Thursday 08 July 2021 03:19 PM IST

‘സിക്സ് പായ്ക്കിനു പുറകേ പോകുംമുമ്പ് ഒരുവട്ടം ഒന്ന് ആലോചിക്കണം’: ശരത് കുമാറിന്റെ അനുഭവം: അഭിമുഖം

Santhosh Sisupal

Senior Sub Editor

sarath435

വീര പഴശ്ശിയുടെ ജീവന്റെ തുണയ്ക്ക് ചരിത്രം വിളിച്ച പേരാണ് ‘എടച്ചേന കുങ്കൻ.’ ഉഗ്രരൂപിയായ കുങ്കന്റെ ഭാവങ്ങൾക്ക് ഇനി മലയാളിയുടെ മനസ്സിൽ ഒറ്റ രൂപമേയുള്ളൂ. എം ടിയുടെ തൂലികയിൽ നിന്ന് ആവാഹിച്ച് വാൾത്തലപ്പിന്റെ സൂക്ഷ്മതയോടെ ഹരിഹരൻ ശരത്കുമാർ എന്ന കല്ലിൽ കൊത്തിയെടുത്ത ‘കുങ്കൻ’ എന്ന കഥാപാത്രത്തിന്റെ രൂപം. ഓരോ നോക്കിലും വാക്കിലും അഗ്നി ചിതറും വിധം ആ കഥാപാത്രത്തെ അനശ്വരമാക്കിയാണ് തമിഴിന്റെ ഈ സൂപ്പർതാരം മലയാളത്തിലേക്കു കാൽ കുത്തിയത്. ശരത്കുമാറിന്റെ സൂര്യപ്രഭയിൽ നായകനായ പഴശ്ശിയുെട പ്രഭാവം പോലും ചിലപ്പോഴൊക്കെ മങ്ങിപ്പോയെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. ചില രംഗങ്ങളിൽ ശരത്കുമാറിന്റെ കുങ്കൻ എഴുത്തുകാരന്റെയും സംവിധായകന്റെയും പരിധികൾക്കപ്പുറത്തേക്കു വളർന്നുയരുന്നുണ്ട് എന്നുപോലും തോന്നിപ്പോകും. സൂക്ഷ്മാഭിനയത്തിനൊപ്പം മെയ്‌വഴക്കവും കരുത്തുറ്റ ശരീരവും കൊണ്ട് കുങ്കനെ അവിസ്മരണീയമാക്കിയ ശരത്കുമാർ ‘മനോരമ ആരോഗ്യ’ ത്തോട് മെയ്യഴകിന്റെയും ആരോഗ്യത്തിന്റെയും രഹസ്യങ്ങൾ പങ്കുവയ്ക്കുന്നു.

∙ സിനിമയിലെത്തി 20 വർഷം പിന്നിടുന്നു. ഇപ്പോഴും ഈ ചെറുപ്പത്തിനു ഉടവു തട്ടാത്തതിനു പിന്നിൽ രഹസ്യങ്ങളെന്തെങ്കിലും ഉണ്ടോ?

‘ആൾ ഈസ് വെൽ...’ അമീർഖാന്റെ ത്രീ ഇഡിയറ്റ്സ് എന്ന സിനിമയിലെ സന്ദേശമായിരുന്നു അത്. എനിക്കു ജീവിതത്തോടുള്ള മനോഭാവം എന്നും അതുതന്നെയായിരുന്നു. ‘ആൾ ഈസ് വെൽ’ – എല്ലാം നന്നായിരിക്കും. സിനിമാ മോഹം ജീവിതത്തിന്റെ തുടിപ്പായി കൊണ്ടു നടക്കുമ്പോഴും ഒരു പത്രവിതരണക്കാരൻ മുതൽ റിപ്പോർട്ടർ ആയി വരെ പ്രവർത്തിച്ചു. എല്ലാം സന്തോഷത്തോടെ, ആത്മാർഥമായിത്തന്നെ പ്രവർത്തിച്ചു. ജീവിതം പിന്നീടു വെച്ചു നീട്ടിയ നേട്ടങ്ങളോടു മാത്രമല്ല നഷ്ടങ്ങളേയും പുഞ്ചിരിയോടെ മാത്രമെ സമീപിച്ചിട്ടുള്ളു.

