പഴ്സിനു ‘കനമുള്ളതു’ നല്ല കാര്യം തന്നെയാണ്. പക്ഷേ, കനത്ത പഴ്സ് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയാലോ? ഫാറ്റ് വാലറ്റ് സിൻഡ്രം അഥവാ വാലറ്റ് ന്യൂറൈറ്റിസ് എന്ന അവസ്ഥയെ കുറിച്ചാണു പറയുന്നത്.
കാർഡുകളും ബില്ലുകളും പണവും എല്ലാമടങ്ങിയ പഴ്സ് പുരുഷന്മാർ മിക്കവാറും സൂക്ഷിക്കുന്നതു പാന്റിന്റെ ബാക്ക്പോക്കറ്റിലാണല്ലൊ. ഇങ്ങനെ പതിവായി കനമുള്ള പഴ്സ് പാന്റിന്റെ പോക്കറ്റിൽ വച്ച് ഇരിക്കുന്നതും വണ്ടി ഒാടിക്കുന്നതും കാരണം ആ ഭാഗത്തെ സയാറ്റിക് നാഡിക്കു സമ്മർദം വരുന്നതിനെയാണ് ഫാറ്റ് വാലറ്റ് സിൻഡ്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
. കട്ടിയേറിയ പഴ്സ് പാന്റിന്റെ ബാക്ക്പോക്കറ്റിൽ വച്ച് ഇരിക്കുമ്പോൾ അൽപം ചരിഞ്ഞായിരിക്കുമല്ലൊ നമ്മുടെ ഇരിപ്പ്. അപ്പോൾ. ശരീരഭാരം തുല്യമായി ഇടുപ്പിലേക്കും നട്ടെല്ലിലേക്കും വരാതെ ഏതെങ്കിലും ഒരു ഭാഗത്തു കൂടുതലാകാം. ഇതുകാരണം ഇടുപ്പു ഭാഗത്തെ പേശികളിലും നട്ടെല്ലിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കിലും നാഡികളുടെ അഗ്രഭാഗങ്ങളിലും നാഡികളിലും അസാധാരണമായ സമ്മർദം അനുഭവപ്പെടാം.
കനമേറിയ പഴ്സ് ബാക്ക്പോക്കറ്റിൽ വച്ചു ദീർഘനേരമുള്ള ഇരിപ്പു നടുവിനു താഴ്ഭാഗത്തും വേദനയ്ക്ക് ഇടയാക്കാം. വേദന ഇടുപ്പിലേക്കും കാലുകളിലേക്കും പടർന്നിറങ്ങാം. പഴ്സ് ഏതുവശത്താണോ ഉള്ളത് ആ ഭാഗത്തെ കാലിലും കണങ്കാലിലും പാദങ്ങളിലും തരിപ്പ് അനുഭവപ്പെടാം.
വാലറ്റ് സയാറ്റിക്ക, വാലറ്റ് ന്യൂറോപതി, ക്രെഡിറ്റ് കാർഡൈറ്റിസ് എന്നിങ്ങനെ പല പേരുകളിൽ ഈ പ്രശ്നത്തെ വിശേഷിപ്പിക്കാറുണ്ട്. 1978 ൽ, ക്രെഡിറ്റ് കാർഡുകൾ ഉപയോഗത്തിൽ വന്ന് ഏതാനും വർഷങ്ങൾക്കു ശേഷം, അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പഠനത്തിൽ ക്രെഡിറ്റ് കാർഡ് വാലറ്റ് സയാറ്റിക്കയെ കുറിച്ചു പറയുന്നുണ്ട്. അതായത് വളരെയധികം ഭാരമൊന്നും വേണ്ട, കുറച്ചധികം കാർഡുകൾ അടുക്കി വച്ചുള്ള വാലറ്റ് ആയാലും സ്ഥിരമായി പാന്റിന്റെ പോക്കറ്റിൽ വച്ച് ഇരിക്കുന്നതു പ്രശ്നമാകുന്നുവെന്ന് അർഥം.
രോഗലക്ഷണങ്ങളും രോഗിയുടെ മെഡിക്കൽ ചരിത്രവും ശരീരപരിശോധനയും ആവശ്യമെങ്കിൽ എക്സ് റേ– സ്കാൻ പോലെയുള്ള മെഡിക്കൽ പരിശോധനകളും വഴിയാണു രോഗനിർണയം നടത്തുക. മരുന്നുകളും സർജറിയും ഫിസിയോ തെറപ്പിയും അടങ്ങുന്നതാണ് ഈ പ്രശ്നത്തിന്റെ ചികിത്സ,.
വിവരങ്ങൾക്കു കടപ്പാട്
മാത്യുസ് ജോയ്
ഹെഡ്, ഫിസിയോതെറപ്പി വിഭാഗം
എറണാകുളം
മെഡിക്കൽ സെന്റർ ഹോസ്പിറ്റൽ, പാലാരിവട്ടം, കൊച്ചി