Saturday 25 May 2024 04:23 PM IST

ബീഡിയല്ല സിഗററ്റാണ് പ്രശ്നക്കാരന്‍, വല്ലപ്പോഴും പുകവലിച്ചാല്‍ പ്രശ്നമില്ല-ധാരണകള്‍ തിരുത്താം

Asha Thomas

Senior Sub Editor, Manorama Arogyam

smok455 പുകവലി ആരോഗ്യത്തിനു ഹാനികരം

പുകവലിയെക്കുറിച്ചു നിലവിലുള്ള 9 ധാരണകള്‍ തിരുത്താം

1. സിഗററ്റ് അല്ലെങ്കിൽ ബീഡി വലിക്കുന്നവർക്കേ കുഴപ്പമുള്ളൂ, ആ പുക ശ്വസിക്കുന്നവർക്ക് അപകടമില്ല

ഈ ധാരണ തികച്ചും തെറ്റാണ്. സിഗററ്റിലോ ബീഡിയിലോ ഉള്ള രാസവസ്തുക്കൾ ശ്വസിക്കുന്നത് ശരീരത്തിനു ദോഷകരമാണ്. എത്ര ചെറിയ അളവിലായാൽ പോലും സെക്കൻഡ് ഹാൻഡ് സ്മോക്കിങ് അപകടകരം തന്നെ. ശ്വാസകോശ അർബുദം പോലുള്ളവയുടെ ഒരു പ്രധാനകാരണം പുകയേൽക്കുന്നതാണ്. ഇങ്ങനെ പുക ശ്വസിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ശ്വാസകോശാർബുദം വരാനുള്ള സാധ്യത 20–30 ശതമാനത്തോളം കൂടുതലാണ്.

2. പുകവലി തുടങ്ങിയിട്ടു വർഷങ്ങളായി. ഇനിയിപ്പോൾ നിർത്തിയിട്ടെന്താണു കാര്യം?

എത്ര വർഷം വലിച്ചതായാലും പുകവലി നിർത്തുന്നതുകൊണ്ടു ഗുണമേയുള്ളൂ. പഠനങ്ങൾ പറയുന്നത് പുകവലി നിർത്തി 20 മിനിറ്റുകൾക്കുള്ളിൽ തന്നെ ശരീരം സ്വയം കേടുപാടുകൾ നീക്കിത്തുടങ്ങുമെന്നാണ്. പുകവലി നിർത്തുന്നതു കാരണം ശ്വാസകോശാർബുദം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങി ഒട്ടേറെ രോഗങ്ങൾക്കുള്ള സാധ്യത കുറയുന്നു. ചുമയും ശ്വാസംമുട്ടലും വലിവും മറ്റു ശ്വാസകോശപ്രശ്നങ്ങളും കുറയുന്നു.

3. ഇ സിഗററ്റ് ആരോഗ്യകരമാണ്.

തെറ്റ്. ഇ സിഗററ്റുകൾ ഒട്ടും തന്നെ ആരോഗ്യകരമല്ല. ഇവയ്ക്കു പുകയില്ല എന്നേയുള്ളൂ ഉയർന്ന അളവിൽ നിക്കോട്ടിൻ അടങ്ങിയിട്ടുണ്ട്. സാധാരണ സിഗററ്റിന്റെ എല്ലാ ദൂഷ്യങ്ങളും ഇ സിഗററ്റിനുമുണ്ട്.

4. പുകവലി ശ്വാസകോശത്തെ മാത്രമേ ബാധിക്കൂ

തെറ്റ്. കുറഞ്ഞത് 17 തരം അർബുദങ്ങൾക്കു കാരണമാകുന്ന പ്രധാന ഘടകമാണ് പുകവലി. മൂത്രാശയ അർബുദം, സ്തനാർബുദം, പാൻക്രിയാറ്റിക് കാൻസർ, വദനാർബുദം തുടങ്ങി ഒട്ടേറെ മാരകമായ അർബുദങ്ങൾക്ക് പുകവലി കാരണമാകുന്നു. ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്ക് ഇടയാക്കുന്നു. മോണകളെ കേടുവരുത്തുകയും ദന്തക്ഷയത്തിനു കാരണമാകുകയും ചെയ്യുന്നു. ആമാശയത്തെ ബാധിച്ച് ഗേർഡ് എന്ന രോഗാവസ്ഥ വരുത്തുന്നു. പുകവലി വഴി ശരീരത്തിലെത്തുന്ന വിഷപദാർഥങ്ങൾ രക്തപ്രവാഹത്തിലൂടെ സംവഹിക്കപ്പെട്ടു വിവിധ ശരീരാവയവങ്ങളിലേക്ക് എത്തി അവയിൽ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നു.

5. പുകവലി അമിതമായാലേ കുഴപ്പമുള്ളൂ. മാസത്തിൽ ഒന്നോ രണ്ടോ തവണ വലിച്ചെന്നു കരുതി പ്രശ്നമൊന്നുമില്ല.

