Q46 വയസ്സുള്ള പുരുഷനാണ്. എന്റെ വയറിൽ പൊക്കിളിന്റെ ഉൾഭാഗം തടിച്ചു വീർത്തുനിൽക്കുന്നു. മൂന്നു മാസം മുൻപാണ് ഇത് ആദ്യമായി കണ്ടത്. വേദനയോ മറ്റു പ്രശ്നങ്ങളോ ഇല്ല. മലർന്നു കിടക്കുമ്പോൾ ഇതിന്റെ വലുപ്പം കുറയുന്നതായി തോന്നാറുണ്ട്. എന്നാൽ ചിരിക്കുമ്പോഴും മറ്റും കുറച്ചുകൂടി പുറത്തേയ്ക്കു തള്ളും. അൽപം വണ്ണവും വയറും കൂടിയ പ്രകൃതമാണ്. ഒരു വർഷം മുൻപുവരെ വണ്ണം കുറയ്ക്കാനായി ജിമ്മിൽ പോയിരുന്നു. അവിടെ വയറു കുറയ്ക്കാനുള്ള ചില വ്യായാമങ്ങൾ ചെയ്യുമ്പോൾ വയറിനു അസ്വാസ്ഥ്യം തോന്നിയിരുന്നതിനാൽ തുടർന്നില്ല. ഈ പ്രശ്നം ഗൗരവമായി കാണേണ്ടതുണ്ടോ?
റിയാസ്, എറണാകുളം
ചോദ്യ വിവരണത്തിൽ നിന്നും അമ്പിലിക്കൽ ഹെർണിയ(Umbilical Hernia) ആണ് എന്നാണു മനസ്സിലാകുന്നത്. വളരെ സാധാരണവും പൊതുവെ അപകടകാരിയുമല്ലാത്ത ഒരു പ്രശ്നമാണിത്. എന്നാൽ അപൂർവമായി സങ്കീർണതകളിലേക്കു നീങ്ങി ശസ്ത്രക്രിയ ഉടൻ വേണ്ടിവരുന്ന അവസ്ഥയുമുണ്ട്.
പൊക്കിളിന്റെ ഭാഗത്തു രൂപപ്പെടുന്ന മൃദുവായ വീക്കമാണ് അമ്പിലിക്കൽ ഹെർണിയ. നവജാത ശിശുക്കവിൽ സാധാരണമായി കാണാമെങ്കിലും ഏതു പ്രായക്കാരിലും ഇതു രൂപപ്പെടാം. വയറിനുള്ളിൽ കുടലിനെ പൊതിഞ്ഞു നിർത്തിയിക്കുന്ന സ്തരത്തിന്റെയോ പേശീഭിത്തിയുടെയോ ദുർബലമായ ഭാഗത്തുകൂടി കുടലിനോടു ചേർന്നുനിൽകുന്ന പാളികളായ മിസൻട്രി (Mesentry) തള്ളിവരുന്നതാണ് ഹെർണിയ. മറ്റു ചിലപ്പോൾ കുടൽ ഭാഗം തന്നെ തള്ളിവരാം. നവജാത ശിശുക്കളിൽ മിക്കപ്പോഴും ഒന്നു രണ്ടുവയസ്സിനുള്ളിൽ തനിയേ ശരിയാവും. എന്നാൽ മുതിർന്നവരിൽ അമ്പിലിക്ക ൽ ഹെർണിയ രൂപപ്പെട്ടാൽ തനിയേ മാറില്ല.
നിൽക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ വയറിനു സമ്മർദം കൂട്ടുന്ന വ്യായാമങ്ങൾ ചെയ്യുമ്പോഴോ കൂടുതലായി തള്ളലും മുഴയും അനുഭവപ്പെടാം. അംബിലിക്കൽ ഹെർണിയ ഉള്ളവർ വയറിനു സമ്മർദം കൂട്ടുന്ന വ്യായാമങ്ങളിലേർപ്പെടാതിരിക്കുക. അതുപോലെ അരക്കെട്ട് അധികം മുറുകുന്ന ബൽറ്റ്, വസ്ത്രധാരണം തുടങ്ങിയവ ഒഴിവാക്കുന്നത് ഹെർണിയ കൂടുതൽ തള്ളാതിരിക്കാൻ സഹായിക്കും.
സങ്കീർണമായാൽ
ചെറിയ തോതിൽ മാത്രമുള്ള ഹെർണിയയ്ക്കു കാര്യമായ ചികിത്സയൊന്നും വേണ്ട. എന്നിരുന്നാലും ഹെർണിയയുടെ അവസ്ഥ തിരിച്ചറിയാനായി ഒരു സർജനെ കണ്ടു പരിശോധിപ്പിക്കുകയും ആവശ്യമെങ്കിൽ അൾട്രാസൗണ്ട് സ്കാൻ ചെയ്തു രോഗാവസ്ഥ ഉറപ്പാക്കാം. ശസ്ത്രക്രിയയല്ലാതെ മരുന്നോ മറ്റു ചികിത്സകളോ ഫലപ്രദമല്ല. പുറത്തേയ്ക്കു വന്ന ഭാഗം അ കത്തുകയറ്റിവച്ചു വിള്ളൽ അടയ്ക്കുന്നതാണ് ശസ്ത്രക്രിയ.
അപൂർവം ചില സന്ദർഭങ്ങളിൽ അമ്പിലിക്കൽ ഹെർണിയ സങ്കീർണ മായി മാറാറുണ്ട്. പ്രത്യേകിച്ചും കുടൽ ഭാഗം, വിള്ളലിലൂടെ തള്ളിവരുകയും അതു പിരിഞ്ഞ് അതിലേക്കുള്ള രകതയോട്ടം നിലയ്ക്കുകയും ചെയ്താൽ കോശങ്ങൾ നശിച്ച് ഗാംഗ്രീൻ രൂപപ്പെടും. വേദന ലക്ഷണമായി കാ ണാം. ഈ ഘട്ടത്തിൽ അടിയന്തരമായ ശസ്ത്രക്രിയയാണു പരിഹാരം.