പ്രമുഖ റിയാലിറ്റി ഷോയിൽ നിന്ന് തിരികെ എത്തിയപ്പോൾ ആരാധകരുടെ സ്നേഹവലയങ്ങളിലേക്കാണ് ഡോ. റോബിൻ രാധാകൃഷ്ണൻ നടന്നു കയറിയത്. ഏതോ മാന്ത്രികതയിലെന്ന പോലെ നൊടിയിടയിൽ ജീവിതം മാറി. ആളും ആരവങ്ങളും നിറഞ്ഞു. യുവതലമുറയുടെ ഹരമായി ഈ തിരുവനന്തപുരത്തുകാരൻ ഡോ ക്ടർ. എന്നാൽ തിരക്കിനിടയിലും ആരോഗ്യകരമായ ജീവിതശൈലിക്ക് ഡോക്ടർ പ്രാധാന്യം നൽകുന്നുണ്ട്.
കാലറി ഡെഫിസിറ്റ് പ്രധാനമാണ്
മുൻപ് തിരുവനന്തപുരത്ത് ജി ജി ഹോസ്‌പിറ്റലിൽ ഡോക്ടറായി ഡ്യൂട്ടി ചെയ്തിരുന്ന കാലം മുതൽ ഡയറ്റ് നിയന്ത്രിച്ചിരുന്നു. കാലറി ഡെഫിസിറ്റ് ഡയറ്റാണ് ചെയ്യുന്നത്. കഴിക്കുന്നതിനേക്കാൾ കൂടുതലായി കാലറി ബേൺ ചെയ്യുന്നതാണ് കാലറി ഡെഫിസിറ്റ്. എനിക്ക് ആവശ്യമായ മെയ്ന്റനൻസ് കാലറി ഉണ്ട്. അതായത് ഉൗർജവിനിയോഗത്തിന് ശരീരത്തിനാവശ്യമായ കാലറി.ആ കാലറിയേക്കാൾ കുറഞ്ഞ കാലറിയാണ് ഞാൻ കഴിക്കുന്നത്.
ഇപ്പോൾ ഒരു സിനിമയുടെ ഒരുക്കത്തിലാണ്. കഥ, തിരക്കഥ, സംവിധാനം എല്ലാം ഞാനാണ് ചെയ്യുന്നത്. ആ സിനിമയ്ക്കു വേണ്ടി ശരീരഭാരം 110 കിലോയാക്കണം. ശരീരഭാരം 103 കിലോയിലെത്തിച്ചപ്പോഴാണ് ഫെബ്രുവരിയിൽ വിവാഹനിശ്ചയം തീരുമാനമാകുന്നത്. അതിനു വേണ്ടി ഭാ രം കുറയ്ക്കണം.എന്റെ ടാർഗറ്റ് വെയ്റ്റ് 90 കിലോ ആണ്. ഒരാഴ്ച കൊണ്ട് 103 ൽ നിന്ന് 97 കിലോയിൽ എത്തിച്ചു.
ഇപ്പോൾ വർക് ഒൗട്ടു ചെയ്യാനുള്ള സാഹചര്യം കിട്ടുന്നില്ല. ഫ്രീ ആകുമ്പോൾ നടക്കാറുണ്ട്. നടന്നു കൊണ്ടു സംസാരിക്കും,പാട്ടു കേൾക്കും. പരമാവധി ആക്റ്റീവ് ആയിരിക്കുക. കാലറി ഡെഫിസിറ്റിൽ ആയിരിക്കുക... ഇപ്പോൾ ഈ രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്. ഡോക്ടറായി പ്രാക്‌റ്റീസ് ചെയ്തിരുന്ന കാലത്തു സമയത്ത് ആഹാരം കഴിക്കാനും ഉറങ്ങാനുമൊക്കെ കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു റുട്ടീൻ സെറ്റു ചെയ്യുക ബുദ്ധിമുട്ടാണ്. ഇനി ചിട്ടകളോടെ ജീവിതം തുടരണം എന്ന് ആഗ്രഹമുണ്ട്.പതിയെ ഒാരോന്നായി ചെയ്യും.എന്റെ ശരീരപ്രകൃതിക്കനുസരിച്ച് മൂന്നു മുതൽ നാലു ലീറ്റർ വെള്ളം കുടിക്കണം. ഇപ്പോൾ രണ്ടര– മൂന്നുലീറ്റർ
വെള്ളം കുടിക്കാൻ ശ്രമിക്കുന്നുണ്ട്.
