അദ്ഭുതത്തോടെയല്ലാതെ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ മുഹമ്മദ് ഹനീഫയുടെ അർബുദ അതിജീവനത്തെ കേട്ടിരിക്കാനാകില്ല...42-ാം വയസ്സിൽ വൻകുടൽ-മലദ്വാര കാൻസർ പിടിപെട്ടു മലാശയം പൂർണമായും നീക്കുക. മലവിസർജനത്തിനായി ശരീരത്തിന്റെ പുറത്തൊരു ബാഗുമായി ഗൾഫിൽ ജോലിക്കു പോവുക, പ്ലമ്പിങ് പോലെ ശാരീരികാധ്വാനമുള്ള ജോലി ചെയ്തു വിജയകരമായി എട്ടു വർഷത്തോളം അവിടെ പ്രവാസജീവിതം നയിക്കുക...ഈ ബാഗുമായി ഒരു ദിവസം പോലും മുടങ്ങാതെ കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുക... മനുഷ്യന്റെ ഇച്ഛാശക്തിയേയും മനോവീര്യത്തേയും തോൽപിക്കാൻ ഒരു അർബുദത്തിനും കഴിയില്ല എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഹനീഫയുടെ ജീവിതാനുഭവം. മനോരമ ആരോഗ്യത്തോട് അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
ബഹ്റിനിൽ പ്ലമ്പറായി ജോലി ചെയ്യുന്ന സമയം. ടോയ്‌ലറ്റിൽ പോകുമ്പോൾ രക്തം ചെറിയ തോതിൽ തുള്ളികളായി പോകുന്നതു കണ്ടു. ഗൾഫിൽ ഒരു ഡോക്ടറെ കാണിച്ചപ്പോൾ പൈൽസ് ആണെന്നു പറഞ്ഞു. അതങ്ങനെ വിട്ടു.
രക്തം പോക്കു നിൽക്കാതെ വന്നപ്പോൾ അവധിക്കു വന്നപ്പോൾ തിരുവനന്തപുരത്തു തന്നെയുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ കാണിച്ചു. പൈൽസ് ആണെന്ന് അവരും സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ശസ്ത്രക്രിയ ചെയ്യണം. രണ്ടു മാസത്തെ ലീവ് തീരാൻ 15 ദിവസം ബാക്കി നിൽക്കെയാണ് ആശുപത്രിയിൽ പോയത്. ശസ്ത്രക്രിയ ചെയ്താൽ ഒരു മാസമെങ്കിലും വിശ്രമമെടുക്കണം. അതിനു മുൻപേ ലീവ് കഴിയും. അതുകൊണ്ടു ശസ്ത്രക്രിയ ചെയ്യാതെ തിരിച്ചുപോയി.
ബഹ്റിനിൽ ചെന്ന് ഒരു മാസം കഴിഞ്ഞപ്പോഴേക്കും ര ക്തം നല്ല കട്ടിയിൽ കറുത്ത നിറത്തിൽ ചീറ്റി പോയിത്തുടങ്ങി. ഇങ്ങനെയൊരു പ്രശ്നം വരുമ്പോഴേക്കും നാനാവശത്തുനിന്നും നൂറു തരം ഉപദേശങ്ങൾ വരുമല്ലൊ. അവിടെ കാണിക്ക്, ആ ഡോക്ടർ നല്ലതാ...എന്നിങ്ങനെ. അങ്ങനെ വലിയ പരസ്യമൊക്കെ കണ്ട് ഒരു ഹോമിയോ ഡോക്ടറെ കാണിച്ചു. പക്ഷേ, പ്രശ്നം മാറിയില്ല. കുറച്ചുനാൾ ആയുർവേദവും പരീക്ഷിച്ചു...രക്തസ്രാവം നിന്നില്ല.
