ADVERTISEMENT

മഴക്കാലമാണ്. പനിയും ചുമയും ജലദോഷവുമെല്ലാം നമ്മുടെ കൂടെയുണ്ട്. ശരീരം കൂടുതൽ പ്രതിരോധ ശക്തി ആർജ്ജിക്കേണ്ട ഈ കാലത്ത് ഒരു സൂപ്പർ ഫൂഡ് കഴിക്കുന്നതു വളരെ നല്ലതാണ്. അങ്ങനെയൊരു സൂപ്പർ ഫൂഡ് ഏതാണ്?  അതാണ് സൂപ്പ്.

മാംസം ചേർത്തും പച്ചക്കറികൾ ചേർത്തും സൂപ്പ് തയാറാക്കാം. അതിൽ തന്നെ വെജിറ്റബിൾ സൂപ്പിന് സവിശേഷമായ പ്രാധാന്യം ഉണ്ട്.
ഒരു വെജിറ്റബിൾ സൂപ്പ് കഴിച്ചാൽ എന്തു മാറ്റം വരാനാണ് എന്നൊക്കെ ചിന്തിക്കുന്നവരുണ്ടാകും. എന്നാൽ കേട്ടോളൂ. പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിൽ അസാധാരണമായ മികവ് വെജിറ്റബിൾ സൂപ്പിനുണ്ട്. ഈ സൂപ്പിലെ ഒട്ടു മിക്ക ചേരുവകളും ശരീരത്തിന്റെ രോഗപ്രതിരോധ ശക്തിയെ ബലപ്പെടുത്താനും രോഗങ്ങളെ അകറ്റി നിർത്താനും സഹായകമാണ്. ഇവയിൽ വൈറ്റമിനുകളും ധാതുക്കളും സമൃദ്ധമായുണ്ട്. വെജിറ്റബിൾ സൂപ്പിൽ ആകെ ഒരു കുറവായി പറയാനാകുന്നത് പ്രോട്ടീനിന്റെ അഭാവമാണ്.

ADVERTISEMENT

സിംഗിൾ വെജിറ്റബിൾ സൂപ്പും മിക്സഡ് സെജിറ്റബിൾ സൂപ്പും

വെജിറ്റബിൾ സൂപ്പ് രണ്ടു തരത്തിലുണ്ട്. സിംഗിൾ വെജിറ്റബിൾ സൂപ്പും മിക്സഡ് വെജിറ്റബിൾ സൂപ്പും. ഒരു വെജിറ്റബിൾ കൊണ്ടു മാത്രം തയാറാക്കുന്നതാണു സിംഗിൾ വെജിറ്റബിൾ സൂപ്പ്. സിംഗിൾ വെജിറ്റബിൾ സൂപ്പ് തയാറാക്കുന്നതിനായി പച്ചക്കറി പുഴുങ്ങി തൊലി നീക്കി മിക്സിയിലടിച്ചു പ്യൂരിയാക്കുന്നു. പ്യൂരി അരിച്ച് പാത്രത്തിലൊഴിച്ച് അടുപ്പിൽ വച്ചു തിളയ്ക്കുമ്പോൾ സുഗന്ധ വ്യഞ്ജനങ്ങൾ ചേർക്കുന്നു. മത്തങ്ങ, കാരറ്റ്, തക്കാളി ഇവ കൊണ്ടൊക്കെ ഇങ്ങനെ സൂപ്പ് തയാറാക്കാം. അതിൽ പാലിന്റെ ക്രീമോ, പാലോ ചേർക്കാം.

ADVERTISEMENT

മിക്സഡ് വെജിറ്റബിൾ സൂപ്പിൽ പച്ചക്കറികൾ വേവിച്ചുടയ്ക്കുന്നില്ല. പച്ചക്കറികൾ കഷണങ്ങളായി മുറിച്ചിട്ട് അതു വേവുന്ന സ്‌റ്റോക്കോടു കൂടി ഉപയോഗിക്കുന്നു. പിന്നീട് ഒരു വൈറ്റ് സോസ് തയാറാക്കി സൂപ്പിനു കട്ടി കിട്ടുന്നതിനു വേണ്ടി ചേർക്കുന്നു. വൈറ്റ് സോസിനു വേണ്ടി സാധാരണ ഉപയോഗിക്കുന്നത് മൈദയും കോൺഫ്ലോറുമൊക്കെയാണ്.

