Thursday 24 November 2022 01:31 PM IST : By സ്വന്തം ലേഖകൻ

പ്രമേഹ രോഗിക്ക് കപ്പയും കാച്ചിലും കഴിക്കാമോ, ചോറ് പൂർണമായും ഒഴിവാക്കണോ?: 10 യാഥാർഥ്യങ്ങൾ

diab-diet

പ്രമേഹരോഗിയുടെ പ്രധാന ആശങ്കകളിലൊന്ന് ആഹാരവുമായി ബന്ധപ്പെട്ടാണ്. എന്താണ് കഴിക്കേണ്ടത്? ഒഴിവാക്കേണ്ടത് എന്നു കൃത്യമായി അറിയാതെ സമ്മർദത്തിലാകുന്ന ഒട്ടേറെപ്പേരുണ്ട്.പ്രമേഹരോഗിയുടെ ആ ഹാരവുമായി ബന്ധപ്പെട്ട 25 ധാരണകളും അതിന്റെ വിശദാംശങ്ങളുമാണ് ഇവിടെ നൽകുന്നത്.

1പ്രമേഹരോഗിക്ക് ആഹാരത്തിനൊപ്പം വൈറ്റമിൻ സപ്ലിമെന്റുകളും ആന്റിഒാക്സിഡന്റുകളും നൽകുന്നതു നല്ലതാണ്

ഈ പ്രസ്താവന ഭാഗികമായി ശരിയാണ്. ആന്റി ഒാക്സിഡന്റുകൾ ആയ വൈറ്റമിൻ എ,സി, ഇ എന്നിവയും ബി ഗ്രൂപ് വൈറ്റമിനുകൾ ആയ തയമിൻ (B1), പിരിഡോക്സിൻ (B6) ബയോട്ടിൻ എന്നിവയും പ്രമേഹബാധിതരിൽ മറ്റുള്ളവരെ അപേക്ഷിച്ചു കുറവാണെന്നു ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. സപ്ലിമെന്റ് കഴിക്കുമ്പോൾ ഇവയുടെ അളവു ശരിയാകുന്നതായും കണ്ടിട്ടുണ്ട്. എന്നാൽ ഇങ്ങനെ വൈറ്റമിനുകളുംസപ്ലിമെന്റുകളും ദീർഘകാലം ഉപയോഗിക്കുന്നത് മറ്റു രോഗങ്ങൾക്കു കാരണമായേക്കാം.

മെറ്റ്ഫോമിൻ ഗുളിക കഴിക്കുന്നവർക്ക് ചിലപ്പോൾ വൈറ്റമിൻ ബി12 ന്റെ ആഗിരണം തടസ്സപ്പെട്ടേക്കാം. ഈ സാഹചര്യത്തിൽ ബി12 സപ്ലിമെന്റ് കഴിക്കുന്നതു നല്ലതാണ്.വൈറ്റമിൻ ഡിയുടെ അപര്യാപ്തത ഇപ്പോൾ ലോകമാകെ വ്യാപകമായി കാണുന്നുണ്ട്. അമിതവണ്ണം, ഹൃദ്രോഗ സാധ്യത, പ്രമേഹം ഇവയെല്ലാം വൈറ്റമിൻ ഡി കുറവുള്ളവരിൽ കൂടുതലായി കാണുന്നു. പ്രമേഹ ബാധിതർ വൈറ്റമിൻ ഡി പരിശോധന ചെയ്തു കുറവാണെങ്കിൽ സപ്ലിമെന്റ് കഴിക്കുന്നതു നല്ലതാണ്.