മറഞ്ഞിരുന്ന അർബുദം
കുട്ടിക്കാലം മുതലേ എനിക്കു സ്പോർട്സ് വലിയ ഹരമാണ്. ജില്ലാ ക്രിക്കറ്റ് ടിമീലൊക്കെ കളിച്ചിട്ടുണ്ട്. ബാഡ്മിന്റണും ഫുട്ബോളും കളിക്കും. ബഹ്റിനിലെ നാഷനൽ ക്രിക്കറ്റ് ലീഗിലെ ഏക മലയാളി ആയിരുന്നു. പക്ഷേ, പെട്ടെന്നു തന്നെ കളിയിലൊക്കെ ഡൗൺ ആയി. നല്ല ഉഷാറായിരുന്നയാളാണ്, കസേര കണ്ടാൽ മതി ക്ഷീണിച്ച് ഉറങ്ങുമെന്നായി. 67 കിലോയിൽ നിന്നും 55 ആയി തൂക്കം പെട്ടെന്നു കുറഞ്ഞു. മലദ്വാരത്തിലൂടെ പഴുപ്പു പോലെ വന്നുതുടങ്ങി. ഒപ്പം വല്ലാത്ത ശ്വാസംമുട്ടലും.
ബുദ്ധിമുട്ടുകൾ കൂടുതലായപ്പോൾ അവിടെയുള്ള ഒരു വലിയൊരു ആശുപത്രിയിലെ ഡോക്ടറെ കാണിച്ചു. അദ്ദേഹം നോക്കിയിട്ടു പറഞ്ഞു- ‘ഹനീഫ, എനിക്കൊരു ചെറിയ സംശയമുണ്ട്, വച്ചുതാമസിപ്പിക്കാതെ നാട്ടിൽ നല്ലൊരു ഡോക്ടറെ കാണിക്കൂ’ എന്ന്. എന്നിട്ട് അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ഒരു ഡോക്ടർക്ക് ഒരു റഫറൻസ് കത്തും തന്നുവിട്ടു.
ഡോക്ടറുടെ സംസാരത്തിൽ നിന്നും സംഗതി ഗൗരവമുള്ളതാണെന്നു തോന്നി അന്നു വൈകുന്നേരം തന്നെ ഞാൻ നാട്ടിലേക്കു വിമാനം കയറി. തിരുവനന്തപുരത്തൊരു ആശുപത്രിയിൽ ചെന്നപ്പോൾ അവർ കൊളനോസ്കോപി ഉൾപ്പെടെ വിശദമായ പരിശോധനകൾ ചെയ്തു. രണ്ടു മൂന്നു ദിവസം നീണ്ട പരിശോധനകൾക്കൊടുവിൽ രോഗം സ്ഥിരീകരിച്ചു- കാൻസർ ആണ്. അപ്പോഴേക്കും രക്തംപോക്ക് തുടങ്ങി രണ്ടുവർഷം കഴിഞ്ഞിരുന്നു. നമ്മൾ പലപ്പോഴും അങ്ങനെയല്ലേ? ചില ലക്ഷണങ്ങളൊക്കെ കണ്ടാലും അതു മൂടിവച്ചു നടക്കും. അതല്ലെങ്കിൽ ഡോക്ടർമാരെ മാറിമാറി കണ്ടുനടക്കും. എന്റെ കാര്യത്തിൽ ഭാഗ്യം തുണച്ചതുകൊണ്ടു കൃത്യം അസുഖമെന്താണെന്നു കണ്ടെത്തി.
ചികിത്സയ്ക്ക് ആർസിസിയിലെ ഡോ. ചന്ദ്രമോഹൻ സാറിനെയാണു കണ്ടത്. ചിലപ്പോൾ മലാശയം എടുത്തു കളയേണ്ടി വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. എനിക്കാണെങ്കിൽ കാൻസറിനെക്കുറിച്ചു കേട്ടറിവേയുള്ളൂ. അതുകൊണ്ട് മലാശയം നീക്കണമെന്നു പറഞ്ഞപ്പോഴും വല്യ കാര്യമാക്കിയില്ല. എന്നത്തെയും പോലെ കൂട്ടുകാരുടെയൊപ്പം ബാഡ്മിന്റണും ഫുട്ബോളും ക്രിക്കറ്റുമൊക്കെ കളിച്ചുനടന്നു.
ശസ്ത്രക്രിയ ചെയ്തു മലാശയം എടുത്തു കളയുമ്പോൾ എനിക്കു 42 വയസ്സേയുള്ളൂ. മലാശയം നീക്കിക്കഴിഞ്ഞപ്പോഴാണ് അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ ശരിക്കും മനസ്സിലാക്കുന്നത്. ശരീരത്തിലെ മാലിന്യങ്ങൾ ശരീരത്തിനു പുറത്തുള്ള സ്േറ്റാമ എന്ന ദ്വാരം വഴിയാണു പുറത്തുകളയുന്നത്. ഈ സ്േറ്റാമയോട് ചേർത്ത് ഒരു ബാഗ് വച്ചിരിക്കും. ബാഗിൽ വിസർജ്യം നിറയുമ്പോൾ നമ്മളെടുത്തു വൃത്തിയാക്കണം.
