ADVERTISEMENT

സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബിഷപ് സ്ഥാനത്യാഗം ചെയ്ത് ഏകാന്ത താപസനാകുന്നത്. മാർ ജേക്കബ് മുരിക്കന്റെ ആ തീരുമാനം കത്തോലിക്കാസഭയും പാലാ രൂപതയും ഏറെ വേദനയോടെയാണു ശ്രവിച്ചത്. 

ആത്മാവിന്റെ ആഴങ്ങളിലേയ്ക്കുള്ള യാത്രയായിരുന്നു അത്. പിന്നിട്ട വഴിയിലെ സമൃദ്ധിയുടെ വാതായനങ്ങൾ ചേർത്തടച്ചു. സ്ഥാനചിഹ്നങ്ങളെല്ലാം അഴിച്ചു വച്ചു. ആന്തരികാനന്ദം പകരുന്ന ദൈവിക ചൈതന്യത്തിന്റെ നിറവിൽ നിശ്ശബ്ദതയുടെ ഉപാസകനായി, ഏകാന്തതാപസനായി, പരിത്യാഗിയായി പുതിയൊരു ദേശത്തേയ്ക്ക്... ഇടുക്കി ജില്ലയിലെ മുറിഞ്ഞപുഴയ്ക്കടുത്ത് നല്ലതണ്ണി എന്ന മലമ്പ്രദേശത്ത് തന്റെ ഏകാന്തതാപസ ജീവിതത്തിന്റെ രണ്ടര വർഷക്കാലം പൂർത്തിയാക്കുകയാണ് പാലാ രൂപതാ മുൻ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ. 

ADVERTISEMENT

ആസ്ബസ്‌റ്റോസ് മേഞ്ഞ ഒരു കൊച്ചുവീട്ടിൽ  മഞ്ഞും മഴയും വേനൽക്കാറ്റും കനത്ത ആഘാതമേൽപ്പിക്കുമ്പോഴും ദൈവാനുഭവത്തിന്റെ നിറവിൽ ആ നല്ല ഇടയൻ പ്രാർഥനയിലും ധ്യാനത്തിലും ലയിക്കുന്നു. തന്നെ തേടിയെത്തുന്നവരുടെ ദുഃഖങ്ങൾക്കു കാതോർക്കുന്നു. നോമ്പുകാലവും ഉയിർപ്പുകാലവും ജീവിതനവീകരണത്തിനായി ഉദ്ബോധിപ്പിക്കുമ്പോൾ തന്റെ ലാളിത്യമാർന്ന  ജീവിതവഴികളും ധ്യാനാത്മകചിന്തകളും അദ്ദേഹം പങ്കു വയ്ക്കുകയാണ്. 

സ്ഥാനത്യാഗം ചെയ്ത ബിഷപ് 

ADVERTISEMENT

സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബിഷപ് സ്ഥാനത്യാഗം ചെയ്തു താപസജീവിതത്തിലേക്കു കടക്കുന്നത്. ഏകാന്ത താപസനാകാനുള്ള മാർ ജേക്കബ് മുരിക്കന്റെ തീരുമാനം കത്തോലിക്കാസഭയും പാലാ രൂപതയും ഏറെ വേദനയോടെയാണു ശ്രവിച്ചത്. മെത്രാന്‍ ആയിരുന്നപ്പോഴും ആഡ‍ംബരമോ ആർഭാടമോ ഇല്ലാതെയുള്ള ജീവിതവും കരുണാർദ്രമായ ശൈലിയും കൊണ്ട് അദ്ദേഹം ഏറെ  ശ്രദ്ധേയനായിരുന്നു. 

