ADVERTISEMENT

ശിരസ്സിന്റെ അർധഭാഗത്ത്‌ ഉണ്ടാകുന്ന ശക്തിയായ വേദനയാണു മൈഗ്രെയ്ൻ അഥവാ ചെന്നിക്കുത്ത്. സാധാരണയായി പത്തിൽ ഒരാൾക്ക് എന്ന രീതിയിൽ മൈഗ്രെയ്ൻ കാണപ്പെടുന്നു. അതിൽ തന്നെ സ്ത്രീകളിലാണു കൂടുതലായും കാണപ്പെടുന്നത്. ശാരീരികമായോ മാനസികമായോ ഉണ്ടാകുന്ന സമ്മർദം രക്തക്കുഴലുകളിൽ ഉണ്ടാക്കുന്ന വ്യതിയാനമാണു
മൈഗ്രെയ്നിനു കാരണമാകുന്നത്.

ശാരീരിക മാനസിക സമ്മർദമാണു മൈഗ്രെയ്നിനു കാരണമാകുന്നതെങ്കിലും, താഴെ പറയുന്ന ഘടകങ്ങളാണു സമ്മർദത്തെ ഉത്തേജിപ്പിക്കുന്നത്.

ADVERTISEMENT

1. ഉറക്കത്തിലുള്ള വ്യതിയാനം
(ഉറക്കക്കൂടുതൽ, ഉറക്കക്കുറവ്)

2. സമയത്തു ഭക്ഷണം
കഴിക്കാതിരിക്കൽ

ADVERTISEMENT

3. വെയിൽ കൊള്ളുക

4. പ്രത്യേക ഗന്ധങ്ങൾ, രസങ്ങൾ

ADVERTISEMENT

5. ഹോർമോൺ വ്യതിയാനങ്ങൾ

6. മാനസിക സംഘർഷം

7. ചോക്‌ലറ്റ്, കോഫി മുതലായ ഭക്ഷണപദാർഥങ്ങൾ

വേദനയും സൂചനകളും

പ്രധാനമായും ഓറ ലക്ഷണങ്ങൾ അനുബന്ധമായി വരുന്നതിനെ ക്ലാസ്സിക്‌ മൈഗ്രെയ്ൻ എന്നും ഓറ വരാത്തതിനെ കോമൺ മൈഗ്രെയ്ൻ എന്നും പറയുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായും മൈഗ്രെയ്ൻ പ്രകടമാകാറുണ്ട്. സ്ത്രീകളിൽ ആർത്തവത്തോടനുബന്ധിച്ചു വരുന്ന മൈഗ്രെയ്ൻ, ശക്തിയായ തലവേദനയോടു കൂടി ഒരു വശം തളർന്നു പോകുന്ന ഹെമിപ്ലീജിക് മൈഗ്രെയ്ൻ, തലവേദനയോടൊപ്പം സംസാരിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അഫാസിക് മൈഗ്രെയ്ൻ, കണ്ണിനു വേദനയോടും ചുവപ്പോടും കൂടെ വരുന്ന ഒഫ്താൽമിക് മൈഗ്രെയ്ൻ, ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന വയറുവേദനയോടു കൂടിയ മൈഗ്രെയ്ൻ ഇവ ഉദാഹരണം.

ആയുർവേദം പറയുന്നത്

ആയുർവേദ ഗ്രന്ഥങ്ങളിൽ ശിരോരോഗങ്ങളും ചികിത്സയും വിശദമായി വിവരിച്ചിട്ടുണ്ട്. അവയിൽ അർധാവഭേദകം എന്ന ശിരോരോഗം മൈഗ്രെയ്ൻ ലക്ഷണങ്ങളോടു സാമ്യമുള്ളതായി കാണുന്നു. അർധാവഭേദകം ശിരസ്സിന്റെ അർധഭാഗത്തെ ബാധിക്കുന്നതും വാതിക ശിരോരോഗത്തിൽ പറയുന്ന അതിശക്‌തമായ വേദനയോടു കൂടിയതുമായ ശിരോരോഗമാണ്.

രോഗകാരണങ്ങളെ ഒഴിവാക്കുകയാണ് ആയുർവേദത്തിലെ പ്രഥമ ചികിത്സ. നാം കഴിക്കുന്ന ആഹാരവും ശാരീരിക മാനസിക പ്രവർത്തനങ്ങളും ഉചിതമല്ലെങ്കിൽ അവ വാത പിത്ത കഫങ്ങളാകുന്ന ദോഷങ്ങളെ ദുഷിപ്പിക്കുകയും രോഗകാരണമായിത്തീരുകയും ചെയ്യും. കൂടുതൽ എരിവ്, പുളി എന്നിവയുള്ള ആഹാരങ്ങൾ, സമയത്ത് ആഹാരം കഴിക്കാതിരിക്കൽ, അമിത ചിന്ത, രാത്രി ഉറക്കമിളക്കൽ, മലമൂത്രാദികളാകുന്ന വേഗങ്ങളെ തടുക്കൽ എന്നിവയെല്ലാം മൈഗ്രെയ്നിനു കാരണമാകാം.