ഈ സ്േറ്റാമയുടെ പ്രത്യേകത എന്താണെന്നു വച്ചാൽ ഗ്യാസും വിസർജ്യങ്ങളും പുറത്തേക്കു വരുന്നതു നമുക്കു നിയന്ത്രിക്കാൻ പറ്റില്ല. അതു മാനസികമായി വലിയ ബുദ്ധിമുട്ടായിരുന്നു. ആരുടെയെങ്കിലും അടുത്തുനിന്നു സംസാരിക്കുമ്പോൾ വെറുതെയെങ്ങാനും അവർ മൂക്കിൽ തൊട്ടാൽ മതി, ദുർഗന്ധം ഉണ്ടോയെന്നു നമുക്കു സംശയമാകും. ഇതു പേടിച്ചു പലരും വീടിനു പുറത്തിറങ്ങാൻ തന്നെ മടിക്കും. ചിലർ ഇ തിന്റെ പേരിൽ ആത്മഹത്യ ചെയ്തതായി വരെ കേട്ടിട്ടുണ്ട്. ഞാൻ പക്ഷേ, ആദ്യ മാസം മുതലേ സ്റ്റോമ ബാഗും വച്ചു കളിക്കാനൊക്കെ പോകുമായിരുന്നു.
തിരിച്ചടികളിൽ തളരാതെ
അർബുദമെന്നതു വല്ലാത്തൊരു ഭീതി ഉണ്ടാക്കുന്ന രോഗമാണല്ലൊ. കാൻസർ വന്നാൽ ആളു തീർന്നു എന്നാണു പൊതുവേയുള്ള ചിന്ത. പലരുടെയും ഉപദേശം കേട്ടുകേട്ട് എന്റെ ഭാര്യയ്ക്കും ഇങ്ങനെയൊരു ചിന്ത വന്നു. രണ്ടു കൊച്ചുകുട്ടികളാണല്ലൊ ഞങ്ങൾക്ക്. എനിക്കു വേണ്ടി കുറേ പണം ചെലവാക്കി കളഞ്ഞാൽ കുടുംബം വഴിയാധാരമാകുമെന്നു തോന്നിക്കാണണം. അങ്ങനെ ഒരു ദിവസം കുറേ വാഗ്വാദങ്ങളുടെ അവസാനം എന്നോട് ഇറങ്ങിപ്പോകാൻ അവൾ ആവശ്യപ്പെട്ടു. എന്തു ചെയ്യാൻ...? ഞാൻ പണി കഴിപ്പിച്ച വീട്ടിൽ നിന്നും സഹോദരിയുടെ വീട്ടിലേക്കു തൽക്കാലം താമസം മാറ്റി.
രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ഭാര്യയ്ക്കു വലിയ കുറ്റബോധമായി. എന്നെ തിരികെ വീട്ടിലേക്കു വിളിച്ചുകൊണ്ടുവന്നു. ഈ സംഭവമൊക്കെ പാടേ മറന്നാണു ഞാൻ പിന്നീടു ജീവിച്ചത്. അർബുദമെന്ന രോഗത്തെ കുറിച്ചുള്ള ഭീതിയും തൊട്ടുകൂടായ്മയും ആളുകളിൽ എത്രമാത്രമുണ്ടെന്നു മനസ്സിലാക്കിക്കാനാണ് ഞാനിപ്പോഴിതു പറഞ്ഞത്.
