Monday 14 February 2022 05:15 PM IST

രാത്രി ഇടയ്ക്കിടെ മൂത്രമൊഴിക്കുക; മൂത്രമൊഴിച്ചു തീർന്നില്ലെന്ന തോന്നൽ: പ്രോസ്േറ്ററ്റ് പ്രശ്നങ്ങൾ മുൻപേ അറിയാൻ

Asha Thomas

Senior Sub Editor, Manorama Arogyam

t4t456 ഇൻസെറ്റിൽ ഡോ. രാജു ഏബ്രഹാം

പുരുഷനുള്ള, വാർധക്യത്തിന്റെ സമ്മാനമാണ് പ്രോസ്േറ്ററ്റ് പ്രശ്നങ്ങൾ എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. കാരണം പുരുഷന്മാരിൽ മാത്രം കാണുന്നതും പ്രധാനമായും പ്രായമേറുമ്പോൾ പ്രശ്നക്കാരനാകുന്നതുമായ ഒന്നാണ് പ്രോസ്േറ്ററ്റ് ഗ്രന്ഥി. 60 വയസ്സു കഴിഞ്ഞ പുരുഷന്മാരിൽ 60 ശതമാനം പേരിലും 85 വയസ്സു കഴിഞ്ഞവരിൽ 90 ശതമാനം പേരിലും പ്രോസ്േറ്ററ്റ് പ്രശ്നങ്ങൾ കണ്ടുവരുന്നതായാണ് റിപ്പോർട്ടുകൾ.

പ്രായവും ജനിതകവും

എന്തുകൊണ്ടാണ് പ്രോസ്േറ്ററ്റ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നതു സംബന്ധിച്ച് കൃത്യമായ ഒരു ഉത്തരം ഗവേഷകർക്കുമില്ല. പ്രായമേറുന്നതനുസരിച്ച് സംഭവിക്കുന്ന സ്വാഭാവിക ശാരീരിക മാറ്റങ്ങളുടെ ഭാഗമായി പ്രോസ്േറ്ററ്റ് ഗ്രന്ഥിക്ക് വരുന്ന മാറ്റമാകാം കാരണം എന്നാണ് പൊതുവേ കരുതുന്നത്.

ഉറപ്പിച്ചു പറയാവുന്ന മറ്റൊരു കാരണം ജനിതകസ്വാധീനമാണ്. കുടുംബത്തിൽ ആർക്കെങ്കിലും പ്രത്യേകിച്ച് പിതാവോ സഹോദരനോ പോലെ അടുത്ത രക്തബന്ധത്തിലുള്ളവർക്ക് പ്രോസ്േറ്ററ്റ് പ്രശ്നങ്ങൾ വന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്കും അതുണ്ടാകാൻ സാധ്യത കൂടുതലാണ്. അതുപോലെ തീരെ ആക്ടീവല്ലാത്ത

അലസമായ ജീവിതം നയിക്കുന്നവരിൽ പ്രോസ്േറ്ററ്റ് രോഗം വരാൻ സാധ്യത കൂടുതലാണ് എന്നു കാണുന്നു.

പ്രോസ്േറ്ററ്റിനുണ്ടാകുന്ന എല്ലാ മാറ്റങ്ങളും അർബുദമല്ല എന്നു പ്രത്യേകം ഒാർക്കുക. പക്ഷേ, ദൈനംദിന ജീവിതം ബുദ്ധിമുട്ടേറിയതാക്കാനും ജീവിതത്തിന്റെ ഗുണനിലവാരം

കുറയ്ക്കാനും ഈ പ്രശ്നങ്ങൾ കാരണമാകും. മിക്കവാറും മൂത്രസംബന്ധിയായ വൈഷമ്യങ്ങളായാണ് പ്രോസ്േറ്ററ്റ് പ്രശ്നങ്ങൾ പ്രകടമാവുക. മൂത്രം പോകാനുള്ള ബുദ്ധിമുട്ടുകളും അടിക്കടിയുള്ള മൂത്രമൊഴിക്കലും ആളുകൾക്ക് നാണക്കേടും അസൗകര്യവും സൃഷ്ടിച്ചേക്കാം. രാത്രി അടിക്കടി ടോയ്‌ലറ്റിൽ പോകാൻ എഴുന്നേൽക്കുന്നത് മൂലം പലർക്കും ഉറക്കം തടസ്സപ്പെടുന്ന അവസ്ഥയുണ്ട്. മൂത്രമൊഴിക്കൽ പ്രശ്നം മൂലം വീടുവിട്ട് യാത്ര പോകാനാകാതെ വിഷമിക്കുന്നവരുണ്ട്.

