വല്ലവിധേനയും ജോലി തീർത്ത് ഒാഫിസിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ തുടങ്ങിയതാണ് നെറ്റിക്കു ബാൻഡിട്ട് മുറുക്കിയ പോലെയുള്ള തലവേദന.... നല്ല ടെൻഷൻ ഉള്ള ദിവസങ്ങളിൽ സന്തതസഹചാരിയായുള്ള ഈ തലവേദനയെ മൈഗ്രെയ്‌ൻ ആയും സൈനസൈറ്റിസ് ആയുമൊക്കെ തെറ്റിധരിക്കാറുണ്ട് പലരും. പേരുപോലെ തന്നെ തലയിലെയും കഴുത്തിലെയും പേശികൾക്കു മുറുക്കമുണ്ടാകുന്നതു മൂലം അനുഭവപ്പെടുന്ന വേദനയാണ് ടെൻഷൻ തലവേദന അഥവാ സ്ട്രെസ്സ് ഹെഡ് ഏക്ക്. പിരിമുറുക്കമുണ്ടാക്കുന്ന സാഹചര്യങ്ങളോടുള്ള ശരീരത്തിന്റെ ഒരു പ്രതികരണമാണ് പേശികൾ വരിഞ്ഞുമുറുക്കുക എന്നത്.
വളരെ മെല്ലെ പുരോഗമിക്കുന്ന ഒരു മിടിക്കുന്ന വേദനയാകും ടെൻഷൻ തലവേദയിൽ അനുഭവപ്പെടുക. കണ്ണിനു മുകളിലായോ തലയുടെ വശങ്ങളിലായോ പിന്നിലോ അല്ലെങ്കിൽ നെറ്റിയിലോ ഒരു മർദം അനുഭവപ്പെടുന്നു. ഫലത്തിൽ തലയ്ക്കു ചുറ്റും ഒരു റബർ ബാൻഡിട്ട് മുറുക്കിയതുപോലെ അനുഭവപ്പെടുന്നു.
മൈഗ്രെയ്നിൽ നിന്നും ടെൻഷൻ തലവേദനയെ വേർതിരിച്ചറിയുക അൽപം പ്രയാസം പിടിച്ച സംഗതിയാണ്. എങ്കിലും ഒന്നു രണ്ടു കാര്യങ്ങളിൽ വ്യത്യാസമുണ്ടാകും. മൈഗ്രെയ്നിലെ പോലെ കാഴ്ചാപരമായ അസ്വാസ്ഥ്യമോ തലചുറ്റലോ ഛർദിയോ ടെൻഷൻ തലവേദനയിൽ കാണാറില്ല. ശബ്ദം, വെളിച്ചം എന്നിവയോടുള്ള അസഹ്യത ടെൻഷൻ തലവേദനയുള്ളവരിലും കാണാറുണ്ടെങ്കിലും എപ്പോഴും അങ്ങനെയുണ്ടാകണമെന്നില്ല.

തലവേദന വന്നാൽ
∙ ഇളംചൂടുള്ള വെള്ളത്തിൽ കുളിച്ച ശേഷം അൽപനേരം കിടന്നു വിശ്രമിക്കുന്നത് നല്ല ആശ്വാസം നൽകും. അതിനുള്ള സാഹചര്യമില്ലെങ്കിൽ ഒരു ടവൽ ചൂടുവെള്ളത്തിൽ മുക്കി പിഴിഞ്ഞ ശേഷം നെറ്റിയിലെയും തോളിലെയും കഴുത്തിലെയും മുറുകി നിൽക്കുന്ന പേശികളിൽ ചൂടുവയ്ക്കുക.
∙ ടെൻഷൻ മൂലം വലിഞ്ഞുമുറുകിയ മനസ്സിനെ സ്വസ്ഥമാക്കാൻ പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ സഹായിക്കും. സ്വസ്ഥമായി ഒരിടത്ത് ഇരുന്ന ശേഷം നെറ്റി, കണ്ണ്, മൂക്ക്, കഴുത്ത്, വയറ്, കൈകൾ തുടങ്ങി കാൽപാദം വരെ ശരീരത്തിലെ ഒാരോ ഭാഗത്തെയും പേശികൾ മുറുക്കി മെല്ലെ അയച്ചുവിടുക. ഒരൽപം സമയം ഉള്ളപ്പോൾ ചെയ്യാവുന്ന, ഏറ്റവും ഫലപ്രദമായ ടെക്നിക്കാണിത്. നല്ല ടെൻഷൻ ഉള്ള ജോലിയിലേർപ്പെടുന്നവർ ദിവസവും അൽപനേരം പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ പരിശീലിക്കുന്നത് ടെൻഷൻ തലവേദന വരാതിരിക്കാൻ സഹായിക്കുന്നു.