സ്േറ്റാമ ബാഗുമായി ഗൾഫിലേക്ക്
ശസ്ത്രക്രിയ കഴിഞ്ഞു രണ്ടു മാസമായപ്പോഴേക്കും എന്റെ വിസയുടെ കാലാവധി തീരാറായി. ഗൾഫിലേക്കു തിരികെ ചെന്നില്ലെങ്കിൽ വിസ റദ്ദാക്കപ്പെടും. നാട്ടിൽ കഴിഞ്ഞുകൂടാമെന്നു വച്ചാൽ ജീവിതമാർഗം വേണ്ടേ? ഗൾഫിലായിരുന്ന സമയത്ത് കുടുംബക്കാരെയും ബന്ധുക്കളെയുമൊക്കെ കയ്യയച്ചു സഹായിച്ചതാണ്. ബന്ധുവായ ഒരു പയ്യനു കടയൊക്കെ ഇട്ടുകൊടുത്തിരുന്നു. അറ്റകൈക്ക് ആ കട നടത്താ ൻ നൽകാമോയെന്നു ചോദിച്ചു. പക്ഷേ, അവൻ സമ്മതിച്ചില്ല.
വേറെ വഴിയില്ല, ഗൾഫിൽ പോയേ പറ്റൂ എന്നായി. വീസ കാലാവധി തീരാൻ ര ണ്ടു ദിവസം ബാക്കി നിൽക്കെ ഒരു കൂട്ടുകാരൻ വഴി ടിക്കറ്റു സംഘടിപ്പിച്ചു. ശരീരത്തിനു പുറത്തു വിസർജ്യം നിറയുന്ന ബാഗൊക്കെ വച്ച് എങ്ങനെ ഗൾഫിൽ പോയി ജോലി ചെയ്യും, ജീവിക്കും എന്നൊക്കെ ഉള്ളിലൊരാന്തലുണ്ട്. രണ്ടും കൽപിച്ചു വിമാനം കയറി ഒമാനിലെത്തി എയർപോർട്ടിൽ നിൽക്കുമ്പോൾ അവിടുത്തെ ഒരു ഉദ്യോഗസ്ഥൻ ചോദിച്ചു-‘‘നിന്റെ വീസ ഇന്നു വൈകിട്ടു തീരുമല്ലൊ. വിമാനം വൈകുകയോ മറ്റോ ചെയ്താൽ എ ന്തുചെയ്യും? എന്തു ധൈര്യത്തിലാണു പോന്നത് ?’’ എന്ന്...എന്തായാലും ഭാഗ്യം തുണച്ചു. വിമാനം വൈകിയില്ല. വീസ കാലാവധി തീരുംമു ൻപേ ബഹ്റിനിലെത്തി.
ശസ്ത്രക്രിയ കഴിഞ്ഞു കുറേ മാസത്തേക്ക് ഒരു ബക്കറ്റ് വെള്ളം പോലും ഉയർത്തരുത് എന്നു പറഞ്ഞാണു ഡോക്ടർ വിട്ടത്. പക്ഷേ, പ്ലമ്പിങ്ങല്ലേ ജോലി... ഒരു ദിവസം ഭാരം ഉയർത്തേണ്ടി വന്നു. ശസ്ത്രക്രിയയുടെ സ്റ്റിച്ച് ഇളകി രക്തസ്രാവം വന്നു. ഡോക്ടറെ വിളിച്ചു ചോദിച്ച് ആന്റിബയോട്ടിക് ലേപനങ്ങളൊക്കെ പുരട്ടി ആ മുറിവ് ഉണക്കി.
അരയിലെ ബാഗ് ആയിരുന്നു അടുത്ത പ്രശ്നം. നാട്ടിൽ വച്ച് ബാഗ് മറച്ചു മുണ്ടുടുത്തു നടക്കാം. പക്ഷേ, ബഹ്റിനിൽ അതു പറ്റില്ല. ജോലിക്കിടെ ഇടയ്ക്കിടയ്ക്കു ബാഗെടുത്തു വൃത്തിയാക്കലും നടക്കില്ല. അവിടെയാണ് സ്റ്റോമ ഇറിഗേഷൻ എന്ന ടെക്നിക് തുണയായത്.
