തി രുവനന്തപുരത്തു ടെക് നോപാർക്കിലെ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലെ ഒരു ജീവനക്കാരൻ കടുത്ത മാനസിക സമ്മർദത്തിനുള്ള ചികിത്സയിലായിരുന്നു. ഡോക്ടർ പറഞ്ഞ റിലാക്സേഷൻ മാർഗങ്ങളൊക്കെ ചെയ്തു തന്റെ പിരിമുറുക്കവും ദേഷ്യവുമൊക്കെ പരമാവധി നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ആ യുവാവ് ഒരുതവണ ഡോക്ടറെ കാണാനെത്തിയതു വളരെ സന്തോഷത്തിലായിരുന്നു... ‘‘ഡോക്ടർ, ദേഷ്യവും ടെൻഷനും ഒക്കെ കുറയ്ക്കാൻ ഞാൻ തന്നെ ഒരു വിദ്യ കണ്ടുപിടിച്ചു... വളരെ ഇഫക്ടീവാണത്’’ ഇതു കേട്ട ഡോക്ടർക്കും കൗതു കമായി ഡോക്ടർ പറഞ്ഞു, ‘‘ അതു കൊ ള്ളാമല്ലോ, എന്നാൽ അതു വിശദമായി പറയൂ... മറ്റുള്ളവർക്കും പറഞ്ഞുകൊടുക്കാമല്ലോ..’’
‘‘ഞാൻ ഒരു ദിവസം സെക്രട്ടേറിയേറ്റിനു മുന്നിലൂടെ പോയി. അപ്പോഴാണ് അവിടെ നടക്കുന്ന സമരങ്ങളും ജാഥകളും ശ്രദ്ധിച്ചത്. ഓഫിസിലെ അവസ്ഥയെക്കുറിച്ച് ഓർത്തു ദേഷ്യവും അരിശവും കൊണ്ട ഞാൻ ഒന്നും നോക്കിയില്ല, ഒരു ജാഥയിൽ കയറിക്കൂടി ഘോരഘോരം മുദ്രാവാക്യം വിളിച്ചു, അവർക്കൊപ്പം നടന്നു. അരമണിക്കൂറിനകം ജാഥ അവസാനിച്ചു. പക്ഷേ അത്രയും സമയം കൊണ്ട് എന്റെ എല്ലാ അസ്വാസ്ഥ്യവും മാറി. പിന്നീടു രണ്ടുമൂന്നാഴ്ച ഞാൻ ഓഫിസിൽ പെർഫെക്ട‌്ലി ഒാകെ ആയിരുന്നു. ഇപ്പോ ഇടയ്ക്കു പ്രശ്നം തോന്നിയാൽ ബൈക്കും എടുത്ത്, ഞാൻ നേരേ പോകും...സെക്രട്ടേറിയേറ്റിനു മുന്നിലേക്ക്...’’ കഥ പറഞ്ഞ രോഗിയും കേട്ടിരുന്ന ഡോക്ടറും പൊട്ടിച്ചിരിച്ചു പോയി.
‘മൈ ബോസ്’ എന്ന സിനിമയിൽ ബോസിനോടുള്ള അരിശം തീർക്കാൻ ബാത്റൂമിലെ ബക്കറ്റ് ചവിട്ടിപ്പൊട്ടിക്കുന്ന സീനും ആരും മറക്കില്ല. ഇത്രയും സ ങ്കീർണവും സംഘർഷഭരിതവുമാണോ ഓഫിസ് പിരിമുറുക്കം?
