2022ലെ പത്മ പുരസ്കാര ദാന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു ഇത്തവണ പുരസ്കാരം സ്വീകരിക്കുന്നതിൽ 99 വയസ്സുള്ള ഒരു യുവാവ് കൂടിയുണ്ട്. സ്വാതന്ത്ര്യ സമര സേനാനി പയ്യന്നൂരിലെ വി.പി.അപ്പുക്കുട്ട പൊതുവാളെ കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമർശം. ഒക്ടോബർ 9ന് 100 വയസ്സ് തികയുന്ന പയ്യന്നൂർ തായിനേരി സ്മൃതിയിൽ വി.പി.അപ്പുക്കുട്ട പൊതുവാൾ ജീവിതത്തിൽ ഇപ്പോഴും യുവാവു തന്നെ.
ആരോഗ്യത്തിന്റെ രഹസ്യം എന്തെന്നു ചോദിച്ചാൽ അമ്മയുടെ മുലപ്പാലിന്റെ ശക്തിയാണെന്ന് അപ്പുക്കുട്ട പൊതുവാൾ പറയും. ഇളയ മകനായതിനാൽ രണ്ടര വയസ്സുവരെ മുലപ്പാലായിരുന്നു മുഖ്യ ആഹാരം. അതു കഴിഞ്ഞപ്പോൾ പുലർച്ചെ അമ്മയോടൊപ്പം തൊഴുത്തിൽ എത്തും. പശുവിനെ കറന്ന് അര ഗ്ലാസ് പാൽ തൊഴുത്തിൽ വച്ചു തന്നെ അമ്മ നൽകും. അത് അമൃതിനു തുല്യമെന്ന് അദ്ദേഹം പിന്നീട് ആയുർവേദത്തിൽ പഠിച്ചിട്ടുണ്ട്.
പുലർച്ചെ നാലിന് എഴുന്നേൽക്കും. എഴുന്നേറ്റയുടൻ അഷ്ടാംഗഹൃദയം ഉച്ചത്തിൽ ചൊല്ലി പഠിക്കും. കുട്ടിക്കാലത്തും വിദ്യാഭ്യാസ കാലഘട്ടത്തിലും അഞ്ചു കിലോമീറ്റർ വരെ നടക്കുമായിരുന്നു. നീന്തലും തോണി തുഴയലും പ്രധാന ഹോബിയാക്കി മാറ്റി. ദിനചര്യയും ഋതുചര്യവും ജീവിതത്തിൽ കർശനമായി പാലിച്ചു. ഓരോ ഋതുക്കളുടെ കാലഘട്ടം (രണ്ട് മാസം) കഴിയുമ്പോഴും ദേഹശുദ്ധി വരുത്തും. അതിനായി ഉദര ശോധന ചെയ്യാറുണ്ടായിരുന്നു. അതോടെ ഒാരോ ഋതുവിലും ശരീരത്തിൽ വന്നു കൂടി ചേരുന്ന ദോഷങ്ങൾ ഇല്ലാതാവുകയും ശരീരത്തിനു മാറ്റമുണ്ടാക്കുകയും ചെയ്തു. തടിച്ച ശരീരത്തേക്കാൾ മെലിഞ്ഞ ശരീരമാണ് ഭേദം. തടി കൂടിയാൽ അതിനു ചികിത്സയില്ല. ആയുർവേദത്തിൽ പഠിച്ച ഇക്കാര്യം പൊതുവാൾ ജീവിതത്തിലും നടപ്പാക്കി.
