അകലെയൊരു കാടിന്റെ
നടുവിലൊരു പൂവിൽ
നുകരാതെ പോയ
മധു മധുരമുണ്ടോ...
ഇനിയും അടുത്തറിയാത്ത വനചാരുതകളിലേയ്ക്കു നടന്നടുക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു ഗാനമാണിത്. നഗരത്തിരക്കുകളും മലിനവായുവും ജീവിതസമ്മർദങ്ങളും വലയ്ക്കുമ്പോൾ ഒന്നു കാതോർക്കൂ...
കാടു വിളിക്കുന്നതു കേൾക്കാം. ഇലപ്പച്ചയുടെ ഇന്ദ്രജാലങ്ങൾ കണ്ട്, കിളിപ്പാട്ടു കേട്ട്, പൂക്കളുടെ നറുവർണങ്ങളിൽ മനം നിറച്ച്, സ്വച്ഛമായ പ്രാണവായു ശ്വസിച്ചു വനഭംഗിയിൽ നനഞ്ഞിറങ്ങുമ്പോൾ അത് ആരോഗ്യത്തിന് ഏറെ ഗുണകരമാണത്രേ. അതാണു ഫോറസ്‌റ്റ് ബാതിങ്.
ഫോറസ്‌റ്റ് ബാതിങ്
ഷിൻറിൻ–യോകു അഥവാ ഫോറസ്‌റ്റ് ബാതിങ് എന്നു കേട്ടിട്ടുണ്ടോ? ഇതു റിലാക്സേഷനും സ്വാസ്ഥ്യത്തിനും വേണ്ടി ജപ്പാനിൽ രൂപപ്പെട്ട ഒരു പരിശീലന മാർഗമാണ്. അമിതജോലിഭാരം വ്യക്തികളുടെ ജീവനു തന്നെ ഹാനികരമാകുന്ന സാഹചര്യം ജപ്പാനിലുണ്ടായി. അപ്പോൾ ശാരീരികവും മാനസികവുമായ ആരോ ഗ്യപരിപാലനത്തിനു സർക്കാർ പുതുവഴികൾ അന്വേഷിച്ചു. അങ്ങനെയാണ് 1982–ൽ ഫോറസ്‌റ്റ് ബാതിങ് എന്ന ആശയം രൂപമെടുത്തത്. ജാപ്പനീസ് ഭാഷയിൽ ‘ഷിൻറിൻ’ എന്നാൽ വനം. ‘യോകു’ എന്നാൽ കുളി. ഇത് ഉദ്ദേശിക്കുന്നതു വനഭംഗിയിൽ മുങ്ങിക്കുളിക്കുക എന്നതാണ്. പ്രകൃതിയുമായി ചേർന്നുനടക്കാനും അങ്ങനെ ആരോഗ്യത്തോടെയിരിക്കാനും ജപ്പാനിലെ ജനങ്ങളെ പ്രചോദിപ്പിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഒരു വനത്തിലോ പ്രകൃതിദത്ത അന്തരീക്ഷത്തിലോ ചെലവഴിക്കുന്നതിലൂടെ തിരക്കേറിയതും സമ്മർദഭരിതവുമായ ജീവിതത്തിൽ ഒരു ‘ റിലാക്സിങ് ബ്രേക് ’എടുക്കുന്നതിനാണു ഫോറസ്‌റ്റ് ബാതിങ് സഹായിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളാൽ നാം വനാന്തരീക്ഷത്തെ അനുഭവിച്ചറിയുന്നു.
കാഴ്ചകൾ, ശബ്ദം, ഗന്ധം, സ്പർശം, രുചി ...ഇന്ദ്രിയങ്ങൾ ഒാരോന്നും വനഭംഗിയിൽ നിമഗ്നമാകുന്നു. പ്രകൃതിയുമായി ഒന്നാകുന്ന അനുഭവത്തിലേക്ക് എത്തിച്ചേരുന്നു. ജാപ്പനീസ് പഠനങ്ങൾ തെളിയിച്ചതു ഫോറസ്‌റ്റ് ബാത്തിലൂടെ വ്യക്തികളുടെ ഉറക്കത്തിന്റെ ഗുണമേൻമയും മൂഡും ഫോക്കസ് ചെയ്യാനുള്ള കഴിവും മെച്ചപ്പെട്ടെന്നും സ്ട്രെസ്സ് കുറഞ്ഞെന്നുമാണ്. അങ്ങനെ ജപ്പാനിൽ രോഗപ്രതിരോധസംവിധാനത്തിന്റെ ഭാഗമായി ഫോറസ്‌റ്റ് ബാതിങ് പരിഗണിക്കപ്പെട്ടു. ലോകമെമ്പാടും അവ ആരോഗ്യപരിപാലനത്തിനും ടൂറിസത്തിനും വഴിയൊരുക്കുന്നു.
മനസ്സിനും ശരീരത്തിനും
മലിനീകരിക്കപ്പെട്ട വായുവും അമിതജോലിഭാരവും മൊബൈൽ–സ്ക്രീൻ അടിമത്തവും മാനസികസമ്മർദവും അലട്ടുന്ന ഈ കാലത്തു പുതിയ ഉണർവു നൽകാൻ സഹായിക്കുന്നതാണു ഫോറസ്‌റ്റ് ബാതിങ്. ഫോറസ്‌റ്റ് ബാതിങുമായി ബന്ധപ്പെട്ട വിവിധ പഠനങ്ങളിൽ നിന്ന് അതിനു ശാരീരിക മാനസിക ആരോഗ്യത്തിൽ ഒട്ടേറെ ഗുണഫലങ്ങൾ നൽകാനാകുമെന്നു തെളിഞ്ഞു. ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്. നാം ജീവിക്കുന്ന നിമിഷത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നതോടെ മൈൻഡ് ഫുൾനെസ് അനുഭവവേദ്യമാകുന്നു. പ്രകൃതിയുമായി ഒന്നാകുന്ന ഈ നിമിഷങ്ങൾ സ്ട്രെസ്സ് ഹോർമോണായ കോർട്ടിസോൾ നില കുറയ്ക്കും. പ്രകൃതിയുടെ ജീവൽപ്രവാഹത്തിലേയ്ക്ക് അലിയുന്നതോടെ സമ്മർദങ്ങളും ആകുലതകളും വിട്ടൊഴിയുന്നു. മൂഡ് നില മെച്ചപ്പെടുന്നു. വിഷാദവും ഉത്കണ്ഠയും ഉറക്കപ്രശ്നങ്ങളും കുറയുന്നു. ജീവിതത്തിന്റെ ഫോക്കസ് കൃത്യമായി നിർണയിക്കുന്നതിനും ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നതിനും ഇത് ഏറെഗുണം ചെയ്യും. ക്ഷമയും നിശ്ശബ്ദതയും പഠിക്കുന്നു.
ആത്മീയ ജീവിതം കരുത്താർജിക്കുന്നു.

ശാരീരിക ആരോഗ്യം പരിഗണിക്കുമ്പോൾ, രക്താതിമർദം കുറയ്ക്കുന്നു. ഹൃദയത്തിന്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നു. ഇമ്യൂൺ സംവിധാനം ശക്തിപ്പെടുന്നു. മരങ്ങൾ പുറപ്പെടുവിക്കുന്ന സംയുക്തങ്ങളായ ഫൈറ്റോൺസൈഡുകൾക്ക് ആന്റി ഇൻഫ്ലമേറ്ററിഗുണങ്ങളും പ്രതിരോധശക്തി വർധക ഗുണങ്ങളും ഉണ്ട്. ഗവേഷണങ്ങൾ തെളിയിക്കുന്നതു ഫോറസ്‌റ്റ് ബാതിങ്ങിലൂടെ നമ്മുടെ ഇമ്യൂൺ സംവിധാനത്തിൽ പ്രധാന പങ്കു വഹിക്കുന്ന നാചുറൽ കില്ലർ കോശങ്ങളുടെ (NK ) പ്രവർത്തനക്ഷമത വർധിപ്പിക്കാനാകുമെന്നാണ്. നല്ല ഉറക്കവും മെച്ചപ്പെട്ട ഉപാപചയ പ്രവർത്തനങ്ങളും ഇതിന്റെ ഫലമാണ്. പ്രകൃതിയുമായുള്ള ഇടപഴകൽ പാരാസിംപതറ്റിക് വ്യവസ്ഥയെ ഉണർത്തി സമ്മർദത്തെ കുറയ്ക്കുന്നു. കുടുംബബന്ധങ്ങൾ ശക്തിപ്പെടുന്നതിനും ജീവിതത്തെക്കുറിച്ചു മികച്ച കാഴ്ചപ്പാടു രൂപീകരിക്കുന്നതിനും ഇതു സഹായിക്കും.
വനയാത്ര ഇങ്ങനെ
∙ ശാന്തമായ ഒരു വനപ്രദേശം തിരഞ്ഞെടുക്കാം. രണ്ടു മണിക്കൂറെങ്കിലും ഫോറസ്‌റ്റ് ബാതിങ്ങിനു മാറ്റി വയ്ക്കാം. ∙പ്രകൃതിയുമൊത്തുള്ള മനോഹര നിമിഷങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നതൊക്കെ ഒഴിവാക്കാം. മൊബൈൽ ഫോൺ സൈലന്റ ് ആക്കാം– ഇത് ഡിജിറ്റൽ ഡീറ്റോക്സിനുള്ള അവസരം കൂടിയാകട്ടെ.