പിരിമുറുക്കം പതിന്മടങ്ങ്
തലമുറകളെ, പ്രത്യേകിച്ചും യുവതലമുറയിലെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും പാടേ കവർന്നെടുക്കുന്ന ഒരു വലിയ വിപത്തായി മാറുകയാണ് ഓഫിസുകളിൽ രുപപ്പെടുന്ന മാനസിക സംഘർഷങ്ങൾ. ഏതു തൊഴിൽ മേഖല എടുത്താലും തൊഴിൽ സംസ്കാരം കാര്യമായി മാറിയിട്ടുണ്ട്. തൊഴിലിലെ മിടുക്ക്, ലക്ഷ്യം നേടാനുള്ള ശേഷി, ശേഷി അനുസരിച്ചുമാത്രം ശമ്പളം, ഡെഡ്‌ലൈൻ സമ്മർദം ഇങ്ങനെ പലരീതിയിൽ തൊഴിൽ സംസ്കാരത്തിൽ പരിവർത്തനം വന്നു.
ഈ മാറ്റത്തിനനുസരിച്ച് അതിനോടു പ്രതികരിക്കേണ്ട നമ്മുടെ മനസ്സു മാറിയിട്ടില്ല. മനസ്സിൽ മാറ്റം വരാതെ പുതിയ തൊഴിൽ സംസ്കാരത്തിൽ നിന്നാൽ പ്രതിസന്ധികൾ കൂടുകയേയുള്ളൂ. സർക്കാർ ഓഫിസുകൾ പോലും ഇതിൽ നിന്നു മുക്തമല്ല. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി കോവിഡിനു ശേഷം പ ല തൊഴിൽ മേഖലകളും അനിശ്ചിതാവസ്ഥയിലായത് ഉൾപ്പെടെ വിവിധങ്ങളായ കാര്യങ്ങൾ തൊഴിലിടങ്ങളിലെ പിരിമുറുക്കം പതിന്മടങ്ങാക്കുന്നു.
ഇഷ്ടപ്പെടാത്ത ജോലി
ഇഷ്ടമില്ലാത്ത ജോലി, വരുമാനത്തെയോർത്തു കഷ്ടപ്പെട്ടു ചെയ്യുന്ന ധാരാ ളം പേരുണ്ട്. ഇഷ്ടമില്ലാത്ത ജോലിയി ൽ പൊരുത്തപ്പെടാൻ പലർക്കും മടിയാണ്. 10 -30 കൊല്ലം അതേ ജോലി തന്നെ ചെയ്താലും അത് ഉപേക്ഷിച്ചു പോകാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടുതന്നെ അവരിലുണ്ടാകുന്നതു കടുത്ത മാനസിക സമ്മർദമാണ്. തൊഴിൽ പലപ്പോഴും ദാമ്പത്യം പോലെയാണ്. ഇഷ്ടമുള്ള തൊഴിൽ മേഖല കിട്ടിയില്ലെങ്കിൽ കിട്ടിയ തൊഴിൽ മേഖല കഴിയുന്നത്ര ഇ ഷ്ടപ്പെടാൻ ശ്രമിക്കുന്നതാണ് പരിഹാരമാർഗം. എന്നാലേ നമുക്കു നിലനിൽപുള്ളൂ.
അനിശ്ചിതത്വം കൂടുമ്പോൾ
കോവിഡിനു ശേഷമുള്ള കാലത്തു പല തൊഴിൽ മേഖലകളിലും കാര്യമായ മാറ്റങ്ങൾ വന്നു. വളരെ ലാഭകരമായിരുന്ന പല മേഖലകളും ഇന്നു തകർച്ചയിലേക്കു നീങ്ങുന്നു. സുരക്ഷിതമായ ജോലി എന്നു വിശ്വസിച്ചിരുന്ന പലതും അങ്ങനെയല്ലാതായി. ഈ കാലഘട്ടത്തിലെ മാറ്റത്തിന് അനുസരിച്ചു ജോലി ചെയ് തു വരുന്ന സ്ഥാപനത്തിനു തന്നെ നിലനിൽപ്പുണ്ടോ എന്നുപോലും സംശയിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ഫലമോ? നിലനിൽക്കണമെങ്കിൽ ചില പ്പോൾ പുതിയ ശേഷികൾ (സ്കിൽസ്) കൂടി പഠിക്കേണ്ടി വരുമെന്നായി. ശമ്പളം പോലും കൃത്യമായി ലഭിക്കുമോ ഇല്ലയോ എന്നുള്ള ചിന്തകൾ കടന്നു വരുമ്പോൾ അതുണ്ടാക്കുന്ന പിരിമുറുക്കം എത്ര ആഴമുള്ളതാവും?
