മഞ്ഞപ്പിത്തം എന്ന രോഗവുമായി ബന്ധപ്പെട്ടു നാം അത്ര ശ്രദ്ധിക്കാത്ത ഒരു മേഖലയാണു സെപ്‌റ്റിക് ടാങ്ക്. സെപ്‌റ്റിക് ടാങ്കുകളൊക്കെ സുരക്ഷിതമല്ലേ ? മണ്ണിനടിയിൽ അല്ലേ? എന്തു പ്രശ്നമുണ്ടാകാനാണ് എന്നൊരു ചിന്ത പൊതുജനങ്ങൾക്കുണ്ട്. മണ്ണിൽ വിസർജ്യത്തിന്റെ അംശം അധികമായുണ്ടെങ്കിൽ അത് ഏതെങ്കിലും ഒരു ഘട്ടത്തിൽ കുടിവെള്ളവുമായി കലരുക തന്നെ ചെയ്യും. സെപ്റ്റിക് ടാങ്കുകൾ പണിതു തുടങ്ങിയിട്ടു മൂന്നു നാലു ദശാബ്ദങ്ങളായി. മണ്ണിനടിയിലെല്ലാം മനുഷ്യമാലിന്യത്തിന്റെ വലിയ ടാങ്കുകൾ നിറഞ്ഞു കഴിഞ്ഞു. അടുത്തടുത്തു വീടുകളുള്ള കേരളത്തിൽ പ്രത്യേകിച്ച്. കാലക്രമത്തിൽ അവയുടെ ഭിത്തിയിൽ വിള്ളൽ വീഴാം. പുതിയ പ്രവണത അനുസരിച്ചു കക്കൂസ് വൃത്തിയാക്കാൻ നാം രാസപദാർഥങ്ങൾ ഉപയോ ഗിക്കുന്നുണ്ട്. കക്കൂസിലെ അഴുക്ക് എന്നതു യഥാർഥത്തിൽ ബാക്ടീരിയൽ കോളനികളാണ്. ഈ ബാക്ടീരിയൽ കോളനികളെ നശിപ്പിക്കുന്ന ആന്റി മൈക്രോബിയൽ ഏജന്റുകളാണു നാം ക്ലീനിങ് സൊല്യൂഷനിൽ ഉപയോഗിക്കുന്നത്. ഇതേ ബാക്ടീരിയൽ കോളനികളാണു സെപ്‌റ്റിക് ടാങ്കുകളിൽ മനുഷ്യമാലിന്യത്തെ വിഘടിപ്പിക്കുന്നതും. ഈ ബാക്ടീരിയൽ കോളനികളെ ഏതാണ്ടു പൂർണമായും നശിപ്പിക്കുന്നതിന്റെ ഫലമായി മനുഷ്യമാലിന്യം അതേ അവസ്ഥയിൽ തന്നെ നിലകൊള്ളും.
ടാങ്ക് വേഗം നിറയുമ്പോൾ ബഹുഭൂരിപക്ഷം സെപ്‌റ്റിക് ടാങ്കുകളിലെ മാലിന്യവും കൊണ്ടിടുന്നതു ജലാശയങ്ങളിലാണ്. ഇതു സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്കു കൊണ്ടു പോയാൽ വലിയ പ്രശ്നമില്ല. ഇതാണു ഹെപ്പറ്റൈറ്റിസിന്റെ അടിസ്‌ഥാന കാരണം. നാളെ കോളറയും ടൈഫോയ്ഡും ഇതേ പോലെ വ്യാപകമാകാം.നഗരങ്ങളിലും ജനസാന്ദ്രത കൂടുതലുള്ള പട്ടണങ്ങളിലും തീരദേശപ്രദേശങ്ങളിലുമെങ്കിലും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ വ്യാപകമാക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.
കുടിവെള്ളം അണുവിമുക്തമാക്കാം
വീടുകളിൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. സാധിക്കുമെങ്കിൽ യാത്രകളിൽ തിളപ്പിച്ചാറിയ വെള്ളം കയ്യിൽ കരുതാം. ഒരേ പാത്രത്തിൽ നിന്നു പലരും വെള്ളം എടുക്കേണ്ടി വരുന്ന സാഹചര്യത്തിൽ കയ്യിലെ അണുക്കൾ കുടിവെള്ളത്തിൽ കലരാനിടയാകാം. അങ്ങനെ തിളപ്പിച്ച വെള്ളത്തിൽ വീണ്ടും അണുക്കൾ കടന്നു കൂടാം. ക്ലോറിൻ ചേർക്കുന്നതിലൂടെ വെള്ളത്തിൽ നിലവിലുള്ള ബാക്ടീരിയകളെ നശിപ്പിക്കുക മാത്രമല്ല, ഭാവിയിലുണ്ടാകാവുന്ന അണുബാധകളെയും തടയാനാകും. റസ്‌റ്ററന്റുകളിലും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം. കൈകൾ വൃത്തിയോടെ സൂക്ഷിക്കണം. ഗുണമേൻമയുള്ള കുടിവെള്ള ഫിൽറ്ററുകളാണ് അടുത്ത മാർഗം. അവ കൂടെക്കൂടെ സർവീസ് ചെയ്യണം. ബാക്ടീരിയൽ വൈറൽ മലിനീകരണത്തെ 99 ശതമാനത്തോളം ഈ ഫിൽറ്ററുകൾ പ്രതിരോധിക്കും.
വിവരങ്ങൾക്കു കടപ്പാട്
ഡോ. അനീഷ് ടി. എസ്.
അഡീഷനൽ പ്രഫസർ
കമ്യൂണിറ്റി മെഡിസിൻ വിഭാഗം
ഗവ. മെഡി.കോളജ്, മഞ്ചേരി