എന്റെ മോൾക്ക് 14 വയസ്സ്. ഒൻപതാം ക്ലാസിൽ പഠിക്കുന്നു. അവൾക്ക് സാധാരണയിൽ കവിഞ്ഞ ശരീരവളർച്ചയും ഭാരവും ഉണ്ട്. കവിളു ചാടി, ഉള്ളതിലേറെ പ്രായം കാഴ്ചയിൽ പറയും. ഇതു മൂലം കുട്ടിക്ക് വലിയ അപകർഷബോധമാണ്. കടുത്ത നിരാശയുമുണ്ട്. സഹപാഠികളുടെ കളിയാക്കലൊക്കെ അവളുടെ പഠനത്തെയും ബാധിച്ചു തുടങ്ങി. എന്താണ് ശ്രദ്ധിക്കേണ്ടത്? ആരോഗ്യം നഷ്ടമാകാതെ കുട്ടിയുടെ ശരീരഭംഗി വീണ്ടെടുക്കാൻ എന്തു ചെയ്യണം?
ജിൻസി, കോതമംഗലം
A മകളുടെ ആഹാരക്രമീകരണത്തിൽ കുറച്ചു ശ്രദ്ധ ചെലുത്തുന്നതു നല്ലതായിരിക്കും. ജങ്ക് ഫൂഡ് ( 'Junk Food') തീരെ ഒഴിവാക്കി, വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ കുട്ടിയെ ശീലിപ്പിക്കുക. ചിട്ടയായ ജീവിത െെശലി, വ്യായാമം, ആഹാരക്രമം എന്നിവ ഒരുപരിധി വരെ അമിതവണ്ണം തടയാൻ സഹായിക്കും.
മകൾക്ക് 14 വയസ്സെന്നു പറയുമ്പോൾ മാസമുറ തുടങ്ങിയിരിക്കാനാണു സാധ്യത. പ്രത്യേകിച്ചും
അമിതവണ്ണം ഉള്ള സാഹചര്യത്തിൽ. അമിതവണ്ണം ഒരു ദിവസം കൊണ്ട് ഉണ്ടായതായിരിക്കില്ല. കുട്ടിയായിരിക്കുമ്പോൾ നാം അതു കണ്ടു സന്തോഷിച്ചു. പക്ഷേ, മുതിർന്ന കുട്ടിയായപ്പോൾ അത് ഒരു അഭംഗിയായി തോന്നുന്നു. ഇതിനു ശാരീരിക മാനസിക സാമൂഹ്യ വശങ്ങളുണ്ട്. പോളിസിസ്റ്റിക് ഒാവറി സിൻഡ്രം (PCOS) എന്ന അവസ്ഥയാണ് ഇവിടെ ഏറ്റവും പ്രധാനം.
അമിതവണ്ണത്തോടൊപ്പം മാസമുറ ക്രമമായി വരാതിരിക്കുക, താടിയിലും നെഞ്ചിലും അടിവയറിലും തുടയിലുമൊക്കെ ആണുങ്ങളെപ്പോലെ അമിത രോമവളർച്ച ഉണ്ടാവുക, കഴുത്തിലും കക്ഷത്തിലും എത്ര തേച്ചാലും പോകാത്ത കറുത്ത നിറമുണ്ടാവുക എന്നതാണ് ഇതിന്റെ ലക്ഷണങ്ങൾ. ചികിത്സയുടെ ആദ്യ മൂന്നുപടികളും ഒന്നുതന്നെയാണ്–വണ്ണം കുറയ്ക്കുക, വണ്ണം കുറയ്ക്കുക, വണ്ണം കുറയ്ക്കുക. ആഹാരക്രമീകരണവും ചിട്ടയായ വ്യായാമവുമാണ് ഇതിന്റെ ഏറ്റവും പ്രധാന മാർഗം.
സാധിക്കുമെങ്കിൽ സ്ത്രീകൾക്കു മാത്രമായുള്ള ഒരു ജിമ്മിൽ പോയി ചിട്ടയായ വ്യായാമമുറകൾ പരിശീലിക്കുന്നത് ഒരു നല്ല തുടക്കം നൽകും. എന്നാൽ ഒരു കാരണവശാലും മോളെ ഒറ്റയ്ക്ക് അവിടെ വിടാൻ പാടില്ല. ഇതോെടാപ്പം യോഗ പരിശീലനവും നടത്തവും തുടങ്ങാം. സ്കിപ്പിങ്, സൈക്കിൾ ചവിട്ടൽ, നീന്തൽ (Skipping, Cycling, Swimming) ഇവയാണ് ഏറ്റവും നല്ല മാർഗങ്ങൾ. പക്ഷേ, സിമന്റ് തറയിൽ സ്കിപ്പിങ് ചെയ്യരുത്. കാരണം, നട്ടെല്ലിനു ക്ഷതമുണ്ടാകാം. മണ്ണു കൂട്ടിയിട്ട് അതിനു മുകളിൽ മാത്രമേ വ്യായാമം ചെയ്യാവൂ. അഞ്ചു ശതമാനം തൂക്കം കുറയുമ്പോൾ തന്നെ മാസമുറ ശരിയാകും, കുട്ടിയുടെ വിഷാദഭാവം മാറും, കൂട്ടുകാരുടെ കളിയാക്കൽ കുറയും. പക്ഷേ, വയറിലും തുടയിലും ഉണ്ടാവുന്ന പാടുകൾ (Stretch marks)
മാറാൻ കുറച്ചു സമയമെടുക്കും. കുട്ടിയെ ഒരു ശിശുരോഗവിദഗ്ധനെ കാണിച്ച് ഒരു ആരോഗ്യപരിശോധനയും പ്രത്യേക കൗൺസലിങ്ങും നൽകുന്നതു നന്നായിരിക്കും. ശരീരഭംഗി താനേ വന്നോളും.
വിവരങ്ങൾക്ക് കടപ്പാട്;
േഡാ. എം. കെ. സി. നായർ
വൈസ് ചാൻസലർ,
ആരോഗ്യ സർവകലാശാല,
പ്രശസ്ത ശിശുരോഗവിദഗ്ധനും മനശ്ശാസ്ത്രജ്ഞനും
cdcmkc@gmail.com