Friday 26 November 2021 04:21 PM IST : By മനോരമ ആരോഗ്യം ആർകൈവ്

ലിംഗത്തിന് ഒടിവു സംഭവിച്ചാൽ...

menp65667

അസ്ഥി ഇല്ലാത്ത അവയവമാണെങ്കിലും പുരുഷലിംഗത്തിനും ഒടിവു സംഭവിക്കാം. അതിനെയാണ് ആണ് പിനിസ് ഫ്രാക്ചർ (Penis Fracture) എന്നു വിളിക്കുന്നത്. ഉദ്ധരിച്ച അവസ്ഥയിലുള്ള ലിംഗത്തിന് ഏതാണ്ട് എല്ലിന്റെ പോലെയുള്ള ബലമുണ്ടെങ്കിലും എല്ലില്ലാത്ത കാരണം ഈ ‘ഒടിവ്’ എല്ലൊടിവിന് സമാനമായിരിക്കില്ല. ‘ഒടിവ്’ ഒരു പ്രയോഗമായി കാണുന്നതാവും ശരി. ഉദ്ധരിച്ചനിലയിൽ ലിംഗത്തിന് ക്ഷതം ഏൽക്കുമ്പോഴാണ് ഇത്തരം അപകടം സംഭവിക്കുക. 90 ശതമാനവും ഇത് ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴാവും സംഭവിക്കുക.

സാധാരണമല്ലാത്ത ഒടിവ്

ഉദ്ധാരണം നടക്കുമ്പോൾ ലിംഗത്തിന് രണ്ടു സിലിണ്ടറുകൾ പോലെയുള്ള പേശീനാളീകളിലേക്ക് (corpora cavernosa) രക്തം ഇരച്ചു കയറും.

ഈ പേശീനാളികൾക്കു ചുറ്റും tunica albuginea എന്ന റബ്ബർ പോലുള്ള ഒരാവരണം ഉണ്ട്. ഈ ആവരണമാണ് ലിംഗത്തിനുള്ളിൽ ആ രക്തത്തെ നിർത്തുന്നത്. ഒടിവുണ്ടാകുമ്പോൾ ഈ ആവരണം പൊട്ടിക്കീറിപ്പോകും. ഇതാണ് പിനിസ് ഫ്രാക്ചർ.

എന്നാൽ അത്ര പെട്ടെന്നൊന്നും പൊട്ടിപ്പോകുന്ന ആവരണമല്ല ഇത്. 1500 mmHg മർദ്ദം വരെ ഇതിനു താങ്ങാനാവും. നമ്മുെട ശരീരത്തിലെ സാധാരണ രക്തസമ്മർദം 120 mmHg ആണെന്നോർക്കുക.

ചുരുക്കത്തിൽ പിനിസ് ഫ്രാക്ചർ അത്ര സാധാരണമല്ല, പെട്ടെന്നു വരികയുമില്ല. എന്നാൽ ഒടിവ് വന്നാൽ അത് ഗുരുതരമാണുതാനും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ലിംഗം യോനിയിൽ നിന്നു ചിലപ്പോൾ വഴുതി പുറത്തേക്കു പോയെന്നിരിക്കും. ഇതറിയാതെ പ്രക്രിയ വീണ്ടും ആവർത്തിക്കുകയാണെങ്കിൽ ലിംഗാഗ്രം ചെന്നിടിക്കുന്നത് കട്ടിയായ മറ്റു ഭാഗങ്ങളിലെവിടെയെങ്കിലും ആയിരിക്കും. ഇത് ഒടിവിന് കാരണമാകാം.

ഉദ്ധരിച്ച ലിംഗവുമായി കട്ടിലിൽ ഉരുളുകയാണെങ്കിലും ലിംഗത്തിനു ക്ഷതം സംഭവിക്കാം. സ്ത്രീ മുകളിലായി വരുന്ന ലൈംഗിക നിലയിലും അപായ സാധ്യത കൂടുതലാണ്. വാഹനാപകടങ്ങളിലും ഇതു സംഭവിക്കാം. വളരെയേറെ ബലംപ്രയോഗിച്ച് സ്വയംഭോഗം നടത്തിയാലും അപകടമാണെന്നോർക്കുക.

