Saturday 15 January 2022 05:34 PM IST : By സ്വന്തം ലേഖകൻ

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം കുട്ടികളുണ്ടാകുമോ? ട്രാൻസ്‌ജെൻഡർ വ്യക്തികളിലെ ലൈംഗികതയും ദാമ്പത്യവും: സംശയങ്ങൾ അകറ്റാം

dwedfew4354

ട്രാൻസ്ജെൻഡർ വ്യക്തികളിൽ ലൈംഗികതയും ദാമ്പത്യവും എങ്ങനെ? ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ലൈംഗികത, കുട്ടികൾ ഉണ്ടാവുക സാധ്യമാണോ? തുടങ്ങി പൊതുവായ സംശയങ്ങൾക്ക് ലൈംഗികാരോഗ്യവിദഗ്ധന്റെ മറുപടി

ജെൻഡർ റീ അസൈൻമെന്റ് ശസ്ത്രക്രിയയ്ക്ക് ശേഷം ലൈംഗികസന്തോഷം ലഭിക്കുമോ? രതിമൂർച്ഛ ഇവർക്ക് സാധ്യമാണോ?

പുരുഷനിൽ നിന്നും സ്ത്രീ ആയി മാറാനുള്ള ശസ്ത്രക്രിയയിൽ സ്ത്രീ ലൈംഗികാവയവം വച്ചുപിടിപ്പിക്കുന്നുണ്ട്. ലിംഗവും വൃഷണങ്ങളും നീക്കം ചെയ്യുകയും ലിംഗചർമം ഉപയോഗിച്ച് യോനി നിർമിക്കുകയും ചെയ്യുന്നു. യോനീദളങ്ങൾ (Labia) വൃഷണസഞ്ചിയുടെ പാളി കൊണ്ടാണ് രൂപപ്പെടുത്തുന്നത്. ലിംഗാഗ്രത്തുള്ള ഏറെ സംവേദനക്ഷമതയുള്ള ഗ്ലാൻസ് പെനിസ് ഉപയോഗിച്ചാണ് ക്ലിറ്റോറിസ് നിർമിക്കുന്നത്. ട്രാൻസ് സ്ത്രീയെ രതിമൂർച്ഛയിലെത്തിക്കാൻ ഈ ക്ലിറ്റോറിസ് പര്യാപ്തമാണ്.

ശസ്ത്രക്രിയയിലൂടെ ലിംഗം രൂപപ്പെടുത്തലിന് (Metoidioplasty) വിധേയരാകുന്നവരിൽ ലിംഗോദ്ധാരണം സാധ്യമാണ്. മാത്രമല്ല പുതിയ ലിംഗം വലുപ്പത്തിൽ ചെറുതായിരിക്കുമെങ്കിലും സംവേദനക്ഷമതയുള്ളതായിരിക്കും. ഫാലോപ്ലാസ്റ്റി എന്ന രീതിയിൽ രൂപപ്പെടുത്തുന്ന ലിംഗം സാധാരണഗതിയിൽ ദൈർഘ്യമേറിയതായിരിക്കും. മികച്ച ലിംഗോധാരണം ലഭിക്കാൻ പെനൈൽ ഇംപ്ലാന്റുകൾ സഹായിക്കും. ശസ്ത്രക്രിയയ്ക്ക് ശേഷം പുതിയ ലൈംഗിക അവയവങ്ങളുമായി പൊരുത്തപ്പെടാനും മികച്ച ലൈംഗികാനുഭവത്തിലേക്ക് എത്താൽ ഒരൽപം സമയമെടുത്തേക്കും. അതു സ്വാഭാവികമാണ്.

രതിമൂർച്ഛ ലൈംഗികാവയവ ഉത്തേജനത്തെ മാത്രം ആശ്രയിച്ചല്ലല്ലൊ. അത് പ്രധാനമായും മസ്തിഷ്കം, മനസ്സ് എന്നിവയെ കൂടി ആശ്രയിച്ചാണ് ഇരിക്കുന്നത്. പിന്നെ മറ്റു സമ്മർദങ്ങളില്ലാത്ത സ്വതന്ത്രവും സന്തോഷകരവുമായ അന്തരീക്ഷവും വേണം. ഇവയെല്ലാം സമ്മേളിച്ചാൽ മറ്റുള്ളവർക്കെന്നതുപോലെ ട്രാൻസ് വ്യക്തികൾക്കും രതിമൂർച്ഛയിലെത്താനാകും.