തുടക്കത്തിലേ അറിഞ്ഞാൽ

പ്രോസ്േറ്ററ്റ് പ്രശ്നങ്ങൾ മെല്ലെയാണ് തീവ്രമാകുന്നത്. ആരംഭത്തിൽ, അതായത് നാൽപതുകളിലൊക്കെ ലഘുവായ പ്രയാസങ്ങളേ പ്രോസ്േറ്ററ്റ് സൃഷ്ടിക്കാൻ ഇടയുള്ളൂ. പക്ഷേ, എന്തു ലക്ഷണമായാലും, അത് ജീവിതത്തിൽ പ്രയാസം സൃഷ്ടിക്കുന്നില്ലെങ്കിൽ പോലും ആരംഭഘട്ടത്തിലേ ഒരു യൂറോളജിസ്റ്റിനെ കാണേണ്ടത് പ്രധാനമാണ്. അതുപോലെ 45 വയസ്സു കഴിഞ്ഞ പുരുഷന്മാർ എല്ലാവരും, ഒരു ലക്ഷണവുമില്ലെങ്കിലും വർഷത്തിലൊരിക്കൽ പ്രോസ്േറ്ററ്റ് പരിശോധന നിർബന്ധമായും നടത്തണം. ഇതൊക്കെക്കൊണ്ട് പ്രോസ്േറ്ററ്റ് വീക്കം പോലുള്ള പ്രശ്നങ്ങൾ ജീവിതത്തിന്റെ ഗുണമേന്മ നഷ്ടമാക്കുന്നത് തടയാനാകും.

മൂന്നു രോഗങ്ങൾ

പ്രോസ്േറ്ററ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് ആരോഗ്യപ്രശ്നങ്ങളാണ് സാധാരണ കാണുന്നത്. പ്രോസ്റ്റാറ്റാറ്റിസ് അഥവാ പ്രോസ്േറ്ററ്റിന് അണുബാധയും നീർവീക്കവും വരിക, ബിപിഎച്ച് (ബിനൈൻ പ്രോസ്േറ്ററ്റ് ഹൈപ്പർപ്ലാസിയ) അഥവാ പ്രോസ്േറ്ററ്റ് ഗ്രന്ഥി വീക്കം, പ്രോസ്േറ്ററ്റിനുണ്ടാകുന്ന അർബുദം.

പ്രോസ്േറ്ററ്റ് വീക്കം (ബിപിഎച്ച്)

ഏറ്റവും സാധാരണയായി കാണുന്ന പ്രോസ്േറ്ററ്റ് പ്രശ്നം പ്രോസ്േറ്ററ്റ് വലുതാകലാണ്. വാൽനട്ടിന്റെ വലുപ്പമുള്ള ഗ്രന്ഥി വലുതായി നാരങ്ങാവലുപ്പത്തിലാകാം. ഇതിന് ബിനൈൻ പ്രോസ്േറ്ററ്റ് ഹൈപ്പർപ്ലാക്സിയ എന്നു പറയും. ബിനൈൻ എന്നാൽ അർബുദം അല്ലാത്തത്, ഹൈപ്പർപ്ലാസിയ എന്നാൽ അസാധാരണമായ കോശവളർച്ച . അതായത് അർബുദമല്ലാത്ത, അസാധാരണ തോതിലുള്ള കോശവളർച്ചയാണ് ബിപിഎച്ച്.

ആൺകുട്ടികളിൽ പ്രായപൂർത്തിയാകുന്ന സമയത്ത് പ്രോസ്േറ്ററ്റ് ഗ്രന്ഥിക്ക് പെട്ടെന്ന് വളർച്ചയുണ്ടാവുകയും ഇരട്ടി വലുപ്പം വയ്ക്കുകയും ചെയ്യും. ഇരുപതുകളുടെ പകുതിയിലാണ് പിന്നീട് പ്രോസ്േറ്ററ്റ് വളർച്ചയുണ്ടാവുക. അതു തുടരുകയും ചെയ്യും.

ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാം

പ്രോസ്േറ്ററ്റ് വലുതാകുന്നതനുസരിച്ച് മിക്കവരിലും മൂത്രമൊഴിക്കാൻ പ്രയാസം വന്നുതുടങ്ങും. മൂത്രമൊഴിച്ചു തുടങ്ങാൻ പ്രയാസം,

മൂത്രധാര നേർത്തുപോവുക, മൂത്രം തുള്ളിയായി തെറിച്ചുവീഴുക, ഒഴിച്ചുതീർന്നാലും മുഴുവൻ പോയില്ലെന്ന തോന്നൽ, രാത്രി ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടിവരിക, മൂത്രം പിടിച്ചുവയ്ക്കാൻ കഴിയാതെ വരിക എന്നിവയാണ്

പ്രധാനമായി കാണുന്ന ലക്ഷണങ്ങൾ.

വൃക്ക തകരാറിലാക്കാം

രോഗത്തിന്റെ ആരംഭഘട്ടത്തിൽ ചികിത്സയെടുത്താൽ ലക്ഷണങ്ങൾ ഇത്രത്തോളം തീവ്രമാകുന്നതു തടയാം. നിരീക്ഷണത്തോടെയുള്ള കാത്തിരിപ്പ് അതായത് ഡോക്ടറെ നിശ്ചിത ഇടവേളകളിൽ കണ്ട് രോഗം വഷളാകുന്നില്ല എന്നുറപ്പാക്കുക, ഔഷധചികിത്സ, ശസ്ത്രക്രിയ എന്നിവയാണ് പ്രോസ്റ്റേറ്റ് വീക്കത്തിന്റെ ചികിത്സകൾ. രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും ദൈനംദിന ജീവിതം ആയാസരഹിതമാക്കാനും ചികിത്സ കൊണ്ട് സാധിക്കും.

കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മൂത്രാശയം ദുർബലമാകാനും മൂത്രം തിരിച്ചൊഴുകി മൂത്രാശയത്തിലും വൃക്കയിലും അണുബാധ ഉണ്ടാകാനും സാധ്യതയുണ്ട്. മൂത്രം കെട്ടിക്കിടന്നു മൂത്രത്തിൽ കല്ല് വരാം. അതു തീവ്രമായി വൃക്ക പരാജയത്തിനു വരെ ഇടയാക്കാം. അപൂർവമായി മൂത്രം നിലച്ചുപോകുന്ന അവസ്ഥയും വരാം.

പ്രോസ്േറ്ററ്റ് അണുബാധയും വീക്കവും

അണുബാധ മൂലമോ അല്ലാതെയോ പ്രോസ്േറ്ററ്റിന് ഉണ്ടാകുന്ന നീർവീക്കം ചെറുപ്പക്കാരിലും കാണാറുണ്ട്. മൂത്രമൊഴിക്കാനുള്ള പ്രയാസം, മൂത്രം പോകുമ്പോൾ ചുട്ടുനീറുന്ന വേദന, അടിക്കടി മൂത്രമൊഴിക്കാനുള്ള തോന്നൽ, കടുത്ത പനിയും വിറയലും, നടുവിന്റെ താഴ്ഭാഗത്തുള്ള വേദന, അടിവയറിലോ ഗുഹ്യഭാഗത്തോ (Perineal) അനുഭവപ്പെടുന്ന വേദന എന്നിവയൊക്കെ ലക്ഷണങ്ങളായി വരാം. മൂത്രവും രക്തവും പരിശോധിക്കുന്നതു വഴി അണുബാധ ഉണ്ടോയെന്നറിയാനാകും. ഏതുതരം പ്രോസ്റ്റാറ്റൈറ്റിസ് ആണെന്നതനുസരിച്ചാണ്

ചികിത്സ നിശ്ചയിക്കുക. പ്രോസ്റ്റാറ്റൈറ്റിസ് നാലു തരമുണ്ട്.

