ADVERTISEMENT

െഎ ബി എസ് അഥവാ ഇറിറ്റബിൾ ബവൽ സിൻഡ്രം എന്നു കേൾക്കാത്തവർ ഇന്നു വളരെ ചുരുക്കമായിരിക്കും. വയറിളക്കം, മലബന്ധം, ഗ്യാസ് , വയറുപെരുക്കം , ഛർദി, വയറുവേദന, ദിവസവും രണ്ടിലേറെ തവണ ടോയ്‌ലറ്റിൽ പോകുക ഇവയാണ് ഈ രോഗാവസ്ഥയുടെ
പ്രധാന ലക്ഷണങ്ങൾ.

ദഹനപ്രക്രിയയിലെ പാളിച്ചകൾ, തലച്ചോറിൽ നിന്നുള്ള സിഗ്നലിന്റെ പ്രശ്നങ്ങൾ, ദഹനം ബുദ്ധിമുട്ടിലാക്കുന്ന ആഹാരങ്ങൾ കഴിക്കുന്നത്, കുടലിന്റെ സഞ്ചാരപഥത്തിലെ പാളിച്ചകൾ എന്നിവ കാരണം ആഹാരം ആഗിരണം ചെയ്യപ്പെടാതെ വരുന്നു. െഎബിഎസ് രോഗികളിൽ ദഹനപ്രക്രിയകളിലെ പാളിച്ചകൾക്കു കാരണം പ്രധാനമായും ആഹാരരീതിയിലെ വ്യത്യാസം, അമിത ഉത്കണ്ഠ, വ്യായാമമില്ലായ്മ, നിയന്ത്രിതമല്ലാത്ത പ്രമേഹം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയാണ്.

ADVERTISEMENT

ഇന്ന് ഹോട്ടലിൽ നിന്നുള്ള ആഹാരം , എണ്ണയും കൊഴുപ്പും കൂടുതലടങ്ങിയ
ആഹാരം, പഴകിയ മാംസാഹാരം ഇവ അധികം കഴിക്കുന്നതു കാരണം

ശരീരത്തിനു ഹാനികരമായ ബാക്ടീരിയകളുടെ പ്രവർത്തനം

ADVERTISEMENT

വൻകുടലിലും ചെറുകുടലിലും കൂടുതലാകുന്നു. അങ്ങനെ ഗ്യാസ് കൂടുതൽ ഉൽപാദിപ്പിക്കപ്പെട്ട് ആഹാരം ദഹിക്കാൻ ബുദ്ധിമുട്ടാകുന്നു. പാരമ്പര്യമായി െഎബിഎസ് ഉള്ള കുടുംബത്തിൽ രോഗസാധ്യത കൂടുതലാണ്. കുട്ടികളിലും െഎ ബി എസ് കൂടുതലായി കാണുന്നു.

െഎബി എസ് മൂന്നു തരത്തിലുണ്ട്. െഎബിഎസ് ഡി, െഎബിഎസ് സി , മിക്സഡ് എന്നിവയാണവ. െഎബിഎസ് ഡി വിഭാഗത്തിലുള്ള രോഗിക്കു വയറിളക്കമാണു പ്രധാനലക്ഷണം. െഎബിഎസ് സിയിൽ മലബന്ധം. മിക്സഡ് വിഭാഗത്തിൽ ചില ദിവസങ്ങളിൽ വയറിളക്കം അനുഭവപ്പെടാം. ചില ദിവസങ്ങളിൽ മലബന്ധവും വരാം.

ADVERTISEMENT

പരിശോധനയും ചികിത്സയും

അപകടകരമായ ലക്ഷണങ്ങൾ ഇല്ലെങ്കിലും, രോഗലക്ഷണങ്ങൾ മാറുന്നില്ല എങ്കിൽ ഡോക്ടറെ കാണണം. ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം രക്തപരിശോധനയും മല പരിശോധനയും കൊളനോസ്കോപിയും ചെയ്യേണ്ടതാണ്. രോഗി മലത്തിൽ രക്തത്തിന്റെ അംശം ഇല്ലെന്ന് ഉറപ്പു വരുത്തണം. ഹീമോഗ്ലോബിൻ രക്തപരിശോധന, അൾട്രാസൗണ്ട് സ്കാനിങ് , കൊളനോസ്കോപി ഇവ ചെയ്ത് െഎബിഎസ് ആണോ എന്ന് ഉറപ്പിക്കാം. െഎബിഎസ് ഉള്ള വ്യക്തിക്കു രോഗലക്ഷണങ്ങൾ ആറുമാസത്തിൽ കൂടുതലായി കാണാം.