ഇതിനു പുറമേ നിർമിത ബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജൻസ്) അതിന്റെ വിശ്വരൂപം പ്രകടിപ്പിക്കാനൊരുങ്ങുകയാണ്. നിലവിലുള്ള തൊഴിൽ സാധ്യതകളെ വരുംവർഷത്തിൽ കാര്യമായി കുറയ്ക്കാൻ അതിനു കഴിയും. ഹോളിവുഡിൽ തിരക്കഥാകൃത്തുക്കൾ അവരുടെ വേതനം കുറച്ചു എന്നതിന്റെ പേരിൽ സ മരം ചെയ്യുകയുണ്ടായി. അവിടെയും വില്ലൻ നിർമിത ബുദ്ധി തന്നെയാണ്. തിരക്കഥ മാത്രമല്ല ചിത്രരചന അടക്കം സർഗാത്മകത അടിസ്ഥാനമായ ജോലികളിലേക്കുപോലും നിർമിത ബുദ്ധി കടക്കുമ്പോൾ മറ്റെന്തൊക്കെ കാര്യങ്ങൾ അതിനു ചെയ്യാനാകും എന്ന് ആലോചിക്കാവുന്നതാണ്. അതിന്റെയൊക്കെ ഫലമായി തൊഴിലിടത്തെ പിരിമുറുക്കം ഏതൊക്കെ ഭാവങ്ങൾ കൈവരിക്കുമെന്നു കണ്ടറിയുക തന്നെ വേണം.
മുറുക്കം ദേഷ്യമാകുമ്പോൾ
ഓഫിസ് സ്ട്രെസ്സ് പലപ്പോഴും ദേഷ്യം, പൊട്ടിത്തെറി, ഉത്കണ്ഠ, വിഷാദം തുട ങ്ങിയ മനോഭാവങ്ങളിലേക്ക് എളുപ്പം വ ഴുതിമാറും. അത് ഏറ്റവും പ്രകടമാകുന്നതു ദേഷ്യം അഥവാ ക്രോധം, പൊട്ടിത്തെറി പോലുള്ളവ ആയിട്ടാവും. ഓഫിസിൽ ഇതു കാണിക്കാൻ സാധിക്കാതെ പോകുന്നവർ അത് അമർത്തിവച്ചു വീട്ടിൽ തന്റെ പ്രിയപ്പെട്ടവരുടെ നേർക്ക് അഴിച്ചുവിടുന്നു. അതോടെ വ്യക്തിജീവിതത്തിലും സംഘർഷം നിറയും.
തൊഴിൽ-ജീവിതം: സന്തുലനം
തൊഴിലും ജീവിതവും തമ്മിലുള്ള സ ന്തുലനം (വർക്ക് ലൈഫ് ബാലൻസ്) വ ളരെ പ്രധാനമാണ്. രാവിലെ ഓഫിസിലേക്കു പോകുമ്പോൾ അതിന് ആവശ്യമായ ഒരു മനസ്സൊരുക്കം നമുക്കുണ്ടാവണം. ഓഫിസ് സാഹചര്യങ്ങളിൽ പരിമിതികളും പ്രശ്നങ്ങളും ഒക്കെ ഉണ്ടായിരിക്കെ തന്നെ അവിടെ എനിക്ക് എങ്ങനെ നന്നായി നിലനിൽക്കാനാകും എന്ന തരത്തിൽപ്പെട്ട ചിന്തകളുടെ പിൻബലത്തോടെയാണു മുന്നൊരുക്കം നടത്തേണ്ടത്. അതുപോലെ തിരിച്ചു വീട്ടിലേക്കു വരുമ്പോൾ ഓഫിസിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ ഞാൻ വീട്ടിലേക്കു കൊണ്ടുപോകില്ല എന്ന വിധത്തിലുള്ള ഒരു മാനസിക തയാറെടുപ്പും ഉണ്ടാകണം. ഇതു ജോലിയും ജീവിതവും കൂടുതൽ ആസ്വാദ്യകരമാവാൻ സഹായിക്കും.