എനിക്കുള്ള ഇടം എവിടെയും ബാക്കിയുണ്ടാവുമെന്ന് എനിക്കറിയാം. ഞാൻ അതിൽ വിശ്വസിക്കുന്നു. പിന്നെ ജീവിതത്തിൽ എല്ലാത്തിനും സ്വയം നിയന്ത്രണങ്ങളുണ്ട്. അധികമായാൽ അമൃതും വിഷമെന്നു പറയില്ലേ. അതാണ് എന്റെ പ്രമാണം. എല്ലാം ആവശ്യത്തിനു മാത്രം. പിന്നെ ദൈവത്തിന്റെ കനിവ്. എല്ലാത്തിനും അതു വേണം.

ശരീരം മാത്രമല്ല മനസ്സും ആരോഗ്യത്തോടെ നില നിർത്താൻ ശ്രമിക്കാറുണ്ട്. പ്രായത്തെക്കുറിച്ചു തീരെ ആശങ്കയില്ല. ടെൻഷനൊന്നും കൊണ്ടു നടക്കാറില്ല. അതൊക്കെ തന്നെയാവാം കാരണം.

∙ പഴയ ‘മിസ്റ്റർ മദ്രാസി’ നു കുങ്കന്റെ കരുത്തിലെത്താൻ എളുപ്പമായിരുന്നോ?

എക്കാലത്തും എനിക്കു താൽപ്പര്യമുള്ള വിഷയമാണ് ഫിറ്റ്നസ്. വളരെ ചെറുപ്പത്തിലേ നന്നായി വ്യായാമം ചെയ്യുകയും നന്നായി ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. ദിവസം അഞ്ചു മണിക്കൂർ വരെ ജിമ്മിൽ ചെലവഴിക്കാറും ഉണ്ടായിരുന്നു.

ഇപ്പോൾ സ്വന്തമായി ജിമ്മുണ്ട്. ആവശ്യത്തിനുള്ള വ്യായാമം ഇപ്പോഴും ചെയ്യുന്നുണ്ട്. സിനിമയിൽ വന്നശേഷം ബോഡി ബിൽഡിംഗിന്റെ കാര്യത്തിൽ ചില മാറ്റ+ങ്ങൾ വന്നിട്ടുണ്ട്. ഓരോ കഥാപാത്രത്തിനു ഇണങ്ങുന്ന വിധത്തിലാണ് വർക്ക് ഔട്ട്.

പഴശ്ശിരാജയിലെ കഥാപാത്രം മനസ്സുകൊണ്ടും ശരീരം കൊണ്ടും കരുത്തനാണ്. ശരീരത്തിന്റെ കരുത്തും വഴക്കവും പ്രകടമാകുന്ന കഥാപാത്രമാണ്. കഥാപാത്രത്തെക്കുറിച്ച് ഹരിഹരൻ സാറിൽ നിന്ന് അറിഞ്ഞപ്പോൾത്തന്നെ ശരീരം എത്രമാത്രം ഫിറ്റ് ആയിരിക്കണമെന്നു ബോധ്യമായിരുന്നു.

അതിനുവേണ്ടി കഴിയുന്നിടത്തോളം വർക്ക് ഔട്ട് ചെയ്ത് ശരീരം പാകപ്പെടുത്താൻ ശ്രമിച്ചിരുന്നു. ശരീരത്തിലെ കൊഴുപ്പ് പരമാവധി കുറച്ച് ശരീരത്തിന്റെ ഉറപ്പ് പ്രകടമാക്കണമായിരുന്നു. അതിൽ വിജയിച്ചുവെന്നാണു വിശ്വാസം. കുങ്കന്റെ കരുത്തിലെത്താൻ ദിവസം മൂന്നുനാലു മണിക്കൂറെങ്കിലും ജിമ്മിൽ ചെലവഴിച്ചിട്ടുണ്ട്.

∙ പുതിയ തലമുറയിലെ നടന്മാർ ബോഡി ബിൽഡിംഗിന്റെ കാര്യത്തിലും ഫിറ്റ്നസിന്റെ കാര്യത്തിലും കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. പലരും സിക്സ് പാക്ക്, എയ്റ്റ് പാക്ക് ആകാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത് പൊതുവേ നല്ല മാതൃകയാണോ?