സൂപ്പ് പോഷകസമൃദ്ധമാക്കാൻ ടിപ്സ്

ADVERTISEMENT

വെജിറ്റബിൾ സൂപ്പ് തയാറാക്കുമ്പോൾ കൂടുതൽ പോഷകസമൃദ്ധമാക്കാനുള്ള ടിപ്സ് അറിയാം

1. വെജിറ്റബിൾ സൂപ്പ് തയാറാക്കുമ്പോൾ പ്രോട്ടീന്റെ കുറവു നികത്താനായി അതിൽ വേവിച്ച പരിപ്പ് , അല്ലെങ്കിൽ പനീർ, സോയാപാൽ , സോയാ പനീർ ആയ ടോഫു, സോയാ ചങ്ക്സ് എന്നിവ ചേർക്കാം

2. സിംഗിൾ വെജിറ്റബിൾ സൂപ്പുണ്ടാക്കുമ്പോൾ പച്ചക്കറി വേവിച്ചു മിക്സിയിലടിച്ച് പ്യൂരിയുടെ രൂപത്തിലാക്കി അരിച്ചെടുക്കുകയാണു ചെയ്യുന്നത്. അരിപ്പയുടെ സുഷിരത്തിന്റെ വലുപ്പമനുസരിച്ചു സൂപ്പ് നേർത്തതോ കട്ടിയുള്ളതോ ആകുന്നു. എന്നാല്‌ സൂപ്പ് തീരെ നേർപ്പിക്കാതിരിക്കുന്നതാണു നല്ലത്. നേർപ്പിക്കുമ്പോൾ  അതിലെ നാരുകൾ നഷ്ടമാകും. സൂപ്പ് തയാറാക്കുമ്പോൾ കുറച്ചു കൂടി വലിപ്പമുള്ള സുഷിരങ്ങളുള്ള അരിപ്പ ഉപയോഗിച്ച് തയാറാക്കിയാൽ കൂടുതൽ നാരുകൾ നില നിർത്താനാകും.

3. സൂപ്പുകളിൽ കഴിയുന്നതും കൃത്രിമ ചേരുവകൾ ഉപയോഗിക്കരുത്. മുഴു സുഗന്ധവ്യഞ്ജനങ്ങൾ തന്നെ ഉപയോഗിക്കണം. പലപ്പോഴും ഇതിനു പകരമായി സുഗന്ധ വ്യഞ്ജന പൊടികൾ ആണുപയോഗിക്കുന്നത്. മുഴു സുഗന്ധവ്യഞ്ജനങ്ങൾ ഒരു കിഴിയായി കെട്ടി സൂപ്പ് പാകം ചെയ്യുന്ന സമയത്ത് , അതായത് തിളപ്പിക്കുന്ന സമയത്ത് ഇടുകയാണെങ്കിൽ അതേ സുഗന്ധവും രുചിയും ലഭ്യമാകും.

4. പായ്ക്കറ്റിൽ ലഭിക്കുന്ന സൂപ്പ് ചേരുവകൾ കഴിയുന്നതും ഒഴിവാക്കാം. കാരണം അതിൽ ധാരാളം പ്രിസർവേറ്റീവുകളുണ്ടാകാം. കഴിയുന്നതും വീട്ടിൽ തന്നെ സൂപ്പ് തയാറാക്കാൻ ശ്രദ്ധിക്കുക.

5. വീട്ടിൽ മിക്സഡ് സൂപ്പ് പാകം ചെയ്യുമ്പോൾ കട്ടി കൂട്ടുന്നതിനായി മൈദ. കോൺഫ്ളവർ എന്നിവയാണു മിക്കവരും ചേർക്കുന്നത്. അതിനു പകരം ഉരുളക്കിഴങ്ങ് വേവിച്ചുടച്ച് പേസ്‌റ്റാക്കിയതോ, വെള്ളക്കടല വേവിച്ചുടച്ച് പേസ്‌റ്റാക്കിയതോ, ഗോതമ്പു പൊടിയോ ചേർക്കാം. അങ്ങനെ കൂടുതൽ പോഷകങ്ങൾ ലഭിക്കും.

6. സൂപ്പ് വളരെ നേരം അടുപ്പത്തു വച്ചു തിളപ്പിക്കരുത്. അങ്ങനെ ചെയ്യുമ്പോൾ അതിലുള്ള ജലത്തിൽ ലയിക്കുന്ന ചില വൈറ്റമിനുകൾ ( വൈറ്റമിൻ
സി , ബി കോംപ്ലക്സ് വൈറ്റമിനുകൾ) നഷ്ടമാകാം. അതിനാൽ കുറഞ്ഞ സമയം കൊണ്ടു പാകം ചെയ്യുക.

7. സൂപ്പ്  വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതിനു പകരം സൂപ്പ് കഴിക്കാൻ തോന്നുന്ന സമയത്തു ചൂടോടെ തയാറാക്കുന്നതാണ് ആരോഗ്യകരം. വീണ്ടും ചൂടാക്കുമ്പോഴും വൈറ്റമിൻ നഷ്ടം വരാം.

8. സൂപ്പ് തയാറാക്കുമ്പോൾ ഉപയോഗിക്കുന്ന കൊഴുപ്പിന്റെ അംശവും പ്രധാനമാണ്. എണ്ണ, വെണ്ണ, ക്രീം എന്നിങ്ങനെ ഏതു തരം കൊഴുപ്പ് ആയാലും അതിന്റെ അളവ് മിതമായിരിക്കണം.