അക്യൂട്ട് ബാക്ടീരിയൽ പ്രോസ്റ്റാറ്റൈറ്റിസ്

ബാക്ടീരിയ അണുബാധ മൂലം പൊടുന്നനെ ഉണ്ടാകുന്ന ഈ നീർവീക്കത്തിൽ കടുത്ത പനിയും കുളിരും പ്രകടമാകാം. മൂത്രത്തിൽ രക്തമയം കാണാം. മൂത്രാശയ അണുബാധ വന്നവരിൽ കൃത്യമായ ചികിത്സയെടുത്തില്ലെങ്കിൽ അത് ബാക്ടീരിയൽ പ്രോസ്റ്റാറ്റൈറ്റിസ് ആയി മാറാം. എല്ലാത്തരം ആന്റിബയോട്ടിക്കുകളും ഈ അവസ്ഥയിൽ പ്രയോജനം ചെയ്യില്ല. അണുബാധ മൂലമുള്ള നീർവീക്കം വിട്ടുമാറാൻ പ്രയാസമാണ്.

ക്രോണിക് ബാക്ടീരിയൽ പ്രോസ്റ്റാറ്റൈറ്റിസ്Ðഅടിക്കടി മൂത്രാശയസംബന്ധമായ അണുബാധകൾ വന്നുകൊണ്ടിരിക്കുന്നതാണ് ലക്ഷണം. അണുബാധ പൂർണമായും മാറാൻ കുറച്ചധികം നാൾ ആന്റിബയോട്ടിക് ചികിത്സ വേണ്ടിവരും. പ്രോസ്േറ്ററ്റിന്റെ പ്രശ്നം മൂലം മൂത്രനാളിയിൽ മൂത്രം കെട്ടിനിൽക്കുന്നതാണ് പ്രശ്നമുണ്ടാക്കുന്നത്.

കൃത്യമായ ചികിത്സയെടുത്തില്ലെങ്കിൽ പ്രോസ്േറ്ററ്റ് ആബ്സസ് രൂപപ്പെടാം. പ്രമേഹമുള്ളവരിൽ ഏതുതരം അണുബാധയും നിയന്ത്രിക്കുവാൻ പ്രയാസമാണ്. അതുകൊണ്ട് പ്രമേഹമുള്ള പുരുഷന്മാരിൽ പ്രോസ്റ്റാറ്റൈറ്റിസ് തീവ്രമാകാൻ സാധ്യത കൂടുതലാണ്.

ക്രോണിക് പ്രോസ്റ്റാറ്റൈറ്റിസ്

അണുബാധയില്ലാതെ പ്രോസ്േറ്ററ്റിനു നീർവീക്കം വരുന്നത് വളരെ സാധാരണമാണ്. ഗുഹ്യഭാഗത്ത് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടും. നീർവീക്കം മാറാൻ ആന്റി ഇൻഫ്ളമേറ്ററി മരുന്നുകൾ, വേദന കുറയ്ക്കാൻ ഗുളികകൾ എന്നിങ്ങനെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള മരുന്നുകൾ നൽകി ചികിത്സിക്കുകയാണ് ചെയ്യുക. മൂത്രമൊഴിക്കലിനുള്ള ബുദ്ധിമുട്ട് മാറാനും മരുന്നുകൾ വേണ്ടിവരും.

ചിലരിൽ ലക്ഷണമില്ലാതെയോ വളരെ ലഘുവായ ലക്ഷണങ്ങളോടു കൂടിയോ പ്രോസ്റ്റാറ്റൈറ്റിസ് വരാറുണ്ട്. മറ്റെന്തെങ്കിലും രോഗാവസ്ഥകൾക്ക് ചികിത്സ തേടുമ്പോഴാകും ഈ പ്രശ്നം ഉള്ളത് തിരിച്ചറിയുക. ഇവരിൽ പിഎസ് എ പരിശോധനാഫലം സാധാരണ നിരക്കിലും ഉയർന്നാവും കാണുക.