സിക്സ് പാക്ക് എന്നു പറയുന്നതൊന്നും അത്ര എളുപ്പത്തിൽ നേടാവുന്ന ലക്ഷ്യങ്ങളല്ല. നല്ല ഫിറ്റായിട്ടുള്ള ഒരാൾ നാലഞ്ച് മാസങ്ങൾ തന്നെ നന്നായി അധ്വാനിച്ചാലേ ലക്ഷ്യം നേടാനാവൂ. ചിലപ്പോൾ അതി കഠിനമായി അധ്വാനിച്ച് വയറിന്റെ ഭാഗത്തുള്ള കൊഴുപ്പു കളയേണ്ടി വരും.

പക്ഷേ അത്തരത്തിൽ സിക്സ് പാക്കിനോ എയ്റ്റ് പാക്കിനോ പോകുന്നതിനു മുമ്പ് അത് എന്തിനുവേണ്ടിയെന്ന് ആലോചിക്കണം. മറ്റൊരാളെ അനുകരിക്കുന്നതിൽ അർഥമില്ല. ഒരുവന് അതിന്റെ ആവശ്യമുണ്ടോയെന്നതാണ് പ്രധാനം.

പിന്നെ, ഒരാൾക്കു താങ്ങാവുന്നതിലും ഉയർന്ന രീതിയിൽ കഠിനാധ്വാനം നടത്തിയാൽ ചിലപ്പോഴത് ആരോഗ്യത്തെത്തന്നെ ബാധിച്ചെന്നിരിക്കും. സിക്സ് പാക്കെന്നോ എയ്റ്റ് പാക്കെന്നോ ഉള്ളത് എല്ലാവർക്കും ഉചിതമായ ലക്ഷ്യമാണെന്നു തോന്നുന്നില്ല. ബോഡി, നല്ല ഫിറ്റ് ആയി ഇരിക്കുക ആരോഗ്യത്തോടെ ഇരിക്കുക. അതാണ് ഏറ്റവും പ്രധാനം.

∙ തുടർച്ചയായ യാത്രകൾ, തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളുകൾ. ഇവയ്ക്കിടയിൽ ആരോഗ്യം സൂക്ഷിക്കാൻ എങ്ങനെ കഴിയുന്നു.

ഫിറ്റ്നസ് സൂക്ഷിക്കൻ ദിവസവും ജിമ്മിൽ തന്നെ പോണമെന്നത് തെറ്റായ ധാരണയാണ്. നല്ല സ്ട്രെച്ചിംഗ് വ്യായാമങ്ങൾ വെണ്ടത്ര ചെയ്യുന്നതാണ് എന്റെ ശീലം. പിന്നെ ‘പുഷ് അപ്’ പൊലെ എവിടെയും ചെയ്യാവുന്ന വ്യായാമങ്ങളും നല്ല ഫിറ്റ്നസ് നൽകും. ഓട്ടവും സൈക്ലിംഗും പോലുള്ള കാർഡിയോ വാസ്കുലർ വ്യായാമങ്ങളും സാധാരണ ചെയ്യാറുണ്ട്.

ഫിറ്റ്നസിന്റെ കാര്യത്തിൽ ഭക്ഷണത്തിനു വലിയ പങ്കുണ്ട്. അമിതമായി കഴിച്ചു കൂടുതൽ കാലറി ശരീരത്തിലെത്തിയാൽ അതു കത്തിച്ചു കളഞ്ഞാലേ ബോഡി ഫിറ്റായിരിക്കൂ.

അതിന് ആവശ്യമായ രീതിയിൽ വ്യായാമം ചെയ്യണം. ഞാൻ ഭക്ഷണത്തിന്റെ കാര്യത്തിലും ഫിറ്റ്നസിന് ഇണങ്ങുന്നതു തന്നെയാണു കൂടുതലും കഴിക്കാറ്. പ്രോട്ടീൻ കൂടുതലായുള്ള ഡയറ്റാണ്.