∙ നിശ്ചിത പ്രഷർ പോയിന്റുകളിൽ മർദം നൽകുന്ന അക്യുപ്രഷർ രീതി തലവേദന കുറയ്ക്കാൻ സഹായകമാണ്. (ചിത്രം കാണുക)
ടെൻഷൻ പരിഹരിക്കാം
ടെൻഷൻ തലവേദനയുടെ അടിസ്ഥാന കാരണം ടെൻഷനാണല്ലൊ. അതുകൊണ്ട് ആദ്യം ടെൻഷനെ വരുതിയിലാക്കാൻ ശ്രമിക്കണം. പലപ്പോഴും നമുക്കു കടുത്ത പിരിമുറുക്കം സൃഷ്ടിക്കുന്നത് ജീവിതത്തിലെ നിർണായകമായ എന്തെങ്കിലും മാറ്റങ്ങളോ ദുരന്തങ്ങളോ ഒക്കെയാകും. പക്ഷേ, ഇത്തരം പിരിമുറുക്കം തലവേദനയ്ക്ക് കാരണമാകാറില്ല. ഒാഫിസിലെ തിരക്കുകൾ, ട്രാഫിക് ബ്ലോക്ക് മൂലം സമയം പാലിക്കാനാകാതെ വരിക, പറഞ്ഞ തീയതിയായിട്ടും ജോലി പൂർത്തിയാക്കാനാകാതെ വരിക, കുട്ടികളുടെ പരീക്ഷ ...ഇങ്ങനെ നിത്യേന എന്ന പോലെ സംഭവിക്കുന്ന പിരിമുറുക്കങ്ങളാണ് തലവേദനയ്ക്ക് പൊതുവെ ഇടയാക്കുന്നതായി കാണുന്നത്. ഇത്തരം പിരിമുറുക്കങ്ങളെ പാടെ അകറ്റി നിർത്തുക സാധ്യമല്ലെന്ന് എല്ലാവർക്കുമറിയാം. പകരം എന്തൊക്കെ ചെയ്യാമെന്നു നോക്കാം.
∙ ജോലികളെ മുൻഗണനാക്രമം അനുസരിച്ച് വേർതിരിക്കുക. താങ്ങാനാകാത്ത ജോലിയുണ്ടെന്നു തോന്നിയാൽ ബന്ധപ്പെട്ടവരുമായി സംസാരിച്ച് തൽക്കാലം മാറ്റിവയ്ക്കാവുന്നത് മാറ്റി വയ്ക്കുക. ഏറ്റവും ആദ്യം വേണ്ടത് ആദ്യം ചെയ്തു തീർക്കുക.
∙ മറവിയാണ് പ്രശ്നമെങ്കിൽ ചെയ്യേണ്ടുന്ന കാര്യങ്ങൾ സൂക്‌ഷ്മമായ വിശദാംശങ്ങളോടെ എഴുതിവയ്ക്കുക. ഫോൺ അലാം, കംപ്യൂട്ടറിലാണെങ്കിൽ സ്റ്റിക്കി നോട്ട് എന്നിവയൊക്കെ എളുപ്പം ഒാർമിക്കാൻ സഹായിക്കും.
∙ വീട്ടിലെ ജോലികളിൽ മറ്റു കുടുംബാംഗങ്ങളോട് സഹായം അഭ്യർഥിക്കാം.
അടുത്തതായി ചെയ്യാവുന്ന പ്രധാന കാര്യം ടെൻഷനെ നേരിടാൻ സ്വയം പര്യാപ്തമാക്കുകയാണ്. ടെൻഷൻ ഉണ്ടാക്കുന്ന സാഹചര്യങ്ങളോടുള്ള പ്രതികരണത്തിൽ ശ്രദ്ധിക്കുക.
വ്യായാമം, ചിരി
∙ പതിവായി വ്യായാമം ചെയ്യുന്നത് സൗഖ്യം നൽകുന്ന ഹോർമോണുകളുടെ ഉൽപാദനം വർധിപ്പിക്കും. ഇതു തലവേദനയ്ക്കുള്ള സാധ്യത കുറയ്ക്കും. വല്ലാത്ത ടെൻഷൻ അനുഭവപ്പെടുമ്പോൾ ഒരു ബ്രേക്ക് എടുത്ത് വെറുതെ ബഹളങ്ങളില്ലാത്ത ഒരിടത്തേക്കു ഇറങ്ങി നടക്കുക. മനസ്സു ശാന്തമാക്കും.
∙ പിരിമുറുക്കം കുറയ്ക്കാൻ ചിരി നല്ല ഔഷധമാണ്. മനസ്സു മുറുകി തുടങ്ങുമ്പോൾ ചിരിപ്പിക്കുന്ന വിഡിയോകളോ കോമഡി സിനിമകളിലെ ചെറിയ ഭാഗങ്ങളോ കാണുക. ബോധപൂർവം ചിരിക്കുക. മുറുകിയ പേശികൾ അയയട്ടെ.
∙ യോഗയും മെഡിറ്റേഷനും പതിവായി ശീലിക്കുക
ഇനി പറയുന്ന സാഹചര്യങ്ങളിൽ ഉടൻ ഡോക്ടറെ കാണണം.
∙ കാരണം വ്യക്തമല്ലാത്ത കടുത്ത തലവേദന.
∙ തലവേദനയോടൊപ്പം പനി, കഴുത്തിന് മുറുക്കം, ആശയക്കുഴപ്പം. ഇരട്ടക്കാഴ്ച, ക്ഷീണം, പെരുപ്പ്, സംസാരിക്കാൻ പ്രയാസം.
∙ തലയ്ക്കു പരുക്കുപറ്റിയ ശേഷം തലവേദന വരിക
വിവരങ്ങൾക്ക് കടപ്പാട്
മനോരമ ആരോഗ്യം ആർകൈവ്
മയോക്ലിനിക് വെബ്‌സൈറ്റ്