Wednesday 22 January 2025 05:09 PM IST : By സ്വന്തം ലേഖകൻ

കപ്പയിലെ സയനൈഡ് ഘടകം പ്രശ്നമോ? കപ്പയും പാന്‍ക്രിയാസ് പ്രശ്നങ്ങളും തമ്മില്‍...

pancreatitisr443

പാൻക്രിയാസ് ഗ്രന്ഥിയുടെ വീക്കത്തിനാണു പാൻക്രിയാറ്റൈറ്റിസ് എന്നു പറയുന്നത്. ഈ രോഗത്തിന് ഒട്ടേറെ കാരണങ്ങളുണ്ട്. ഏറ്റവും കൂടുതലായി കാണപ്പെടുന്നത് അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ് രോഗമാണ്. പിത്തസഞ്ചിയിലെ കല്ല്, ചില വൈറസുകൾ, ചില മരുന്നുകളുടെ പാർശ്വഫലങ്ങ ൾ, മദ്യം, പാൻക്രിയാസിന്റെ പരുക്ക് എന്നിവ കാരണം ഈ രോഗം ഉണ്ടാകാം.

ഒട്ടുമിക്കവരിലും രോഗം ശമിക്കുന്നതിനോടൊപ്പം പാൻക്രിയാസ് ഗ്രന്ഥി പൂർവാവസ്ഥയിലേക്ക് എത്തുന്നു. പാൻക്രിയാസ് ഗ്രന്ഥിയുടെ അടിക്കടിയുള്ള വീക്കം കാരണം അതിന്റെ ഘടനയിലും പ്രവർത്തനത്തിലും വ്യതിയാനം ഉണ്ടാവുന്നു. ഈ അവസ്ഥയ്ക്കു ക്രോണിക് പാൻക്രിയാറ്റൈറ്റിസ് എന്നാണു പറയുക.

മദ്യപാനം കാരണവും ജനിതക വ്യതിയാനങ്ങൾ കൊണ്ടും ഈ രോഗാവസ്ഥ ഉണ്ടാകാം. ഈ വിധത്തിലുള്ള രോ ഗം 1960 കളിൽ മധ്യകേരളത്തിൽ വളരെയധികം കണ്ടുവന്നിരുന്നു. പിന്നീട് ഈ രോഗം ഉഷ്ണമേഖലയിൽ ഉള്ള മിക്ക രാജ്യങ്ങളിലും ഉണ്ടെന്നു തെളിയുകയും ഈ രോഗത്തിനു ‘ട്രോപ്പിക്കൽ പാൻക്രിയാറ്റൈറ്റിസ് (Tropical pancreatitis)’ എ ന്നു പേരു ലഭിക്കുകയും ചെയ്തു.

ദഹനരസങ്ങളുടെ അഭാവം മൂലമുള്ള അജീർണാവസ്ഥയും (ദഹനക്കേട്) പ്രമേഹരോഗവും അടിക്കടിയുള്ള വയറുവേദനയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. മിക്ക രോഗികളിലും പാൻക്രിയാസിൽ പലഭാഗത്തായി കല്ലുകളും കാണപ്പെടുന്നു.

പാൻക്രിയാറ്റൈറ്റിസ് രോഗത്തിന്റെ ഏറ്റവും പ്രധാന ലക്ഷണം വയറിന്റെ മുകൾഭാഗത്ത് ആയിട്ടുള്ള വേദനയാണ്. വേദനയുടെ കാഠിന്യം മൂലം മിക്ക രോഗികൾക്കും വേദന സംഹാരി മരുന്നുകൾ കുത്തിവയ്പ് ആയി കൊടുക്കേണ്ടിവരും. അപൂർവമായി അക്യൂട്ട് പാൻക്രിയാറ്റൈറ്റിസ് എന്ന രോഗം വളരെ ഗുരുതരം ആകാറുണ്ട്. രക്തത്തിലെ അമലേസ്, ലിപേസ് എന്നീ എൻസൈമുകളുടെ പരിശോധന വഴി ഈ രോഗം ഉണ്ടോ എന്ന സ്ഥിരീകരിക്കാം. മിക്ക രോഗികളിലും രോഗനിർണയത്തിനായി സി ടി സ്കാൻ എടുക്കേണ്ടതായി വരും.

കപ്പ പാൻക്രിയാസ് രോഗങ്ങൾക്കു കാരണമാകുമോ?

മലയാളിക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണല്ലോ കപ്പ അഥവാ മരച്ചീനി. ക്രോണിക് പാൻക്രിയാറ്റൈറ്റിസ് എന്ന രോഗം 1960 കളിൽ മധ്യകേരളത്തിൽ ആദ്യമായി കണ്ടുപിടിക്കുന്ന കാലഘട്ടത്തിൽ മിക്ക രോഗികളും സാമ്പത്തികമായി താഴെ തട്ടിൽ ഉള്ളവരും മരച്ചീനി അമിതമായി കഴിക്കുന്നവരും ആണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടു മരച്ചീനി ഭക്ഷണവും പാൻക്രിയാസ് രോഗവുമായി ബന്ധമുണ്ടെന്ന് ആദ്യകാലങ്ങളിൽ സംശയിച്ചിരുന്നു. കപ്പയിലുള്ള സയനൈഡ് അടങ്ങിയ ചില രാസവസ്തുക്കൾ (സയനോജനിക് ഗ്ലൈകോസൈഡ്സ്) പാൻക്രിയാസ് ഗ്രന്ഥിക്കു തകരാറുകൾ ഉണ്ടാക്കുന്നതായി ചില പരീക്ഷണങ്ങളിൽ കണ്ടിട്ടുമുണ്ട്. എന്നാൽ, ഇപ്പോൾ പാൻക്രിയാസ് രോഗം കണ്ടുവരുന്ന രോഗികൾക്കു മരച്ചീനി ഭക്ഷണവുമായി ഒരു ബന്ധവും ഇല്ലെന്നതാണു സത്യം. മാത്രമല്ല മരച്ചീനി ജീവിതത്തിൽ ഒരിക്കൽ പോലും കഴിക്കാത്ത രോഗികളിലും ക്രോണിക് പാൻക്രിയാറ്റൈറ്റിസ് കാണപ്പെടാറുണ്ട്.

ഡോ. വര്‍ഗീസ് തോമസ്

എമരിറ്റസ് പ്രഫസര്‍, സീനിയര്‍ കണ്‍സല്‍റ്റന്റ്, ഗ്യാസ്ട്രോ സയന്‍സസ് വിഭാഗം,

മലബാര്‍ മെഡി. കോളജ് ഹോസ്പിറ്റല്‍, കോഴിക്കോട്

Tags:
  • Manorama Arogyam