ലാളിത്യം നിറഞ്ഞ ജീവിതശൈലിയും അധ്വാനശീലവും കുട്ടിക്കാലം  മുതലുണ്ട്. എല്ലാവരേയും സഹായിക്കാനാണ് ഏറെ ഇഷ്ടം. പിന്നീട് സെമിനാരി പഠനകാലത്തും പുരോഹിതനായ ശേഷവും ലളിത ജീവിതരീതികൾ തുടരുകയായിരുന്നു. ഏകാന്തതാപസം എന്ന ദൈവവിളി  ഉണ്ടെന്നറിഞ്ഞപ്പോൾ  പൗരോഹിത്യകാലത്തു തന്നെ അദ്ദേഹം ജീവിത പരിവർത്തനങ്ങളിലേക്കു പ്രവേശിച്ചു. മെത്രാനായിരുന്ന കാലത്തും  ദിവസം രണ്ടുനേരം മാത്രം ആഹാരം.  1996 മുതൽ സസ്യാഹാരശീലമാണ് തുടരുന്നത്.  1996-ലാണ് അമ്മ മരിക്കുന്നത്. ആ വർഷം മത്സ്യവും മാംസവും മുട്ടയും പാലും പൂർണമായി ഉപേക്ഷിച്ചതാണ്. ആ ശീലം ജീവിതത്തിന്റെ ഭാഗമായി. 

ADVERTISEMENT

വഴികാട്ടി ‘മരുഭൂമിയിലെ താപസൻമാർ’ 

2017 ലാണ് ഏകാന്ത താപസത്തിനായുള്ള ഉൾവിളി ആദ്യം അനുഭവപ്പെടുന്നത്. അതേക്കുറിച്ചു കൂടുതൽ അറിയുന്നതിനായി വായനയിലേക്കും പഠനത്തിലേക്കും ധ്യാനത്തിലേക്കും കടന്നു. ഈജിപ്തിലെ മരുഭൂമിയിൽ ജീവിച്ചിരുന്ന സന്യസ്തരായ  ‘മരുഭൂമിയിലെ പിതാക്കന്മാരെ’ക്കുറിച്ചു വായിച്ചു– വി. ആന്റണിയും വി. പക്കോമിയസുമെല്ലാം അതിൽ ഉൾപ്പെടുന്നു. വിദേശരാജ്യങ്ങളിലെ താപസരെക്കുറിച്ചും  വായിച്ചു. ‘ഹെർമിറ്റ്’  അഥവാ ഏകാന്ത താപസത്തിലേക്കു കടക്കാൻ ഇവരുടെ ജീവിത തപശ്ചര്യകളാണു വഴിയൊരുക്കിയത്. 

‘‘താപസ ജീവിതം നയിക്കാൻ ദൈവം ആവശ്യപ്പെടുന്നുവെന്നു മനസ്സിലാക്കിയപ്പോൾ ദൈവം ആവശ്യമായതെല്ലാം നൽകും എന്ന ഉറച്ച ബോധ്യത്തിൽ ആ ജീവിതത്തിലേക്കു കടന്നു’’. നല്ലതണ്ണി വനത്തിൽ മൂന്നു യുവാക്കൾ  താപസജീവിതം നയിക്കുന്നതായി  അറിഞ്ഞ് അവരെ കാണാനാണ് മാർ ജേക്കബ് മുരിക്കൻ ആദ്യമായി നല്ലതണ്ണിയിൽ വരുന്നത്. അതിനു ശേഷം ഏകാന്ത താപസത്തിനായി  ഈ സ്ഥലത്തേക്കു ദൈവം തന്നെ നയിക്കുന്നതായി അദ്ദേഹത്തിനു തോന്നുകയായിരുന്നു. 

‘‘ഒറ്റയ്ക്കാണ് എന്ന് ഇതുവരെ തോന്നിയിട്ടില്ല. കാരണം ദൈവത്തോടൊപ്പമാണ്. ആരുമില്ലെങ്കിലും എല്ലാവരും ഉണ്ട്. അതാണ് താപസ ജീവിതത്തെ ധന്യമാക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്നതിനാണ് ഒരാൾ താപസൻ ആകുന്നത്. താപസൻ ചുരുങ്ങുകയല്ല, വളരുകയാണ്. ഒറ്റയ്ക്കായതുകൊണ്ടു ഭയം തോന്നിയിട്ടില്ല. പുലർച്ചെ ഒരു മണി നേരത്ത് ഞാനിറങ്ങി ഈ മുറ്റത്തിരിക്കാറുണ്ട്– ഭയം അനുഭവപ്പെട്ടിട്ടില്ല’’. 