2 പ്രമേഹം വന്നാൽ പിന്നെ ഒരിക്കലും ചോറ് കഴിക്കരുത്

ഭക്ഷണത്തിൽ ഏകദേശം 55- 60% വരെ ഊർജം ലഭിക്കേണ്ടത് അന്നജത്തിൽ നിന്നാണ്. മലയാളികളെ സംബന്ധിച്ച് ചോറും അരി കൊണ്ടുള്ള മറ്റു വിഭവങ്ങളുമാണ് പ്രധാന അന്നജാംശം. ചോറ് കഴിക്കാതിരിക്കുക എന്നതു ശരാശരി മലയാളിയ്ക്കു പ്രായോഗികവുമല്ല. പ്രമേഹബാധിതർ ഏതു ഭക്ഷണം കഴിക്കുമ്പോഴും അതിന്റെ ഗ്ലൈസീമിക് ഇൻഡക്സ് അറിഞ്ഞിരിക്കണം. ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള ഭക്ഷണ പദാർഥങ്ങൾ എളുപ്പം ദഹിക്കുകയും രക്തത്തിലെ ഗ്ലൂക്കോസ് നില ഉയർത്തുകയും ചെയ്യുന്നു.

അരി പലതരം ഉണ്ടല്ലോ. ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ തവിടുള്ള മട്ടയരി, വേവാൻ കൂടുതൽ സമയം എടുക്കുന്ന ഇരട്ടപ്പുഴുക്ക് അരി തുടങ്ങിയവയിൽ നാരും വൈറ്റമിനുകളും വെളുത്ത അരിയേക്കാൾ (പച്ചരി) കൂടുതലാണ്. ഇവയ്ക്ക് ഗ്ലൈസീമിക് ഇൻഡക്സ് താരതമ്യേന കുറവാണ്. അരിയിൽ അന്നജം വളരെ കൂടുതലായതിനാൽ പൊതുവേ ഗ്ലൈസീമിക് ലോഡ് (കഴിക്കുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവിൽ ആകെ വരുന്ന വർ‌ധനവ്) കൂടുതലാണ്. അതിനാൽ പ്രമേഹ ബാധിതർ ചോറിന്റെ അളവിൽ മിതത്വം പാലിക്കണം.

ഡയബറ്റിക് പ്ലേറ്റ് സമ്പ്രദായം ഇതിന് വളരെ സഹായകരമാണ്. ഓരോ നേരവും ആകെ കഴിക്കുന്ന ഭക്ഷണത്തിന്റെ കാൽ ഭാഗം ചോറ്/ചപ്പാത്തി/ധാന്യങ്ങൾ കൊണ്ടുള്ള മറ്റു വിഭവങ്ങൾ, കാൽ ഭാഗം മാംസ്യം കൂടുതലുള്ള പയർ/പരിപ്പ്/മത്സ്യം/പാൽ ഉൽപ്പന്നങ്ങൾ/കൊഴുപ്പു കുറഞ്ഞ മാംസം, പകുതി ഭാഗം അധികം അന്നജമില്ലാത്ത പച്ചക്കറികളും മിതമായ അളവിൽ അധികം പഴുക്കാത്ത അധികം മധുരമില്ലാത്ത പഴങ്ങളും– ഇതാണ് ഡയബറ്റിക് പ്ലേറ്റ് സമ്പ്രദായം.

3പഴങ്ങളും കൂടുതൽ കഴിക്കുന്നതു നല്ലതല്ല

പഴങ്ങൾ സന്തുലിതഭക്ഷണക്രമത്തിന്റെ അ വിഭാജ്യഘടകമാണ്. ഇവയിൽ ധാരാളം വൈറ്റമിനുകൾ, ധാതുലവണങ്ങൾ, നാരുകൾ, ആന്റി ഒാക്സിഡന്റുകൾ എല്ലാമുണ്ട്. പ്രമേഹബാധിതർക്ക് ദിവസം രണ്ടു മുതൽ മൂന്നു പ്രാവശ്യം പഴങ്ങൾ കഴിക്കാം. ഒരുതവണ ചെറിയ പഴങ്ങൾ ആണെങ്കിൽ രണ്ട് (റംബൂട്ടാൻ, പ്ലം പോലുള്ളവ), ഇടത്തരം വലുപ്പം ആണെങ്കിൽ ഒന്ന് (ഒാറഞ്ച് , ആപ്പിൾ, പേരയ്ക്ക പോലുള്ളവ), വലിയ പഴങ്ങൾ (പപ്പായ, പൈനാപ്പിൾ– 5സെമീ നീളമുള്ള കഷണം), ഡ്രൈ ഫ്രൂട്സ് – രണ്ടു ടേബിൾ സ്പൂൺ ഇതിൽ ഏതെങ്കിലും ഒന്ന് ദിവസം രണ്ടു മൂന്നു പ്രാവശ്യം കഴിക്കാം.