ഗാന്ധിമാർഗത്തിൽ
ഗാന്ധിജി പയ്യന്നൂരിൽ വരുന്നതിനെ കുറിച്ചും ഗാന്ധിജിയുടെ ഭക്ഷണരീതിയും ജീവിതരീതിയുമൊക്കെ അമ്മാവനും മറ്റും ചർച്ച ചെയ്യുന്നതു കുട്ടിക്കാലത്തു കേട്ട അപ്പുക്കുട്ട പൊതുവാൾ പയ്യന്നൂരിൽ വച്ചു ഗാന്ധിജിയെ കാണുകയും െചയ്തു. ഗാന്ധിജിയുടെ ജീവിതരീതി അപ്പുക്കുട്ടനെ സ്വാധീനിച്ചു. സ്വന്തമായി വസ്ത്രങ്ങൾ അലക്കുകയും ഇസ്തിരിയിടുകയും െചയ്യും. ഇപ്പോഴും വസ്ത്രം അലക്കാൻ അലക്കു കല്ലു തന്നെ ഉപയോഗിക്കുന്നു അപ്പുക്കുട്ട പൊതുവാൾ. ചെറുപ്പത്തിലെ ഈ ജീവിതശൈലി യുവത്വത്തിലും വാർധക്യത്തിലും അപ്പുക്കുട്ടനു ഗുണകരമായി മാറി. ഖാദി പ്രചാരകനും ഖാദി കമ്മിഷൻ ഉദ്യോഗസ്ഥനുമായി രാജ്യം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്. 1984ൽ സർവീസിൽ നിന്നു റിട്ടയർ ചെയ്തു വീട്ടിലെത്തിയപ്പോൾ ഒഴിവു സമയങ്ങളെല്ലാം പച്ചക്കറിയിലും മറ്റു കൃഷിയിലും വ്യാപൃതനായി. പുലർച്ചെ 5ന് എഴുന്നേറ്റു പത്ര വായന തുടങ്ങുന്ന അപ്പുക്കുട്ട പൊതുവാൾ രാത്രി 10 മണി വരെ കർമരംഗത്തു സജീവമാണിപ്പോഴും. ഇതിനിടയിൽ ഉച്ചയ്ക്ക് രണ്ടു മണി മുതൽ ഒരു മണിക്കൂർ ഉച്ചയുറക്കമുണ്ട്.
അച്ചടക്കം എല്ലാ കാര്യത്തിലും
കൃത്യനിഷ്ഠയും ശുചിത്വവും അപ്പുക്കുട്ട പൊതുവാൾക്കു ജീവിതത്തിന്റെ ഭാഗമാണ്. ഒപ്പം അച്ചടക്കവും. സാമ്പത്തിക അച്ചടക്കം മാത്രമല്ല, ഭക്ഷണകാര്യത്തിലും വസ്ത്രധാരണത്തിലും അതു ശീലിച്ചിരുന്നു. തൊഴിലുമായി ബന്ധപ്പെട്ട് ഭൂരിഭാഗം സംസ്ഥാനങ്ങളിലും ജീവിച്ച അപ്പുക്കുട്ട പൊതുവാൾക്ക് എല്ലാ സംസ്ഥാനങ്ങളിലെയും ഭക്ഷണ ശീലവുമായി പൊരുത്തപ്പെട്ടു പോകാൻ കഴിഞ്ഞതും അതുകൊണ്ടു തന്നെയാണ്. കുട്ടിക്കാലം തൊട്ടു മിതമായ ഭക്ഷണം ശീലമായതിനാൽ ആ രീതി തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഭക്ഷണം പ്രധാനമായും മൂന്നു നേരമായിരുന്നു. ലക്നൗവിൽ മാത്രമാണു സ്വന്തമായി പാചകം ചെയ്തു ഭക്ഷണം കഴിച്ചത്. ചെറു പരിപ്പും അരിയും കാരറ്റും തക്കാളിയും ഒരുമിച്ചു ചേർത്ത് ഉച്ചഭക്ഷണമുണ്ടാക്കി കഴിച്ചു. ബ്രഡും വെണ്ണയും പാലുമായിരുന്നു അവിടെ പ്രഭാത ഭക്ഷണം. അതിന്റെയൊക്കെ രുചി ഇപ്പോഴും നാവിൻ തുമ്പത്തുണ്ടെന്നു ചിരിച്ചു കൊണ്ട് അദ്ദേഹം പറയുന്നു. ഇതിനു സമാനമായ ഭക്ഷണരീതി തന്നെയായിരുന്നു ഔദ്യോഗിക ജീവിത കാലത്ത് തുടർന്നു വന്നത്. വെജിറ്റേറിയൻ ഭക്ഷണമാണ് അപ്പുക്കുട്ട പൊതുവാളിനു ശീലം. കുട്ടിക്കാലത്തു കഞ്ഞിയായിരുന്നു മുഖ്യ ഭക്ഷണം.