രക്ഷയായി ഇറിഗേഷൻ ടെക്നിക്
ആർസിസിയിലെ തന്നെ ഒരു നഴ്സിങ് ഒാഫിസറാണ് സ്േറ്റാമ ബാഗ് കഴുകുന്ന കൊളോസ്റ്റമി ഇറിഗേഷൻ സെറ്റ് എന്ന സംവിധാനത്തേക്കുറിച്ചു പറഞ്ഞുതന്നത്. ഒരു വാട്ടർ ബാഗ്, സ്േറ്റാമയിലേക്കു ഘടിപ്പിക്കുന്ന ചോർപ്പിന്റെ ആകൃതിയിലുള്ള ഒരു സംവിധാനം എന്നിവയൊക്കെ ചേർന്നതാണു സെറ്റ്. ഇതുപയോഗിച്ച് വയറിനുള്ളിലേക്ക് ഒന്നര ലീറ്ററോളം വെള്ളം കടത്തിവിടും. കുറേ സമയം കഴിയുമ്പോഴേക്കും കുടലിനുള്ളിലെ വിസർജ്യം മുഴുവൻ ബാഗിലേക്കു വീഴും. പൂർണമായി പോയി എന്നു മനസ്സിലായിക്കഴിയുമ്പോൾ ഇതെല്ലാം ഊരി മാറ്റാം. രണ്ടു ദിവസത്തേക്കു പിന്നെ വയറ്റിൽ നിന്നു പോകേണ്ടതില്ല. ഫലത്തിൽ സ്േറ്റാമ ബാഗ് ഉപയോഗിക്കാതെ തന്നെ ജീവിക്കാം.
നാട്ടിലുണ്ടായിരുന്ന സമയത്ത് ഈ സെറ്റ് ശരിക്കൊന്ന് ഉപയോഗിച്ചു നോക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് ബഹ്റിനിൽ വന്ന് ആദ്യ ദിവസം ചെറിയൊരു നാണക്കേടു പറ്റി. പുറത്തു നടക്കാനിറങ്ങിയപ്പോൾ പെട്ടെന്നു ബാഗു നിറഞ്ഞു ലീക്കായി. ആരുടേയും കണ്ണിൽപ്പെടാതെ റൂമിലെത്തി വൃത്തിയാക്കി. പക്ഷേ, അതോടെ ഈ ടെക്നിക്കിനെ കുറിച്ചു ഞാൻ ശ രിക്കു പഠിച്ചു. ഒന്നര ലീറ്റർ വെള്ളം കയറ്റിവിട്ടാൽ രണ്ടു ലീറ്ററോളം വിസർജ്യം പുറത്തുവരും. അതു കണക്കാക്കി വേസ്റ്റ് പൂർണമായും പോന്നു എന്നുറപ്പാക്കിയ ശേഷമേ പുറത്തിറങ്ങാറുള്ളൂ. ഇരുവശത്തും പശയുള്ള ഒരു ബാൻഡേജും കോട്ടനും ഉപയോഗിച്ചു സ്േറ്റാമ ദ്വാരം കൂടി മൂടിവയ്ക്കും. പിന്നെ ഇങ്ങനെയൊരു സംഗതി ആരുടേയും കണ്ണിൽപെടില്ല.
അവിടെ താമസിച്ച എട്ടു വർഷവും ഇങ്ങനെയൊരു ബാഗുമായാണു ഞാൻ ജീവിക്കുന്നതെന്നു കൂട്ടത്തിലാരും അറിഞ്ഞില്ല. കാലത്ത് അഞ്ചര മണിക്കെഴുന്നേറ്റു ഞാൻ നടക്കാൻ പോകും. മുറിയിലുള്ളവരൊക്കെ പോയിക്കഴിഞ്ഞു വന്ന് സ്റ്റോമ എറിഗേഷൻ ചെയ്യും. പിന്നെ ജോലിക്കു പോകും. വൈകുന്നേരം ബാഡ്മിന്റൻ കളിക്കാൻ പോകും. അവർ നോക്കുമ്പോൾ എനിക്കൊരു പ്രശ്നവുമില്ല...
മാറിവരുന്ന ഭാഗ്യനിർഭാഗ്യങ്ങൾ
തകർന്ന മനസ്സുമായാണു വിമാനം കയറിയതെങ്കിലും പിന്നെയുള്ള കാലം ഭാഗ്യം നിറഞ്ഞതായിരുന്നു. അലാവുദ്ദീന് അദ്ഭുതവിളക്കു കിട്ടിയപോലെ ജോലിയിൽ വച്ചടി കയറ്റമുണ്ടായി.വീടിനു മുകൾനില പണിതു. നാട്ടിൽ സ്വന്തമായി ഒരു കട വാങ്ങിച്ചു. ഗൾഫിൽ ഏഴെട്ടു വർഷമായി, ഇനി നാട്ടിൽ ജീവിക്കാമെന്നു കരുതി തിരികെ പോരാനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തു.