4 കിഴങ്ങു വർഗങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം

ഉരുളക്കിഴങ്ങ്, കാച്ചിൽ, ചേമ്പ്, മരച്ചീനി തുടങ്ങിയ കിഴങ്ങുവർഗങ്ങളിൽ ധാരാളം അ ന്നജമുണ്ട്. അതുകൊണ്ട് ഇവ ഉപയോഗിച്ചാൽ അന്നജത്തിന്റെ പ്രധാന സ്രോതസ്സായ ധാന്യങ്ങൾ അതനുസരിച്ചു കുറയ്ക്കണം. ഉദാ. ചോറിന്റെ കൂടെ കിഴങ്ങ് അല്ലെങ്കിൽ ചേമ്പ് കഴിക്കാതെ ചോറിനു പകരമായി ഇവ ഉപയോഗിക്കുക.

5 ഭക്ഷണം കഴിക്കാനാകാത്ത സാഹചര്യം ആണെങ്കിൽ ഇൻസുലിനും മരുന്നുകളും ഒഴിവാക്കണം

പ്രമേഹബാധിതർ നിർബന്ധമായും സമയത്തു ഭക്ഷണം കഴിക്കുന്നതിൽ നിഷ്കർഷ പുലർത്തണം.എന്നാൽ തീരെ അപ്രതീക്ഷിതമായ സാഹചര്യത്തിൽ സമയത്തു കഴിക്കാനാകാതെ വന്നാൽ, രണ്ടു മൂന്നു മണിക്കൂറിനുള്ളിൽ കഴിക്കാൻ സാധിക്കുമെങ്കിൽ ഭക്ഷണത്തിനൊപ്പം കഴിക്കാനുള്ള മരുന്നുകളും ഇൻസുലിനും ആ സമയത്ത് എടുത്താൽ മതിയാകും. ചില മരുന്നുകൾ ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും ദിവസവും ഒരേ സമയത്ത് എടുക്കേണ്ടവയാണ്. അധികം താമസിയാതെ ഭക്ഷണം കഴിക്കാൻ പറ്റും എന്ന് ഉറപ്പുണ്ടെങ്കിൽ ഇവ സമയത്തിനു തന്നെ എടുക്കുന്നതാണു നല്ലത്. കഴിക്കാൻ വളരെ വൈകുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധിച്ചിട്ട് എടുക്കണം.

6അമരപ്പയർ, ബീൻസ് എന്നിവ ധൈര്യമായി കഴിക്കാം. രക്തത്തിൽ പഞ്ചസാര വർധനവ് ഉണ്ടാകില്ല.

അമരപ്പയർ, ബീൻസ് എന്നിവയ്ക്ക് ഗ്ലൈസീമിക് ഇൻഡക്സ് വളരെ കുറവാണ്. അതിനാൽ പ്രമേഹബാധിതർക്ക് ധൈര്യമായി കഴിക്കാവുന്ന പച്ചക്കറികളാണിവ.