സമരവും ചായയും
1943 ജനുവരിയിൽ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ജയിലിൽ കിടന്നപ്പോഴാണു ചായ കുടി തുടങ്ങിയത്. പുഴുക്കളും നെല്ലും നിറഞ്ഞ ഉച്ചഭക്ഷണം അപ്പുക്കുട്ട പൊതുവാളിന് ഇ ഷ്ടപ്പെട്ടില്ല. രണ്ടു ദിവസം പട്ടിണി കിടന്നു. സഹതടവുകാർ ജയിലിൽ പ്രതിഷേധമുയർത്തി. ഒടുവിൽ ജയിലധികൃതർ മുട്ടുമടക്കി. അരി വൃത്തിയാക്കി ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ തുടങ്ങി. ജയിലർമാരിൽ പലർക്കും അപ്പുക്കുട്ടന്റെ പ്രതിഷേധം ഇഷ്ടപ്പെട്ടു. ആ ഇഷ്ടം അവർ പ്രകടിപ്പിച്ചത് രാവിലെ ഉണരുമ്പോൾ നല്ലൊരു കപ്പ് ചായ അപ്പുക്കുട്ടനു നൽകിക്കൊണ്ടായിരുന്നു. അതു ചായയും കാപ്പിയുമൊക്കെയായി ജീവിതത്തിന്റെ ഭാഗമാക്കി. ഇപ്പോൾ അഞ്ചു വർഷത്തിലധികമായി ചായയും കാപ്പിയും കഴിക്കാറില്ല.
ഇപ്പോൾ രാവിലെ രണ്ട് ഇഡ്‌ലി അല്ലെങ്കിൽ ദോശ. 11 മണിക്ക് വെല്ലം (ശർക്കര) ചേർത്ത കുറച്ച് അവിലും പഴവും. ഉച്ചയ്ക്ക് ചോറ്. രാത്രിയിൽ എന്തെങ്കിലും ലഘുഭക്ഷണം. ഇടക്കിടെ തേനും ചെറു നാരങ്ങയും ചേർത്തു വെള്ളം ആവശ്യത്തിനു കുടിക്കും. മധുരത്തിൽ ഈ ദിനചര്യയെല്ലാം തെറ്റും. ഉണ്ണിയപ്പവും പായസവും സദ്യയും ഏറെ ഇഷ്ടമാണ്. സദ്യ ശാസ്ത്രീയ രീതിയിൽ തന്നെ കഴിക്കും.
ഈ പ്രായത്തിനിടയിൽ ഒൻപതു ദിവസം മാത്രമാണ് ആശുപത്രിയിൽ കിടന്നത്. തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോ ൾ വൈറസ് ബാധയുണ്ടായി. അതിനു കുത്തിവയ്പ് എടുക്കണം. ആശുപത്രിയിൽ കിടന്നേ മതിയാകൂ. അങ്ങനെ തിരുവനന്തപുരത്തെ ആശുപത്രിയിൽ ഏഴു ദിവസം. തൊണ്ണൂറാം വയസ്സിൽ ഹെർണിയയ്ക്കു ശസ്ത്രക്രിയ ചെയ്യാൻ മംഗളൂരുവിലെ ആശുപത്രിയിൽ രണ്ടു ദിവസവും. ആശുപത്രി വാസം 9 ദിവസമാണെങ്കിലും രോഗം മൂലം 45 ദിവസത്തോളം പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതി വന്നിട്ടുണ്ട്. ലക്നൗവിൽ ജോലി ചെയ്യുമ്പോൾ സുഹൃത്തും സഹപ്രവർത്തകനുമായ ത്രിവേണി പ്രസാദ് വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി നൽകിയ ഭക്ഷണം ഛർദിക്കും വയറിളക്കത്തിനും കാരണമായി. ജീവിതത്തിലേക്കു തിരിച്ചു വരുമെന്ന പ്രതീക്ഷ ഡോക്ടർക്കു പോലുമുണ്ടായില്ല. ഖാദി കമ്മിഷന്റെ ലക്നൗ ഓഫിസിലെ ഒരു മുറിയിൽ സഹപ്രവർത്തകരുടെ പരിചരണത്തിൽ ഒരു മാസം കഴിച്ചു കൂട്ടി. പിന്നീടൊരിക്കൽ ചിക്കൻപോക്സ് ബാധിച്ചു കിടപ്പിലായി
കോവിഡ് ബാധിച്ചുവെങ്കിലും ഡോക്ടറുടെ ചികിത്സയോ ആശുപത്രി വാസമോ വേണ്ടി വന്നില്ല. ആശാ വർക്കർ എത്തിച്ച ഗുളിക കഴിച്ച് പ്രായാധിക്യത്തിലും അതിനെ അതിജീവിച്ചു. ഇന്നും അപ്പുക്കുട്ട പൊതുവാളിനു കാഴ്ചശക്തിക്കു പ്രശ്നമില്ല. അതുകൊണ്ട് എഴുത്തും വായനയും ഇപ്പോഴും തുടരുന്നു. ജീവിതശൈലീ രോഗങ്ങളൊന്നും ഈ സ്വാതന്ത്ര്യ സമര സേനാനിയെ കീഴടക്കിയിട്ടില്ല.സ്കൂൾ വിദ്യാഭ്യാസ കാലത്തു യോഗ ചെയ്തിരുന്നു. പിന്നീടു നടത്തമായി പ്രധാന വ്യായാമം. മൂന്നും നാലും കിലോമീറ്റർ ഒരേ സമയം നടക്കും.
