അമിതവണ്ണവും ഹൃദ്രോഗസാധ്യതയും ഉള്ളവർക്കു ഗുണകരമാകുന്ന പഴങ്ങളെ പരിചയപ്പെടാം.
∙ ആപ്പിൾ
ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നുപറയുന്നതു വെറുതെയല്ല. അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുന്നതു വിശപ്പു കുറയ്ക്കാൻ സഹായിക്കും. ധാരാളം ധാതുക്കൾ ഇവയിൽ അടങ്ങിയിരിക്കുന്നു. ജലാംശം കൂടുതലായതിനാൽ അമിതവണ്ണവും വരില്ല. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ കാക്കുന്ന വൈറ്റമിൻ എ, ഇ, ബി1, ബി2, കെ എന്നിവ ആപ്പിളിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോഗ്യത്തിനും നല്ലതാണ്.
∙ അവക്കാഡോ
അമൂല്യമായ വൈറ്റമിനുകളുടെ ഒരു കലവറയാണ് അവക്കാഡോ, ബട്ടർഫ്രൂട്ട് അഥവാ വെണ്ണപ്പഴം എന്നും ഇത് അറിയപ്പെടുന്നു. തടി കുറയ്ക്കുന്നതിനുള്ള പ്രോട്ടീനുകളാലും നാരുകളാലും സമ്പുഷ്ടമാണിത്. അവോക്കാഡോയിൽ ഹൃദയത്തിന് ആരോഗ്യമായ കൊഴുപ്പുകളും നാരുകളും ജലാംശവും അടങ്ങിയിട്ടുണ്ട്. ഹൃദയത്തിലേക്കുള്ള രക്തധമനികളുടെ കട്ടി കുറയ്ക്കുന്നതിനും ബ്ലോക്ക് ഉണ്ടാകുന്നതു തടയാനും സഹായിക്കുന്നു. കൊഴുപ്പു ലയിപ്പിക്കുന്ന പ്രധാന വൈറ്റമിനുകളും നാരുകളും പൊട്ടാസ്യവും ഉൾപ്പെടെ നിരവധി പ്രധാന പോഷകങ്ങളും ഈ പഴത്തിൽ അടങ്ങിയിരിക്കുന്നു.
∙ ബെറിപ്പഴങ്ങൾ
ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന പോഷകങ്ങൾ ബെറികളിൽ അടങ്ങിയിട്ടുണ്ട്. ബ്ലൂബെറി, റാസ്‌പ്ബെറി, സ്ട്രോബെറി, ക്രാൻബെറി എന്നിവയിൽ ആന്തോസയാനിൻ എന്ന വർണകം അടങ്ങിയിട്ടുണ്ട്. ഇതാണ് ഈ പഴങ്ങൾക്കു നിറം നൽകുന്നത്. ഈ വർണകം ശക്തമായ ഒരു ആന്റിഓക്സിഡന്റായും പ്രവർത്തിക്കുന്നു. ഹൃദയധമനികളെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാൻ ഈ ബെറികൾക്കു കഴിയുമെന്നു പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബെറിപഴങ്ങൾ ശരീരഭാരം കുറയ്ക്കാൻ ഏറ്റവുമധികം സഹായിക്കുന്നവയാണ്. ശരീരഭാരം കുറയ്ക്കുന്നതിന് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും ഉറപ്പാക്കുന്നതിന് ദൈനംദിന ആഹാരത്തിൽ ബെറി പഴങ്ങൾ ഉൾപ്പെടുത്താം.
അഞ്ജു ഷാബു പി. എസ്.
ഡയറ്റീഷൻ
ക്ലിനിക്കൽ ന്യൂട്രീഷൻ വിഭാഗം
അമൃത ഹോസ്പിറ്റൽ, കൊച്ചി