diab-2

7പ്രമേഹരോഗിയ്ക്ക് ഏറ്റവും മികച്ച

പ്രഭാത ഭക്ഷണം ചപ്പാത്തിയാണ്

ചപ്പാത്തി സാധാരണയായി ഗോതമ്പുപൊടി മാത്രം ഉപയോഗിച്ചാണുണ്ടാക്കുന്നത്. ഗോതമ്പ് ഉൾപ്പെടെ മിക്കവാറും ധാന്യങ്ങളിലും ധാരാളം അന്നജം ഉണ്ട്.പ്രമേഹബാധിതർ ഭക്ഷണത്തിൽ എപ്പോഴും അന്നജം, മാംസ്യം, നാര് ഇവ മൂന്നും സന്തുലിതമായ അളവിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഉണക്കചപ്പാത്തി (എണ്ണമയം ഇല്ലാതെ ചുട്ടെടുക്കുന്ന ചപ്പാത്തി) പ്രഭാത ഭക്ഷണമായി കഴിക്കുമ്പോൾ ഒപ്പം അതേ അളവിൽ പരിപ്പ്/പയറ്/രാജ്മകറിയും വെജിറ്റബിൾ സാലഡും കൂടി കഴിച്ചാൽ ഡയബറ്റിക് പ്ലേറ്റ് ആയി. ചപ്പാത്തി പോലെ ദോശ, ഇഡ്‌ലി തുടങ്ങി മലയാളികളുടെ തനത് പ്രഭാത ഭക്ഷണമെല്ലാം ഇതേ രീതിയിൽ മാറിമാറി ഉപയോഗിക്കാം. എന്നാൽ ഗ്ലൈസീമിക് ഇൻഡക്സ് കൂടുതലുള്ള പാലപ്പം തുടങ്ങിയവ ഒഴിവാക്കണം.

8 പ്രമേഹരോഗി ദിവസം രണ്ടോ മൂന്നോ നേരം മാത്രം കഴിച്ചാൽ മതി.

പ്രമേഹബാധിതർ ദിവസം മൂന്നുനേരം അതായത് പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം ഇത് കൂടാതെ മൂന്നു പ്രാവശ്യം ലഘുഭക്ഷണം കൂടി കഴിക്കണം. പ്രമേഹ രോഗിക്ക് പഞ്ചസാര കുറയാനുള്ള സാധ്യത (Hypoglycemia) കൂടുതലാണ്.കാലത്ത് 8- 8.30ന് പ്രാതൽ, ഉച്ചയ്ക്ക് 1- 1.30 ന് ഉച്ചഭക്ഷണം ഇതിനിടയ്ക്ക് 11-11.30 ന് ലഘുവായി ഒരു പഴം, മധുരമില്ലാത്ത 2 ബിസ്കറ്റ്, ഒരു പിടി നിലക്കടല ഇങ്ങനെ ഏതെങ്കിലും. വൈകുന്നേരം നാലു മണിക്കും രാത്രി 8- 8.30 ന് അത്താഴം കഴിഞ്ഞ് കിടക്കാൻ നേരത്തും ലഘുവായി കഴിക്കാം.

9മധുരമുള്ളതും എണ്ണയിൽ വറുത്തതും മാത്രം ഒഴിവാക്കാം

മധുരമുള്ളതും എണ്ണയിൽ വറുത്തതും തീർച്ചയായും ഒഴിവാക്കേണ്ടതുതന്നെ. ഇതു കൂടാതെ ഏതു ഭക്ഷണവും പ്രത്യേകിച്ച് അന്നജം കൂടുതലുള്ള ഭക്ഷണ പദാർഥങ്ങൾ മിതമായ അളവിലേ കഴിക്കാവൂ. കൂടുതൽ നാരുകൾ അടങ്ങിയ,കാലറി തീരെ അടങ്ങാത്ത പച്ചക്കറികൾ, സാലഡ് തുടങ്ങിയവ മാത്രമേ ധാരാളമായി കഴിക്കാൻ പാടുള്ളൂ. മറ്റെല്ലാം നിർദേശിക്കപ്പെട്ട അളവിൽ മാത്രം കഴിക്കുക. റെഡ്മീറ്റ് അഥവാ നാൽക്കാലികളുടെ മാംസം കഴിയുന്നതും വർജിക്കേണ്ടതാണ്.

10 വെളിച്ചെണ്ണയ്ക്കും നെയ്യിനും പകരമായി റിഫൈൻഡ് ഒായിൽ ഉപയോഗിക്കുക

ഈ പ്രസ്താവന ഭാഗികമായി ശരിയാണ്. പൂരിത കൊഴുപ്പ് അടങ്ങിയതിനാൽ വെളിച്ചെണ്ണയും നെയ്യും പ്രമേഹ ബാധിതർക്ക് അത്ര നല്ലതല്ല. പ്രത്യേകിച്ച് നെയ്യ്.റിഫൈൻഡ് ഓയിലിൽ പൊതുവേ ധാരളം അപൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നു. എല്ലാത്തരം എണ്ണയിലും ധാരാളം കാലറി ഉണ്ട്. അതുകൊണ്ട് ഏത് എണ്ണയും പരിമിതമായ അളവിലേ കഴിക്കാവൂ. റിഫൈൻഡ് ഓയിൽ തയാറാക്കുന്ന പ്രക്രിയയിൽ അവയില്‍ സ്വാഭാവികമായി ഉള്ള ആന്റിഒാക്സിഡന്റുകൾ നഷ്ടപ്പെടുകയും കുറച്ച് അനാരോഗ്യകരമായ ട്രാൻസ്ഫാറ്റുകൾ ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. വെളിച്ചെണ്ണ, നല്ലെണ്ണ, സൂര്യകാന്തിയെണ്ണ, നിലക്കടലയെണ്ണ, കടുകെണ്ണ, ഒലിവ് ഓയിൽ തുടങ്ങിയ എണ്ണകളിൽ 4-5 തരം എണ്ണ പല വിഭവങ്ങൾക്കായി ചുരുങ്ങിയ അളവിൽ മാത്രം ഉപയോഗിക്കുകയാണ് ഏറ്റവും നല്ലത്.

11. പ്രമേഹരോഗിക്ക് സ്‌റ്റാർച് – പ്രോട്ടീൻ – നാര് എന്നിവ അടങ്ങിയ കോമ്പിനേഷൻ ഫൂഡ് നല്ലതാണ്

വളരെ ശരിയാണ്. ഓരോ നേരവും കഴിക്കുന്ന ഭക്ഷണത്തിൽ ഈ കോമ്പിനേഷൻ ഉണ്ടാകാൻ ശ്രദ്ധിക്കണം.

12. മധുരത്തിനു പകരമായി അൽപം ശർക്കരയും തേനും ഉപയോഗിക്കുന്നതിനു കുഴപ്പമില്ല.

ശർക്കരയിലും തേനിലും ഏകദേശം പഞ്ചസാരയുടെ അത്രയും കാലറി അടങ്ങിയിട്ടുണ്ട്. ഗ്ലൈസീമിക് ഇൻഡക്സിൽ വലിയ വ്യത്യാസമില്ല. അതുകൊണ്ട് ഭക്ഷണത്തിലെ കാലറി അളവും ഗ്ലൈസീമിക് ഇൻഡക്സും പരിമിതപ്പെടുത്താൻ ശ്രദ്ധിക്കേണ്ട പ്രമേഹബാധിതർ പഞ്ചസാരയ്ക്കു പകരം ശർക്കരയോ തേനോ ഉപയോഗിക്കുന്നതു കൊണ്ട് മെച്ചമൊന്നുമില്ല. ശർക്കരയിലും തേനിലും ധാതു ലവണങ്ങളും ജീവകങ്ങളും പഞ്ചസാരയെ അപേക്ഷിച്ച് കൂടുതലുണ്ട്. എന്നാലും കാലറിയും ഗ്ലൈസീമിക് ഇൻഡക്സും കൂടുതലുള്ളതു കൊണ്ട് ഇതു പ്രമേഹബാധിതർക്ക് ഉചിതമായ ഭക്ഷണമല്ല.

13കൃത്യമായ ആഹാരച്ചിട്ടയുള്ളവർക്ക് ഇടയ്ക്ക് അൽപം മധുരം കഴിക്കാം.