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ചില വിഭാഗങ്ങളില്‍ ഉദ്ധാരണം ശമിപ്പിക്കാന്‍ വേണ്ടി ലിംഗാഗ്രം വെറുതേ ഒടിക്കാറുണ്ട്. ടഖാന്ദൻ (Taqaandan) എന്നാണു അവിടെ ഇതിന് പറയുക. കൈവിരലുകളിലെ ഞൊട്ട പൊട്ടിക്കും പോലെ ലളിതമായി പലരും ഇതു ചെയ്യാറുണ്ട്. ഇതും പിനിസ് ഫ്രാക്ചറിനു കാരണമാകാറുണ്ട്.

വേദന തന്നെ ലക്ഷണം

ലിംഗത്തിനു ഒടിവു പറ്റിയെന്നു തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന ലക്ഷണം പെട്ടന്നു ലിംഗത്തിനുണ്ടാകുന്ന കടുത്ത വേദന തന്നെയാണ്.

ഞൊട്ടപൊട്ടിക്കും പോലെയോ എല്ലുപൊട്ടും പോലെയോ ഉള്ള ശബ്ദത്തെ തുടർന്നാവും വേദന.

മാത്രമല്ല ഉദ്ധാരണം പൊടുന്നനെ ഇല്ലാതാവുക. ലിംഗം നീരുവച്ചു വീർക്കുക, ലിംഗം വളഞ്ഞിരിക്കുക, മൂത്രമൊഴിക്കാൻ ബൂദ്ധിമുട്ട് എന്നിവയും ഉണ്ടാകും. കൂടാതെ തൊലിയുടെ അടിയിൽ രക്തം കട്ടപിടിക്കുന്നതു കാരണം നിറം മാറും. ഏതാണ്ട് പർപ്പിൾ നിറമായി മാറി ‘വഴുതനങ്ങ’ പോലെയാവുമെന്നു പറയുന്നത് അതിശയോക്തിയല്ല.

ലിംഗത്തിന് ഒടിവ് സംഭവിക്കുമ്പോൾ മൂത്രനാളത്തിനു ക്ഷതമോ മുറിവോ സംഭവിക്കാം. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ ലിംഗത്തിലൂടെ രക്തം പുറത്തേക്കു വന്നെന്നിരിക്കും.

ലിംഗം ഒടിയുയുമ്പോൾ പേശീനാളികളുെട ആവരണപാളി പൊട്ടിക്കീറി പോവുകയാണ് ചെയ്യുക. സാധാരണ ഗതിയിൽ ഇത് കുറുകെ ആയിട്ടായിരിക്കും പൊട്ടുക. എന്നാൽ അത്യപൂർവമായി നീളത്തിലുള്ള പൊട്ടലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പരിഹാരം ശസ്ത്രക്രിയ

ലക്ഷണം, എപ്പോൾ എങ്ങനെ സംഭവിച്ചു എന്നതിൽ നിന്നും രോഗം നിർണയിക്കാനാവും. ലിംഗത്തിൽ രക്തം കട്ടിപിടിച്ചു കിടക്കുന്ന മുഴയും കണ്ടെത്തി നോക്കും. പ്രത്യേക എക്സ് റേ, എംആർഐ, അൾട്രാസൗണ്ട് സ്കാനുകൾ എന്നിവയും കൃത്യമായ രോഗനിർണയത്തിന് ഉപയോഗിച്ചു വരുന്നു.

അടിയന്തിര ശസ്ത്രക്രിയാ ചികിത്സ വേണ്ട അവസ്ഥയാണിത്. കീറിയ ഭാഗങ്ങൾ(tunica albuginea) തുന്നി ചേർക്കുകയാണ് ചെയ്യുക. മൂത്രനാളിക്കു തകരാറുണ്ടെങ്കിൽ അതും ശരിയാക്കേണ്ടി വരും. ഏതാണ്ട് മൂന്നു മാസത്തിനകം തന്നെ ലിംഗം പൂർവസ്ഥിയിലേക്കു മാറാം.

അടിയന്തിര ചികിത്സ തേടിയില്ലെങ്കിൽ, പിന്നീട് ഉദ്ധാരണം നടക്കാതെ പോകാം. ലിംഗം വളഞ്ഞു പോകാനും, മൂത്രം പോരാൻ ബുദ്ധിമുട്ടാകാനും സാധ്യത ഏറെയാണ്.

ഡോ. ടൈറ്റസ് ശങ്കരമംഗലം

പൊതുജനാരോഗ്യവിദഗ്ധൻ

തിരുവല്ല

Tags:
  • Daily Life
  • Manorama Arogyam
  • Health Tips