മത്സ്യമാണ് ഏറ്റവും കൂടുതൽ കഴിക്കാൻ ഇഷ്ടപ്പെടുന്നത്. മത്സ്യത്തിൽ കരിമീനാണ് കൂടുതൽ പ്രിയം. കേരളത്തിൽ വരുമ്പോഴാണ് ഏറ്റവും രുചിയുള്ള കരിമീൻ കഴിക്കാറ്. ഇറച്ചി ഇഷ്ടമാണ്. പക്ഷേ, ഇപ്പോൾ ബീഫും പോർക്കും ഉൾപ്പെടെയുള്ള റെഡ്മീറ്റ് പൂർണ്ണമായി ഒഴിവാക്കി. കോഴിയിറച്ചി മാത്രമാണു കഴിക്കാറുള്ളത്. ഒരു മുപ്പത്തഞ്ചു വയസുവരെയൊക്കെ അവ കഴിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ, പിന്നീട് അതു ശരീരത്തിനു പല രീതിയിലും നല്ലതല്ല. അതുകൊണ്ട് അവ ഒഴിവാക്കിയെന്നു മാത്രം.

∙ ‘മിസ്റ്റർ മദ്രാസാ’യിരുന്ന കാലത്തോ, ആദ്യകാല ചിത്രങ്ങളിലോ ഉണ്ടാകാത്ത വിധം കഴിഞ്ഞ കുറച്ചു കാലത്തിനുള്ളിൽ പുറത്തുവന്ന ചിത്രങ്ങളിൽ മനപ്പൂർവ്വമായി ശരീര പ്രദർശനം നടത്തുന്നുവെന്നു പറഞ്ഞാൽ യോജിക്കാനാവുമോ?

ഇല്ല കാരണം ഞാൻ ചെയ്ത നൂറിലേറെ ചിത്രങ്ങളിൽ ശരീരം കൂടുതൽ കാണിക്കേണ്ടി വന്നത് ഒരു പത്തെണ്ണത്തിൽ മാത്രമേ കാണൂ. കഥാപാത്രത്തിനു യോജിക്കുന്ന സന്ദർഭങ്ങളിൽ മാത്രമേ അതുണ്ടായിട്ടുമുള്ളൂ. പ്രദർശന യോഗ്യമായ ശരീരമെന്നു സംവിധായകർ കരുതുന്നതുകൊണ്ടു കൂടിയുമാകാം അവർ അത്തരം കഥാപാത്രങ്ങൾ ഏൽപ്പിക്കുന്നതും. കഥാപാത്രം ആവശ്യപ്പെടുന്ന ഫിറ്റ്നസ് ശരീരത്തിനു നൽകുന്നതിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞാൻ തയാറാകാറുമില്ല.

∙ ഒരു ‘ആംഗ്രി യങ് മാൻ’ എന്ന ഭാവത്തോടെയാണ് താങ്കളുടെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. പക്ഷേ, യഥാർഥ ജീവിതത്തിൽ വളരെ ‘കൂൾ’ ആയാണല്ലോ പെരുമാറുന്നത്. പെരുമാറ്റത്തിൽ എല്ലാവർക്കും നല്ല അഭിപ്രായവുമുണ്ട്. ടെൻഷനും ദേഷ്യവുമൊക്കെ ഉണ്ടാകുമ്പോൾ അതെങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?

ടെൻഷനും മറ്റുമൊക്കെ കുറയ്ക്കാൻ യോഗ വളരെ നല്ലതാണ്. ഭാര്യ രാധിക യോഗയുടെ പക്ഷക്കാരിയാണ്. പക്ഷേ ഞാൻ ചെയ്യാറില്ല. ആ സമയം ജിമ്മിലായിരിക്കും ചെലവഴിക്കുക.

പിന്നെ ടെൻഷൻ മാറ്റാൻ എനിക്കൊരു കുറുക്കുവഴിയുണ്ട്. അതാണ് പാചകം. ടെൻഷനോ ദേഷ്യമോ ഒക്കെ വന്നാൽ ഞാൻ നേരേ അടുക്കളയിൽ പോകും.