മധുരം അൽപം മാത്രം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മധുരപദാർത്ഥങ്ങളിൽ കാലറി വളരെ കൂടുതലും മറ്റു പോഷകങ്ങൾ (മാംസ്യം, ധാതു ലവണങ്ങൾ, ജീവകങ്ങൾ) വളരെ കുറവുമാണ്. കഴിക്കുകയാണെങ്കിൽ വളരെ ചെറിയ അളവിൽ കഴിക്കുകയും അന്നജം കൂടുതലുള്ള ഭക്ഷണത്തിന്റെ അളവു നന്നായി കുറയ്ക്കുകയും വേണം. ഉദാ. ഒരു ടേബിൾ സ്പൂൺ പാലടപ്പായസം കഴിക്കുന്നുണ്ടെങ്കിൽ അനുവദനീയമായ ചോറിന്റെ അളവിൽ നിന്ന് അരക്കപ്പ് കുറയ്ക്കുക. ഒരു ചെറിയ കഷണം (125ഗ്രാം) ബ്ലാക് ഫോറസ്റ്റ് കേക്കിൽ 275 കാലറി അടങ്ങിയിട്ടുണ്ട്. അങ്ങനെ ഏകദേശം ഒരു നേരത്തെ ഭക്ഷണത്തിന്റെ കാലറി മൂല്യം മുഴുവനായി കഴിഞ്ഞു.

14. പ്രമേഹരോഗി എണ്ണ,തേങ്ങ ഇവയുടെ അളവു കുറയ്ക്കണം

ഏതു തരം എണ്ണയായാലും പരിമിതമായ അളവിൽ മാത്രം ഉപയോഗി ക്കുക.വറുത്ത സാധനങ്ങൾ ഒഴിവാക്കണം.തേങ്ങയുടെ ഏകദേശം മൂന്നിലൊന്ന് പൂരിത കൊഴുപ്പാണ് (വെളിച്ചെണ്ണ). എന്നാൽ നല്ല അളവിൽ ധാതു ലവണങ്ങളും നാരും മറ്റുള്ളതിനാൽ തേങ്ങ മിതമായ അളവില്‍ ഉപയോഗിക്കാം.

15. ധൈര്യമായി കഴിക്കാവുന്നതാണ് മഞ്ഞൾ

മഞ്ഞൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ധമനികളിൽ രക്തം കട്ടപിടിച്ച് മസ്തിഷ്കാഘാതവും ഹൃദയാഘാതവും മറ്റും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. മഞ്ഞളിനു സന്ധികളിലെയും മറ്റു നീർക്കെട്ടു കുറയ്ക്കാൻ സാധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അളവിൽ മഞ്ഞൾ ഉപയോഗിച്ചാൽ ഹൈപ്പോഗ്ലൈസീമിയ വരാം. രക്തത്തെ നേർപ്പിക്കുന്ന മരുന്നുകൾ കഴിക്കുമ്പോൾ മഞ്ഞൾ കൂടി കഴിച്ചാൽ രക്തസ്രാവം വരാം. അങ്ങനെയുള്ളവർ കൂടുതൽ മഞ്ഞൾ ഉപയോഗിക്കരുത്.

16. രാത്രി മുഴുവൻ ഉലുവ വെള്ളത്തിൽകുതിർത്ത് ആ വെള്ളം പ്രമേഹരോഗി രാവിലെ കുടിക്കുന്നതു നല്ലതാണ്

ഉലുവയിൽ വെള്ളത്തിൽ അലിയുന്ന നാരുകൾ ധാരാളമുണ്ട്. രാവിലെ ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് ഷുഗർ, കൊളസ്ട്രോൾ എന്നിവ കുറയാനും വിശപ്പു കുറയാനും സഹായകമാണ്. എന്നാൽ എല്ലാവർക്കും ഒരേ രീതിയിലുള്ള ഫലം കാണിക്കാത്തതു കാരണം ഷുഗർ പരിശോധിക്കുകയും മറ്റുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശ പ്രകാരം കഴിക്കുകയും വേണം.

