സോഡിയം അളവു താഴുക അഥവാ ഹൈപ്പോനട്രീമിയ പ്രായമായവരിൽ വളരെ സാധാരണമായ ഒരു പ്രശ്നമാണ്. പ്രായമേറുന്നതു സോഡിയം കുറയാനുള്ള സാധ്യത വർധിപ്പിക്കാം. തന്നെയുമല്ല, വയോജനങ്ങളിൽ സോഡിയം കുറയുന്നതുകൊണ്ടുള്ള ലക്ഷണങ്ങൾ കൂടുതൽ ഗുരുതരവും ജീവിതഗുണനിലവാരത്തെ സാരമായി ബാധിക്കുന്നതുമാകാം.
വാർധക്യം വൃക്കകളുടെ ജലവിസർജന ശേഷി കുറയ്ക്കും. ഇതോടൊപ്പം ശരീരത്തിലെ ജല– ഇലക് ട്രോലൈറ്റ് സന്തുലനം നിലനിർത്തുന്നതിന് ആവശ്യമായ ഓസ്മോട്ടിക് സംവേദനക്ഷമത വർധിക്കുന്നതും മരുന്നുകൾ പതിവായി കഴിക്കുന്നതും ഹൈപ്പോനട്രീമിയയിലേക്കു നയിക്കുന്നു.
അണുബാധ മുതൽ
സോഡിയം താഴ്ന്നു പോകുന്നതിന്റെ പ്രധാന കാരണം മരുന്നുകളാണ്. അണുബാധകൾ, വയറിളക്കം, ഛർദി, അമിത വിയർപ്പ്, നിർജലീകരണം, അനിയന്ത്രിത പ്രമേഹം, ഹൃദയസ്തംഭനം, കരൾരോഗം, ദീർഘകാലമായുള്ള വൃക്കരോഗം, ചില അർബുദങ്ങൾ എന്നിവയും സോഡിയം കുറയാൻ കാരണങ്ങളാകാം. തൈറോയ്ഡ് രോഗം, അഡ്രിനൽ, പിറ്റ്യൂട്ടറി തകരാറുകൾ എന്നിവയുൾപ്പെടെയുള്ള ഹോർമോൺ തകരാറുകളും സോഡിയം കുറയാനിടയാക്കാം. പക്ഷാഘാതം, തലച്ചോറിലെ രക്തസ്രാവം, തലച്ചോറിനെയും സുഷുമ്നയേയും ബാധിക്കുന്ന അണുബാധകൾ, ശ്വാസകോശ അണുബാധ, മരുന്നുകൾ തുടങ്ങിയ ഒട്ടേറെ കാരണങ്ങളാൽ ആന്റിഡൈയൂററ്റിക് ഹോർമോണിന്റെ അളവു കൂടുന്നതും ഒരു പ്രധാന കാരണമാണ്.
കൂടാതെ, പ്രായമായവർ മിക്കവരും രോഗഭീതി കാരണം ഉപ്പ് വളരെ കുറച്ചോ ഇല്ലാതെയോ ഭക്ഷണം കഴിക്കുന്നു. എന്നിട്ടു വെള്ളം കൂടുതൽ കുടിക്കുക കൂടി ചെയ്യുമ്പോൾ സോഡിയം കുറഞ്ഞുപോകാം. ‘ടീ ആൻഡ് ടോസ്റ്റ് ഹൈപ്പോനട്രീമിയ’ എന്നൊരുതരം സോഡിയം കുറയലുമുണ്ട്. ഉപ്പും പ്രോട്ടീനും വളരെ കുറവുള്ള ഭക്ഷണക്രമം പിന്തുടരുന്ന, എന്നാൽ ധാരാളം വെള്ളം കുടിക്കുന്ന പ്രായമായവരിൽ ഇത്തരം ഹൈപ്പോനട്രീമിയ കണ്ടുവരുന്നു.
ഈ മരുന്നുകൾ കാരണമാകാം
സാധാരണ പ്രശ്നമുണ്ടാക്കുന്നതു ഡൈയൂററ്റിക്സ് വിഭാഗത്തിലുള്ള മരുന്നുകളാണ്. മാനസികപ്രശ്നത്തിനുള്ള (ആന്റി സൈക്കോട്ടിക്) മരുന്നുകൾ, വിഷാദരോഗ മരുന്നുകൾ, ഉയർന്ന ബിപി, അപസ്മാരം എന്നിവയ്ക്കുള്ള മരുന്നുകൾ, പ്രോട്ടോൺ പമ്പ് ഇൻഹിബിറ്ററുകൾ, വേദനാസംഹാരികൾ എന്നിവയുടെ ഉപയോഗം സോഡിയം കുറയുന്നതിനു കാരണമാകാം. മരുന്നുകളോടൊപ്പം മറ്റു പല ഘടകങ്ങളും ചേരുമ്പോഴാണു സോഡിയം കുറയുന്നത്. അതുകൊണ്ട്, ഒരു ഡോക്ടറെ സമീപിക്കാതെ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ നിർത്തരുത്.