∙പഞ്ചേന്ദ്രിയങ്ങൾ ഉണരട്ടെ. സാവധാനം നടന്നു തുടങ്ങാം. ലക്ഷ്യം നേടാനുള്ള തിരക്കൊന്നും വേണ്ട. ചിന്തകൾ ഒഴിവാക്കാം. കാഴ്ചകളും അനുഭവങ്ങളും ഉള്ളു നിറയ്ക്കട്ടെ, ഒരു കുട്ടിയുടെ കൗതുകത്തോടെ അലഞ്ഞു നടക്കാം. സുരക്ഷയ്ക്കായുള്ള ഒരുക്കങ്ങൾ ഉണ്ടായിരിക്കണം.
∙ കിളികളുടെ കളരവവും ഇലയനക്കങ്ങളും അരുവിയുടെ ശബദവും കേട്ടു മെല്ലെ നടക്കാം. പച്ചപ്പിന്റെ നിറഭേദങ്ങളും ഇലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന പ്രകാശവും കാണാം. സുഗന്ധവാഹികളായ പൂക്കളുടെ ഗന്ധം ഉള്ളിൽ നിറയ്ക്കാം. ഇലകളുടെ പുതുഗന്ധങ്ങളിൽ മനസ്സുണർത്താം. മരങ്ങളുടെ തായ്ത്തടിയെ ആലിംഗനം ചെയ്ത്, തല ചായ്ച്ചു ചേർന്നു നിന്നോളൂ...എന്തൊരു ആനന്ദമാണത്. അരുവിയിലിറങ്ങി നിൽക്കാം, ആ തണുപ്പ് ഉള്ളിലേക്കും പടർന്നിറങ്ങട്ടെ. ദീർഘമായി ശ്വസിച്ചു ശുദ്ധവായു ഉള്ളിൽ നിറയുന്നതറിയാം. ഒരിടത്തു സ്വസ്ഥമായിരുന്നു ധ്യാനിക്കാം.

ഒരുക്കാം ഒരു ഹരിത ലോകം
വനയാത്രയൊക്കെ എല്ലാവർക്കും പ്രായോഗികമാണോ എന്നൊരു ചോദ്യം ഉയരാം. അതിനും പോംവഴിയുണ്ട്.
∙ ജോലിത്തിരക്കിനിടയിൽ ഉച്ചനേരത്തോ നാലുമണി ഇടവേളയിലോ പുറത്തിറങ്ങി പച്ചപ്പിലൂടെ നടക്കുന്നതു പുതിയ ഉണർവു നൽകും.
∙ മാസത്തിലൊരിക്കൽ സുരക്ഷിതവും പ്രകൃതിരമണീയവുമായ ഒരു പ്രദേശത്തേക്കു കുടുംബത്തോടൊപ്പം ചെറുയാത്ര പോകാം. ട്രെക്കിങ്ങും നടത്താം.
∙ പൂന്തോട്ടം ഒരുക്കാം. കൃഷിപ്പണികളും ചെയ്യാം. തോട്ടത്തിലെ പച്ചക്കറികളും പഴങ്ങളും അടർത്തി കഴിക്കാം. പ്രകൃതിയെ സ്പർശിച്ചും രുചിച്ചും ഹൃദയഹാരിയായ ഒരു ബന്ധം രൂപപ്പെടട്ടെ.
∙ നഗരങ്ങളിൽ ഫ്ളാറ്റിന്റെ ബാൽക്കണിയിൽ ഒരു കൊച്ചു പൂന്തോട്ടമൊരുക്കാം. ഇൻഡോർ പ്ലാന്റുകൾ മുറികളിൽ വയ്ക്കാം. ഒാരോ മുറിയിലും തെളിയുന്ന ഹരിതഭംഗി പ്രശാന്തതയിലേക്കു നയിക്കും.
കോൺക്രീറ്റും പ്ലാസ്‍റ്റിക്കുമൊക്കെ നിറയുന്ന വീടകങ്ങളിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും ഫോറസ്‌റ്റ് ബാതിങ്ങിനു പോയിവരൂ. ഉടലിലും ഉയിരിലും വനാനുഭൂതികളുടെ ജൈവ ഉൻമേഷം ബാക്കിയുണ്ടാകും. തിരികെ വരുന്നതു പുതിയ ഒരാളായി തന്നെയാകും.