ADVERTISEMENT

ആരാടാ...എന്നു ചോദിച്ചാൽ എന്താടാ? എന്നു തിരിച്ചടിക്കുന്നവർ പോലും ആരാടാ ...എന്നു ഷോബി തിലകന്റെ സ്വരത്തിൽ കേട്ടാൽ ഒന്നു പരുങ്ങിപ്പോകും. ആളുകളെ വിറപ്പിക്കുന്നൊരു ഗാംഭീര്യമുണ്ട് ആ സ്വരത്തിന്. അതുകൊണ്ടാകും ഷോബിയെ തേടി വന്ന കഥാപാത്രങ്ങളിൽ ഏറിയപങ്കും വില്ലൻ വേഷങ്ങളും പൊലീസ് വേഷങ്ങളുമാണ്. ബാഹുബലി സിനിമയിലെ പ്രതിനായക കഥാപാത്രമായ പൽവാൾ ദേവൻ ഉൾപ്പെടെ മലയാളത്തിലും തെലുങ്കിലും തമിഴിലുമായി ഒട്ടേറെ കഥാപാത്രങ്ങൾക്ക് ശബ്ദം പകർന്ന ഷോബി തിലകന് പക്ഷേ, ശബ്ദസംരക്ഷണത്തിന് പ്രത്യേക ശീലങ്ങളൊന്നുമില്ല. മലയാളസിനിമയിലെ എക്കാലത്തേയും മികച്ച നടനായ തിലകന്റെ മകന് സ്വരം ജന്മസിദ്ധമായി കിട്ടിയ വരമാണ്.

ബിരിയാണിയോട് നോ

ADVERTISEMENT

‘‘ ഡബ്ബിങ് കൊണ്ടാണ് ഞാൻ ജീവിക്കുന്നത്. അതിനു കോട്ടം വരാൻ സാധ്യതയുള്ള കാര്യങ്ങളൊന്നും ചെയ്യാറില്ല. എല്ലാ ദിവസവും ഡബ്ബിങ്ങുള്ളതുകൊണ്ട് വോയിസ് റെസ്റ്റ് എടുക്കണമെന്നു വിചാരിച്ചാലും നടക്കാറില്ല. ഭക്ഷണകാര്യത്തിലൊക്കെ ചില നിയന്ത്രണങ്ങൾ വയ്ക്കാറുണ്ട്.

ഡബ്ബിങ് ഉള്ള ദിവസങ്ങളിൽ ബിരിയാണി കഴിക്കാറില്ല. നെയ്യുള്ള ആഹാരം കഴിച്ചാൽ ഡബ്ബ് ചെയ്യുമ്പോൾ സ്വരത്തിന് വ്യക്തത കുറയും. തണുത്ത ഭക്ഷണം, ഐസ്ക്രീം, തൈര്...ഇതൊന്നും കഴിക്കാറില്ല. തൈരും തൈര് ചേർത്ത ലസ്സിയുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എങ്കിലും രണ്ടു മൂന്നു ദിവസം ഡബ്ബിങ് ഇല്ലാതെ ഫ്രീ ആണെങ്കിൽ മാത്രം തൈരോ ലസ്സിയോ ഒക്കെ കഴിക്കാറുള്ളൂ. തൈര് കഴിച്ചാൽ അപ്പോൾ തന്നെ തൊണ്ടയ്ക്കു പ്രശ്നം വരും.

ADVERTISEMENT

മുഖത്തും തലയിലുമൊക്കെ എന്തെങ്കിലും ക്രീമുകൾ പുരട്ടിക്കഴിഞ്ഞാൽ പിറ്റേ ദിവസം തൊണ്ടയ്ക്ക് പ്രശ്നം വരും. അതുകൊണ്ട് ക്രീമുകളൊന്നും ഉപയോഗിക്കാൻ പറ്റില്ല.

ശബ്ദത്തിനു വ്യായാമം

ADVERTISEMENT

തെലുങ്കിലും മറ്റും ചില ഹെവി പടങ്ങളിൽ ഫൈറ്റ് രംഗങ്ങൾക്ക് ഡബ്ബ് ചെയ്യുമ്പോൾ അലറിവിളിക്കുകയൊക്കെ വേണം. അപ്പോൾ തൊണ്ടയ്ക്ക് സ്ക്രാച്ച് വീഴും. അങ്ങനെയുള്ള

പ്പോൾ തിരുവനന്തപുരത്ത് കിംസിലെ ഡോക്ടർ ജയകുമാറിനെയാണ് പോയിക്കാണും. അത്തരമൊരു സന്ദർശന വേളയിൽ അദ്ദേഹം എന്നോടു ചോദിച്ചു. ‘‘ ഷോബി ഈ ശബ്ദം വച്ചല്ലേ പണം ഉണ്ടാക്കുന്നത്?’ ഞാൻ പറഞ്ഞു ‘അതേ...’