സോഡിയം കുറഞ്ഞാൽ
ലക്ഷണങ്ങൾ രക്തത്തിലുള്ള സോഡിയത്തിന്റെ അളവിനെയും എത്ര വേഗത്തിലാണു സോഡിയം താഴ്ന്നുപോയത് എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. സോഡിയം കുറയുന്നതിന്റെ മിക്ക ലക്ഷണങ്ങളും നാഡീവ്യവസ്ഥയെ സംബന്ധിച്ചുള്ളവയാണ്. അസ്വാസ്ഥ്യം, ഒാർമപ്രശ്നങ്ങൾ, നടക്കാൻ ബുദ്ധിമുട്ട്, ബാലൻസ് ഇല്ലാതെ വരിക തുടങ്ങിയവ ഉദാഹരണം. അനോറെക്സിയ, പേശികൾ കോച്ചിപ്പിടിക്കുക, ഓക്കാനം, ഛർദി, വീഴ്ചകൾ, അസ്ഥി പൊടിയുക അഥവാ ഓസ്റ്റിയോപൊറോസിസ് എന്നീ
പ്രശ്നങ്ങളും വരാം.
∙സോഡിയത്തിന്റെ സാധാരണ പരിധി 135-145 മില്ലി മോൾ/ലീറ്റർ ആണ്. സോഡിയം നിരക്ക് 130–135 നു താഴെയാണെങ്കിൽ നേരിയ ഹൈപ്പോനട്രീമിയ ആണ്. ലക്ഷണങ്ങളൊന്നുമുണ്ടാകില്ല.
∙ ഗുരുതരമാണെങ്കിൽ (സോഡിയം 120 ൽ താഴെ), ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സിക്കേണ്ടി വരും.
∙ പെട്ടെന്നു സോഡിയം താഴ്ന്നു പോവുകയാണെങ്കിൽ (48 മണിക്കൂറിനു താഴെയുള്ള സമയം കൊണ്ട്) ലക്ഷണങ്ങൾ കഠിനമാകാം. ഓക്കാനം, ഛർദി, അപസ്മാരം, കോമ തുടങ്ങി മരണം വരെ സംഭവിക്കാം. ചികിത്സ വൈകിയാൽ നാഡീവ്യവസ്ഥയ്ക്കു സ്ഥിരമായ നാശം വരാം.
ചികിത്സ എങ്ങനെ ?
സോഡിയം എത്ര കുറഞ്ഞിട്ടുണ്ട്, എത്രനേരം കുറഞ്ഞുനിന്നു, പെട്ടെന്നാണോ കുറഞ്ഞത് എന്നിവയൊക്കെ ആശ്രയിച്ചാണു ചികിത്സ തീരുമാനിക്കുന്നത്.
∙ ഓക്കാനം, ആശയക്കുഴപ്പം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങൾ കണ്ടെത്തിയാൽ, ഐസിയുവിൽ പ്രവേശിപ്പിച്ചു ചികിത്സിക്കണം.
∙ ശരീരത്തിലെ ആകെ ജലത്തിന്റെ അളവു കുറയുന്നതു കൊണ്ടാണു സോഡിയം കുറയുന്നതെങ്കിൽ, സാധാരണ സലൈൻ നൽകി നിർജലീകരണം പരിഹരിക്കുന്നു.
∙ മരുന്നുകളാണു കാരണമെങ്കിൽ, അത് ഉടനടി നിർത്തുകയും പകരം മരുന്നുകൾ നൽകുകയും ചെയ്യുന്നു.
∙ മറ്റു രോഗങ്ങൾ കാരണം സോഡിയം കുറയുന്നതിനു പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമാണ്.
സോഡിയം കുറവിനു വീട്ടുപരിഹാരങ്ങൾ
എല്ലായ്പ്പോഴും സോഡിയം കുറവിനു വീട്ടുപരിഹാരങ്ങൾ ഫലപ്രദമാകില്ല. മാത്രമല്ല, സ്വയം ചികിത്സിക്കുന്നത് അപകടകരമാകാം. കാരണം സോഡിയം ശരീരത്തിൽ വളരെ അത്യാവശ്യമായ ഒരു ഇലക്ട്രോലൈറ്റാണ്, തലച്ചോറ്, പേശി, ഹൃദയം എന്നിവയുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിയാണ്. സോഡിയം കുറയാതിരിക്കാൻ വീട്ടിൽ തന്നെ ചില മുൻകരുതലുകൾ നല്ലതാണ്.
∙ വേനലിൽ അമിതവിയർപ്പു കാരണം സോഡിയം കുറയാനിടയുണ്ട്. അതുകൊണ്ടു മുൻപു സോഡിയം കുറഞ്ഞുപോയിട്ടുള്ള വയോജനങ്ങൾ കുടിവെള്ളത്തിൽ അൽപം ഉപ്പു ചേർക്കുന്നതു നല്ലതാണ്. സംഭാരം, ഉപ്പു ചേർത്ത നാരങ്ങാവെള്ളം എന്നിവയും ഗുണകരമാണ്. ബിപി പ്രശ്നമുള്ള വയോജനങ്ങളാണെങ്കിൽ പോലും വേനലിൽ വല്ലാതെ ഉപ്പു കുറയ്ക്കുന്നത് ഒഴിവാക്കുക.
∙ വയോജനങ്ങൾക്ക് ഏതെങ്കിലും മരുന്നു കഴിക്കുമ്പോൾ ക്ഷീണമോ തലചുറ്റലോ ആശയക്കുഴപ്പമോ വീഴ്ചകളോ ഉണ്ടാകുന്നുവെങ്കിൽ തീർച്ചയായും ഡോക്ടറെ സമീപിച്ചു സോഡിയം കുറയുന്നില്ല എന്നുറപ്പാക്കണം. ആവശ്യമെങ്കിൽ മരുന്നു മാറ്റി വാങ്ങുകയും വേണം.
ഡോ. ലിഡിയ ജസ്റണ്‍
കണ്‍സല്‍റ്റന്റ് ജീറിയാട്രീഷന്‍
ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍
തിരുവല്ല