father-muricken4

ഒരു നേരം ആഹാരം – യാമപ്രാർഥനകൾ  

താപസജീവിതത്തിൽ  ആഹാരം  ഒരു നേരം മാത്രമാണ്.  മിക്കവാറും ഉച്ചയ്ക്കാണ്  ആഹാരം. കഞ്ഞിയും പയറുമാണു സാധാരണ കഴിക്കുന്നത്. അദ്ദേഹം സ്വയം  തയാറാക്കുന്ന ഈ കഞ്ഞിയും പയറും സവിശേഷതയുള്ള രൂചിക്കൂട്ടാണ്. അരിയും ചെറുപയറും കാരറ്റും കിഴങ്ങുമെല്ലാം  ഒരുമിച്ചു ചേർത്തു തയാറാക്കുന്ന രുചിക്കൂട്ടാണിത്. ഒപ്പം ചമ്മന്തിപ്പൊടിയും അച്ചാറും. സന്ദർശകർ ആരെങ്കിലും  കപ്പയോ, ചേനയോ, ചേമ്പോ  നൽകിയാൽ കഞ്ഞിക്കു പകരം അതു പാകപ്പെടുത്തി കഴിക്കും. ആഹാരശേഷം ഒരു പഴം കഴിക്കും. ദാഹിക്കുമ്പോൾ വെള്ളവും കടുംചായയുമാണ്  കുടിക്കുന്നത്. കടുംചായ ദിവസം അഞ്ചാറു ഗ്ലാസ് കുടിക്കും. 

ആഹാരം ഒരു നേരമായി പരിമിതപ്പെടുത്തിയതുകൊണ്ടു ചിലപ്പോൾ ക്ഷീണം തോന്നാറുണ്ടെന്ന് അദ്ദേഹം  പറയുന്നു.  ക്ഷീണം തോന്നുമ്പോൾ ഒരു പഴമോ, ബിസ്കറ്റോ കഴിക്കും.പാലായിൽ മെത്രാനായിരുന്ന കാലത്തു മൂന്നുമണിക്കു മുൻപേ ഉണർന്നിരുന്നു. ഇപ്പോൾ ഒരു മണിക്ക് ഉണരുന്നു. ഒരു മണിക്കൂർ നേരം വ്യക്തിപരമായ ആവശ്യങ്ങൾ. അടുത്ത ഒരു മണിക്കൂർ ആഹാരം പാകം ചെയ്യുന്നതിനാണ്. ശേഷം അഞ്ചു മണിക്കൂർ പ്രാർഥനയ്ക്കും ധ്യാനത്തിനും കുർബാനയ്ക്കും. 

എട്ടു മണിവരെ തടസ്സങ്ങളൊന്നുമില്ലാതെ പ്രാർഥനയിലും ധ്യാനത്തിലും മുഴുകുന്നു. വി. ഗ്രന്ഥം വായിച്ചു ജീവിതവുമായി ചേർത്തു ധ്യാനിക്കും.  രാവിലെ മൂന്നുമണി, ആറുമണി, ഒൻപതു മണി, 12 മണി, മൂന്നുമണി, ആറു മണി, ഒൻപതു മണി... അങ്ങനെ ഏഴു യാമങ്ങളിലും പ്രാർഥിക്കും. ഉറക്കം ഒമ്പതരയോടെയാണ്. 

അഹത്തെ മറികടന്നു  പോകണം 

‘‘താപസ ജീവിതം നൽകുന്നത് ആന്തരികാനന്ദമാണ്.പുറംലോകവുമായുള്ള വാതിലുകൾ അടയുമ്പോഴും ആന്തരികമായ ആനന്ദം കെട്ടു പോകുന്നില്ല’’ – മാർ ജേക്കബ് മുരിക്കൻ പറയുന്നു.  ശരീരത്തിന്റെ പ്രലോഭനങ്ങളെയും  ഇന്ദ്രിയാഭിലാഷങ്ങളെയും  നിയന്ത്രിക്കാൻ സാധിക്കണമെന്ന് അദ്ദേഹം ഒാർമിപ്പിക്കുന്നു. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു സമൂഹത്തിന്റെയും നമ്മുടെയും പ്രപഞ്ചത്തിന്റെയും നന്മയ്ക്കായി അതിനെ പാകപ്പെടുത്തിയെടുക്കണം. അഹം എന്ന ഭാവത്തെ  പിന്നിലേക്കു മാറ്റി ദൈവം മുൻപിലേക്കു വരണം. നാം ചുരുങ്ങണം, ദൈവം വളരണം – നോമ്പ് , ഉപവാസം, പ്രാർഥന എന്നിങ്ങനെയുള്ള ആത്മീയ തപശ്ചര്യകളിലൂടെ ഉദ്ദേശിക്കുന്നത് അതാണ്. 