9.  സാധാരണയായി സൂപ്പുകളിൽ വഴറ്റി ചേർക്കുന്ന രീതി ഇല്ല. വെളുത്തുള്ളിയും ഇഞ്ചിയുമൊക്കെ ചതച്ചിടാറേ ഉള്ളൂ. ഇന്ത്യൻ പാചകവിധികളിലാണു സൂപ്പിൽ വഴറ്റി ചേർക്കുന്ന രീതി വന്നു തുടങ്ങിയത്.

10.  വീട്ടിൽ തന്നെ വളർത്തിയെടുക്കുന്ന പച്ചക്കറികൾ ഉപയോഗിച്ചു സൂപ്പ് തയാറാക്കിയാൽ അതു കൂടുതൽ സുരക്ഷിതമായിരിക്കും. വീട്ടിൽ വളർത്തുന്ന മൈക്രോഗ്രീൻസും ഉപയോഗിക്കാം. ചെലവും കുറയ്ക്കാം.

നോൺ വെജ് സൂപ്പിലും പച്ചക്കറി ചേർക്കാം

പച്ചക്കറി സൂപ്പു പോലെ തന്നെ നോൺ വെജിറ്റേറിയൻ സൂപ്പുകളും മികച്ചതാണ്. നോൺ വെജ് സൂപ്പുകളിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ സാധാരണയായി എല്ലാവരും നോൺവെജ് സൂപ്പുകളിൽ പച്ചക്കറികൾ വളരെ കുറച്ചേ േചർക്കാറുള്ളൂ. അതിനാൽ ഇവയിൽ നാരുകൾ, വൈറ്റമിൻ സി, ബീറ്റാ കരോട്ടിൻ ഇവയൊക്കെ കുറഞ്ഞ അളവിലേ ഉണ്ടാകൂ. നോൺവെജ് സൂപ്പുകൾ തയാറാക്കുന്നവർ , അതിൽ ധാരാളം പച്ചക്കറികൾ കൂടി അരിഞ്ഞു ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പച്ചക്കറികൾ സമൃദ്ധമായി ചേർക്കുന്ന നോൺ വെജിറ്റേറിയൻ സൂപ്പുകളിൽ ആന്റി ഒാക്സിഡന്റുകളും ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങളും ധാരാളമുണ്ടാകും.

വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു സൂപ്പ് റെസിപ്പി ഇതാ

കാരറ്റ് സൂപ്പ്

ചേരുവകൾ

കാരറ്റ് – 2 എണ്ണം (വലുത്)

ഉരുളക്കിഴങ്ങ്– ഒരെണ്ണം

സെലറി– ഒരു തണ്ട്

പാൽ– കാൽ കപ്പ്

സവാള– ഒരെണ്ണം

വെളുത്തുള്ളി– മൂന്ന് അല്ലി കൊത്തിയരിഞ്ഞത്

കുരുമുളകു പൊടി– അര ടീസ്പൂൺ

ഉപ്പ്– പാകത്തിന്

എണ്ണ – ഒരു ടീസ്പൂൺ

മല്ലിയില– 1–2 എണ്ണം , അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

കാരറ്റും ഉരുളക്കിഴങ്ങും തൊലി നീക്കം ചെയ്തു ചെറിയ കഷണങ്ങളാക്കി വേവിക്കുക. അടി കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ചു ചൂടാക്കുക. ചൂടാകുമ്പോൾ വെളുത്തുള്ളി, ഇഞ്ചി, സവാള, സെലറി എന്നിവ ഒരു മിനിട്ട് ചെറിയ തീയിൽ വഴറ്റുക. വഴറ്റുമ്പോൾ ബ്രൗൺ നിറം ആകാതിരിക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ വഴറ്റിയ കൂട്ടും വേവിച്ചെടുത്ത കാരറ്റും ഉരുളക്കിഴങ്ങും മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം വഴറ്റാനുപയോഗിച്ച പാത്രത്തിൽ തന്നെ ചെറു തീയിൽ തിളപ്പിക്കുക. ഇതിലേക്കു പാൽ സാവധാനം ചേർത്തു യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർക്കുക. സൂപ്പ് അടുപ്പിൽ നിന്നു വാങ്ങി മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പുക.

ഈ മഴക്കാലത്ത് വറുത്തതും പൊരിച്ചതും മധുരവും കഴിക്കാൻ തോന്നുമ്പോൾ സൂപ്പിന്റെ രുചി തിരയാം. രണ്ടു പ്രധാന ആഹാരനേരങ്ങൾക്കിടയിൽ സൂപ്പ് കഴിക്കുന്നതാണ് അഭികാമ്യം. ദിവസം രണ്ടു നേരം വേണമെങ്കിലും കഴിക്കാം. രുചിയും ഗുണവും നിറയെയുള്ള ഈ ആരോഗ്യ പാനീയം ഒരു നേരമെങ്കിലും ജീവിതത്തിന്റെ ഭാഗമാക്കാൻ ശ്രദ്ധിക്കുമല്ലോ.

വിവരങ്ങൾക്കു കടപ്പാട്

സിന്ധു എസ്,
കൺസൽറ്റന്റ ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റ് , കൊച്ചി

ADVERTISEMENT