ഇഷ്ടം ചിക്കൻ ബിരിയാണി
ഞാൻ നല്ല ഫൂഡി ആണ്. ഭക്ഷണം ആസ്വദിച്ചു കഴിക്കും. ഇപ്പോൾ യാത്രയും തിരക്കുമായതിനാൽ കൃത്യസമയത്തു ബാലൻസ്ഡ് ഡയറ്റ് കഴിക്കാനാകുന്നില്ല. മൂന്നുമണിക്കൂർ ഇടവേളയിൽ അഞ്ചാറു തവണയായി ചെറിയ അളവിൽ കഴിക്കുന്നതാണ് ആരോഗ്യകരം. എനിക്കതിനു കഴിയുന്നില്ല. ഏറ്റവും ഇഷ്ടം ചിക്കൻ ബിരിയാണിയാണ്. രണ്ടാമത് അമ്മയുണ്ടാക്കുന്ന ചോറും സാമ്പാറും ചിക്കൻ പൊരിച്ചതും. കാലറി ഡെഫിസിറ്റിൽ ആയതിനാൽ ഫുൾചിക്ക ൻ ബിരിയാണി കഴിക്കാറില്ല. റൈസ് പകുതിയും ചിക്കൻ കൂടുതലും എടുക്കും. കഴിക്കുന്ന രീതിയും പ്രധാനമാണ്.
സമ്മർദങ്ങളെ ഡീൽ ചെയ്യും
കുട്ടിക്കാലം മുതൽ സ്ട്രെസ്സ് ഈറ്റിങ് ഉണ്ട്. സമ്മർദം വരുമ്പോൾ ആവശ്യമില്ലെങ്കിലും കഴിക്കും.അപ്പോൾ കുറച്ച് റിലാക്സേഷൻ അനുഭവപ്പെടും. സമ്മർദത്തെ നിയന്ത്രിക്കാനോ ഇല്ലാതാക്കാനോ കഴിയില്ല. അതു ജീവിതത്തിന്റെ ഭാഗമാണ്. സമ്മർദത്തെ എങ്ങനെ ഡീൽ ചെയ്യുന്നു എന്നതാണു പ്രധാനം. എന്തു വന്നാലും നോക്കാം എന്ന രീതിയാണെന്റേത്. സ മ്മർദത്തെ അഭിമുഖീകരിച്ച് മുൻപോട്ടു പോകും.
ഹെൽത് ചെക്കപ്പ് പ്രധാനം
ബ്ലഡ് റുട്ടീൻ ചെക്കപ്പിൽ ബ്ലഡ് കൗണ്ട് പരിശോധിക്കും. ഇതിൽ യൂറിയ, ക്രിയാറ്റിനിൻ എല്ലാം ഉൾപ്പെടും. വൈറ്റമിൻ ഡിയും പരിശോധിക്കാറുണ്ട്.ബോഡി വൈറ്റൽസ്– ബിപി, സാച്ചുറേഷൻ, പൾസ് േററ്റ് എന്നീ അടിസ്ഥാന പരിശോധനകൾക്കൊപ്പം ഇ സി ജിയും ചെസ്റ്റ് എക്സ്േറയും ഉൾപ്പെടുത്തും. എല്ലാവരും ആറുമാസത്തിലൊരിക്കൽ ഹെൽത് ചെക്കപ്പ് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.
യുവതലമുറയോട്
നമുക്ക് ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. എല്ലാവരും ടാലന്റഡ‍് ആകണമെന്നില്ല. എന്റെ ടാലന്റ് എന്നത് ഹാർഡ് വർക് ആണ്. എനിക്ക് ഒരു ഗോഡ്ഫാദറില്ലായിരുന്നു. തനിച്ച് ഒരുപാടു കഷ്ടപ്പെട്ട് നേടിയെടുത്തതാണിതെല്ലാം.
ലഹരി ഉപയോഗിക്കുന്ന യുവതലമുറയോട് ഒന്നു മാത്രമേ പറയാനുള്ളൂ. ലഹരി ഉപയോഗിച്ച് വെറുതെ ജീവിതം നശിപ്പിക്കരുത്. ഞാൻ ഇന്നുവരെ സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ല. ഇതൊന്നും ചെയ്യരുതെന്ന് ആരും പറഞ്ഞിട്ടല്ല. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ജീവിതത്തിലെ ലക്ഷ്യങ്ങളാണ് എന്റെ ലഹരി.