നാമറിയാതെ അഹം വളർന്നുകൊണ്ടിരിക്കും. സ്വയം പരിശോധിക്കുക, നവീകരിക്കുക, വിശുദ്ധീകരിക്കുക. സ്വയം എളിമപ്പെടുത്താനുള്ള അവസരമായാണ്  മാർ ജേക്കബ് മുരിക്കൻ നോമ്പുകാലത്തെ കാണുന്നത്.‘‘ നോമ്പുകാലത്തെ,  ഉപവാസം കൊണ്ടും ദാനധർമം കൊണ്ടും നീതിയുടെ പ്രവർത്തനം കൊണ്ടും പ്രാർഥന കൊണ്ടും കൂടുതൽ അലംകൃതമാക്കുക. ഭക്ഷണനിയന്ത്രണം ആത്യന്തികമായി ദൈവവുമായി കൂടുതൽ ഐക്യപ്പെടാനാണ്. നാം  കഴിക്കാതിരിക്കുമ്പോൾ, മറ്റൊരാളുടെ വിശപ്പകറ്റാൻ കഴിയുമ്പോഴാണ് നോമ്പിന്റെ പ്രസക്തി. ഏത് അവസ്ഥയിലും ദൈവം നൽകുന്ന കൃപയിലൂടെ നീങ്ങുമ്പോൾ ജീവിതം വിജയകരമായി മാറും. ദൈവം തരുന്നതൊക്കെ നല്ലതാണ് എന്ന അനുഭവത്തിലേക്കു നാം വരുകയാണ് ...’

’പ്രകൃതിയെ അറിഞ്ഞ് യാത്രയും ജീവിതവും 

പ്രകൃതിയോടു  വലിയ ഇഷ്ടമുള്ളതിനാൽ  മലമ്പ്രദേശങ്ങളിലും കാടുകളിലുമൊക്കെ അദ്ദേഹം നടക്കാനിറങ്ങും. നടപ്പ് വ്യായാമത്തേക്കാളുപരി  പ്രകൃതിയെ അടുത്തറിയാനുള്ള മാർഗമാണ്. ‘‘ പ്രകൃതിയെ അറിയുക എന്നത് ദൈവത്തെ അറിയുന്നതിനു തുല്യമാണ്. ഈ യാത്രകളിൽ അപൂർവ സ്പീഷിസുകളിൽ പെട്ട ചെടികളെ കാണാം. മരങ്ങളെയും ജീവജാലങ്ങളേയും ശലഭങ്ങളെയും  കാണാം. പ്രകൃതിയെ അറിയുമ്പോൾ ദൈവത്തെയും അറിയാനാകും. മനുഷ്യരെ കാണാനും പരിചയപ്പെടാനുമുള്ള അവസരവുമാണിത്. യേശുനാമം ചൊല്ലിയാണു നടക്കുന്നത്.’’  നടപ്പ് വ്യായാമത്തിനൊപ്പം ആത്മീയ ആചാരവുമാകുന്നു. 7- 8 കിലോ മീറ്റര്‍ നടക്കാറുണ്ട്. ബൈബിളും ആത്മീയ പുസ്തകങ്ങളും മാത്രമേ വായിക്കാറുള്ളൂ. താപസിയായാൽ സ്വന്തം വീട്ടിലേക്കു പോകാനും പാടില്ല. 