‘നിങ്ങൾ ഈ ശബ്ദത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാറുണ്ടോ?’ ‘ഇല്ല..’

‘ആ...അതാണ് കുഴപ്പം‌. വോക്കൽ കോഡെന്നു പറയുന്ന ഒരു സംവിധാനമുണ്ട്. അത് കൃത്യമായി പ്രവർത്തിക്കണമെങ്കിൽ ശബ്ദത്തിനു വേണ്ടിയും കുറച്ച് വ്യായാമം ചെയ്യണം. ’

അദ്ദേഹം തന്നെ വോയിസ് കൺട്രോളിങ്ങിനായി കുറച്ച് എക്സർസൈസ് പറഞ്ഞുതന്നു. മെഴുകുതിരി കത്തിച്ചുവച്ച് നാളം കെടാതെ ഊതണം. ബ്രീതിങ് കൺട്രോളിന് ഇതു നല്ലതാണ്. തൊണ്ടക്കുഴിയുടെ ഇരുവശത്തുമായി വോക്കൽ കോഡിന്റെ പേശികളുണ്ട്. കൈ കൊണ്ട് ആ പേശികളെ മെല്ലെ മസാജ് ചെയ്യണം. വല്ലപ്പോഴും സമയം കിട്ടുമ്പോൾ ഇതു ചെയ്യും.

ശബ്ദത്തിന്റെ മാജിക്

ശബ്ദത്തിന്റെ മാജിക് അതിന്റെ മോഡുലേഷനിലാണ്. മോഡുലേഷനെക്കുറിച്ച് പഠിപ്പിച്ചത് അച്ഛനാണ്. അച്ഛന്റെയൊപ്പം നാടകത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്കു വേണ്ടി ഡബ്ബ് ചെയ്യാനൊക്കെ പോകുമ്പോൾ അച്ഛൻ എന്നെയും കൂട്ടുമായിരുന്നു. ആ യാത്രകളിലെ സംഭാഷണവേളകളിൽ നിന്നും ഡബ്ബിങ് കണ്ടുള്ള അനുഭവങ്ങളിൽ നിന്നുമൊക്കെ പ്രചോദനം കൊണ്ടാണ് ഈ രംഗത്തേക്ക് വരുന്നത്.

കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന രീതിയിൽ ചില വ്യത്യാസങ്ങൾ ശബ്ദത്തിൽ വരുത്താൻ ശ്രമിക്കാറുണ്ട്. ഉദാഹരണത്തിന് കുബേരൻ എന്ന സിനിമയിൽ സുരേഷ്കൃഷ്ണയുടെ കഥാപാത്രം ഒരു ആസ്മാരോഗിയാണ്. പുള്ളി സംസാരിക്കുമ്പോഴൊക്കെ ഒരു വലിവിന്റെ സ്വരം കൂടി വരുന്നുണ്ട്.

ഓരോ മൂളലെടുക്കുമ്പോൾ പോലും അതെങ്ങനെ വേണമെന്ന് ഹരിഹരൻ സാർ കൂടെയിരുന്ന് പറഞ്ഞുതന്ന് പൂർത്തിയാക്കിയ ഡബ്ബിങ്ങാണ് പഴശ്ശിരാജയുടേത്. ശരത്കുമാർ അവതരിപ്പിച്ച എടച്ചേന കുങ്കനു വേണ്ടിയാണ് ശബ്ദം നൽകിയത്. ആ പരിശ്രമത്തിന് ആ വർഷത്തെ സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തു.

വേറിട്ട ഈ ശബ്ദത്തെ അനുഗ്രഹമായി കാണാനാണ് ഷോബി തിലകന് ഇഷ്ടം. ‘‘ ആകെ ഒരൊറ്റ പ്രശ്നമേയുള്ളു. എങ്ങനെയൊക്കെ സ്വരം മാറ്റി സംസാരിച്ചാലും ആളുകൾ സ്വരം തിരിച്ചറിയും. പ്രത്യേകിച്ച് വീട്ടിലുള്ളവർ....’’ തീരെ വില്ലത്തരമില്ലാത്ത പൊട്ടിച്ചിരിയോടെ ഷോബി പറഞ്ഞുനിർത്തുന്നു.

ADVERTISEMENT