17. പാവയ്ക്കാ ജൂസ് കുടിക്കുന്നത് ഏറെഗുണകരമാണ്

മറ്റു പച്ചക്കറികൾ പോലെ പാവയ്ക്കയിലും ധാരാളം ധാതുലവണങ്ങളും ജീവകങ്ങളും നാരുകളുമുണ്ട്. ചില ചെറിയ പഠനങ്ങളിൽ പാവയ്ക്കാ ജ്യൂസും പാവയ്ക്കയുടെ കുരുവും പഞ്ചസാര കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്. ഉലുവ വെള്ളംപോലെ പാവയ്ക്കയും എ ല്ലാവർക്കും ഉപയോഗപ്രദമാകണമെന്നില്ല. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുള്ള വലിയ പഠനങ്ങളിലൂടെയേ ഇത്തരം പ്രതിവിധികൾ ഫലപ്രദമാണോ എന്ന് അറിയാനാകൂ.

18. ഇൻസുലിൻ എടുക്കുന്നതു കൊണ്ട്മരച്ചീനി കഴിച്ചാൽ കുഴപ്പമില്ല

മരച്ചീനി ഉയർന്ന ഗ്ലൈസീമിക് ഇൻഡക്സും ഗ്ലൈസീമിക് ലോഡും ഉള്ള ഭക്ഷണം ആണ്. മാംസ്യം, മറ്റു പോഷകങ്ങൾ എല്ലാം കുറവാണ് താനും. ഇൻസുലിൻ എടുക്കുന്നതുൾപ്പെടെ എല്ലാ പ്രമേഹബാധിതരും മരച്ചീനി ഒഴിവാക്കുന്നതാണു നല്ലത്. കഴിക്കുകയാണെങ്കിൽ വളരെ ചെറിയ അളവിൽ കഴിക്കാം. മറ്റ് അന്നജ പ്രധാനമായ ഭക്ഷണവും കുറയ്ക്കണം.

19പ്രമേഹരോഗി പച്ചക്കറികൾ പച്ചയ്ക്കു കഴിക്കുന്നതാണു കൂടുതൽ നല്ലത്

തീർച്ചയായും ശരിയാണ്. പച്ചക്കറികൾ വേവിക്കാതെ കഴിക്കുമ്പോൾ അവയിലെ ജീവകങ്ങൾ, ധാതുലവണങ്ങൾ , നാരുകൾ എന്നിവ കൂടുതൽ ലഭിക്കുന്നു. അന്നജ പ്രധാനമായ മറ്റു ഭക്ഷണം ഉദാ. ചോറ് ഇതിന്റെ കൂടെ കഴിക്കുമ്പോൾ അവയുടെ ആഗിരണം സാവധാനമാക്കി, രക്തത്തിലെ പഞ്ചസാര ഉയരുന്നതിന്റെ തോത് കുറയ്ക്കുന്നു.

20. പ്രമേഹരോഗിക്ക് കൂടുതൽ അനുയോജ്യമായതു ഗോതമ്പാണ്

ഗോതമ്പിന് അരിയേക്കാൾ ഗ്ലൈസീമിക് ഇൻഡക്സ് കുറവാണ്. അതു കൊണ്ട് അരിയേക്കാൾ നല്ലത് ഗോതമ്പ് ആണ്. പച്ചരിയേക്കാൾ തവിടുള്ള അരി നല്ലതാണ്. റാഗി, ചോളം, ചാമ, തിന തുടങ്ങിയ ചെറുധാന്യങ്ങളിൽ അരി, ഗോതമ്പ് ഇവയേക്കാൾ ഗ്ലൈസീമിക് ഇഡ്‍ഡക്സ് കുറവും നാരുകൾ കൂടുതലും ആണ്. അതു കൊണ്ട് ഇവയെല്ലാം അരി, ഗോതമ്പ് ഇവയേക്കാൾ നല്ലതാണ്.

21. ആപ്പിൾ, പേരയ്ക്ക, സബർജിൽ എന്നീ പഴങ്ങൾ പ്രമേഹരോഗിക്കു കഴിക്കാം

പഴങ്ങളിൽ മധുരം ഉണ്ടെങ്കിലും ധാരാളം നാ ര് അടങ്ങിയിരിക്കുന്നതിനാൽ ഗ്ലൈസീമിക് ഇൻഡക്സ് കുറവാണ്. ആപ്പിൾ, പേരയ്ക്ക, സബർജിൽ എന്നിങ്ങനെ മിക്കവാറും എല്ലാ പഴങ്ങളും പ്രമേഹബാധിതർക്കു കഴിക്കാം. എന്നാൽ മിതമായ അളവിലേ കഴിക്കാവൂ. ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം പഴങ്ങൾ കഴിക്കാം.

22. അത്യാവശ്യ ഘട്ടങ്ങളിൽ പ്രമേഹ രോഗിക്കു ഷുഗർ ഫ്രീ കഴിക്കാം

ഷുഗർഫ്രീ അല്ലെങ്കിൽ പഞ്ചസാരയ്ക്കു പ കരം ഉപയോഗിക്കുന്ന മധുരമുള്ള രാസവസ്തുക്കൾ, സ്ഥിരമായി മിതമായ അളവിൽ ഉപയോഗിക്കുന്നതു കൊണ്ടു ദീർഘകാല ആ രോഗ്യ പ്രശ്നങ്ങളൊന്നും വരുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാൽ കുട്ടികളും ഗർഭിണികളും ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്. മധുരപലഹാരങ്ങളിൽ അമിത അളവിൽ കൊഴുപ്പും (നെയ്യ്/വെളിച്ചെണ്ണ/ഡാൽഡ മുതലായവ) അടങ്ങിയിട്ടുള്ളതിനാൽ കാലറി മൂല്യം വളരെ കൂടുതലും പഞ്ചസാര ഇല്ലെങ്കിൽ പോലും അനാരോഗ്യകരവും ആണ്. ഷുഗർ സബ്സ്‌റ്റിറ്റ്യൂട്ടുകൾ പതിവായി ഉപയോഗിക്കുന്നതു നമ്മുടെ കുടലിലെ ബാക്ടീരിയയുടെ സന്തുലിതാവസ്ഥയെ തകരാറിലാക്കാം.

23. മധുരമില്ലാത്ത കട്ടൻ കാപ്പി, കട്ടൻചായ, സംഭാരം എന്നിവ കുടിക്കാവുന്നതാണ് ഒന്നു മുതൽ രണ്ടു ഗ്ലാസ് വരെ സംഭാരം, മൂന്നു മുതൽ നാലു കപ്പ് വരെ മധുരമിടാത്ത കട്ടൻ കാപ്പി/ചായ ഇതെല്ലാം പ്രമേഹ ബാധിതർക്കു നിത്യേന കഴിക്കാവുന്നതാണ്.

24. പ്രമേഹരോഗിക്ക് ഇടയ്ക്ക് ഡ്രൈ ഫ്രൂട്ട്സും നട്സും കഴിക്കാം പ്രമേഹരോഗിക്ക് മിതമായ അളവിൽ ഡ്രൈ ഫ്രൂട്സ് കഴിക്കാം. പ്ലം, അത്തി തുടങ്ങിയവയ്ക്ക് ഈന്തപ്പഴത്തേക്കാൾ ഗ്ലൈസീമിക് ഇ ൻഡക്സ് കുറവാണ്. കശുവണ്ടി, ബദാം, നിലക്കടല, വാൽനട്ട് തുടങ്ങിയ നട്സും മിതമായ അളവിൽ കഴിക്കാം,

25പ്രമേഹമുള്ളവർക്ക് മാംസാഹാരം കഴിക്കുന്നതു സുരക്ഷിതമാണ്

റെഡ് മീറ്റ് (ബീഫ്, പോർക്ക്, മട്ടൻ തുടങ്ങി നാൽക്കാലികളുടെ ഇറച്ചി) ഒഴിവാക്കുന്നതാണു നല്ലത്. മാംസാഹാരം നിർബന്ധമാണെങ്കിൽ കൊഴുപ്പ് കുറഞ്ഞ (തൊലി നീക്കം ചെയ്ത) ചിക്കൻ കുറച്ചു കൂടി അഭികാമ്യമാണ്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. മിനി ജി. പിള്ള

എൻഡോക്രൈനോളജിസ്‌റ്റ്
ലക്ഷ്മി ഹോസ്പി‌റ്റൽ ,
എറണാകുളം