല രീതിയിൽ ചികിത്സയുണ്ട്. മരുന്നുകൾക്ക് പുറമേ ഹോൾട്ടർ മോണിറ്ററിംഗ്, അഡ്വാൻസ്ഡ് എക്കോകാർഡിയോഗ്രാഫി പരിശോധനകൾ നടത്തിയാൽ ഇവരിൽഹൃദയസ്തംഭനത്തിനു സാധ്യത ഉണ്ടോ എന്ന് അറിയാം.
.ഇപി സ്റ്റഡി എന്ന പരിശോധനയും രോഗിയിൽ നടത്തണം.
.ഹൃദയസ്തംഭനത്തിന് സാധ്യതയുള്ള ഇടിപ്പുകൾ ഉണ്ടെന്ന് മനസിലാക്കിയാൽ രോഗിയിൽ ഓട്ടോമാറ്റിക് ഇംപ്ലാന്റബിൾ കാർഡിയോവെർട്ടർ ഡിഫിബ്രിലേറ്റർ (എഐസിഡി) എന്ന യന്ത്രം പിടിപ്പിച്ച് ഹൃദയസ്തംഭനം തടയുവാൻ കഴിയും.
എന്താണ് എഐസിഡി ?
ഹൃദയസ്തംഭനം വന്നാൽ ഡിഫിബ്രിലേഷൻ ഷോക്ക് കൊടുക്കുന്നത് അത്യാവശ്യമാണ്. ഇതിനായി യന്ത്രം ശരീരത്തിൽ വെയ്ക്കുന്നതാണ് എഐസിഡി എന്നു പറയുന്നത്. എഐസിഡി ഹാർട്ട് ബീറ്റ് കുറയുമ്പോൾ പൾസ് കൊടുക്കാനും ഹൃദയസ്തംഭനം വരുമ്പോൾ അത് മനസിലാക്കി റിക്കോർഡ് ചെയ്ത് വേണ്ട ചികിത്സ (ഷോക്ക്) നൽകാനും പറ്റുന്ന യന്ത്രമാണ്. സാധാരണ വെളിയിൽ നിന്ന് കൊടുക്കുന്ന ഷോക്ക് 200 ജൂൾസാണ്. അതേ സമയം ഉള്ളിലേക്ക് എഐസിഡി യിലൂടെ കൊടുക്കുന്നത് 15 മുതൽ 35 വരെയുള്ള ജൂൾസിലാണ്. ചെറിയ ഒരു ഞെട്ടൽ പോലെ രോഗിക്ക് മനസിലാകുകയും ജീവൻ രക്ഷപെടുകയും ചെയ്യും. കാർഡിയാക് അറസ്റ്റ് വന്നിട്ടുണ്ടെങ്കിൽ ഈ യന്ത്രം ഉടൻ തന്നെ അലർട്ടായി ഡിഫിബ്രിലേഷൻ ചെയ്യും. പമ്പിംഗ് 35% ൽ താഴെയുള്ളവരിൽ ഹൃദയസ്തംഭനത്തിന് സാധ്യത സാധാരണ ആളുകളിൽ നിന്ന് 5 മടങ്ങ് കൂടുതലാണ്. ശരാശരി 35% കുറവുള്ള ആളുകളിൽ 5 വർഷത്തിനിടയിൽ 50% പേർക്ക് മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.
ഡോ. രാംദാസ് നായിക് എച്ച്.
സീനിയർ കൺസൾട്ടന്റ് & ഹെഡ് ഓഫ് കാർഡിയാക് സയൻസസ്, ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് & ഇലക്ട്രോഫിസിയോളജിസ്റ്റ് , മാർ സ്ലീവാ മെഡിസിറ്റി പാലാ