ഇനി രതിമൂർച്ഛയിലെത്തിയില്ലെന്നു കരുതി ലൈംഗികാനന്ദം പൂർണമാകില്ല എന്നു കരുതേണ്ടതില്ല. അത് തികച്ചും വ്യക്തിപരമായ ഒരു കാര്യം മാത്രമാണ്. ട്രാൻസ്ജെൻഡറുകളെ സംബന്ധിച്ച് ലൈംഗികാസ്വാദനത്തിനേക്കാൾ പ്രധാനമായിരിക്കും സമൂഹത്തിൽ അംഗീകരിക്കപ്പെടുന്നതും അസ്തിത്വപരമായ സംതൃപ്തിയുമൊക്കെ.

ലിംഗമാറ്റശസ്ത്രക്രിയ നടത്തിയാലേ ട്രാൻസ്‌വ്യക്തികളിൽ ലൈംഗികാനന്ദം പൂർണമായി ലഭിക്കുകയുള്ളോ?

ഈ ധാരണ ശരിയല്ല. ചില ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവരുടെ ജന്മനാലുള്ള ശരീരവും സ്വയം അനുഭവപ്പെടുന്ന ലിംഗസ്വത്വവും തമ്മിലുള്ള സംഘർഷത്തോടെ (ജെൻഡർ ഡിസ്ഫോറിയ) തുടർന്നുജീവിക്കുന്നത് ഏറെ അസംതൃപ്തിക്കിടയാക്കാം. അങ്ങനെയുള്ള ചിലർക്ക് ജെൻഡർ റീ അസൈൻമെന്റ് സർജറി നടത്തി ഉള്ളിലുള്ള ലിംഗസ്വത്വത്തിനു ചേരുന്ന ശരീരത്തിലേക്ക് മാറാനാകുമിഷ്ടം. എന്നാൽ ചിലരെ സംബന്ധിച്ച് ഹോർമോൺ ചികിത്സ മാത്രം എടുത്താൽ മതിയാകും. സ്ത്രൈണÐപൗരുഷ ഹോർമോണുകൾ എടുക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികളിൽ വൈകാരിക ഭാവം മെച്ചപ്പെടുകയും ജെൻഡർ ഡിസ്ഫോറിയ കുറയുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ഇത് ഇവരുടെ ലൈംഗികജീവിതത്തിലും പൊസിറ്റീവായ മാറ്റങ്ങൾക്ക് ഇടയാക്കും.

ശസ്ത്രക്രിയ നടത്താത്തവരിൽ ലൈംഗികാനന്ദം നേടാനുള്ള വഴികൾ?

തങ്ങളുടെ ലിംഗസ്വത്വത്തിൽ തന്നെ സംഘർഷമില്ലാതെ തൃപ്തിയോടെ ജീവിക്കാനാകുക എന്നതു പ്രധാനമാണ്. നമ്മുടെ ചിന്തകളും തോന്നലുകളും ലൈംഗികജീവിതത്തെ സാരമായി സ്വാധീനിക്കാമെന്ന് ഒാർക്കുക. ജന്മനാലുള്ള ശരീരത്തെ സ്വീകരിക്കുകയും അതിനെ പരിപാലിക്കുകയും ചെയ്യണം. ശാരീരികാരോഗ്യം നിങ്ങളുടെ മൂഡിനേയും മാനസികാരോഗ്യത്തെയും സ്വാധീനിക്കുമെന്നത് മറക്കരുത്. ഏതുതരത്തിലുള്ള ലൈംഗികതയ്ക്കാണ് നിങ്ങൾ മുൻതൂക്കം നൽകുന്നതെങ്കിലും ഉറ പോലുള്ള സ്വയം സുരക്ഷിതമായിരിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ ശ്രദ്ധിക്കണം. നിങ്ങളുടേതിനു സമാന താൽപര്യങ്ങളുള്ള പങ്കാളിയെ കണ്ടെത്തുക. ആവശ്യമെങ്കിൽ ഒരു മാനസികാരോഗ്യവിദഗ്ധന്റെ സഹായം തേടാം.