അർബുദം കൂടുന്നു

ഇന്ത്യയിൽ പുരുഷന്മാരിൽ ഏറ്റവും സാധാരണമായി കാണുന്ന കാൻസറാണ് പ്രോസ്േറ്ററ്റ് കാൻസർ. അമിതമായ മാംസഭക്ഷണശീലവും പുകവലിയും മദ്യപാനവും ഒക്കെ ഇതിന്റെ കാരണമായി പറഞ്ഞുകേൾക്കാറുണ്ടെങ്കിലും അതൊന്നും സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. തെക്കനേഷ്യക്കാരിൽ പ്രോസ്േറ്ററ്റ് അർബുദ സാധ്യത കൂടുതലാണെന്നു പറയാറുണ്ട്.

പ്രതിരോധിക്കാനാകുമോ?

പ്രായമേറുന്നതിന് അനുസരിച്ച് സ്വാഭാവികമായി വരുന്ന മാറ്റമായതിനാൽ ബിപിഎച്ച് അഥവാ പ്രോസ്േറ്ററ്റ് ഗ്രന്ഥി വീക്കം തടയുവാൻ സാധിക്കുകയില്ല. പക്ഷേ, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബിപിഎച്ചിന്റെ ലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാനാകും.

∙ ബിപിഎച്ച് ഉള്ളവർ രാത്രി കിടക്കുന്നതിനു മുൻപ് അധികം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് കാപ്പി പോലുള്ള കഫീൻ പാനീയങ്ങൾ.

∙ മദ്യം പ്രോസ്േറ്ററ്റ് പ്രശ്നങ്ങളെ വഷളാക്കാം. കഴിയുന്നതും ഒഴിവാക്കുക.

∙ അധികനേരം മൂത്രം പിടിച്ചുവയ്ക്കരുത്.

മൂത്രമൊഴിക്കുമ്പോൾ പൂർണമായും ഒഴിച്ചുകളയുക.

∙ കുടുങ്ങിയുള്ള യാത്രയും മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കുന്നതും ലക്ഷണങ്ങളെ രൂക്ഷമാക്കാം. യാത്ര ചെയ്യുന്ന പ്രോസ്േറ്ററ്റ് രോഗികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

∙ പ്രോസ്േറ്ററ്റ് വീക്കത്തിന്റെ ലക്ഷണങ്ങൾ ഉള്ളവരിൽ മാനസിക സമ്മർദം കൂടുന്നത് മൂത്രമൊഴിക്കൽ തവണകൾ കൂടാൻ ഇടയാക്കാം. അതുകൊണ്ട് മനസ്സ് ശാന്തമാക്കി വയ്ക്കാൻ ശ്രമിക്കുക.

∙ ബ്രഹ്മചര്യം പാലിക്കുന്നവരിൽ പ്രോസ്

േറ്ററ്റ് പ്രശ്നങ്ങൾക്ക് സാധ്യത കൂടുതലാണ്. സജീവമായ ലൈംഗികജീവിതം നയിക്കുന്നത് പ്രോസ്േറ്ററ്റ് സാധ്യത കുറയ്ക്കും.

പ്രോസ്േറ്ററ്റ് അണുബാധ

∙ മൂത്രാശയ അണുബാധകൾ പ്രോസ്േറ്ററ്റിനെ ബാധിക്കാം. അതുകൊണ്ട് മൂത്രാശയ അണുബാധകളെ കൃത്യസമയത്ത് ചികിത്സിക്കാൻ മടിക്കരുത്.

∙ പ്രോസ്േറ്ററ്റ് അണുബാധയുള്ളവർ മൂത്രമൊഴിക്കുന്ന ബുദ്ധിമുട്ടോർത്ത് വെള്ളം കുടിക്കാതിരിക്കരുത്. ധാരാളം വെള്ളം കുടിക്കുക.

∙ സജീവമായ ലൈംഗികജീവിതം നയിക്കുന്നവർ ലൈംഗികശുചിത്വവും വ്യക്തിശുചിത്വവും പാലിക്കാൻ ശ്രദ്ധിക്കണം. അണുബാധ തടയാൻ ഇതു സഹായിക്കും.

ഡോ. രാജു ഏബ്രഹാം

യൂറോളജിസ്റ്റ്

കൃഷ്ണ ഹോസ്പിറ്റൽ

എറണാകുളം

Tags:
  • Mens Health
  • Manorama Arogyam