ജോലിഭാരം കൂടിയാൽ
ഓഫിസിലെ അമിതമാകുന്ന ജോലിഭാരം മിക്കവരേയും പിരിമുറുക്കത്തിലേക്കു നയിക്കാറുണ്ട്. അമിതമായി ജോലി ചെയ്യാൻ ശ്രമിച്ചാൽ ഗുണനിലവാരം കുറയും. അല്ലെങ്കിൽ കൂടുതൽ സമയം ജോലിചെയ്യേണ്ടിവരും. രണ്ടായാലും ജോലിയുടേയും വ്യക്തി ജീവിതത്തിന്റെയും ഗുണമേന്മ കുറയ്ക്കും. ഇക്കാര്യം മേലുദ്യോഗസ്ഥരോടു തുറന്നു പറയാൻ മടിക്കുന്നതു തൊഴിൽ സാഹചര്യവും പിരിമുറുക്കാവസ്ഥയും മോശമാക്കുകയേഉള്ളൂ.
നമുക്ക് ‘നോ’ പറയേണ്ടി വരുമ്പോൾ നയതന്ത്രപരമായി ‘നോ’ പറയേണ്ടത് ആവശ്യമാണ്. സമയത്ത് ഇതു പറയാതിരുന്നാൽ പിന്നീടത് ഒരു പൊട്ടിത്തെറി ആയി മാറാം. എന്റെ കഴിവിനനുസരിച്ച് ഏറ്റവും നന്നായി ഈ ജോലി എങ്ങനെ ചെയ്യാം എന്നു ചിന്തിക്കാം. അല്ലാതെ ചെയ്യുന്ന കാര്യം ഏറ്റവും പെർഫെക്റ്റാക്കി എങ്ങനെ ചെയ്യാം എന്നു ചിന്തിച്ചാൽ നിങ്ങൾ ചതിക്കുഴിയിൽ പെടും. പിരിമുറുക്കം വിളിച്ചുവരുത്തും.
പൊസിറ്റീവ് ആകാൻ 5 വഴികൾ
∙സാഹചര്യം എന്തുതന്നെയായാലും അത് അംഗീകരിക്കാൻ തീരുമാനിക്കുക.
∙ പ്രതിസന്ധിയും പ്രശ്നങ്ങളും ഉണ്ടായാൽ അതിന്റെ പൊസിറ്റീവായ വശത്തെ കുറിച്ചു കൂടി ചിന്തിക്കുക.
∙പ്രശ്നങ്ങളേക്കാളുപരി അതിന്റെ പരിഹാരങ്ങളിൽ മനസ്സിനെ ഏകാഗ്രമാക്കാ ൻ ശ്രമിക്കുക.
∙ പ്രശ്ന പരിഹാര സാധ്യതകളുെട ഒരു ലിസ്റ്റ് തയാറാക്കുക.
∙ മുൻപു പിരിമുറുക്കമുണ്ടാക്കിയിരുന്ന പല സാഹചര്യങ്ങളും ഇപ്പോൾ അസ്വാസ്ഥ്യം ഉണ്ടാക്കുന്നില്ല. അതുപോലെ ഇപ്പോഴത്തെ സാഹചര്യവും സമീപഭാവിയിൽ നിസ്സാരമായി പരിണമിക്കും എന്നു ചിന്തിക്കാം.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. സി. ജെ. ജോൺ, സീനിയർ സൈക്യാട്രിസ്റ്റ്
മെഡി. ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി