സാധാരണ ന്യുമോണിയയിൽ നിന്നും വ്യത്യസ്തമായി വളരെ ലഘുവായി വന്നുപോന്നിരുന്ന ഒരു ന്യുമോണിയ ആയിരുന്നു മൈക്കോപ്ലാസ്മ ന്യുമോണിയ. നേരിയ പനി–അതു നാലു ദിവസത്തിലധികം നീണ്ടുനിൽക്കാം. ചെറിയ വരണ്ട ചുമ, ക ഫക്കെട്ട്, നെഞ്ചിൽ കുറുങ്ങൽ പോലെ തോന്നുക, തൊണ്ടവേദന എന്നീ ലക്ഷണങ്ങൾ കാണും. പക്ഷേ, അത്ര ക്ഷീണമോ സുഖമില്ലായ്മയോ അനുഭവപ്പെടില്ല. അതുകൊണ്ടു സാധാരണപോലെ എഴുന്നേറ്റു നടക്കുകയും ജോലിക്കു പോവുകയുമൊക്കെ ചെയ്യും. ഇതുകൊണ്ടു വോക്കിങ് ന്യുമോണിയ എന്നും ഇതിനെ പറയുന്നു. പക്ഷേ, ഇപ്പോൾ ഏറ്റവും പ്രശ്നക്കാരനായിരിക്കുന്നത് ഈ ന്യുമോണിയയാണ്. പുതിയ ലക്ഷണങ്ങളോടെയും സ്വഭാവമാറ്റങ്ങളോടും കൂടിയാണ് ഇതു വന്നിരിക്കുന്നതും.
ഇതുവരെ അഞ്ചു വയസ്സിനും 17 വയസ്സിനും ഇടയിലുള്ള കുട്ടികളിലും കൗമാരക്കാരിലുമാണു ഈ ന്യുമോണിയ കണ്ടിരുന്നത്. പക്ഷേ, ഇ പ്പോൾ ഇതു വരുന്ന പ്രായം അൽപം താഴ്ന്നിട്ടുണ്ട്. കണക്കുകൾ പ്രകാരം ഈ ന്യുമോണിയ ഇപ്പോൾ രണ്ടു വയസ്സിനും നാലു വയസ്സിനും ഇടയിൽ കൂടുതലായി കണ്ടുവരുന്നു. പണ്ടു വ ലിയ പ്രശ്നങ്ങളൊന്നുമുണ്ടാക്കാതെ പോവുമായിരുന്നു. പക്ഷേ, ഇപ്പോഴങ്ങനെയല്ല. വ്യാപകമായി ആശുപത്രിവാസത്തിന് ഇടയാക്കുന്നു.
വയറിളക്കവും ചുമച്ചു ഛര്‍ദിക്കലും
മൈക്കോപ്ലാസ്മ ന്യുമോണിയയിൽ മറ്റു ചില പുതിയ ലക്ഷണങ്ങൾ കൂടി കാണുന്നുണ്ട്. പ്രത്യേകിച്ചു കുട്ടികൾക്കു വരുമ്പോൾ ഉദര–ദഹനവ്യവസ്ഥയെ ബാധിച്ചു വയറിളക്കം വരാം. ആസ്മ ഉള്ള കുട്ടികളിൽ അതു തീവ്രമാകാം. ചുമച്ചു ഛർദിക്കുക (Vomiting), കുറുക ൽ വരിക (Wheezing) എന്നീ പ്രശ്നങ്ങളും വരാം. ചികിത്സ താമസിച്ചാൽ തലച്ചോറിനെയും നാഡീവ്യൂഹത്തെയും വരെ ബാധിക്കാം. ഒന്നു മുതൽ നാല് ആഴ്ച വരെയാണ് ഇതിന്റെ ഇൻക്യുബേഷൻ കാലം. അതായതു രോഗാണു ഉള്ളിൽ കടന്ന് ലക്ഷണങ്ങളോരോന്നായി പ്രകടമാകാൻ ഇത്രയും സമയമെടുക്കും. ഈ സമയത്ത് എപ്പോൾ വേണമെങ്കിലും രോഗം പകരാം.
കോവിഡ് വരുന്നതുപോലെ വായിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവകണങ്ങൾ (Droplets) വഴിയാണു രോഗം പകരുക. സ്കൂളുകൾ, നഴ്സിങ് ഹോമുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും രോഗപ്പകർച്ച സംഭവിക്കാം. മാറാത്ത ചുമയും കുട്ടികൾക്കു മൈക്കോപ്ലാസ്മ ന്യുമോണിയ വന്നാൽ കുടുംബത്തിലുള്ള 65 വയസ്സിനു മുകളിൽ ഉള്ളവരിലേക്കു പകരാം. ഈ ന്യുമോണിയ പെട്ടെന്നു പകരില്ല. നീണ്ടസമയത്തെ ഇടപഴകൽ വഴിയേ രോഗം പിടിപെടാനിടയുള്ളൂ. ഉദാഹരണത്തിനു ലിഫ്റ്റിൽ ഒരുമിച്ചു നിന്നെന്നു വച്ചു രോഗം പകരില്ല.
ചുമ മാറാന്‍ താമസിക്കും
മൈക്കോപ്ലാസ്മ ന്യുമോണിയ പിടിപെട്ടവർക്കു പനി മാറിയാലും ചുമ മാറാൻ നാലാഴ്ചയിൽ അധികം സമയമെടുക്കും. ചികിത്സ വൈകിയാൽ മറ്റു ശരീരഭാഗങ്ങളെയും തലച്ചോറിനെയുമൊക്കെ ബാധിച്ചു പ്രശ്നങ്ങളുണ്ടാക്കാം. മൈക്കോപ്ലാസ്മ അണുബാധയ് ക്ക് ഏത് ആന്റിബയോട്ടിക്കാണ് നൽകുന്നു എന്നതു പ്രധാനമാണ്. സാധാ രണ പെൻസിലിൻ, സെഫലോസ്പോറിൻ തുടങ്ങിയ ആന്റിബയോട്ടിക്കുക ൾ കൊണ്ടു രോഗമുക്തി ഉണ്ടാകില്ല. മാക്രോലെയ്ഡ് വിഭാഗത്തിൽപെട്ട ആന്റിബയോട്ടിക്കുകൾ (ഉദാ–അസിത്രോമൈസിൻ, ക്ലാരിത്രോമൈസിൻ) കൊണ്ടോ ഡോക്സിസൈക്ലിൻ കൊണ്ടോ മാത്രമേ ഈ ന്യുമോണിയ സുഖമാക്കാനാകൂ. പക്ഷേ നിർഭാഗ്യവശാൽ ഇപ്പോൾ മാക്രോലെയ്ഡ് ആന്റിബയോട്ടിക്കുകളും ഫലിക്കാത്ത അവസ്ഥയും (ആന്റിബയോട്ടിക് പ്രതിരോധം) കാണുന്നുണ്ട്. അങ്ങനെയുള്ളവരിൽ പകരം നൽകാവുന്ന ആന്റിബയോട്ടിക്കുകളും ഇപ്പോൾ ലഭ്യമാണ്. ചെലവേറിയതായതു കൊണ്ടും ല ഘുവായി വന്നുപോയിരുന്നതുകൊണ്ടും പ്രത്യേക പരിശോധനയൊന്നും പണ്ടു നടത്താറില്ലായിരുന്നു. ഇപ്പോൾ പക്ഷേ, പിസിആർ പോലെയുള്ള ടെസ്റ്റുകൾ നടത്തുന്നു. മൂക്കിനുള്ളിൽ നിന്നും വായ്ക്കുള്ളിൽ നിന്നും സ്വാബ് എടുത്താണു പരിശോധന നടത്തുക. ഈ പരിശോധനാഫലം പൊസിറ്റീവായാൽ മൈക്കോപ്ലാസ്മ ന്യുമോണിയ ആണെന്ന് ഉറപ്പാക്കാം.
ന്യുമോണിയയെക്കുറിച്ചും അതിന്റെ സങ്കീര്‍ണതകളെ കുറിച്ചും വിശദമായി അറിയാന്‍ മനോരമ ആരോഗ്യം മാര്‍ച്ച് ലക്കം വായിക്കാം