നമ്മുടെ നാട്ടിൽ ആകെ കാൻസർ കേസുകളുടെ എണ്ണം കൂടിവരികയാണെന്നതിൽ സംശയമൊന്നുമില്ല. ഇതു രണ്ട് ആംഗിളിൽ കൂടി നോക്കിക്കാണണം. ഒന്ന്, നമ്മുടെ നാട്ടിൽ അത്ര സാധാരണം അല്ലാതിരുന്ന പല അർബുദങ്ങളും ഇപ്പോൾ സാധാരണമായി വരികയാണ്. പാൻക്രിയാറ്റിക് കാൻസർ, തൈറോയ്ഡ് കാൻസർ, ലിവർ കാൻസർ എന്നിവ ഉദാഹരണം. ഒപ്പം നിലവിൽ സാധാരണമായുള്ള കാൻസറുകളും വർധിക്കുന്നുണ്ട്. ഇതിന്റെ ഒരു പ്രധാന കാരണം കേരളത്തിൽ കാൻസർ കൂടുതൽ കണ്ടുപിടിക്കപ്പെടുന്നുണ്ട് എന്നതു തന്നെയാണ്.
കാൻസർ കേസുകളിലെ വർധനവിനെ നേരിടാ ൻ നമുക്കു മുൻപിൽ ഉള്ള രണ്ട് അടിസ്ഥാന കാര്യങ്ങൾ പ്രതിരോധവും നേരത്തെ കണ്ടുപിടിക്കലുമാണ്. ഒാരോ അർബുദത്തിനും അനുസരിച്ച് ഇതിലേതു വേണമെന്നു തിരഞ്ഞെടുക്കാം. കൃത്യമായ രോഗകാരണം ഉള്ള അർബുദങ്ങളിൽ പ്രതിരോധം തന്നെയാണ് അനുയോജ്യം. ഉദാഹരണത്തിന്, ശ്വാസകോശാർബുദം 90 ശതമാനവും പുകവലിക്കുന്നവരിലാണു വരുന്നത്. ഇതിനു നിയതമായ സ്ക്രീനിങ് പരിശോധനയില്ല. ചികിത്സയുടെ കാര്യത്തിൽ, 5–10 ശതമാനമേയുള്ളൂ സുഖമാകൽ നിരക്ക്. അപ്പോൾ പ്രതിരോധമാണ് ഉത്തമം. അതുപോലെ അമിതവണ്ണം കാരണം വരുന്ന അർബുദങ്ങളുണ്ട്. അവയും തടയാവുന്നതേയുള്ളു. എച്ച്പിവി വാക്സിനേഷൻ കൊണ്ടു ഗർഭാശയഗള കാൻസർ തടയാം.
നടപ്പാകാത്ത പ്രതിരോധതന്ത്രങ്ങൾ
ഒരിക്കൽ തമിഴ്നാട്ടുകാരി ഒരു സ്ത്രീ ശ്വാസകോശാർബുദവുമായി വന്നു. പുകവലി നിർത്താൻ പറ്റില്ലേ എന്നു ചോദിച്ചപ്പോൾ ‘പറ്റില്ല സാറേ’ എന്നു പറഞ്ഞു. കാര്യം ചോദിച്ചു. അവർ മൂന്നര വയസ്സിൽ വലിച്ചു തുടങ്ങിയതാണ്. വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്നു പുകവലിക്കും.!. ഇപ്പോൾ നിർത്താൻ സാധിക്കുന്നില്ല.
നമ്മുടെ മുൻപിൽ ഇങ്ങനെയൊരു പ്രശ്നമില്ല. എന്താണു ചെയ്യേണ്ടതെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, അതു നടപ്പാക്കുന്നില്ല. പുകവലിക്കെതിരെ നിയമം ഉണ്ട്. അതു നടപ്പാകുന്നുണ്ടോ? വാക്സിനേഷൻ കൃത്യമായി എടുക്കുന്നുണ്ടോ?
അർബുദത്തിന്റെ കാര്യത്തിൽ എല്ലാവർക്കും തിയററ്റിക്കൽ നോളജ് ഉണ്ട്. ശ്വാസകോശാർബുദം വരാൻ പ്രധാനകാരണം എന്താണെന്നു ചോദിച്ചാൽ ഉത്തരം റെഡിയാണ്–പുകവലി. പക്ഷേ, അതിന്റെ ആഘാതത്തെക്കുറിച്ചു വ്യക്തമായ ധാരണയില്ല.