വൃക്കദാനത്തിനു ശേഷം 

മെത്രാനായിരുന്നപ്പോഴാണ്  2016 ൽ മലപ്പുറം സ്വദേശിയായ സൂരജ് എന്ന യുവാവിന് മാർ ജേക്കബ് മുരിക്കൻ തന്റെ  വൃക്ക ദാനം ചെയ്തത്.   ‘‘ വൃക്കദാനത്തിനുശേഷം ആരോഗ്യ സംരക്ഷണത്തിലൊക്കെ ഞാൻ പുറകിലാണ്. ഇടയ്ക്കു   ചെക്കപ്പ് ചെയ്യണം എന്നൊക്കെ ഡോക്ടർമാർ  പറഞ്ഞിരുന്നെങ്കിലും ഞാൻ   ചെയ്തിരുന്നില്ല എന്നതാണ് സത്യം. ഈ അടുത്ത്  ഒരു പനി വന്നു. ഹോസ്പിറ്റലിൽ അഡ്മിറ്റായി. അന്ന് രക്ത പരിശോധനയിൽ ക്രിയാറ്റിനിൻ അൽപം  കൂടുതലായി കണ്ടു’’– അദ്ദേഹം പറയുന്നു. 

father-muricken2

തണുപ്പും കാറ്റും ഉലയ്ക്കാതെ  

നല്ലതണ്ണിയിലെ കാലാവസ്ഥ രൂക്ഷമാണ്. കടുത്ത തണുപ്പും  വേനലിൽ കനത്ത കാറ്റും ചൂടും. കാലാവസ്ഥ പ്രതികൂലമായതിനാൽ സമീപ പ്രദേശങ്ങളിലുള്ളവർ പലരും ഇവിടം വിട്ടു പോകാനൊരുങ്ങുകയാണെന്ന്  അദ്ദേഹം പറയുന്നു. ചിലപ്പോൾ കാറ്റുകൊണ്ട് ഇരിക്കാനാകാത്ത സ്ഥിതിയാണത്രേ.  വേനലിൽ  ഉച്ചയ്ക്ക് 12 മണി മുതൽ നാലു മണി വരെ ആസ്ബസ്‌റ്റോസിന്റെ ചൂടു കാരണം വീട്ടിലിരിക്കാൻ പ്രയാസമാണ്. രാത്രി ചൂടു കുറഞ്ഞ് തണുപ്പാകും. ഫാനും മറ്റു സൗകര്യങ്ങളും താപസജീവിതത്തിലില്ല.  അഞ്ചു സെന്റ് സ്ഥലം അടുത്തുള്ള ആശ്രമത്തിനോടു പാട്ടത്തിനു വാങ്ങി വീടു നിർമിച്ചാണ് മാർ ജേക്കബ് മുരിക്കൻ  താമസിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്നു താൻ സുരക്ഷിതനാണെന്ന് അദ്ദേഹം പറയുന്നു. പച്ചക്കറികൾ കൃഷി  ചെയ്യുന്നുണ്ട്, പൂച്ചെടികളും നട്ടു പരിപാലിക്കുന്നു. പക്ഷികൾ  ഈ മുറ്റത്തു വരുന്നുണ്ട്. അവർക്കായും  ആഹാരമൊരുക്കുന്നു.  

‘‘വരാനിരിക്കുന്ന ലോകത്തിന്റെ നിഗൂഢതയാണ് മൗനം. സംസാരമാകട്ടെ ഈ ലോകത്തിന്റെ ഉപകരണവും... ഉത്സാഹത്തോടെ അന്വേഷിക്കുന്നവർ പലരുമുണ്ട്. പക്ഷേ നിതാന്ത നിശ്ശബ്ദതയിൽ നിലനിൽക്കുന്നവർ മാത്രമാണു കണ്ടെത്തുന്നവർ ’’  – നിനവേയിലെ വിശുദ്ധ െഎസക്കിന്റെ ഈ  വചനങ്ങൾ വീടിന്റെ  ഭിത്തിയിൽ കുറിച്ചിട്ടുണ്ട്. ശരിയാണ് ആ നിതാന്തനിശ്ശബ്ദതയിൽ  വിടരുന്നത് ആത്മപുഷ്പങ്ങളാണ്...  

ADVERTISEMENT