ട്രാൻസ് സ്ത്രീകളും പുരുഷന്മാരും അഭിമുഖീകരിക്കുന്ന പ്രധാന ലൈംഗിക തകരാറുകൾ എന്തൊക്കെയാണ്?

ലൈംഗികബന്ധം ആരംഭിക്കുന്നതിൽ പ്രയാസം (ട്രാൻസ് സ്ത്രീകളിൽ 26%വും ട്രാൻസ് പുരുഷന്മാരിൽ 32 ശതമാനവും) രതിമൂർച്ഛയിലെത്തുന്നതിലുള്ള ബുദ്ധിമുട്ട് (ട്രാൻസ് സ്ത്രീകളിൽ 29 ശതമാനം, ട്രാൻസ് പുരുഷന്മാരിൽ 15 ശതമാനം) എന്നിവയാണ്. സ്ത്രീയിൽ നിന്നും പുരുഷനാകുന്ന ട്രാൻസ് വ്യക്തികളിൽ (ട്രാൻസ് മെൻ) ടെസ്
േറ്റാസ്റ്റിറോൺ ചികിത്സയ്ക്കും സെക്സ് റീ അസൈനിങ് സർജറിക്കും ശേഷം ലൈംഗികതാൽപര്യം വർധിക്കുന്നതായിട്ടാണ് കണ്ടിട്ടുള്ളത്.

ജെൻഡർ റീഅസൈൻമെന്റ് ശസ്ത്രക്രിയയുടെ ഒരു ലക്ഷ്യം എന്നു പറയുന്നതു തന്നെ പരസ്പരമുള്ള ഇഴുകിച്ചേരൽ ആസ്വദിക്കാനും രതിമൂർച്ഛയിൽ എത്താനും സാധ്യമാക്കുക എന്നതാണ്. മിക്ക ട്രാൻസ് വ്യക്തികളും അവരുടെ പുതിയ ലൈംഗികാവയവത്തിൽ തൃപ്തരാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ടെസ്േറ്റാസ്റ്റിറോൺ എടുത്ത് ആർത്തവം നിലച്ച ശേഷവും ട്രാൻസ് മെൻ ഗർഭം ധരിക്കാൻ സാധ്യതയുണ്ടോ?

ഹോർമോൺ ചികിത്സ തുടങ്ങി 6 മുതൽ 12 മാസത്തിനുള്ളിൽ ഒാവുലേഷൻ നിലയ്ക്കും. പക്ഷേ, അണ്ഡശേഖരം ഇല്ലാതാകില്ല. ട്രാൻസ് മെൻ ടെസ്േറ്റാസ്റ്റിറോൺ എടുക്കുന്നത് നിർത്തിയാൽ ഏതാണ്ട് ആറു മാസത്തിനുള്ളിൽ ആർത്തവം പുനരാരംഭിക്കും. ഗർഭപാത്രവും അണ്ഡാശയവും ഉള്ളതുകൊണ്ട് ട്രാൻസ് മെൻ ആയവർക്ക് ഇതുപയോഗപ്പെടുത്തി ഗർഭം ധരിക്കാവുന്നതാണ്.

ട്രാൻസ്ജെൻഡറുകൾക്കിടയിൽ ലൈംഗികരോഗ സാധ്യത കൂടുതലാണോ?

സുരക്ഷിതമായ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയാത്തവരിലാണ് സാധാരണഗതിയിൽ ലൈംഗികരോഗസാധ്യത കൂടുതലായി കാണുന്നത്. ഇതിൽ എല്ലാ ലിംഗക്കാരും ഉൾപ്പെടും. ലൈംഗികതയിലേർപ്പെടുമ്പോൾ സുരക്ഷിതമായ വഴികൾ സ്വീകരിക്കുക (ഉദാÐഉറയുടെ ഉപയോഗം), ഒന്നിലധികം പങ്കാളികളുമായി സുരക്ഷിതമല്ലാത്ത രീതിയിൽ ബന്ധപ്പെടുക എന്നിവയൊക്കെ ഒഴിവാക്കുന്നത് പൊതുവായി എല്ലാവരിലും ലൈംഗികരോഗങ്ങളെ തടയാൻ ഉപകരിക്കും.

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് കുട്ടികളുണ്ടാവുക സാധ്യമാണോ?

ചില ട്രാൻസ്ജെൻഡർ വ്യക്തികൾ സ്വന്തമായി കുട്ടികൾ വേണമെന്ന് ആഗ്രഹിക്കാറുണ്ട്. ജന്മനാ നൽകപ്പെട്ടിട്ടുള്ള ശരീരത്തിലെ ബീജം, അണ്ഡം എന്നിവ പ്രത്യുൽപാദനത്തിന് ഉപയോഗപ്പെടുത്തുകയാണ് പ്രായോഗികമായ ഒരു വഴി. ഉദാഹരണത്തിന് സ്ത്രീയിൽ നിന്നു പുരുഷനായി മാറുന്നവർക്ക് (ട്രാൻസ് മെൻ) സ്വന്തമായി കുട്ടികൾ വേണമെന്നുണ്ടെങ്കിൽ ശസ്ത്രക്രിയ വഴി അണ്ഡാശയം നീക്കുന്നതിനു മുൻപായി അണ്ഡം സൂക്ഷിച്ചുവയ്ക്കാം. ഗർഭപാത്രമുള്ള ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അതായത് ട്രാൻസ് മെൻ, നോൺ ബൈനറി വ്യക്തികൾ, ജെൻഡർ ഫ്ളൂയിഡ് പീപ്പിൾ, ജെൻഡർ ക്വീർ പീപ്പിൾ എന്നിങ്ങനെയുള്ളവർക്ക് തങ്ങളുടെ ശരീരത്തിലെ ഗർഭപാത്രവും അണ്ഡങ്ങളും ഉപയോഗപ്പെടുത്തി ഗർഭം ധരിക്കാം.

സ്ത്രൈണ ഹോർമോണുകളും പുരുഷ ഹോർമോണുകളും ഉപയോഗിച്ചുള്ള ഹോർമോൺ തെറപ്പി പ്രത്യുൽപാദനശേഷി കുറച്ചേക്കാം എന്നതുകൊണ്ട് ഹോർമോൺ തെറപിക്കോ ജെൻഡർ അഫിർമേറ്റീവ് സർജറിക്കോ മുൻപായി ഇതു സംബന്ധിച്ച് തീരുമാനമെടുക്കണം. വ്യക്തികൾ ആ സമയത്ത് ഇക്കാര്യത്തിൽ താൽപര്യം കാണിച്ചില്ലെങ്കിലും മെഡിക്കൽ വിദഗ്ധർ മുൻകയ്യെടുത്ത് ഇക്കാര്യം സംസാരിക്കണം.

പുരുഷനിൽ നിന്നും സ്ത്രീയാകുന്നവർ ബീജം സൂക്ഷിച്ചുവയ്ക്കാനുള്ള സംവിധാനത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. സ്ത്രീയായി മാറാനുള്ള ഹോർമോൺ ചികിത്സ ആരംഭിച്ചുകഴിഞ്ഞാൽ ബീജത്തിന്റെ അളവു കുറയും. അതുകൊണ്ട് സ്വന്തമായി കുട്ടികൾ വേണമെന്നുള്ള ട്രാൻസ് സ്ത്രീകൾക്ക് ചികിത്സ തുടങ്ങുന്നതിനു മുൻപ് സ്വന്തം ബീജം ബീജബാങ്കിൽ സൂക്ഷിക്കാം.സ്ത്രീയിൽ നിന്നും പുരുഷൻ ആയി മാറുന്നവർക്ക് അണ്ഡം ശീതികരിച്ച് സൂക്ഷിക്കാം. പിന്നീട് കൃത്രിമ ബീജസങ്കലനം നടത്തി വാടകഗർഭപാത്രത്തിൽ (Surrogate mother) കുഞ്ഞിനെ വളർത്താൻ സാധിക്കും.

ഡോ. ഡി. നാരായണ റെഡ്ഡി

സെക്സോളജിസ്റ്റ് (വേൾഡ് അസോസിയേഷൻ ഫോർ സെക്‌ഷ്വൽ ഹെൽത് അവാർഡ‍് ജേതാവ്) ദേഗാ

മറ്റു വിവരങ്ങൾക്ക് കടപ്പാട്

സ്റ്റാൻഡേഡ്സ് ഒഫ് കെയർ

ദ വേൾഡ് പ്രഫഷനൽ അസോസിയേഷൻ ഫോർ ട്രാൻസ്‌ജെൻഡർ ഹെൽത്

Tags:
  • Manorama Arogyam
  • Health Tips