ഈ ധാരണ തികച്ചും തെറ്റാണ്. ജാമാ നെറ്റ്‌വർക് ഒാപൺ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ഒരു മാസം ആറു മുതൽ 10 വരെ സിഗററ്റുകൾ വലിക്കുന്നത് നിങ്ങളുടെ അർബുദസാധ്യത വർധിപ്പിക്കുന്നു എന്നാണ്. പുകവലിക്കാത്തവരെ അപേക്ഷിച്ച് വല്ലപ്പോഴും മാത്രം പുകവലിക്കുന്നവർക്ക് പുകവലിയുമായി ബന്ധപ്പെട്ടുള്ള അർബുദം വരാനുള്ള സാധ്യത നാലിരട്ടി കൂടുതലാണത്രെ. നിങ്ങൾ വലിക്കുന്ന ഒാരോ സിഗററ്റും നിങ്ങളുടെ ശ്വാസകോശത്തെയും ഹൃദയത്തെയും രക്തക്കുഴലുകളെയും ദോഷകരമായി ബാധിക്കുന്നു.

6. സിഗററ്റാണു പ്രശ്നം. ബീഡി നമ്മുടെ നാടൻ സംഗതിയല്ലേ, കുഴപ്പമില്ല.

തെറ്റായ ധാരണയാണിത്. യഥാർഥത്തിൽ ബീഡിക്കാണു ദോഷം കൂടുതൽ. സിഗററ്റിൽ ഫിൽറ്റർ എന്നൊരു സംവിധാനമുണ്ട്. അതു നേരിട്ടു പുകയില വായിലേക്കെത്തുന്നതു കുറയ്ക്കുന്നു. ടാറിന്റെ അംശവും മറ്റ് വിഷവസ്തുക്കളും ബീഡിയിലാണു കൂടുതൽ. ബീഡി അണയാതെ ഇരിക്കാൻ അമർത്തി വലിക്കുന്നതു കൊണ്ട് സിഗററ്റിനെ അപേക്ഷിച്ച് 2–3 മടങ്ങ് നിക്കോട്ടിനും ടാറും ശ്വസിച്ചെടുക്കാനിടയാക്കുന്നു.

7. സ്ത്രീകൾ പുകവലിക്കുന്നതുകൊണ്ടു പ്രശ്നമില്ല.

തെറ്റ്. പുകവലി സ്ത്രീകളിൽ ഗർഭാശയഗള കാൻസർ, അസ്ഥിശോഷണം, ആർത്തവവിരാമം നേരത്തേയാകുക , വന്ധ്യത എന്നീ പ്രശ്നങ്ങൾക്കൊക്കെ കാരണമാകുന്നു.

8. ലൈറ്റ് സിഗററ്റുകൾക്കു ദോഷം കുറവാണ്.

ലൈറ്റ് സിഗററ്റിൽ നിക്കോട്ടിന്റെയും ടാറിന്റെയും അളവു കുറവാണെന്നാണു പൊതുവേയുള്ള ധാരണ. പക്ഷേ, ലൈറ്റ് എന്ന പദം അതിന്റെ ഉള്ളടക്കത്തെ ഉദ്ദേശിച്ചുള്ളതല്ലെന്നും ഒരു പ്രത്യേക രുചി/ ഗന്ധം സൂചിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും സിഗററ്റു നിർമാതാക്കൾ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സാധാരണ സിഗററ്റിനേക്കാളും ദോഷം കുറവാണെന്ന് ഉറപ്പിക്കാൻ ബുദ്ധിമുട്ടാണ്.

9. പുകവലി നിർത്താൻ വിചാരിച്ചാൽ ഉടൻ നിർത്താൻ സാധിക്കും.

വിചാരിക്കുന്നത്ര എളുപ്പമല്ല പുകവലി നിർത്താൻ. പുകയിലയിലെ നിക്കോട്ടിനാണ് പുകവലിയോട് ആസക്തിയുണ്ടാക്കുന്നത്. അടിമത്ത തീവ്രതയിൽ മദ്യത്തിനും ലഹരിമരുന്നുകൾക്കും തുല്യമാണു നിക്കോട്ടിനും. അതുകൊണ്ടുതന്നെ ആ കെട്ടു പൊട്ടിച്ചു പുറത്തുവരിക പ്രയാസമാണ്. പക്ഷേ, ഒരിക്കൽ പുകവലിക്കുമായിരുന്നു എന്നുകരുതി അതിൽ നിന്നു പുറത്തുകടക്കാനേ ആകില്ല എന്നു കരുതരുത്. നല്ല മനോനിയന്ത്രണം ഇതിനാവശ്യമാണ്. കൗൺസലിങും ഔഷധങ്ങളുടെ ഉപയോഗവും നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറപ്പി പോലുള്ള രീതികളും വിജയകരമായി പുകവലി നിർത്തൽ നടപ്പാക്കാൻ സഹായിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്

ഡോ. ടൈറ്റസ് ശങ്കരമംഗലം, തിരുവല്ല

Tags:
  • Manorama Arogyam