ആ സന്തോഷത്തിലിരിക്കുമ്പോഴാണു ഇടിത്തീ പോലെ വീണ്ടും അർബുദം വരുന്നത്. ഇത്തവണ എനിക്കല്ല. ഭാര്യയ്ക്കാണ്. മാറിൽ കാൻസർ. ഫോണിലൂടെ കരയുന്ന അവളെ ഞാൻ ആശ്വസിപ്പിച്ചു. ‘നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട. ആർസിസിയിലെ ചന്ദ്രമോഹൻ സാറിനെ പോയികാണൂ എല്ലാം ശരിയാകും. എന്തു ചികിത്സ വേണമെങ്കിലും നമുക്കു ചെയ്യാം’.
ഭാര്യയുടെ ശസ്ത്രക്രിയയുടെ സമയമായപ്പോഴേക്കും ലീവെടുത്തു ഞാൻ നാട്ടിലേക്കു പോന്നു. ആദ്യഘട്ടമായതുകൊണ്ടു ശസ്ത്രക്രിയ കൊണ്ടു തന്നെ അസുഖം ഭേദമായി. കൂടുതൽ സുന്ദരിയായി, പ്രകാശവതിയായി അവർ തിരികെ വന്നു. ഞാൻ സ്വന്തമായി ഒരു പ്ലമ്പിങ് കടയിട്ടു. വീണ്ടും ജീവിതത്തിൽ പ്രകാശം പരക്കുമ്പോഴാണ് അടുത്ത വില്ലൻ വരുന്നത്- കോവിഡ്.
കൊറോണ സമയത്തു ഭാര്യയുടെ പതിവു പരിശോധനകളൊന്നും നടന്നില്ല. പെട്ടെന്നു പടരുന്ന തരം സ്തനാർബുദമായിരുന്നു അവരുടേത്. അതു തീവ്രമായി. ആർസിസിയിൽ കാണിച്ചപ്പോൾ ഇനി പാലിയേറ്റീവു ചികിത്സയേ ഉള്ളൂ എന്നു പറഞ്ഞു. രക്ഷയില്ലെന്നു ബോധ്യമുണ്ടെങ്കിലും നല്ലതെന്നു പറഞ്ഞുകേട്ട ചികിത്സകളെല്ലാം അവൾക്കു വേണ്ടി പരീക്ഷിച്ചു. ഒടുവിൽ രണ്ടു വർഷം മുൻപ് അവൾ പോയി.
തിരിഞ്ഞുനോക്കുമ്പോൾ എനിക്കു തന്നെ അദ്ഭുതമാണ്. മനോവീര്യത്തെ പാടേ തകർക്കുന്ന എന്തൊക്കെ പരീക്ഷണങ്ങളിലൂടെ കടന്നുപോയി. സ്പോർട്സ് ആയിരുന്നു ആശ്വാസം. ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യ മാസം മുതലേ ഞാൻ ബാഗൊക്കെ വച്ചു കളിക്കാൻ പോയിരുന്നു. ദിവസവും ഒന്നര മണിക്കൂറോളം കളിക്കും. ഒരിക്കൽ, കളിക്കുന്ന കാര്യം ഡോക്ടറോടു പറഞ്ഞപ്പോൾ അദ്ദേഹത്തിനു വലിയ അദ്ഭുതമായി. ബാഗൊക്കെ വച്ച് എങ്ങനെ കളിക്കും എന്നു ചോദിച്ചു. എനിക്കാണെങ്കിൽ ഒരു ദിവസമെങ്ങാനും കളിക്കാൻ പറ്റിയില്ലെങ്കിലാണു പ്രശ്നം.
ഇപ്പോൾ കോവളത്തു സ്വന്തമായി ഹോട്ടൽ നടത്തുന്നു. മകൾ വിവാഹിതയാണ്. മകൻ കോളജ് വിദ്യാർഥി. ഞാൻ വീണ്ടും വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നു. ഈയടുത്ത് അർബുദ തുടർപരിശോധനകളൊക്കെ നടത്തിയിരുന്നു. എല്ലാം നോർമലാണ്...പരീക്ഷണങ്ങളുടെ വേനൽ കഴിഞ്ഞു, പ്രതീക്ഷകളുടെ പച്ചപ്പിലാണ് ഇ പ്പോൾ ജീവിതം..