മറ്റൊന്നു സിനിമകളുടെയും മറ്റും സ്വാധീനമാണ്. പുകവലി ആരോഗ്യത്തിനു ഹാനികരം എന്നു സിനിമയിൽ എഴുതിക്കാണിക്കുന്നതു ചെറിയ അക്ഷരത്തിലാണ്. എന്നിട്ട് നായകൻ പുകവലിക്കുന്നതും മദ്യപിക്കുന്നതുമൊക്കെ വളരെ പ്രകടമായി കാണിക്കുന്നു. ഇതൊക്കെ കുട്ടികളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അങ്ങനെ വരുമ്പോൾ നമ്മൾ ബോധവൽക്കരിക്കുന്നതിൽ ഒരു കഥയുമില്ലാതെ വരികയാണ്. സ്കൂൾ തലത്തിലേ ബോധവൽക്കരണം തുടങ്ങണം. സ്കൂളുകളിൽ പുകവലിയുടെയും മദ്യപാനത്തിന്റെയും അപകടം വ്യക്തമായി മനസ്സിലാകുന്ന രീതിയിലുള്ള പോസ്റ്ററുകൾ എപ്പോഴും കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണം.
സ്ത്രീകളിൽ പുകവലി കൂടുന്നു
പുകവലി കുറഞ്ഞില്ലേ എന്നു ചോദിച്ചാൽ, കുറച്ചു ശരിയാണ്. പുരുഷന്മാരിലെ പുകവലി കുറഞ്ഞു, സ്ത്രീകളിൽ വർധിച്ചു. പണ്ടൊക്കെ 10-14 വയസ്സുള്ള ആൺകുട്ടികളുടെ ഇടയിൽ ഹീറോയിസത്തിന്റെ ഭാഗമായിരുന്നു പുകവലി. പുരുഷനായെന്നു കാണിക്കാൻ പുകവലിക്കും, ലഹരി ഉപയോഗിക്കും. അതു കുറഞ്ഞിട്ടുണ്ട്. പക്ഷേ, ഇതേ കാര്യം ഇപ്പോൾ പെൺകുട്ടികളുടെ കാര്യത്തിലാണു നടക്കുന്നത്. പുകവലിയും മദ്യപാനവുമൊക്കെ ഫാഷൻ സ്േറ്ററ്റ്മെന്റ് പോലെ ആയി. ഇതിന്റെയൊക്കെ പ്രശ്നങ്ങൾ വരുന്നതേയുള്ളൂ.
പുകയില ചവയ്ക്കൽ കൂടി. മുറുക്കും വ്യാപകമായി. സിഗററ്റ്‌വലിയുടെ രീതിയിലേക്കു പുകയില ഉപയോഗം മാറിയിരിക്കുകയാണ്. ഇതിനു പുകവലിയുടെയത്ര ദോഷമില്ല എന്നാണു നമ്മുടെ പൊതുവേയുള്ള ചിന്ത. എന്നാൽ അങ്ങനെയല്ല.
ഒരിക്കൽ ആന്ധ്രയിൽ നിന്ന് ഒരു രോഗി വന്നു. അയാളുടെ വായിൽ ഏറ്റവും അവസാനത്തെ അണപ്പല്ലു കഴിഞ്ഞുള്ള ഭാഗത്ത് (റിട്രോമോളാർ) ഒരു വലിയ വളർച്ചയുണ്ട്. പാടത്തു പണിയുന്നവരാണ്. ദിവസം ഒരു നേരം ഭക്ഷണം കഴിക്കാനുള്ള അവസ്ഥയേയുള്ളു. പുകയില വിശപ്പ് അടക്കും. അതുകൊണ്ട് രാവിലെ ഒരു കഷണം പുകയില റിട്രോമോളാർ ഭാഗത്ത് തിരുകി വച്ചിട്ടാണ് പണിക്കിറങ്ങുക. രാത്രിയാണ് അവരുടെ അന്നത്തെ ഏകഭക്ഷണം കഴിക്കുന്നത്. അതുവരെ ദിവസം മുഴുവൻ പുകയില അങ്ങനെ ഇരിക്കുകയാണ്.
നമ്മുടെ നാട്ടിൽ പണ്ടു പുകയില ചവയ്ക്കുന്നതു മുഴുവൻ പ്രായമായവരായിരുന്നു. ഇപ്പോൾ കൂടുതലും ചെറുപ്പക്കാരാണ് ഉപയോഗിക്കുന്നത്. മുറുക്കും ചെറുപ്പക്കാരുടെയിടയിൽ വ്യാപകം. ചടങ്ങുകളിലൊക്കെ പോയാൽ മുറുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടാകും. ഇതൊക്കെ വല്ലപ്പോഴുമേ ഉള്ളൂ എന്നാണ് വാദം. പക്ഷേ, അതുമതി അസുഖം വരാനെന്ന് അറിയുന്നില്ല.