പിന്നെ എന്തെങ്കിലും പാചകം ചെയ്യും. പാൻ അടുപ്പിൽ െവച്ച് ചൂടാക്കി എണ്ണയൊഴിച്ച്... ഉള്ളിയൊക്കെ കൊത്തിയരിഞ്ഞ്... അങ്ങനെ ഒരോന്ന് ഓരോന്നായി... കംപ്ലീറ്റ് ഫ്രീ... ടെൻഷൻ ഫ്രീ. പന്നെ അതൊരു ക്രിയേഷനാണ്. അതിൽ ക്രിയേറ്റിവിറ്റിയുണ്ട്... സംതിങ് കൂൾ.

മറ്റൊരു വഴിയാണ് ബാസ്കറ്റ് ബോൾ കളി. എനിക്ക് ഏറെ ഇഷ്ടമുള്ള കളിയാണ്. മനസ്സും ശരീരവും റിലാക്സാവാൻ ബാസ്കറ്റ് ബോൾ കളിക്കുന്നതു വളരെ സഹായിക്കാറുണ്ട്.

∙ ഏറെ ഇഷ്ടമുള്ള പത്രപ്രവർത്തനത്തിലേക്കു തിരിച്ചെത്തിയെന്നു കേട്ടല്ലോ? ശരിയാണോ?

ശരിയാണ്. ‘മീഡിയ വോയ്സ്’ എന്ന ഇംഗ്ലീഷ് മാഗസിന്റെ എഡിറ്ററാണ്. തമിഴ്നാട്ടിൽ പ്രചാരമുള്ള ഈ മാഗസിൻ വൈകാതെ കേരളമുൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് എത്തും. ഒരോ ലക്കത്തിലും ഞാൻ നേരിട്ടു നടത്തുന്ന ഒരു അഭിമുഖം നൽകാനും ശ്രമിക്കാറുണ്ട്. ജനുവരി ലക്കത്തിൽ ചന്ദ്രബാബു നായിഡുവിനെയാണ് ഇന്റർവ്യൂ ചെയ്തത്.
സോണിയാഗാന്ധിയേയും മകൻ രാഹുൽ ഗാന്ധിയേയും അഭിമുഖം നടത്തണമെന്ന ആഗ്രഹവും ഉണ്ട്.

സിനിമാനടനും പത്രപ്രവർത്തകനുമൊപ്പം ശരത്കുമാർ രാഷ്ട്രീയക്കാരനുമാണ്. 2002–ൽ ഡി. എം. കെയുടെ രാജ്യസഭാംഗമായിരുന്ന അദ്ദേഹം പിന്നീട് എ ഐ ഡി എം കെ യിലെത്തി. അവിടേയും ദീർഘ കാലം തുടരാൻ ശരത്കുമാറിനായില്ല.

എല്ലാവർക്കും സമത്വം എന്ന ആശയവുമായി 2007–ൽ സ്വന്തം പാർട്ടി രൂപീകരിച്ചു. അഖിലേന്ത്യാ സമത്വ മക്കൾ കക്ഷിയെന്നാണ് പാർട്ടിയുടെ പേര്. രാഷ്ട്രീയത്തിനുമപ്പുറമുള്ള സാമൂഹ്യ പ്രവർത്തനത്തിൽ തൽപ്പരനായ ശരത്കുമാർ ഒരിക്കൽ ചെന്നൈയിൽ ഡോക്ടർ കെ. എം. ചെറിയാന്റെ നതൃത്വത്തിൽ നടത്തിയ അവയവദാന ബോധവൽക്കരണ വാരാചരണത്തിനെത്തി. പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ശരത്കുമാർ പറഞ്ഞു. താൻ മരിച്ചു കഴിഞ്ഞാൽ തന്റെ എല്ലാ അവയവങ്ങളും ആവശ്യക്കാർക്ക് എടുക്കാം. പറയുക മാത്രമല്ല സമ്മതപത്രം അദ്ദേഹം പൂരിപ്പിച്ചു നൽകുകയും ചെയ്തു. ‘അതു താൻ ശരത്കുമാർ.’

(മനോരമ ആരോഗ്യം  മാർച്ച് 2010 ൽ പ്രസിദ്ധീകരിച്ച അഭിമുഖം)

Tags:
  • Manorama Arogyam
  • Celebrity Fitness