കൃത്യമായ രോഗനിർണയം നടത്തി ദോഷ വിശകലനം ചെയ്തു രോഗിയുടെ പ്രകൃതി, മാനസികാവസ്ഥ എന്നിവ പരിഗണിച്ചാണു ചികിത്സ തുടങ്ങുക.

ചികിത്സ പ്രധാനമായും രണ്ടു തരമുണ്ട്. ശോധന ചികിത്സയും ശമന ചികിത്സയും. ശോധന ചികിത്സയിൽ സ്നേഹന സ്വേദനമാകുന്ന പൂർവക്രിയകളിലൂടെ ശരീരത്തെ ഒരുക്കിയെടുത്ത ശേഷം വമനം, വിരേചനം, ശിരോവിരേചന നസ്യം, വസ്തി എന്നീ പ്രക്രിയകളിലൂടെ ദോഷത്തെ ഉന്മൂലനം ചെയ്യുന്നു.

ശമന ചികിത്സയിൽ കൂടുതലായും ബൃംഹണസ്വഭാവമുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത്.
∙ സ്നേഹപാനം - മരുന്നുകളിട്ട് കാച്ചിയ നെയ്യ് അല്ലെങ്കിൽ തൈലം സേവിക്കുക. വരണാദി ഘൃതം, വിദാര്യാദി ഘൃതം, ധന്വന്തരം തൈലം എന്നിവ ഉപയോഗിക്കാം.

∙ നസ്യം - ക്ഷീരബല തൈലം, വരണാദി ക്ഷീരഘൃതം, കാർപാസസ്ഥ്യാദി തൈലം മുതലായ മരുന്നുകൾ മൂക്കിലൂടെ ഒഴിക്കുന്നതാണു നസ്യം.

∙ മൂർദ്ധതൈലങ്ങൾ - എണ്ണ തേപ്പ്, പിചു വെക്കൽ, ശിരോധാര, ശിരോവസ്തി ഇവയാണ് മൂർദ്ധതൈലങ്ങൾ.

∙ തളം - തലവേദനയ്ക്കു വേഗം ഫലം നൽകുന്ന ഒന്നാണു തളം. ക്ഷീരബല, കാർപ്പാസസ്ഥ്യാദി,ധന്വന്തരം എന്നീ തൈലങ്ങളുടെ കൂടെ കച്ചൂരാദി ചൂർണം, രാസ്നാദി ചൂർണം ഇവ ചേർത്തു നെറുകിൽ വയ്ക്കുന്നു.

പത്ഥ്യാ ഷഡംഗം കഷായവും ഗുണകരമാണ്. തലവേദന വളരെ കൂടിയിരിക്കുന്ന സമയത്ത് ദശമൂല ക്ഷീര കഷായം ഉപയോഗിച്ചുള്ള ശിരോധാര വളരെ ഫലപ്രദമാണ്.

ചില ആഹാരക്രമങ്ങളും അത്യന്താപേക്ഷിതമാണ്. ശാരീരിക– മാനസിക സമ്മർദം ഇല്ലാതെ ശാന്തമായിരിക്കണം. ഇതിനായി യോഗ, പ്രാണായാമം മുതലായവ ശീലിക്കാം.

മൈഗ്രെയ്ൻ പൂർണമായും മാറ്റുന്ന ഒറ്റമൂലി എന്ന് ഒരുപാടു വിഡിയോകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവയ്ക്കു ശാസ്ത്രീയ അടിത്തറ കാണണമെന്നില്ല. മാത്രമല്ല താൽക്കാലിക ആശ്വാസം നൽകുമെങ്കിലും രോഗം വീണ്ടും വരാം.

ഡോ. ശ്രീജ സുകേശൻ, വൈസ് പ്രിൻസിപ്പൽ, പ്രഫസർ & ഹെഡ്, ശാലാക്യതന്ത്ര വിഭാഗം, ഗവ. ആയുർവേദ കോളജ്, തൃപ്പൂണിത്തുറ

തയാറാക്കിയത് : ഡോ. ലിൻസി സി എം, അസിസ്റ്റന്റ് പ്രഫസർ,
ഗവ. ആയുർവേദ കോളജ്, തൃപ്പൂണിത്തുറ

ADVERTISEMENT