കുടലിലെ ഹാനികരമായ ബാക്ടീരിയകളുടെ സാന്നിധ്യം കുറയ്ക്കുന്നതിന് ആന്റിബയോട്ടിക്കുകൾ വേണ്ടി വരാം. കുടലിൽ മാത്രമായി പ്രവർത്തിക്കുന്ന തരം ആന്റി ബയോട്ടിക്കുകളാണിവ. കുടലിന് ആവശ്യമായ ബാക്ടീരിയകൾ പ്രോബയോട്ടിക് രൂപത്തിലും നൽകാറുണ്ട്. മലബന്ധത്തിനു മലം അയഞ്ഞു പോകുന്നതിനുള്ള മരുന്നുകൾ നൽകുന്നു. വയറിളക്കം കൂടുതലാണെങ്കിൽ മോഷൻ നിർത്താനുള്ള മരുന്നുകളും ഒന്നു രണ്ടു ദിവസം നൽകേണ്ടി വരും. രോഗി സുഖപ്പെടുകയാണെങ്കിൽ ഫോളോ അപ്പിനു വരേണ്ട കാര്യമില്ല. കുറേനാൾ കഴിഞ്ഞു രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ വീണ്ടും ഡോക്ടറെ കാണേണ്ടതാണ്.

െഎബിഎസ് – ആഹാരം പ്രധാനമാണ്

ഇറിറ്റബിൾ ബവൽ സിൻഡ്രം എന്ന രോഗാവസ്ഥയെ സംബന്ധിച്ചിടത്തോളം ആഹാരം വളരെ പ്രധാനമാണ്. ലോ ഫോഡ് മാപ് ഡയറ്റ് എന്ന സവിശേഷ ഡയറ്റ് ആണ് െഎബിഎസ് രോഗാവസ്ഥയിൽ നിർദേശിക്കുന്നത്. ഫോഡ് മാപ് എന്നാൽ ഫെർമെന്റബിൾ ഒലിഗോ സാക്കറൈഡ്ഡ്സ്,‍ൈഡസാക്കറൈഡ്സ്, മോണോസാക്കറൈഡ്സ് ആൻഡ് പോളിയോൾസ് എന്നാണ് അർഥമാക്കുന്നത്. ഇതിന്റെ ഭാഗമായി ഗോതമ്പ്, മൈദ, കോളിഫ്ലവർ, പയർ, വെളുത്തുള്ളി, സവാള, ഏത്തപ്പഴം, കാബേജ് അങ്ങനെ കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങളെല്ലാം പരമാവധി കുറയ്ക്കേണ്ടതാണ്. ഇതെല്ലാം ഹൈ ഫോഡ് മാപ് വിഭാഗത്തിലുള്ള ആഹാരം ആണ്. അതേസമയം ലോ ഫോഡ് മാപ് ഫൂഡ് വിഭാഗത്തിലുള്ള അരി, ഒാട്സ്, മുട്ട, കാരറ്റ് ‍ഇവ കൂടുതലായി ഉപയോഗിക്കാം. പാലിന്റെ ഉപയോഗവും കുറയ്ക്കണം. പാലു പുളിച്ചു  തൈരാകുമ്പോൾ ലാക്‌റ്റോബാസില്ലസിന്റെ സാന്നിധ്യം തൈരിലുണ്ട്. ഉച്ചയ്ക്കു വെള്ളരിക്കയും തൈരും ചേർത്ത സാലഡ് കഴിക്കുന്നതു നല്ലതാണ്. ലാക്‌റ്റോബാസില്ലസ് ശരീരത്തിന് ആവശ്യമായ പ്രോബയോട്ടിക് ആണ്. അത് െഎബിഎസിന്റെ കാഠിന്യം കുറയ്ക്കും.

മലബന്ധം ഉള്ളവർ മൈദ, ഗോതമ്പ് എന്നിവ കുറയ്ക്കുക. ഹൈ ഫോഡ് മാപ് ഫൂഡ് ഏതൊക്കെയെന്നു മനസ്സിലാക്കി ഒരു ഡയറിയിൽ എഴുതി സൂക്ഷിക്കുന്നതു നല്ലതാണ്. പ്രത്യേകിച്ച് ഗ്യാസ് കൂടുതലായി ഉള്ളവർ. ഇങ്ങനെ ഡയറി സൂക്ഷിക്കുമ്പോൾ തനിക്കെന്തോ ഗുരുതരമായ പ്രശ്നം ഉണ്ട് എന്ന ചിന്ത ചിലരിലെങ്കിലും ഉണ്ടാകാം. അങ്ങനെ ഉള്ളവർക്ക് അത് ഒഴിവാക്കാം. െഎബിഎസിനെ ഗുരുതരമായ ഒരു രോഗമായി കാണേണ്ടതില്ല. െഎബിഎസ് ഉള്ള രോഗി തന്റേത് ഒരു സാധാരണ അവസ്ഥയായി കണ്ടാൽ മതി.

വിവരങ്ങൾക്കു കടപ്പാട്

ഡോ. രാമു എം. പിള്ള

അസി. പ്രഫസർ,
മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം
ഗവ. മെഡിക്കൽ കോളജ്. കോട്ടയം

ADVERTISEMENT