അമിതവണ്ണം അർബുദങ്ങളുടെ ഒരു പ്രധാന ആപത് ഘടകമായി ഉയർന്നു വരുന്നുണ്ട്. പ്രധാനപ്രശ്നം വ്യായാമം ഇല്ലായ്മയാണ്. ചിലർ നടക്കും, ചിലർ ജിമ്മിൽ പോകും. പക്ഷേ, പതിവായി ആസ്വദിച്ചു വ്യായാമം ചെയ്യുന്ന, കളിക്കുന്ന രീതി ഇല്ല. അലസമായി ഇരിക്കുന്ന സമയം കൂടുതലാണ്. കുട്ടികളിലും ഇതു തന്നെയാണവസ്ഥ.
എച്ച്പിവി വാക്സിനേഷൻ വരികയും സ്ത്രീകളിൽ ലൈംഗികശുചിത്വം മെച്ചപ്പെടുകയും ചെയ്തതോടെ ഗർഭാശയഗള കാൻസർ കേരളത്തിൽ കുറഞ്ഞു. സർക്കാർ തലത്തിൽ വാക്സിനേഷനുകൾ നിർബന്ധിതമാക്കിയാൽ കൂടുതൽ ഫലം ലഭിക്കും.
പൈൽസും വൻകുടൽ കാൻസറും
രോഗം നേരത്തെ അറിയുന്ന കാര്യത്തിൽ കേരളം മുൻപിൽ തന്നെയാണ്. കണ്ടുപിടിക്കാൻ താമസിക്കുന്നതല്ല പ്രശ്നം. കണ്ടുപിടിച്ചിട്ട് മറ്റു ചികിത്സകൾ തേടി നടന്നു ശരിയായ ചികിത്സ വൈകുന്നതാണ്. അതുകൊണ്ടാണ് ഇപ്പോഴും ചിലർ അർബുദത്തിന്റെ അവസാന ഘട്ടത്തിൽ ചികിത്സയ്ക്കെത്തുന്നത്.
സ്തനാർബുദം, വൻകുടൽ കാൻസർ, വായിലെ കാൻസർ, ഗർഭാശയഗള അർബുദം, പ്രോസ്േറ്ററ്റ് കാൻസർ എന്നിവയ്ക്കു നമുക്കു സ്ക്രീനിങ് സൗകര്യങ്ങളുണ്ട്. ഈ പരിശോധനകളുടെ കാര്യത്തിലെ വലിയ പ്രശ്നം നമുക്ക് കൃത്യമായ ഒരു സംഘടിതസംവിധാനം ഇല്ല എന്നതാണ്. ചിലർ പോയി ചെയ്യുന്നു, രോഗം കണ്ടുപിടിക്കുന്നു. അതല്ലാതെ സമൂഹം ഒന്നടങ്കം സ്ക്രീനിങ് പ്രക്രിയയിലൂടെ കടന്നുപോയാലേ ഗണ്യമായൊരു ഫലം ഉണ്ടാകൂ. അതിനുള്ള സംവിധാനം വേണം. ജോലി സ്ഥലങ്ങളുമായി ബന്ധപ്പെട്ടോ എ ക്സിബിഷൻ പോലുള്ള ആളു കൂടുന്ന പരിപാടികളുമായി ബന്ധപ്പെട്ടോ സ്ക്രീനിങ് സൗകര്യമൊരുക്കണം.
വൻകുടൽ കാൻസറിനൊക്കെ സ്ക്രീനിങ് ഉണ്ട്. പക്ഷേ, ആരും ചെയ്യുന്നില്ല. മലയാളിക്കു മലത്തിലൂടെ രക്തം പോയാൽ അതിനു സ്വന്തമായി ഒരു രോഗനിർണയമേയുള്ളൂ–പൈൽസ്. നേരേ പൈൽസ് ചികിത്സകരെന്ന് അവകാശപ്പെടുന്നവരുടെ അടുത്തുപോകും. അസുഖം മാറാതെ, 8–9 മാസം കഴിഞ്ഞു വരുമ്പോൾ വലിയൊരു കൊളോറെക്ടൽ കാൻസർ ആയിട്ടുണ്ടാകും. ഇഷ്ടം പോലെ രോഗികളാണ് ഇങ്ങനെ വരുന്നത്. അവർ പറയുന്നത്– പൈൽസ് ആണ്, പിന്നെ കാൻസർ ആയതാണെന്നാണ്.
നമ്മുടെ നാട്ടിലിപ്പോഴും 75–80 ശതമാനം അർബുദങ്ങളും വൈകിയാണ് കണ്ടുപിടിക്കുന്നത്. ഇതു മാറണമെങ്കിൽ നേരത്തേയുള്ള രോഗനിർണയത്തിലും പ്രതിരോധത്തിലും കൂടുതൽ ഊന്നൽ നൽകിയേ തീരൂ.
ഡോ. വി. പി. ഗംഗാധരൻ
സീനിയർ കൺസൽറ്റന്റ് & ഹെഡ്, മെഡിക്കൽ & പീഡിയാട്രിക് ഒാങ്കോളജി, വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ, കൊച്ചി