ചെറിയ കാര്യം വലിയ സന്തോഷം
ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നയാളാണു ഞാൻ. ഉള്ളതുകൊണ്ട് സംതൃപ്തനാകും. അമിത പ്രതീക്ഷകൾ നമ്മുടെ സന്തോഷം കെടുത്തിക്കളയും. ഇപ്പോൾ ഇവിടെ നല്ല വെയിലാണ്. ഈ സമയത്ത് ഒരു മഴ പെയ്താൽ ഞാൻ ഹാപ്പിയാകും. മഴ പെയ്യുമ്പോൾ ഒരു നല്ല പാൽച്ചായ കൂടി കിട്ടിയാലോ കൂടുതൽ ഹാപ്പിയാകും. നെഗറ്റീവ് ഒാറ പരമാവധി ഒഴിവാക്കും. കുറച്ച് ആൾക്കാരെ മാത്രമേ എന്റെ സർക്കിളിൽ വയ്ക്കൂ. ഒരു പ്രശ്നം വരാൻ സാധ്യതയുണ്ട് എന്നു തോന്നുന്ന കാര്യങ്ങളെല്ലാം ഒഴിവാക്കും.
തിരികെ വരുമോ ഡോക്ടറായി
മെഡിസിൻ പഠനം കഴിഞ്ഞ് ജോലി ചെയ്യുന്നതിനൊപ്പമാണ് ഞാൻ എന്റെ പാഷനെ പിന്തുടർന്നത്. ഇപ്പോൾ ഈ അവസരം പരമാവധി ഉപയോഗിച്ചാൽ എനിക്കതു പ്രയോജനകരമാണ്. പ്രഫഷനും പാഷനും തുല്യ പ്രാധാന്യമാണു നൽകുന്നത്. ഒരു ഡോക്ടറാണെന്നു പറയാൻ ഏറെ അഭിമാനമുണ്ട്. ഞാൻ വലിയ ടാലന്റഡ് ആയ ഒരു ഡോക്ടറൊന്നുമല്ല. എങ്കിലും ഒരുപാടു പേരുടെ വിഷമഘട്ടങ്ങളിൽ ആശ്വാസം പകരാൻ കഴിഞ്ഞിട്ടുണ്ട്. അതൊരു ദൈവനിയോഗമാണ്. ഒരുപാടു പേരുടെ സ്നേഹവും പ്രാർഥനയും എന്റെ കൂടെയുണ്ട് , എനിക്കതു മ തി. ഇന്നേ വരെ ഞാൻ കാണാത്തവർ തിരികെ ഒന്നും പ്രതീക്ഷിക്കാതെ അനുഗ്രഹങ്ങൾ തരുകയാണ്. ആ അനുഗ്രഹങ്ങൾ ഞാൻ ശേഖരിക്കുകയാണ്.
ജീവിതം പഠിപ്പിച്ച പാഠം
എന്റെ വീഴ്ചകളാണ് എന്റെ പ്രചോദനം (My downfalls are my inspiration)- അത് എന്റെ quote ആണ്. ജീവിതത്തിൽ എന്നെ ഇൻസ്പയർ ചെയ്തതും മോട്ടിവേറ്റ് ചെയ്തതുമായ ഒരു വ്യക്തി ഇല്ല. ഞാൻ തോറ്റു പോകണം എന്ന് ആഗ്രഹിച്ചവരുടെ മുൻപിൽ വാശിയോടെ ജീവിച്ചു കാണിക്കണം എന്നതാണ് ആഗ്രഹം.
രോഗത്തോടൊപ്പം ജീവിതം
മൂന്നുവർഷം മുൻപാണ് രോഗം കണ്ടെത്തിയത്. തല തുവർത്തുന്ന സമയത്ത് ചെറുതായൊന്നു തട്ടുന്നതു പോലെ തോന്നി. പരിശോധനയിൽ തലയോടിൽ ഒരു ബോൺ ട്യൂമർ (Osteoma) വളരുന്നുണ്ട് എന്നറിഞ്ഞു. ആ മുഴ സാവധാനം വളരുകയാണ്. ഇടയ്ക്കു കടുത്ത തലവേദനയും മൂഡ് സ്വിങ്സും വരും. എല്ലാ വർഷവും എംആർഐ സ്കാൻ എടുത്ത് ട്യൂമർ തലച്ചോറിലേക്കു പോകുന്നുണ്ടോ എന്നു പരിശോധിക്കണം. ഈ ട്യൂമർ വളർന്നു തലച്ചോറിൽ എത്തിയാൽ ചില സങ്കീർണതകൾ വരാം.
ഈ രോഗവുമായി പൊരുതി എനിക്കു മുൻപോട്ടു പോകണം. ഇതും ജീവിതത്തിന്റെ ഭാഗമല്ലേ? മുൻപോട്ടുള്ള യാത്രയിൽ എന്തൊക്കെ സംഭവിക്കുമെന്ന് ആർക്കാണ് അറിയാനാകുക. ഇതെല്ലാം ഞാൻ പൊസിറ്റീവായാണ് സ്വീകരിക്കുന്നത്.