എപ്പോഴും കർമനിരതൻ
ബിരുദാനന്തര ബിരുദധാരിയായ അപ്പുക്കുട്ട പൊതുവാൾ റിട്ടയർമെന്റിനു ശേഷം കോളജിലും സംസ്കൃതവിദ്യാലയങ്ങളിലുമൊക്കെ ക്ലാസെടുത്തു. പുലർച്ചെ എഴുന്നേറ്റാൽ. 5.30ന് ഗേറ്റിനടുത്തേക്കു നടക്കും. അതു ദിനപത്രങ്ങൾ എടുക്കാനാണ്. വീട്ടുമുറ്റത്ത് പത്രങ്ങൾ കൊണ്ടു തരാമെന്നു പറഞ്ഞാലും പൊതുവാൾ സമ്മതിക്കില്ല. ഗേറ്റിൽ വച്ചാൽ മതിയെന്നു നിർബന്ധിക്കും. എഴുന്നേറ്റ് ആദ്യ നടത്തം മുടക്കാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്. ടൗണിനകത്തുള്ള പരിപാടികൾക്കെല്ലാം നടന്നു പോകണമെന്നത് ഇന്നും നിർബന്ധമാണ്. തുടർന്നു പച്ചക്കറി കൃഷിയും പൂന്തോട്ടം ഒരുക്കലും. തുടർന്ന് പൊതു പരിപാടികൾ. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെപ്പറ്റിയും ഗാന്ധിജി ഉൾപ്പെടെയുള്ള ജനനായകരെ കുറിച്ചും വിശദമായി പ്രസംഗിക്കും. തോളിൽ തുണിസഞ്ചിയുമായി പോകുന്ന അപ്പുക്കുട്ട പൊതുവാൾ തനിക്കു വേണ്ട സാധനങ്ങളും മാസികകളും പുസ്തകങ്ങളുമെല്ലാം സ്വന്തമായി വാങ്ങും. വീട്ടിൽ മിക്ക സമയങ്ങളിലും വിദ്യാർഥികൾ ഉണ്ടാകും. അവരോട് രണ്ടു മണിക്കൂറിലധികം സ്വാതന്ത്ര്യ സമരത്തെക്കുറിച്ചു സംസാരിക്കും.
ഭാരതി അമ്മയാണ് അപ്പുക്കുട്ട പൊതുവാളിന്റെ ഭാര്യ. യോഗേഷ്, മഹേഷ്, ഗായത്രി എന്നിവരാണു മക്കൾ. ഭർത്താവിന്റെ ജീവിതരീതിയോടു പൂർണമായും യോജിച്ചു നിന്ന ഭാര്യയാണ് ഭാരതി അമ്മ. അതു തന്നെയാണ് നൂറാം വയസ്സിലേക്കു കടക്കുന്ന അപ്പുക്കുട്ട പൊതുവാളുടെ ആരോഗ്യ രഹസ്യം. റിട്ടയർ ചെയ്തു നാട്ടിലെത്തിയ അപ്പുക്കുട്ട പൊതുവാളുെട ഭക്ഷണരീതിയോടു ഭാര്യയും മക്കളും പൂർണമായി സഹകരിച്ചു. ഇപ്പോൾ ചെറിയ തോതിൽ ചെവിയുടെ ബാലൻസ് പ്രശ്നമുണ്ട്. അതു കൊണ്ടു പുറത്തേക്കിറങ്ങുമ്പോൾ മക്കൾ ഒപ്പമുണ്ടാകും. ഭാര്യയുടെയും മക്കളുടെയും നിർബന്ധത്തിനു വഴങ്ങി പലപ്പോഴും യാത്ര വാഹനത്തിലേക്കു മാറ്റിയിട്ടുണ്ട്. എങ്കിലും വീടിനകത്തും പുറത്തുമായി നടത്തത്തിനു കുറവില്ല. ‘ഏത് പ്രശ്നത്തെയും പക്വതയോടെ നേരിടും. അതു കൊണ്ട് ടെൻഷനില്ല. അതാണ് ഭർത്താവിന്റെ ആരോഗ്യ രഹസ്യമെന്ന് ഭാര്യ ഭാരതി അമ്മ പറയുന്നു.